പാചകക്കാരി ആയിരുന്നു ക്രിസ്റ്റ്യാനോയുടെ അമ്മ. അവർ സ്കൂളിൽ നിന്ന് കൊണ്ടുവരുന്ന ബാക്കി ചോറായിരുന്നു അവന്റെ വിശപ്പ് മാറ്റിയിരുന്നത്.
സമീപത്തെ ബൺ പീടികയിൽ ക്രിസ്റ്റ്യാനോ വൈകും വരെ കാത്തിരിക്കുമായിരുന്നു. അന്നാന്ന് ഒഴിവാക്കുന്ന ബൺ വാങ്ങിക്കഴിക്കാൻ.
വെള്ളത്തെ, ഭക്ഷണത്തെ കുറിച്ച് അയാൾക്ക് നന്നായി പറയാൻ പറ്റാതിരിക്കുന്നത് എങ്ങനെ !
ഷാജു വിവി ഇതാ അത് ഇങ്ങനെ വിശദീകരിക്കുന്നു…
രാഷ്ട്രീയമായ ഒരൊറ്റ ഡ്രിബിളിങ്ങ്
കൊക്കക്കോളയുടെ പോസ്റ്റിൽ ഒറ്റ നീക്കത്തിലൂടെ എണ്ണിത്തിട്ടപ്പെടുത്താനാവാത്ത ഗോളുകൾ. പന്തുകൾ നിറച്ച വലസഞ്ചി, കൊക്കക്കോളയുടെ ഗോൾ പോസ്റ്റ്!
ഓഹരി വിപണിയിൽ കോള മൂക്കുകുത്തി വീണു.
ചരിത്രത്തിലിന്നേവരെ ഒരു കാൽപ്പന്തുകളിക്കാരനും
കൈ കൊണ്ട് ഇങ്ങനെയൊരു ഗോളടിച്ചിട്ടില്ല.
ഒരു ഗോളും ഇത്ര സന്ദേശവാഹിയായിട്ടില്ല.
അർത്ഥനിർഭരമായ അന്യാപദേശകഥ.
ഒരിക്കലും കളിയിത്ര കാര്യമായിട്ടില്ല.
ഒരു കവിതയിലും
പ്രതീകാത്മക വിന്യാസത്തിന് ഈ അളവിൽ ഭൗതിക പ്രഹരശേഷി ആർജിക്കാൻ കഴിഞ്ഞിട്ടില്ല.
ആഗോള മുതലാളിത്തത്തിൻ്റെ അനാരോഗ്യകരമായ
ലഹരിയെ ഒറ്റ സീനിൽ
ഇത്ര ആഴത്തിൽ അട്ടിമറിക്കാൻ
ഒരു ചലച്ചിത്രത്തിനും കഴിഞ്ഞിട്ടില്ല.
പതിനായിരക്കണക്കിന്നാളുകൾ പങ്കെടുത്ത
കോള വിരുദ്ധ റാലികൾക്കൊന്നും ഇത്ര സൗന്ദര്യാത്മകമായി
ആശയ പ്രചാരണം നടത്താനായിട്ടില്ല.
ഒരു ഹൈക്കുവും ഇത്ര സമൃദ്ധമായി ധ്വനി ഉൽപ്പാദിപ്പിച്ചിട്ടില്ല.
മുഴച്ചു നിൽക്കാതെ സ്വാഭാവികമായി രാഷ്ട്രീയം പറയുന്നതിൻ്റെ ആർട്ട്.
പച്ചവെള്ളത്തിൻ്റെ ജീവന മൂല്യത്തെക്കുറിച്ച് എഴുതപ്പെട്ട ഏറ്റവും ജനകീയവും ലളിതവുമായ വൈദ്യശാസ്ത്ര പ്രബന്ധം.
മൈതാനത്തിനു വെളിയിലെ
ത്രസിപ്പിക്കുന്ന കളി.
ഒറ്റയ്ക്കൊരു സൈന്യം.
ഏതെങ്കിലുമൊരു കളിക്കാരൻ നൽകിയ പാസല്ല ക്രിസ്ത്യാനോ ഗോൾ വലയത്തിലേക്ക് അടിച്ചുകയറ്റിയത്.
ലക്ഷോപലക്ഷം ഇടതു മനസ്സുകൾ ഒത്തൊരുമിച്ച് കൊടുത്ത പാസ് ആയിരുന്നു അത്. ഒരു ‘പാസും’ നാളിതുവരെ അഗമ്യമായ പെരും കോട്ടയെ ഇങ്ങനെ മലർക്കെ തുറന്നിട്ടില്ല.
നിസ്സാരമായി മാറ്റി വച്ച
ആ കുപ്പി സഞ്ചരിച്ച വേഗത്തിൽ ഒരു വസ്തുവും സഞ്ചരിച്ച് ഇന്നേവരെ നിലംപതിച്ച് ചിതറിയിട്ടില്ല.
ഒരാംഗ്യ ഭാഷയ്ക്കും
ഈ മട്ടിൽ സ്ഫോടകശേഷി ഉണ്ടായിട്ടില്ല.
ഉൽപ്പന്നത്തിൻ്റെ അന്തസ്സത്തയപ്പാടെയാവാഹിക്കുന്ന
പൊതു ജനതാൽപ്പര്യ പരസ്യം.
എന്തൊരീംപൾസീവായ സ്ക്രിപ്റ്റ്!
മറഡോണയുടെ
ദൈവത്തിൻ്റെ കയ്യല്ല, ക്രിസ്ത്യാനോയുടെ
രാഷ്ട്രീയ കൈ.
മുതലാളിത്തം ചുവപ്പുകാർഡ് ഉയർത്തിയിട്ടുണ്ട്.
കാണികൾ അതെടുക്കില്ല.
അഭിവാദ്യങ്ങൾ പ്രീയപ്പെട്ടവനേ …
ഞങ്ങളുടെ പ്ലാച്ചിമടയും കോരിത്തരിച്ചിട്ടുണ്ട്.
Brief: Cristiano Ronaldo wipes billions off Coca-Cola shares after removing bottles from press conference table
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS