
പ്ലസ് വൺ ഏകജാലക പ്രവേശനം; ബോണസ് പോയിന്റുകളെ കുറിച്ച് അറിയേണ്ടതല്ലാം
സാധാരണ എസ്.എസ്.എൽ.സി ഫലത്തിനൊപ്പം ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശന സമയക്രമം പ്രഖ്യാപിക്കാറുണ്ട്. ഇത്തവണ സമയക്രമം പിന്നീടാകും പ്രസിദ്ധീകരിക്കുക. ഓൺലൈനിലാണ് പ്രവേശനത്തിന് അപേക്ഷിക്കേണ്ടത്.
അപേക്ഷ സമർപ്പണത്തിന് ഭൂരിഭാഗം വിദ്യാർഥികളും രക്ഷാകർത്താക്കളും അക്ഷയ കേന്ദ്രങ്ങളെയും സ്വകാര്യ കമ്പ്യൂട്ടർ സെന്ററുകളെയുമാണ് ആശ്രയിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ
വിജ്ഞാപനമിറക്കിയാൽ അപേക്ഷിക്കാനായി വിദ്യാർഥികളും രക്ഷാകർത്താക്കളും കൂട്ടമായി എത്തുന്ന സാഹചര്യമുണ്ടാകും.
എന്നാൽ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് ലഭ്യമാവുന്ന ബോണസ് പോയിന്റുകളെ കുറിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ടതുണ്ട്. ബോണസ് പോയിന്റുകൾ എന്തല്ലാം;
1. പത്താം തരം കേരള സിലബസിൽ (SSLC) പഠിച്ചവർക്ക് 3 ബോണസ് പോയിൻറ് ലഭിക്കും.
2. SSLC ക്ക് പഠിച്ചിരുന്ന അതേ സ്‌കൂളിൽ തന്നെ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.
3. താമസിക്കുന്ന അതേ ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ എന്നിവയിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.
4. താമസിക്കുന്ന അതേ താലൂക്കിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 1 ബോണസ് പോയിൻറ് ലഭിക്കും.
5. താമസിക്കുന്ന ഗ്രാമപഞ്ചായത്തിൽ ഗവ./എയ്‌ഡഡ് ഹയർ സെക്കണ്ടറി സ്‌കൂൾ ഇല്ലാത്തവർക്ക് താലൂക്കിലെ മറ്റ് സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ
ബോണസ് പോയിൻറ് ലഭിക്കും.
6. NCC (75 ശതമാനത്തിൽ കുറയാത്ത ഹാജർ കേഡറ്റിനുണ്ടെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം), സ്കൗട്ട് & ഗൈഡ് (രാഷ്ട്രപതി / രാജ്യ പുരസ്കാർ നേടിയവർ മാത്രം), നീന്തൽ അറിവ് (അപേക്ഷകൻ താമസിക്കുന്ന തദ്ദേശ ഭരണസ്ഥാപനങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം), സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾക്കും 2 ബോണസ് പോയിൻറ് ലഭിക്കും.
7. കൃത്യനിർവഹണത്തിനിടയിൽ മരണമടഞ്ഞ ജവാൻമാരുടെ മക്കൾക്ക് 5 ബോണസ് പോയിൻറ് ലഭിക്കും. (നിയമപരമായി അവർ ദത്തെടുത്ത മക്കളും ഈ ആനുകൂല്യത്തിന് അർഹരാണ്.)
8. ജവാൻമാരുടെയും, ആർമി, നേവി, എയർഫോഴ്സ് എന്നിവയിൽ നിന്നുള്ള എക്സ് സർവീസുകാരുടെയും മക്കൾക്ക് 3 ബോണസ് പോയിൻറ് ലഭിക്കും. (നിയമപരമായി അവർ ദത്തെടുത്ത മക്കളും ഈ ആനുകൂല്യത്തിന് അർഹരാണ്.)