Opinion

ആത്മീയത എവിടെ നിന്നോ പ്രവഹിക്കുന്ന അത്ഭുതമല്ല, അത് മനുഷ്യന്റെ ആത്മവിശ്വാസമാണ്

ആഷിക്ക്. കെ. പി

സംസ്ഥാന കരിക്കുലം കമ്മിറ്റി മുൻ അംഗം, പ്രിൻസിപ്പൽ, റഹ്മാനിയ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കോഴിക്കോട്.

ആത്മീയത എന്ന വാക്ക് എന്നിൽ പലപ്പോഴും സംശയം ജനിപ്പിച്ചിട്ടുണ്ട്. ഒരുപക്ഷെ എന്നെ പോലെ ധാരാളം ആളുകളെ തെറ്റിദ്ധരിപ്പിച്ച പദമായിരിക്കും ആത്മീയത എന്നത്. ആത്മീയവും ഭൗതികവുമായ കാര്യങ്ങൾ എന്നൊക്കെ പലപ്പോഴും പ്രഭാഷണങ്ങളിലൊക്കെ നാം സ്ഥിരമായി കേൾക്കാറുണ്ട്.

മതപ്രഭാഷണങ്ങളിലോ മതപരമായ പുസ്തകങ്ങളിലോ ആണ് പലപ്പോഴും ഇത്തരം വാക്കുകൾ നിറഞ്ഞു നിൽക്കുന്നതും. സാധാരണ മനുഷ്യന് അയാളുടെ ദൈനം ദിന പ്രാരാബ്ധങ്ങളുടെ ഇടയിൽ ചിലപ്പോൾ ഇത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുവാൻ പലപ്പോഴും സമയം കിട്ടാറില്ല. ഏതായാലും പൊതുവെയുള്ള ധാരണ അത് കേവലം ഭൗതികമായ ഈ ലോകത്ത് ലഭിക്കുന്നതല്ല എന്നും മറ്റെവിടെയോ ഉള്ളതിനെ സ്വാംശീകരിച്ച് എത്തിക്കുന്നതാണ് എന്നുമാണ്. ഒരുപക്ഷേ അതുകൊണ്ടാണ് ആത്മീയതയും ഭൗതികതയുമായി എന്തോ ഒരു ജേഷ്ടാനുജ ബന്ധം ഉള്ളതുപോലെ പറയാറുള്ളത്.

ആത്മീയ അനുഭൂതിയിൽ എത്തിയാൽ പിന്നീട് ആനന്ദം സ്വയമേ വന്നുഭവിക്കും എന്നുള്ള ധാരണ പരക്കെ അറിയപ്പെടുന്നതാണ്. അതുകൊണ്ടുതന്നെ ആത്മീയതയിലേക്ക് എത്താനുള്ള സൂത്ര വഴി അന്വേഷിച്ചുള്ള യാത്ര മനുഷ്യനെ മതവും ദൈവവും ആയി കൂടുതൽ അടുപ്പിക്കുകയും ചെയ്യുന്നു.

എം. കെ സാനു മാഷുടെ ഒരു കൃതിയിൽ അത്ഭുത സിദ്ധികൾ നേടിയ ഒരു യോഗിവര്യൻ ഒരിക്കൽ ശ്രീരാമകൃഷ്ണ പരമഹംസരെ സമീപിച്ചു ഹഠയോഗ പരിശീലനത്തിന്റെ മേന്മകൾ അവതരിപ്പിച്ചതിന്റെ രസകരമായ ഒരു പരാമർശമുണ്ട്. യോഗീ വര്യൻ ദീർഘകാല യോഗ പരിശീലനം ലഭിച്ചതിന്റെ ഫലമായി തനിക്കു ഈ നദിയുടെ ഒരു കരയിൽ നിന്നും മറുകരയിലേക്ക് വെള്ളത്തിലൂടെ നടന്ന് പോകാൻ കഴിയും എന്ന് പറഞ്ഞപ്പോൾ ശ്രീരാമകൃഷ്ണപരമഹംസരുടെ മറുപടി, 25 വർഷം താങ്കൾ എന്തിനു പാഴാക്കി മറിച്ചു പത്തു പൈസ കൊടുത്താൽ തോണിക്കാരൻ താങ്കളെ മറുകരയിൽ എത്തിച്ചു തരുമായിരുന്നല്ലോ എന്നതായിരുന്നു.

ആത്മീയത അത്ഭുതമാക്കി മറ്റെവിടെ നിന്നോ പ്രവഹിക്കുന്ന നിർവൃതിയായി അന്വേഷിച്ചു തേടിപ്പിടിക്കേണ്ടതാണെന്ന ഒരു മിഥ്യ ധാരണ പൊതുവേയുണ്ട്. ആത്മീയതയുടെ അടിസ്ഥാനം അത്ഭുത സിദ്ധിയോ ബൗദ്ധിക ജീവിത വിരക്തിയോ അല്ല, മറിച്ചു ചുറ്റുപാടുമുള്ള പ്രശ്നങ്ങളുടെയും പ്രാരാബ്ധങ്ങളുടെയും ഇടയിൽ എങ്ങിനെ ആത്മസംയമനത്തോടെ തന്റെ കർമങ്ങൾ നിർവഹിക്കാം എന്ന ഒരു മനുഷ്യന്റെ ആത്മവിശ്വാസമാണ്.

ഇതിനെ ദൈവീകത എന്ന് വിളിച്ചാൽ തെറ്റൊന്നുമില്ല. കാരണം സത്യവും മിഥ്യയും തമ്മിലുള്ള വേർതിരിവ് കാണിക്കുന്നതാണ് ദൈവീകത. നീതി ബോധമുള്ള ഒരു മനസ്സിനേ അങ്ങിനെ സത്യവും മിഥ്യയും വേർതിരിക്കാൻ കഴിയൂ, അതുകൊണ്ടുതന്നെ ദൈവീകതയെ നൈതീകതയുമായി കൂട്ടി വായിക്കാവുന്നതാണ്.

അറിവിനെ തിരിച്ചറിവായും തിരിച്ചറിവിനെ പ്രയോഗവൽക്കരിക്കുകയും ചെയ്യുമ്പോഴാണ് വിദ്യഭ്യാസത്തിന്റെ ലക്ഷ്യം കൈവരിക്കാൻ കഴിയൂ എന്ന് റൂസ്സോ തന്റെ പ്രശസ്തമായ എമിലി എന്ന കൃതിയിൽ പറഞ്ഞിട്ടുണ്ട്. ഒരുപക്ഷേ ആധുനിക വിദ്യാഭ്യാസ വിചക്ഷണനായ ബെഞ്ചേമിൻ ബ്ലൂംസ് ഇതിനെ ജ്ഞാനതലത്തിൽനിന്നു പ്രായോഗികതലത്തിൽ എത്താനുള്ള വഴി എന്ന് ഉദ്ദേശിച്ചതും ഇതുതന്നെയാണ്.

അതുകൊണ്ടു തന്നെ ഇത്തരം ആത്മീയ ചൈതന്യം സാധ്യമാകണമെങ്കിൽ സേവനോൽസുകമായ കർമ്മങ്ങൾ അനിവാര്യമാണ്. നിങ്ങൾ ദൈവത്തെ തേടി അലഞ്ഞതുകൊണ്ടോ നിരന്തരമായി യാത്ര ചെയ്തതു കൊണ്ടോ സ്വയം പീഡിപ്പിച്ചതുകൊണ്ടോ ഏകാന്തവാസം അനുഷ്ഠിച്ചതുകൊണ്ടോ അത് ലഭിക്കണമെന്നില്ല. മറിച്ച് സ്നേഹമസൃണമായ പെരുമാറ്റത്തിലൂടെ, സേവനോത്സുകമായ കർമ്മത്തിലൂടെ, സുതാര്യമായും ലളിതമായുമുള്ള ജീവിതത്തിലൂടെ ഒരുമിച്ചു നിന്നുകൊണ്ട് ഈ വൈവിധ്യമാർന്ന സമൂഹത്തിന്റെ എല്ലാ തലങ്ങളും ഉൾക്കൊണ്ട് ജീവിക്കുമ്പോൾ ആയിരിക്കും ഇത് സാധ്യമാകുന്നത്.

