രാജ്യത്തെ കൊവിഡ് മരണസംഖ്യ ഒരു ലക്ഷം കടന്നു
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് മരണസംഖ്യ ഒരു ലക്ഷം പിന്നിട്ടു. ഇന്നു രാവിലെ എട്ടിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കിയ കണക്കനുസരിച്ച് 1,00,842 പേരാണ് ഇതുവരെ വൈറസ് ബാധിച്ചു മരിച്ചത്. അവസാന 24 മണിക്കൂറിൽ 1,069 പേർ മരിച്ചിട്ടുണ്ട്. മരണസംഖ്യയിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ. യുഎസിൽ 2.13 ലക്ഷത്തിലേറെ പേർ ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചു. ബ്രസീലിൽ 1.46 ലക്ഷം പേരും മരിച്ചിട്ടുണ്ട്. നാലാം സ്ഥാനത്തുള്ള മെക്സിക്കോയിൽ 78,000ലേറെ പേരാണ് ഇതുവരെ മരിച്ചത്. 7.53 ലക്ഷം പേർക്കാണ് മെക്സിക്കോയിൽ രോഗബാധയുണ്ടായത്.
അതേസമയം, ഇന്ത്യയിലെ മൊത്തം രോഗബാധിതർ 64.73 ലക്ഷം പിന്നിട്ടു. പുതുതായി രോഗം സ്ഥിരീകരിച്ചത് 79,476 പേർക്കാണ്. 9,44,996 പേരാണ് രാജ്യത്ത് ഇപ്പോൾ ചികിത്സയിലുള്ളത്. ആക്റ്റിവ് കേസുകൾ പത്തുലക്ഷത്തിൽ താഴെ നിൽക്കുന്നത് തുടർച്ചയായി പന്ത്രണ്ടാം ദിവസമാണ്. 54.27 ലക്ഷം പേർ രോഗമുക്തരായിട്ടുണ്ട്. റിക്കവറി നിരക്ക് 84 ശതമാനത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 12 ദിവസം കൊണ്ടാണ് പത്തുലക്ഷത്തിലേറെ പേർ രോഗമുക്തരായതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു.
ഇപ്പോൾ ചികിത്സയിലുള്ളവരിൽ നാലിലൊന്നിലേറെയും പേർ മഹാരാഷ്ട്രയിലാണ്. 2.60 ലക്ഷത്തിലേറെ ആക്റ്റിവ് കേസുകൾ അവിടെയുണ്ട്. കർണാടകയിൽ ഒരു ലക്ഷത്തിലേറെയും കേരളത്തിൽ 77,000ൽ ഏറെയും ആക്റ്റിവ് കേസുകളാണുള്ളത്. ഒരു ഘട്ടത്തിൽ വലിയ തോതിൽ രോഗബാധയുണ്ടായ ആന്ധ്രയിൽ ആക്റ്റിവ് കേസുകൾ 60,000ൽ താഴെയായപ്പോൾ തമിഴ്നാട്ടിലും ഉത്തർപ്രദേശിലും 50,000ൽ താഴെയായിട്ടുണ്ട്. 1, സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളിൽ 5,000ൽ താഴെയാണ് ആക്റ്റിവ് കേസുകൾ.
Content Highlights: India’s Covid19 related deaths cross 1 lakh mark
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS