വീണ്ടുമൊരു സെപ്റ്റംബർ 10 വരികയാണ്. ലോകത്താകമാനം ആത്മഹത്യാ പ്രതിരോധ ദിനം ആയി ആചരിക്കുന്ന ദിവസം ആണിത്. കഴിഞ്ഞ വർഷത്തെ അതേ വിഷയം തന്നെയാണ് ഇത്തവണയും ആത്മഹത്യാ പ്രതിരോധ ദിനത്തിന്റെ ചിന്താവിഷയം. ആത്മഹത്യകൾ പ്രതിരോധിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാം ( working together to prevent suicide) എന്നതാണത്. 2020 ആകുമ്പോള്‍ ആത്മഹത്യകളുടെ എണ്ണം 10% കുറക്കുക , 2030 ഓടെ മൂന്നില്‍ ഒന്നായി കുറക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.
ഈ ലക്ഷത്തിൽ എത്തിച്ചേരാൻ ആവശ്യമായ സംവിധാനങ്ങൾ ആരോഗ്യ രംഗത്തും സാമൂഹിക-രാഷ്ട്രീയ തലത്തിലും ഉണ്ടാക്കിയെടുക്കുക എന്നതാണ് ഇത്തരം ദിനങ്ങൾ ആചരിക്കുന്നത് വഴിയായി നാം ലക്ഷ്യമിടുന്നത്.
പൊതുവിൽ നമ്മൾ ആരും വേണ്ടത്ര ശ്രദ്ധിക്കാത്ത, ആവശ്യത്തിനു പരിഗണന ലഭിക്കാത്ത ഒരു വിഭാഗത്തെ കുറിച്ചാണ് ഈ ലേഖനം. അതിന് മുമ്പായി ആയി ആത്മഹത്യകളെ കുറിച്ചുള്ള ചില കണക്കുകൾ ചേർക്കുന്നു.
ഓരോ 40 സെക്കൻ്റിലും ഒരാൾ വീതം ആത്മഹത്യ ചെയ്യുന്നുണ്ട് എന്നാണ് കണക്കുകള്‍. ഒരു വര്‍ഷം 8 ലക്ഷം ആളുകള്‍ സ്വയം അവരുടെ ജീവിതം അവസാനിപ്പിക്കുന്നുണ്ട്.
ലോകത്തെ ആകെ ആത്മഹത്യകളിൽ 20 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നത്. ആത്മഹത്യ മരണങ്ങളില്‍ 80%വും നടക്കുന്നത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളിലാണ്.
15 മുതല്‍ 29 വയസുവരെയുള്ള യുവാക്കളിലെ മരണ കാരണങ്ങളില്‍ രണ്ടാം സ്ഥാനം ആത്മഹത്യയ്ക്കാണ്. ഇന്ത്യയിൽ ഇത് ഒന്നാമതാണ്.
ഓരോ ആത്മഹത്യ നടക്കുമ്പോഴും ഏകദേശം 20 ആത്മഹത്യ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
ഓരോ മരണവും 135 ആളുകളെ വൈകാരികമായും അല്ലാതെയും ബാധിക്കാം. അതായത് വര്‍ഷവും 10.8 കോടി ആളുകളാണ് ആത്മഹത്യയെ തുടര്‍ന്നുള്ള പ്രത്യാഘാതങ്ങളിലൂടെ കടന്നു പോകുന്നത്.
ആത്മഹത്യ ചെയ്യുന്നവരിലോ, ശ്രമിക്കുന്നവരിലോ ചെറിയ വിഭാഗം ആളുകള്‍ക്ക് മാത്രമേ വിദഗ്ധ ചികിത്സയും മറ്റു സേവനങ്ങളും ലഭിക്കുന്നുള്ളൂ.