ഇത്തരം പരിത്യാഗ സന്നദ്ധതയും സേവനോത്സുകതയും നമ്മുടെ സമൂഹത്തിൽ നിന്ന് അന്യം നിന്നു പോകുന്നു. പകരം പണത്തിന്റെയും അധികാരത്തിന്റെയും അസഹിഷ്ണുതയുടെയും അഹങ്കാരത്തിന്റെയും കേളികൾ അരങ്ങുതകർക്കുന്നു. മതവും രാഷ്ട്രീയവും അതിന് ആക്കം കൂട്ടുന്നു. അതുകൊണ്ടുതന്നെ ആളുകൾ അതിന് പിന്നിൽ ഈച്ചകളെപ്പോലെ വട്ടമിട്ടുപറക്കുന്നു. തന്റെ കള്ളക്കടത്തു കച്ചവടം മെച്ചപ്പെടുത്തുവാൻ ദൈവങ്ങളെ പോലും പങ്കാളികളാക്കുന്നു. അതിനുശേഷം ദാനധർമ്മങ്ങളിലും പ്രാർത്ഥനയിലും ഒക്കെ മുഴുകി അസ്വസ്ഥ മായി ജീവിച്ചു ഒന്നുംനേടാതെ മരിക്കുന്നു.

അതുകൊണ്ടുതന്നെ ആത്മീയതയുടെ അടിസ്ഥാനം എന്തെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. അത് കേവലം തേടി നടന്ന് എത്തിപ്പെടുന്നതല്ല. കരസ്ഥമാക്കേണ്ടതുമല്ല. അത് നമ്മിൽ തന്നെയുണ്ട് നമ്മോടൊപ്പം നമ്മുടെ കൂടെ. അതിനെ തിരിച്ചറിയാൻ കഴിയണം. ശാന്തമായി സ്വസ്ഥമായി തന്നിലേക്ക് പൂർണ്ണമനസ്സോടെ മുഴുകുക.

എന്തോ ഒരു അനുഭൂതി നിറഞ്ഞ വരുന്നതായി അനുഭവപ്പെടും. അത്തരം അനുഭൂതികളിൽനിന്നു തന്റെ കർമങ്ങൾ, തന്നോടുള്ള, തന്റെ കുടുംബത്തോടുള്ള, ഈ സമൂഹത്തോടുള്ള കർമ്മങ്ങൾ എന്തൊക്കെയാണെന്നു തിരിച്ചറിഞ്ഞ് അത് നിർവഹിക്കുമ്പോൾ യഥാർത്ഥ ആത്മീയ നിർവൃതി ലഭ്യമാകുന്നതായി തിരിച്ചറിയും.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

10 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Naseera
4 years ago

Athmeeyatha good article

വിജോഷ് സെബാസ്റ്റ്യൻ
4 years ago

ഹൃദയത്തിൽ നവ്യമായ അനുഭൂതി പകരുന്ന വാക്കുകളും ചിന്തയും…
അവനവനെ തിരയുന്നതും കെണ്ടെത്തുന്നതിനുമിടയിലാണ് ആത്മീയത വെളിവാക്കെപ്പെടുന്നത് എന്ന തിരിച്ചറിവ് സമ്മാനിച്ചതിന് നന്ദി സുഹൃേത്തേ…

Muneer VC
4 years ago

ഈ വാക്കുകൾ ചിന്തിക്കുന്നവന് പുതു നിർവചനങളുടെ വാതായനം തുറക്കും, തീർച്ച ..

നൗഷാദ് .വി
4 years ago

പുതുമയാർന്ന രചനാ രീതി.തികച്ചം വ്യത്യസ്തമായ അവതരണാ. അഭിനന്ദനങ്ങൾ
സൽകർമ്മങ്ങളോടൊപ്പം ശരിയായായ വിശ്വാസവും ആവശ്യമാണ്

Habeeb Rahman
4 years ago

ആത്മീയത ഭൗതികത യുമായി ബന്ധപ്പെട്ട ആണെന്ന പരാമർശം വളരെ നേർകാഴ്ച നൽകുന്നതാണ്. പ്രപഞ്ചത്തോടും പ്രപഞ്ച സൃഷ്ടികളോടും കടമ പെട്ടവനു മാത്രമേ ശരിയായ ആത്മീയത ലഭിക്കുകയുള്ളൂ. ആത്മീയതയുടെ ഉൾ പടർപ്പുകൾ തുറന്നുകാണിക്കാൻ ഈ ലേഖനത്തിനു കഴിഞ്ഞു

Raseem kasim
4 years ago

വളരെ വിലപ്പെട്ട വാക്കുകള്‍ ആത്മീയ ??

