IndiaOpinion

വോഡഫോൺ കേസ്; അന്താരാഷ്ട്ര ആർബിട്രേഷനിൽ കേന്ദ്ര സർക്കാറിന് തോൽവി, നികുതിയിനത്തിൽ ഖജനാവിലേക്ക് കിട്ടേണ്ട 27,900 കോടി രൂപ നഷ്ടം

പ്രതികരണം/എം.ബി.രാജേഷ്

നിങ്ങളാരും ശ്രദ്ധിച്ചിരിക്കാൻ വഴിയില്ല. പക്ഷേ ശ്രദ്ധിക്കാതെ പോകരുത്. കാരണം നഷ്ടപ്പെട്ടത് ഇരുപത്തിയേഴായിരത്തി തൊള്ളായിരം (27900 )കോടി രൂപയാണ്!. പോയത് രാജ്യത്തിനാണ്.

വോഡഫോൺ എന്ന ബഹുരാഷ്ട്ര കുത്തക ഇന്ത്യാ ഗവൺമെൻ്റിന് നൽകേണ്ടിയിരുന്ന ടാക്സാണ്. ഇൻ്റർനാഷണൽ ആർബിട്രേഷനിൽ കേന്ദ്ര സർക്കാർ തോറ്റു. ടാക്സായി ഇന്ത്യാ ഗവൺമെൻറ് 2013 ൽ ആവശ്യപ്പെട്ടത് 2,00,00 കോടി. പലിശയും പെനാൽട്ടിയും ചേർത്ത് ആകെ ആവശ്യപ്പെട്ടത് 27900 കോടി. ആ കാശും പോയി കോടതി ചെലവായി 40 കോടി വേറെയും അവർക്ക് കൊടുക്കണമെന്നാണ് വിധി.

അല്പം ഫ്ലാഷ് ബാക്ക്. തർക്കം തുടങ്ങിയത് 2007ൽ. ഹച്ചിസൺ എന്ന കമ്പനിയുടെ ഇന്ത്യയിലെ ആസ്തികൾ വൊഡഫോൺ വാങ്ങിയ ഇനത്തിലെ മൂലധന ലാഭത്തിന് ഇന്ത്യാ ഗവൺമെൻ്റ് നികുതി ഈടാക്കാൻ തീരുമാനിച്ചു. വോഡഫോൺ സുപ്രീം കോടതിയിൽ കേസിന് പോയി. വലിയ ചർച്ചയായ ഒരു അനുകൂല വിധി സമ്പാദിച്ചു. വിധി മറികടക്കാൻ അന്നത്തെ കേന്ദ്ര സർക്കാർ മുൻകാല പ്രാബല്യത്തിൽ നികുതി പിരിക്കാൻ പാർലമെൻ്റിൽ 2013 ൽ ഭേദഗതി കൊണ്ടുവന്നു.

അന്ന് അതിനെ പിന്തുണച്ച് പാർലിമെൻ്റിൽ പ്രസംഗിച്ച ഒരാളാണ് ഞാൻ. 21 വർഷം മുൻകാല പ്രാബല്യത്തോടെ നികുതി പിരിക്കാനുള്ള ഭേദഗതി ബ്രിട്ടീഷ് പാർലിമെൻ്റ് പാസ്സാക്കിയ കാര്യം പ്രസംഗത്തിൽ ഞാൻ ചൂണ്ടിക്കാട്ടി. മറുപടി പ്രസംഗത്തിൽ അന്നത്തെ ധനമന്ത്രിയായിരുന്ന പ്രണബ് മുഖർജി ഞാൻ പറഞ്ഞ കാര്യം ശരിവെക്കുകയുണ്ടായി. അതിൽ ഇപ്പോഴും ഒരു സന്തോഷവും അഭിമാനവുമുണ്ട്.

