Social

മാളു; സ്വാതന്ത്ര്യസമര ചരിത്രത്തിലെ അവിസ്മരണീയമായ സായുധ പോരാളി

മുസ്തഫ സി പി കക്കാട്

വെള്ളക്കാരുമായി യുദ്ധം ഉണ്ടായാൽ ആരും ഭയപ്പെടരുത്.
വെള്ളക്കാരന്റെ ഭരണം ഒടുക്കണം
.

വാരിയൻകുന്നൻ നമ്മോടൊപ്പമുണ്ട്.
പൂക്കോട്ടൂരും പൂച്ചോലമാടും ചന്തക്കുന്നും നമ്മുടെ അനേകം ആളുകൾ ശഹീദായി
.

വാഗൺ കൂട്ടക്കൊല വെള്ളക്കാരുടെ ഭീകരതക്ക് ​തെളിവാണ്.
അവരെ ഓടിക്കുന്നതിന് നമുക്ക്, നമ്മുടെ പങ്ക് രാജ്യത്തിനായി സമർപ്പിക്കണം.

ആണുങ്ങൾ യുദ്ധത്തിന് പുറപ്പെടുമ്പോൾ നാം സ്ത്രീകളായിരിക്കണം സന്തോഷത്തോടെ സലാം പറഞ്ഞ് അവരെ യാത്രയാക്കേണ്ടത്.

കൂടെ പോകാൻ കഴിവുള്ളവർ പോകണം.
മറ്റുള്ള സ്ത്രീകൾ വനത്തിലും പാറക്കൂട്ടങ്ങളിലും ഒളിച്ചിരിക്ക​ട്ടെ

കഴിയുന്നത്ര ഭക്ഷണ സാധനങ്ങൾ നാം സ്വരൂപിക്കണം.

ശഹീദാകുന്ന പോരാളികളെ കല്ലുവെട്ടുകുഴിയിൽ പനമ്പും പായയും വിരിച്ച് അതിലടക്കം ചെയ്യണം.

ആണുങ്ങളെല്ലാം ശഹീദായിട്ടുണ്ടാകും, അല്ലെങ്കിൽ ഒളിവിലായിരിക്കും.

ഒറ്റ മയ്യിത്തും ജീർണിക്കാനിടവരരുത്.

അത് വെള്ളക്കാരന്റെതാണെങ്കിലും ശരി. നാം തന്നെ ആ ജോലി ധൈര്യമായി ഏറ്റെടുക്കണം.

ആണുങ്ങൾക്ക് ധൈര്യം പകരേണ്ടത് നാമാണ്.

ഇതെല്ലാം സുൽത്താൻ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കൽപനയാണ് ’’.

ഇന്ത്യൻ സ്വാതന്ത്ര്യപോരാട്ടത്തിലെ വീരേതിഹാസം, മാളുഹജ്ജുമ്മ മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് അങ്ങാടിയിലെ ഒരു പാറപ്പുറത്ത്​ കയറി നടത്തിയ പ്രസംഗത്തിൽ നിന്നുള്ള ​വാക്കുകളാണിത്.

ബ്രിട്ടനെതിരെ കൈയിൽ ഊരിപ്പിടിച്ച വാളുമായി പടക്കളത്തിൽ ഭർത്താവിനോടൊന്നിച്ചു പോരാടിയ വീരാംഗന. എല്ലുനുറുങ്ങുന്ന മർദനങ്ങൾക്കും തടവറകളുടെ കൂരിരുട്ടിനും തകർക്കാനാവാത്ത വാരിയൻകുന്ന​ന്റെ നിശ്ചയദാർഢ്യവും അചഞ്ചല വിപ്ലവബോധവും നേതൃപാടവവും കണ്ട് മനസ്സുകൊതിച്ച ഏറനാടൻ പെൺഹൃദയം.

കുഞ്ഞഹമ്മദ് ഹാജിയുടെ അമ്മാവ​ൻ പറവെട്ടി കോയാമു ഹാജിയുടെ മകൾ മാളു.

സോവിയറ്റ്​ റഷ്യ ആദരവോടെ നോക്കിക്കണ്ട വാരിയൻകുന്നനെന്ന ഏറനാടൻ പുലിയെ ഒരുനോക്ക് കാണാൻ വഴിയോരങ്ങളിൽ കാത്തുനിന്നിരുന്ന പെണ്ണ്.

പൂക്കോട്ടൂർ, ചേറൂർ, പൂച്ചോലമാട്, പാണ്ടിക്കാട്, വീട്ടിക്കുന്ന് തുടങ്ങി നാടിന്റെ മുക്കൂമൂലകളിൽ നടന്ന ചെറുതും വലുതുമായ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ, ചെറുത്തുനിൽപുകളിൽ പൊരുതി വീരമൃത്യു വരിച്ച ആയിരക്കണക്കിന് പോരാളികളുടെ കൂട്ടക്കുഴിമാടങ്ങൾ മലബാറിന്റെ വിവിധ ഭാഗങ്ങളിൽ കാണാം.

അതിൽ പലതും സ്ത്രീക്കരുത്തിന്റെയും സ്ത്രീ ധൈര്യത്തിന്റെയും ബാക്കിപത്രങ്ങളുമാണ്. അവയൊന്നും പക്ഷേ, വരുംതലമുറക്ക് ഓർമപ്പെടുത്തലായി വേണ്ടവിധം സംരക്ഷിക്കപ്പെട്ടിട്ടില്ല.

ഇതൊരു വീണ്ടെടുപ്പി​ന്റെ കാലമാണ്, ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ അവിസ്മരണീയമായ സായുധ, കാർഷിക വിപ്ലവങ്ങളുടെ മുൻനിരയിലായിട്ടും തമസ്കരിക്കപ്പെട്ട ഒരുപാട് പോരാളികളുടെ, വിശേഷിച്ച്​ വനിത പോരാളികളുടെ പോരാട്ട ചരിത്രത്തി​ന്റെ വീണ്ടെടുപ്പ്​ കാലം.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x