അഷ്റഫ് ചാലിൽ
4 years ago

കോവി ഡാനന്തരം ആത്മീയതയുടെയും ഭൗതികതയുടെയും തത്വങ്ങൾ മാറും.

Abdul Majeed MT
4 years ago

‘ആത്മീയത’ എന്നാൽ ആത്മത്തെ സംബന്ധിക്കുന്നത്.
തികച്ചും സ്വയമേവ അനുഭവിച്ചറിയുവാൻ കഴിയുന്ന, തീർത്തും സ്വകാര്യമായ ഒരനുഭൂതിയാണത്.
എങ്ങനെ ഈ അനുഭൂതി സാധ്യമാകും എന്നതിലാണ് പലരും ആശയക്കുഴപ്പത്തിലായത്.
ദൈവികതയ്ക്ക് പുറത്തും തീർത്തും അപരമായ ഒരു ബിന്ദുവിലോ, കേന്ദ്രത്തിലോ ആണ് എന്ന ധാരണയും അതിൻ്റെ കാഴ്ച എന്തൊക്കെയോ കാൽപനികവും ആയഥാർത്ഥവുമായ ഭാവ, വേഷ, പ്രകടന പരമായ എന്തൊക്കെയോ വലയം ചെയതിരിക്കും എന്ന തെറ്റുദ്ധാരണയും ചേർന്നാണ് ഈ ആശയക്കുഴപ്പം സൃഷ്ടിക്കപ്പെട്ടത്.
ആത്മീയതയുടെ അനുഭൂതിയിലേയ്ക്കുള്ള വഴി ശരിയായ, അഥവാ,
പിന്നീടൊരിയ്ക്കലും കുറ്റബോധം ജനിപ്പിക്കാത്ത, അപരർക്കും സ്വയവും ആനന്ദം അനുഭവിപ്പിക്കുന്ന സുകൃതങ്ങളിലൂടെയാണ് കണ്ടെത്തേണ്ടത്. ഈ അനുഭവം ദിവ്യവും കലർപ്പില്ലാത്തതും മറുപടിയോ യാതൊരുവിധ നന്ദി പ്രകടനമോ പകരമായി മോഹിക്കാത്തതുമായിരിക്കും.
ഇങ്ങനെ വരുമ്പോൾ താങ്കൾ പറഞ്ഞത് ശരിയുമാണ്. ആത്മീയതയുടെ വഴിയും സായൂജ്യവും സ്വന്തത്തിൽ തന്നെയാണ്!

4 years ago

…. ആത്മസംഘർഷങ്ങളുടെ കാലത്ത് അവനവനിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടം എന്നതിലുപരി പ്രപഞ്ജത്തിന്റെ പ്രയാണത്തിന്റെയും നിഗൂഢതകളുടെയും ആകെത്തുകയിലേക്ക് വെളിച്ചം വീശുന്ന ഒന്ന്….നന്നായി, ലളിതമായി എഴുതിയിട്ടുണ്ട്

ഫസ്‌ലു
4 years ago

ഓരോ മനുഷ്യനും ഓരോ തിരുത്തിൽ അകപ്പെട്ടത് പോലെയാണ് ഇനി അങ്ങോട്ട് ജീവിക്കേണ്ടി വരികയെന്ന് കോവിഡ് ഓർമ്മപ്പെടുത്തുന്നുണ്ട്. മത വ്യത്യാസമില്ലാതെ ആരാധനാലയങ്ങൾ എല്ലാം ഒരുപോലെ അടച്ചിടുകയും മത ആത്മീയ നേതാക്കൾ എല്ലാം അനുയായികളിൽ നിന്ന് സാമൂഹ്യ അകലം പാലിക്കുകയും ചെയ്യുന്ന സമയം കൂടി ആണിത്. ഉള്ളിൽ ഉള്ള ആത്മീയത തിരിച്ചറിയാനും മതങ്ങൾ തീർത്ത വേലിക്കെട്ടിൽ നിന്ന് അതിനെ പുറത്തേക്ക് കൊണ്ടുപോകാനും പ്രചോദനം ആകുന്നു ഇത്തരം ലേഖനങ്ങൾ !!

Back to top button
10
0
Would love your thoughts, please comment.x
()
x