Opinion

നാരായണിയമ്മയുടെ തളിർവെറ്റിലയും രാഷ്ട്രീയക്കാരും

പ്രതികരണം/ആബിദ് അടിവാരം

മുറുക്കിച്ചുവപ്പിച്ച വിടർന്ന ചുണ്ടുകളുള്ള നാരായണിയമ്മയെ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്. ചെയിൻ ‘മുറുക്കറാണ്’, നമ്മൾ കാണുമ്പോഴൊക്കെ നാരായണിയമ്മ മുറുക്കുകയായിരിക്കും. വെറ്റിലയിൽ ചുണ്ണാമ്പ് തേക്കുന്നതിനും പുകയില മുറിച്ച് വെക്കുന്നതിനുമൊക്കെ ഒരു താളമുണ്ട്.
മനോഹരമായ ആ മുറുക്കിനെക്കുറിച്ചല്ല പറയുന്നത്, വെറ്റിലയെക്കുറിച്ചാണ്.

വയനാട്ടിൽ ജോലി ചെയ്യുന്ന ഇളയ മോൻ ദിവാകരനാണ് നാരായണിയമ്മക്ക് മുറുക്കാൻ എത്തിക്കുന്നയാൾ. ആഴ്ചയിലൊരിക്കൽ ദിവാകരൻ വാഴയിലയിൽ പൊതിഞ്ഞ നറുമണമുള്ള തളിർവെറ്റില അമ്മക്കായി കൊണ്ടുവരും. വല്ലാത്തൊരാവേശത്തോടെ നാരായണിയമ്മ വെറ്റിലക്കെട്ട് വാങ്ങി തുറന്നു നോക്കും, അതിൻ്റെ സുഗന്ധം ഒന്നാസ്വദിക്കും.

ഭദ്രമായി പൊതിഞ്ഞു സൂക്ഷിച്ചു വെക്കും. ഒന്ന് പോലും എടുക്കില്ല, കാരണം കഴിഞ്ഞയാഴ്ച കൊണ്ട് വന്ന വെറ്റില ബാക്കിയുണ്ട്, മണവും ഗുണവുമൊക്കെ നഷ്ടപ്പെട്ട് ഇലകൾക്ക് മഞ്ഞക്കളറായിട്ടുണ്ടാവും എന്നാലും അത് കളയാൻ അവർക്ക് മനസ്സ് വരില്ല, പഴയ വെറ്റില തീർന്നിട്ടാവാം പുതിയതെന്ന് തീരുമാനിക്കും. അത് തീരുന്നത് വരെ മുറുക്കും.

പഴയത് തീർന്ന് നാരായണിയമ്മ പുതിയ വെറ്റിലക്കെട്ടെടുക്കുമ്പോൾ അത് പഴയകിയിട്ടുണ്ടാവും. അടുത്ത ദിവസം ദിവാകരൻ പുതിയ വെറ്റില കൊണ്ട് വരുമെങ്കിലും നാരായണിയമ്മ അതെടുക്കില്ല, കയ്യിലുള്ളത് തീർക്കും…!. ഫലത്തിൽ ദിവാകരൻ കൊണ്ട് വരുന്ന നറുമണമുള്ള തളിർവെറ്റില മുറുക്കാൻ നാരായണിയമ്മക്ക് ഒരിക്കലും യോഗ മുണ്ടാവാറില്ല, പഴകി മഞ്ഞക്കളറിലേക്ക് മാറിയ വെറ്റിലയിൽ മുറുക്കാനാണ് അവരുടെ യോഗം.

കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ കാണുമ്പോൾ നാരായണിയമ്മയുടെ വെറ്റില ഓർമ്മവരും. ചെറുപ്പക്കാരായ നല്ല രാഷ്ട്രീയ ബോധവും പ്രാപ്തിയുമുള്ള ചെറുപ്പക്കാർ വരിയായി നിൽക്കുന്നുണ്ടാകും, പക്ഷെ അധികാരവും നേതൃത്വവും പുതിയകാലത്തെ പൊളിറ്റിക്കൽ കറക്റ്റ്നസ്സിനെക്കുറിച്ച്, പറയുന്ന വാക്കുകളുടെ രാഷ്ട്രീയത്തെക്കുറിച്ച്, ശ്ലീലാശ്ലീങ്ങളെക്കുറിച്ച്, പുതിയ ലോകത്തെക്കുറിച്ച്, ഒരു കാഴ്ചപ്പാടുളമില്ലാത്ത പഴയ തലമുറമുക്കായിരിക്കും, നാരായണിയമ്മയെ പോലെ പഴയതിനെ അവഗണിക്കാൻ പറ്റില്ലല്ലോ. പച്ചപ്പ് മാറാത്ത ഒന്നോ രണ്ടോ ഇലകൾ കിട്ടിയാൽ ഭാഗ്യം.

ഇരുപത് വയസ്സിന് താഴെയുള്ള തലമുറയോട് കമ്മ്യുണിക്കേറ്റ് ചെയ്യാൻ അറുപത് കഴിഞ്ഞവർക്ക് പ്രയാസമായിരിക്കും, മാറ്റങ്ങൾക്ക് കൊടുങ്കാറ്റിന്റെ വേഗതയുള്ള പുതിയ കാലത്ത് പ്രത്യേകിച്ചും. താഴെയും മുകളിലുമുള്ള തലമുറകളെ മനസ്സിലാക്കാൻ പറ്റുന്ന നാല്പതിനും അറുപതിനും ഇടയിലുള്ള മധ്യവയസ്കരെ ഏല്പിക്കേണ്ട ഉത്തരവാദിത്വങ്ങളാണ് അറുപത് കഴിഞ്ഞ, പുതിയ തലമുറയുമായി ബന്ധമില്ലാത്ത അവരുടെ സാങ്കേതീക പരിജ്ഞാനത്തെ അറിയാൻ കഴിയാത്തവരുടെ തലയിൽ കെട്ടിവെക്കുന്നത്.

ഐഎഎസുകാരനായി വിരമിച്ച ഒരു എഴുപതുകാരന്റെയും ഒരു പന്ത്രണ്ടു വയസ്സുകാരന്റെയും അനുഭവങ്ങളെയും വിജ്ഞാനത്തെയും നമുക്ക് താരതമ്യം ചെയ്യാൻ പോലും പറ്റില്ല. എന്നാൽ ഇരുവരുടെയും കയ്യിൽ ഓരോ പുതിയ മൊബൈൽ ഫോണുകൾ കൊടുത്തു നോക്കൂ, 12 കാരൻ നിമിഷങ്ങൾക്കകം ആ ഫോണിനെ കീഴടക്കും , 70 കാരൻ കൊച്ചുമക്കൾ സ്‌കൂൾ വിട്ടു വരുന്നത് വരെ കാത്തിരിക്കേണ്ടി വരും.

കാൽനൂറ്റണ്ടിനിപ്പുറം ഉണ്ടായ ശാസ്ത്ര സാങ്കേതീക വികസനം ജൈവപരമായ/ ബുദ്ധിപരമായ മനുഷ്യന്റെ വളർച്ചയെപ്പോലും സ്വാധീനിച്ചിട്ടുണ്ട്. തലമുറകൾ തമ്മിലുള്ള അന്തരം നമ്മൾ ഊഹിക്കുന്നതിനേക്കാൾ വലുതാണ്.

എന്ത് ചെയ്യാനാണ്…? ആരോട് പറയാനാണ്…? നാരായണിയമ്മയെപ്പോലെ വാടിയ വെറ്റിലയിൽ ‘മനോഹരമായി’ താളം പിടിച്ച് മുറുക്കാനാണ് നമ്മുടെ യോഗം

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x