EducationFeature

അവിശ്വാസത്തിനു മേൽ പടുത്തുയർത്തിയ വിദ്യാഭ്യാസ മേഖലക്ക് ഒരു തിരുത്ത്

അസീസ് തരുവണ, ഫറൂഖ് കോളേജ്

നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥ അവിശ്വാസത്തിനു മേൽ പടുത്തുയർത്തപ്പെട്ടതാണ്. എവിടെയോ ഉള്ള കുറച്ചു പേർ ചേർന്ന് സിലബസ് ഉണ്ടാക്കുന്നു. അത് അധ്യാപകർ പഠിപ്പിക്കുന്നു. വിദ്യാർത്ഥികളെ നേരിട്ടറിയാത്തയാൾ രഹസ്യമായി ചോദ്യപേപ്പർ ഉണ്ടാക്കുന്നു.

ഉത്തരക്കടലാസിൽ പേരെഴുതാൻ പാടില്ല; നമ്പറേ പാടുള്ളു. ആ നമ്പർ മാറ്റി ഫാൾസ് നമ്പറിട്ട്, വാല്യേഷൻ ക്യാമ്പിൽ വെച്ച് ഏതൊക്കെയോ അധ്യാപകർ നോക്കി മാർക്കിടുന്നു..

എന്തിനിങ്ങനെ ഒളിച്ചുകളിക്കണം? ഒരു വിദ്യാർത്ഥിയെ ഏറ്റവും അടുത്തറിയുക അവൻ്റെ ഗുരുനാഥനാണ്. അയാൾ പഠിപ്പിച്ചത് പരീക്ഷിക്കേണ്ടത് അയാൾ തന്നെയാണ്.

വിദ്യാർത്ഥിയുടെ ഓർമ്മിച്ചുവെക്കാനുള്ള കഴിവ് മാത്രമാണ് ഇപ്പോൾ പരിശോധിക്കുന്നത്. സിലബസിലുള്ളത് മനഃപാഠമാക്കൽ മാത്രമാണോ വിദ്യാഭ്യാസം? കേവലം ഇൻഫർമേഷൻ മന:പാഠമാക്കലല്ല വിദ്യാഭ്യാസം. ഇൻഫർമേഷനെ നോളജാക്കി മാറ്റലാണ് വിദ്യാഭ്യാസം..

ഒരു വർഷത്തിനിടയിൽ പഠിച്ചത് മൂന്ന് മണിക്കൂർ കൊണ്ട് പരീക്ഷിക്കലാണിന്ന് പരീക്ഷ. ഒരു വർഷക്കാലം കൊണ്ട് ഒരു കുട്ടി ടെക്സ്റ്റ് ബുക്ക് മാത്രമാണോ പഠിക്കുന്നത്? ഒരിക്കലുമല്ല.

ഒരു സെമസ്റ്ററിൽ (ശരാശരി അഞ്ചു മാസക്കാലം) ടെക്സ്റ്റിനു പുറമേ പതിനഞ്ചു പുസ്തകങ്ങൾ വായിക്കുകയും അതേ പറ്റി റിവ്യു തയ്യാറാക്കി അധ്യാപകരെ കാണിക്കണമെന്നൊരു വ്യവസ്ഥ ഞങ്ങളുടെ മലയാളം ഡിപ്പാർട്ട്മെൻ്റിൽ നടപ്പിലാക്കി വരുന്നു. ‘അധിക വായന’ എന്ന കോളത്തിൽ സിലബസിൽ നിർദ്ദേശിക്കുന്ന പുസ്തകങ്ങൾ കൂടാതെയാണിത്.

എന്നാൽ ഇതൊന്നും പരീക്ഷയ്ക്ക് ചോദ്യങ്ങളായി വരാറില്ല(അങ്ങനെ ചോദിക്കാൻ വകുപ്പില്ല. ഔട്ട് ഓഫ് സിലബസ് ചോദ്യങ്ങൾ ചോദിക്കരുതെന്നാണല്ലോ. അലിഖിത നിയമം!)

പരീക്ഷയ്ക്ക് വേണ്ടി മാത്രമാണ് പഠിക്കുന്നത് എന്നൊരു ധാരണയും ഇപ്പോൾ രൂപപ്പെട്ടിട്ടുണ്ട്. അതിനാൽ യൂണിവേഴ്സിറ്റികൾ തന്നെ ഗൈഡുകൾ പ്രസിദ്ധീകരിക്കുന്നു.

വ്യക്തിയുടെ സമഗ്രവികാസമാണ് വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യമെന്ന പരമപ്രധാനമായ ലക്ഷ്യം നാം മറന്നു പോയിരിക്കുന്നു.
സ്വാതന്ത്ര്യം നേടുവാനുള്ള സാംസ്ക്കാരിക പ്രവർത്തനമാണ് വിദ്യാഭ്യാസമെന്ന പൗലോഫ്രയറിൻ്റെ വാക്കുകൾ ഉദ്ധരിച്ചാൽ എത്ര പേർക്കിന്ന് ഉൾകൊള്ളുവാനാകും?

ഉന്നത വിദ്യാഭ്യാസ സമിതി പോലും പറയുന്നത്, തൊഴിൽ സാധ്യതയുള്ള കോഴ്സുകളെപ്പറ്റിയാണ്. അന്താരാഷ്ട്ര മാർക്കറ്റിലേക്കുള്ള പ്രോഡക്റ്റുകളെക്കുറിച്ച്..പണം കായ്ക്കുന്ന മരങ്ങളായി മക്കൾ മാറണമെന്ന് രക്ഷിതാക്കളും സ്വപ്നം കാണുന്ന കാലം..

മാനവിക വിഷയങ്ങൾ എന്തിന് പഠിപ്പിക്കണം ?
ചരിത്രവും സാഹിത്യവും മറ്റു മാനവിക വിഷയങ്ങളും അപ്രധാനമാണെന്ന കോർപ്പറേറ്റുകളുടെ കാഴ്ചപ്പാട് ഭരണകൂടങ്ങൾ പതിയെ ശരിവെച്ചു കൊണ്ടിരിക്കുന്നു…

വിദ്യാഭ്യാസ വിചക്ഷണരായിരുന്നു ഒരു കാലത്ത് വിദ്യാഭ്യാസ കമ്മീഷനുകളുടെ തലപ്പത്ത്. ഭാവി ഇന്ത്യയുടെ ഭാഗധേയം നിർണയിക്കുന്നത് ഇന്നത്തെ ക്ലാസ് മുറികളാണെന്ന് പറഞ്ഞത് അത്തരമൊരു വിദഗ്ധനാണ്, കോത്താരി കമ്മീഷൻ റിപ്പോർട്ടിൽ.

വാജ്പേയി സർക്കാർ നിയോഗിച്ച ഒരു വിദ്യാഭ്യാസ കമ്മീഷൻ്റെ പേര് ബിർളാ -അംബാനി കമ്മീഷൻ (ബിർളയും മുകേഷ് അംബാനിയും തന്നെ ) എന്നായിരുന്നു. ‘വിദ്യാഭ്യാസ വ്യവസ്ഥയിലെ ഉപഭോക്താവ് വിദ്യാർത്ഥിയാണ്. അതിനാൽ ഉപഭോക്താവ് പണം മുടക്കിയാണ് വിദ്യ നേടേണ്ടത് എന്ന് പ്രസ്തുത കമ്മീഷൻ. ഈ കമ്മീഷൻ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടു മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടോ?

സര്‍ക്കാര്‍ ഘട്ടംഘട്ടമായി ഉന്നതവിദ്യാഭ്യാസത്തിലുള്ള നിക്ഷേപങ്ങളില്‍നിന്നും പിന്മാറുക, ഉന്നതവിദ്യാഭ്യാസത്തിലേക്ക് കടന്നുവരുന്ന കുട്ടികളുടെ എണ്ണം കുറയ്ക്കുക, വിദ്യാഭ്യാസ സംബന്ധിയായ ചെലവുകളുടെ വലിയ അനുപാതം കുട്ടികളില്‍ നിന്നും ഫീസായി സമാഹരിക്കുക, ഏറ്റവും പ്രധാനമായി ഉന്നതവിദ്യാഭ്യാസം സ്വകാര്യവത്കരിക്കുക, കച്ചവടവത്കരിക്കുക, കോളേജുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനമില്ലതാക്കിക്കൊണ്ടേ പൂര്‍ണമായി അവയെ നിയന്ത്രണത്തില്‍ കൊണ്ടുവരാനാവൂ എന്നും ബിർളാ -അംബാനി റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.

വിദ്യാഭ്യാസം കച്ചവടമായി മാറിയാൽ / കോർപ്പറേറ്റുകൾക്ക് തീരെഴുതി കൊടുത്താൽ സാധാരണക്കാരിൽ സാധാരണക്കാർക്ക് വിദ്യാഭ്യാസം എന്നെന്നേക്കുമായി അപ്രാപ്യമാവും;
രാജ്യം ബഹുദൂരം പിന്നോട്ട് തള്ളപ്പെടും.

ലേഖകൻ കോഴിക്കോട് ഫറൂഖ് കോളേജിലെ മലയാള വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ്.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x