പാർലിമെൻ്റ് നിയമ ഭേദഗതി വരുത്തിയതോടെ വോഡഫോൺ ഇൻറർനാഷണൽ ആർബിട്രേഷനു പോയി. 2014ൽ മോദി ഗവൺമെൻറു വന്നു. ആർബിട്രേറ്ററെ മോദി സർക്കാർ നിശ്ചയിച്ചു. ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്ലി വോഡഫോണിൻ്റെ അഭിഭാഷകനായിരുന്ന കാര്യം ആക്ഷേപമായി ഉയർന്നു. ജെയ്റ്റ്ലി അക്കാര്യം സമ്മതിച്ചു. താൻ ഇക്കാര്യത്തിൽ ഇനി ഇടപെടില്ല. എല്ലാം സഹമന്ത്രി നിർമ്മലാ സീതാരാമൻ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞ് നിഷ്ക്കളങ്കനായി മാറി നിന്നു. വേണ്ടി വന്നാൽ പ്രധാനമന്ത്രി നേരിട്ടു കൈകാര്യം ചെയ്യുമെന്നും ജെയ്റ്റ്ലി കൂട്ടിച്ചേർത്തു. എല്ലാവരും കൂടി കൈകാര്യം ചെയ്തപ്പോൾ കേസ് തോറ്റു. ഖജനാവിലേക്ക് കിട്ടേണ്ട 27 900കോടി സ്വാഹ. വോഡഫോണിന് ജഹ പൊഹ.

https://www.facebook.com/mbrajeshofficial/posts/3564876556906662

വിധി സൂക്ഷ്മമായി പഠിക്കുമെന്ന് ധനമന്ത്രാലയം. പഠിക്കുമ്പോഴേക്ക് എത്രകാശ് കൂടി ഇനിയും പോകുമോ ആവോ? ഇക്കാര്യം പല ദേശീയ പത്രങ്ങളിലും ഒന്നാം പേജിൽ വാർത്തയായിരുന്നു. ഇവിടെ മാതൃഭുമിയിൽ ഒരക്ഷരമില്ല!. മനോരമ ഉള്ളിലെ ഏതോ പേജിൽ കൊടുത്തെന്നു വരുത്തി കേരളത്തിലെ സി.ബി.ഐ തിരക്കഥ എഴുതിക്കഴിഞ്ഞപ്പോൾ 27,900 കോടിയുടെ ചെറിയ നഷ്ടക്കണക്കൊക്കെ എഴുതാൻ നിഷ്പക്ഷർക്ക് കടലാസ് തികഞ്ഞില്ലത്രേ.

നിശാ കോടതികളിലെ ന്യായവിധിക്കാർ 2021 മെയ് വരെ ഒറ്റക്കേസേ എടുക്കുന്നുള്ളുവെന്ന്. ഇരുപത്തിയേഴായിരം കോടി ആവിയായത് അന്വേഷിക്കാൻ സൗകര്യമില്ലെന്ന്. ഔദ്യോഗിക വക്താവിൻ്റെ ഔദ്യോഗിക ചാനലാവട്ടെ 27,000 കോടിയുടെ നഷ്ടം ചർച്ച ചെയ്യുന്നതു പോലൊരു അല്പത്തരം വേറെ കണ്ടിട്ടില്ലെന്ന് പരിഹസിച്ചു. എന്നാൽ പിണറായിയോട് ചോദ്യം ചോദിച്ചു കൊണ്ടേയിരിക്കുമെന്ന് എല്ലാവരും ഉറപ്പു നൽകി.

27000 കോടിയുടെ നഷ്ടം ഇന്ധന നികുതി കൂട്ടി മോദി റെക്റ്റിഫൈ ചെയ്തോളുമെന്നും താൻ പ്രതികരിക്കേണ്ടതില്ലെന്നും പ്രതിപക്ഷൻ ഒഴിഞ്ഞു മാറാൻ സാദ്ധ്യത. നേരത്തേ ഇറ്റാലിയൻ നാവികരുടെ കേസിലും ഇപ്പോഴിതാ വോഡഫോൺ കേസിലും സർക്കാർ തോറ്റു. എന്നു വെച്ച് മോദി സർക്കാർ ലോക തോൽവിയാണെന്നൊന്നും ഭക്തർ സമ്മതിക്കില്ല. മോദിജി വിട്ടുകൊടുക്കുന്നതാണെന്ന അവരുടെ ന്യായീകരണം പാടെ തള്ളിക്കളയാനും തോന്നുന്നില്ല.

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x