ഇതിൽ അഞ്ചാമത് പറഞ്ഞ കാര്യം ശ്രദ്ധിച്ചോ? ഇത്തരത്തിൽ അടുത്ത ബന്ധത്തിൽ ഉള്ളതോ , സുഹൃത്ത് വലയത്തിൽ ഉള്ളതോ ആയ ഒരാള് മരിക്കുമ്പോൾ , അതിന്റെ പ്രത്യാഘാതം അനുഭവിക്കുന്ന വ്യക്തികളെ കുറിച്ച് നമ്മൾ പിന്നീട് ചിന്തിക്കാറുണ്ടോ? നമ്മുടെ പരിചയത്തിലും കാണും, ഇതുപോലെ പെട്ടന്നുള്ള മരണത്തിൽ നിന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും കര കയറാത്ത കുടുംബങ്ങൾ! അല്ലെങ്കിൽ അപമാനം കൊണ്ട് വീടും സ്ഥലവും വരെ വിറ്റ് നാടുവിടെണ്ടി വന്നവർ.
ലോകത്തിലെ ആകെ ജനസംഖ്യയുടെ ഏകദേശം 5-10% ഇടക്ക് വരുന്ന, അടുത്ത ഒരു വ്യക്തിയുടെ ആത്മഹത്യ മൂലം നേരിട്ടുള്ള പ്രത്യാഘാതങ്ങൾ നേരിടുന്ന വ്യക്തികളെ “സൂയിസൈഡ് സർവൈവർ” എന്നാണ് വിളിക്കുക. അത് അടുത്ത ബന്ധുക്കൾ ആകാം, സുഹൃത്തുക്കൾ ആകാം, കൂടെ ജോലി ചെയ്യുന്നവർ ആകാം. വളരെ പ്രമുഖരായ വ്യക്തികൾ ആണെങ്കിൽ അവരെ മാതൃകയായി കാണുന്നവരോ, അവരുടെ ആരാധകരോ ആകാം. വർഷം തോറും ഇത്തരം ദിനാചരണം നടത്തുമ്പോൾ ആത്മഹത്യ പ്രതിരോധത്തെ കുറിച്ച് നമ്മൾ വാചാലരാകാരുണ്ട്.
എന്നാൽ ഇത്തരത്തിൽ നേരിട്ട് ആത്മഹത്യയുടെ പരിണിത ഫലങ്ങൾ നേരിടുന്ന ആളുകളെ പലപ്പോഴും നമ്മൾ ശ്രദ്ധിക്കില്ല. അവർക്ക് എന്താണ് സംഭവിക്കുന്നത്, അവരുടെ നിലവിലെ മാനസികാവസ്ഥ എന്ത് ? അവർക്ക് എന്തെങ്കിലും തരത്തിലുള്ള സഹായം ആവശ്യമാണോ , ഇതൊന്നും ആരും ചിന്തിക്കാറില്ല. അവർക്ക് സഹായവും പിന്തുണയും ഉറപ്പാക്കാനുള്ള സംവിധാനങ്ങളും പരിമിതമാണ്.
എന്തൊക്കെ പ്രശ്നങ്ങൾ ആണ് സൂയിസൈഡ് സർവൈവേഴ്സ് നേരിടുന്നത്?
എന്താണ് സംഭവിച്ചത് എന്ന് പലപ്പോഴും അവർക്ക് അറിയാൻ സാധിച്ചു എന്ന് വരില്ല. അതുകൊണ്ട് തന്നെ പെട്ടന്ന് പ്രിയപ്പെട്ടവരുടെ മരണ വാർത്ത കേൾക്കേണ്ടി വരിക വളരെ വലിയ trauma ആണ് ഉണ്ടാക്കുക.
ആത്മഹത്യ വഴി മരിക്കുന്നവരെ കുറിച്ച് സമൂഹം വെച്ച് പുലർത്തുന്ന പല ധാരണകൾ ഉണ്ട്. എവിടെ എങ്കിലും ആത്മഹത്യ മൂലം മരണപ്പെട്ട ഒരു വ്യക്തിയെ അറിയാമെങ്കിൽ ഇത് മനസിലാകും. മരണ കാരണത്തെ കുറിച്ച് പല കിംവന്തികൾ ഇറങ്ങും. ചെറുപ്പക്കാരായ സ്ത്രീകൾ ആണെങ്കിൽ പറയുകയേ വേണ്ട.
ഇത്തരം വാർത്തകൾ വീട്ടുകാരിൽ ഉണ്ടാക്കുന്ന മുറിവ് വളരെ വലുതാണ്. യാഥാർത്ഥ്യവുമായി ഒരു ബന്ധവും ഇല്ലാത്ത ഇത്തരം ഊഹാപോഹങ്ങൾ പക്ഷേ വേഗം നാട്ടിൽ എങ്ങും പടരും. വീട്ടുകാർ കാരണം ആണ് വ്യക്തി മരിച്ചത് എന്ന് അടിസ്ഥാനം ഇല്ലാതെ പറയുന്നതും ഇത്തരത്തിൽ വളരെ വലിയ പ്രത്യാഘാതങ്ങൾ കുടുംബങ്ങൾ ക്ക് ഇടയിൽ ഉണ്ടാക്കാം.
സമൂഹം മരിക്കുന്ന വ്യക്തിയോടും അവരുടെ അടുത്ത ആളുകളോടും വേർതിരിവുകൾ കാട്ടുകയും അവരെ മാറ്റി നിറുത്തുകയും ചെയ്യാറുണ്ട്. മരണാന്തര ചടങ്ങുകളിൽ പോലും ഈ വ്യത്യാസം കാണാൻ പറ്റും. ഇത്തരത്തിൽ ഉള്ള ഇടപെടലുകൾ ഇവരുടെ ദുരിതം കൂട്ടും. ഇതിന്റെ ഒക്കെ പരിണിത ഫലമായി നാടും വീടും ഉപേക്ഷിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് മാറി താമസിക്കേണ്ട സാഹചര്യം വരെ ഉണ്ടായിട്ടുള്ളവർ ഉണ്ട്.
ഏറ്റവും അടുത്ത ഒരാൾ ഒരു സൂചന പോലും നൽകാതെ വിടപറയുമ്പോൾ, അതും സ്വയം ജീവൻ അവസാനിപ്പിക്കുമ്പോൾ അത് അവരിൽ ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. ഒറ്റക്ക് ആക്കി പോയതിനു മരണപ്പെട്ടവ ആളോട് അമർഷവും അതോടൊപ്പം കടുത്ത നിരാശയും സങ്കടവും ഉണ്ടാകും.
എനിക്ക് മരിച്ച ആൾക്ക് വേണ്ടി ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോ , അവന്റെ വിഷമം തിരിച്ചറിയാൻ പറ്റാതെ പോയല്ലോ തുടങ്ങി, മരണത്തിന് കാരണം ഞാൻ ആയിരിക്കുമോ എന്ന ആശങ്കയും ഇവരുടെ വിഷമം കൂട്ടും.
ജനിതകമായി തന്നെ അടുത്ത ബന്ധുക്കൾക്ക് മാനസികമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതൽ ആയിരിക്കും. അതിന്റെ കൂടെ പെട്ടന്ന് ഉണ്ടാകുന്ന അവസ്ഥ ഈ സാധ്യത പതിമടങ്ങു കൂട്ടും.
ഇവർക്ക് എന്തൊക്കെ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകാം ?
അടുത്ത ഒരാൾ മരണമടഞ്ഞാൽ , ആദ്യ കുറച്ചു കാലത്തേക്ക് വിഷമം തോന്നുക സ്വാഭാവികമാണ്. ആ വ്യക്തിയുടെ മരണത്തോട് താതാമ്യം പ്രാപിക്കാൻ ഉള്ള നമ്മുടെ മാനസിക സംവിധാനം ആണത്. ആദ്യ ദിവസങ്ങളിൽ കടുത്ത സങ്കടവും, ഉറക്ക കുറവും, മരിച്ച ആളെ കുറിച്ചുള്ള ഓർമകളും ഒക്കെ ഉണ്ടാകും, ആളുടെ മരണത്തെ അംഗീകരിക്കാൻ ഉള്ള ബുദ്ധിമുട്ട് ഉണ്ടാവും. ആഴ്ചകൾ കൊണ്ട് ഈ ആവസ്ഥക്ക് മാറ്റം ഉണ്ടാവുകയും, മരണത്തെ നമ്മൾ അംഗീകരിച്ചു , മാറ്റങ്ങൾ വരുത്തി മുൻപോട്ടു പോവുകയും ചെയ്യും. ഗ്രീഫ് റിയാക്ഷൻ എന്നാണ് പൊതുവിൽ ഇത് അറിയപ്പെടുന്നത്.
എന്നാല് ആത്മഹത്യ, അപകട മരണങ്ങൾ എന്നിവ സംഭവിക്കുമ്പോൾ , അടുത്ത ആളുകളിൽ ഈ അവസ്ഥ കൂടുതൽ കാലം നീണ്ടു നിൽക്കുകയും അതുപോലെ വളരെ കടുത്ത ലക്ഷണങ്ങൾ ഉണ്ടാവുകയും ചെയ്യാം. പെട്ടന്ന് ഉണ്ടായ മരണം, അത് വ്യക്തിക്ക് ഉണ്ടാക്കുന്ന നഷ്ടം, സാമൂഹികമായ ഒറ്റപ്പെടൽ, ആത്മഹത്യ സംബന്ധിച്ച് ഉള്ള വ്യക്തത ഇല്ലായ്മ , stigma ഒക്കെ ഈ കടുത്ത അവസ്ഥക്ക് കാരണം ആകാം. Complicated grief reaction എന്നാണ് ഈ അവസ്ഥയുടെ പേര്.
മുതിർന്നവരിൽ , ഒരാളുടെ മരണത്തോട് അനുബന്ധിച്ച് ഒരു വർഷത്തിൽ കൂടുതൽ നീണ്ടു നിൽക്കുന്ന ,മരിച്ച ആളെ കുറിച്ചുള്ള സ്ഥിരമായ ഓർമ്മകൾ, അവരുടെ ഒപ്പം ആകാനുള്ള ആഗ്രഹം, കടുത്ത മാനസിക വ്യഥ, എപ്പോഴും മരിച്ചവരെ കുറിച്ചുള്ള ചിന്തകളും സംസാരവും, ഇവക്ക് ഒപ്പം മറ്റു താൽപ്പര്യങ്ങൾ നഷ്ടപ്പെടുക, കൂടുതൽ സമയം തനിയെ ഇരിക്കാൻ ഇഷ്ടപ്പെടുക, ജീവിതം ശൂന്യമാണ് , നിരർത്ഥകമാണ് എന്ന തോന്നൽ, സ്വത്വ ബോധം നഷ്ടപ്പെടുക, മറ്റുളളവരിൽ വിശ്വാസം നഷ്ടപ്പെടുക, എന്തിനും സ്വയം കുറ്റപ്പെടുത്തുക, കടുത്ത ദേഷ്യം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം.
ഇത്തരത്തിലുള്ള അവസ്ഥയിലൂടെ കടന്നു പോകുന്നവർ, പ്രത്യേകിച്ചും ആത്മഹത്യ ചെയ്ത ആളുകളുടെ അടുത്ത ബന്ധത്തിലുള്ള വ്യക്തികൾ ആണെങ്കിൽ, വിഷാദരോഗം, ഉറക്കക്കുറവ്, ആത്മഹത്യ ചിന്തകൾ , PTSD (post traumatic stress disorder) , കടുത്ത ലഹരി ഉപയോഗം ഇവയിലേക്ക് നയിക്കാം.
പഠനങ്ങൾ സൂചിപ്പിക്കുന്നത് ആത്മഹത്യ ചെയ്ത വ്യക്തിയുടെ അടുത്ത ബന്ധുക്കളിൽ, മരണത്തെ തുടർന്നുള്ള ആദ്യമാസങ്ങളിൽ ആത്മഹത്യാ സാധ്യത മറ്റ് കാരണം മൂലം മരണപ്പെടുന്ന വ്യക്തിയുടെ ബന്ധുക്കളെകാൾ പല മടങ്ങ് കൂടുതലാണ് എന്നാണ്.
ഏറ്റവും സങ്കടകരമായ വസ്തുത എന്താണെന്ന് വെച്ചാൽ, ഇവർക്ക് വേണ്ട പരിചരണമോ , മാനസികാരോഗ്യ സേവനമോ പലപ്പോഴും ലഭിക്കാറില്ല / ഇവർ തേടാറില്ല എന്നതാണ്.
ഏതൊക്കെ രീതിയിൽ ഈ അവസ്ഥയെ തരണം ചെയ്യാം ?
സാധാരണ രീതിയിൽ ഉള്ള സങ്കടം പ്രകടിപ്പിക്കുന്നത് വളരെ സ്വാഭാവികം ആണ്. അതിൽ നിന്ന് പതിയെ ആളുകൾ കരകയറും.
എന്നാൽ നീണ്ടു നിൽക്കുന്നതും, കടുത്തതുമായ ലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തുകയും അവർക്ക് വേണ്ട പ്രൊഫഷണൽ സേവനം ഉറപ്പാക്കുകയും വേണം.
വിദേശ രാജ്യങ്ങളിൽ ഒക്കെ ഇത്തരം സൂയിസൈഡ് സർവൈവർ വ്യക്തികൾക്ക് വേണ്ടി സെൽഫ് ഹെൽപ്/ സപ്പോർട്ട് ഗ്രൂപ്പുകൾ ഉണ്ട്.
തങ്ങളുടെ അതെ അവസ്ഥയിലൂടെ കടന്നു പോയിട്ടുള്ള ആളുകളുമായി സംവദിക്കുന്നത് ലൂടെ ഇവരുടെ വിഷമങ്ങൾ നല്ല രീതിയിൽ കുറയുന്നതായി കണ്ടിട്ടുണ്ട്.
ഇത്തരം ഗ്രൂപ്പുകൾ തന്നെയാണ് ആത്മഹത്യാ പ്രതിരോധ വുമായി ബന്ധപ്പെട്ട പല നിയമനിർമാണങ്ങൾക്കും, സ്വയം സഹായ സേവനങ്ങൾക്കും കാരണമായി മാറിയിട്ടുള്ളത്.
കടുത്ത ലക്ഷണങ്ങൾ, വിഷാദം, PTSD, ആത്മഹത്യാപ്രവണത, ലഹരി ഉപയോഗം എന്നിവ ഉള്ളവർക്ക് ചിലപ്പോൾ മരുന്ന് ചികിത്സയോ, സൈക്കോതെറാപ്പിയോ , ചിലപ്പോൾ രണ്ടും ഒരുമിച്ചോ വേണ്ടി വരാം.
ഇവർക്കായി നമ്മൾക്ക് എന്ത് ചെയ്യാൻ സാധിക്കും ?
ഉറ്റവരെ പെട്ടന്ന് നഷ്ടപെട്ട് , സങ്കടത്തിൽ ആയിരിക്കുന്ന വ്യക്തികൾക്ക് പിന്തുണ ഉറപ്പിക്കുകയാണ് ആദ്യം വേണ്ടത്. അവരുടെ കൂടെ ആയിരിക്കാനും, സഹായങ്ങൾ ചെയ്യാനും നമ്മൾ തയ്യാറാവണം.
അവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തി അപമാനിക്കുന്ന രീതികൾ ഇല്ലാതാവണം. പകരം സമൂഹം ഒന്നായി അവർക്ക് പിന്തുണയുമായി ഉണ്ടാവണം.
ആത്മഹത്യ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇത്തരത്തിലുള്ള അവസ്ഥയിലൂടെ കടന്നുപോകുന്നവർക്കും സേവനങ്ങൾ ഉറപ്പാക്കണം.
ആദ്യ കുറച്ചു മാസങ്ങളിൽ ഇവരുടെ മാനസിക ആരോഗ്യത്തെ കുറിച്ച് , നിരന്തരമായി അന്വേഷിക്കാനും, ഒപ്പം എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ ഉടൻ അതിനുള്ള പരിഹാരം കാണാനുള്ള സേവനങ്ങളും വേണം.
സപ്പോർട്ട് ഗ്രൂപ്പ് പോലെയുള്ള സംവിധാനങ്ങൾ നമ്മുടെ നാട്ടിലും ഉണ്ടാവേണ്ട ആവശ്യമുണ്ട്.
മറ്റ് ആളുകളെ അപേക്ഷിച്ച് മാനസിക രോഗ സാധ്യത ആത്മഹത്യചെയ്ത വ്യക്തികളുടെ അടുത്ത ബന്ധുക്കൾക്ക് കൂടുതൽ ആണെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് ഇവർക്ക് തുടർ മാനസികാരോഗ്യ സേവനങ്ങൾ നൽകേണ്ടതിന്റെ ആവശ്യകതയാണ് കാണിക്കുന്നത്.
ആത്മഹത്യ രജിസ്ട്രി പോലെയുള്ള സംവിധാനങ്ങൾ നടപ്പിൽ വരുത്തുന്നത് വഴി, ഇത്തരം വ്യക്തികളെ കണ്ടെത്തുവാനും, നീണ്ട കാലം അവർക്ക് ആവശ്യമായ സേവനങ്ങൾ ഉറപ്പാക്കാനും കഴിയും.
ആത്മഹത്യ ഒരു വ്യക്തിയെ മാത്രം ബാധിക്കുന്ന ഒരു അവസ്ഥയല്ല. ആ വ്യക്തിയുമായി അടുത്ത ബന്ധം പുലർത്തുന്ന ആളുകൾക്ക് ഇത്തരം മരണങ്ങൾ എന്നും തീരാ വേദനയാണ്. പലരും വർഷങ്ങൾ കഴിഞ്ഞിട്ടും ഈ അവസ്ഥയിൽ നിന്ന് കരകയറിയിട്ടില്ല. എന്നാൽ ഈ ഒരു വിഭാഗം ആളുകളുടെ പ്രശ്നങ്ങൾ പലപ്പോഴും ആവശ്യത്തിന് ശ്രദ്ധ കിട്ടാതെ പോവുകയാണ് ചെയ്യുക.
ഈ ആത്മഹത്യാ പ്രതിരോധ ദിനത്തിൽ ഇത്തരത്തിൽ കടുത്ത വേദനകളിലൂടെ കടന്നു പോകുന്നവർക്ക് ഒപ്പം ആയിരിക്കാൻ നമുക്ക് ശ്രമിക്കാം. അവരോട് താദാമ്യം പ്രാപിക്കാനും, അവർക്ക് പിന്തുണ നൽകാനും , ആവശ്യമായ സേവനങ്ങൾ ഉറപ്പാക്കാനും നമുക്ക് പരമാവധി ശ്രമിക്കാം.ആത്മഹത്യകളെ തടയാൻ നമുക്ക് ഒരുമിച്ച് കൈകോർത്ത് പ്രവർത്തിക്കാം.
Very good write up