
കാലുകളുടെ കാലമാണല്ലോ സോഷ്യൽ മീഡിയയിൽ. അതുകൊണ്ട് തന്നെ മനുഷ്യരുടെ കാലുകളെപ്പറ്റി വിചാരം ചെയ്യാൻ ഇതിലും നല്ല ഒരു കാലമില്ലെന്ന് ഞാൻ കരുതുന്നു. ഒരുവൻ/ഒരുവൾ നടന്ന് തീർത്ത ജീവിതത്തിന്റെ വഴികളെക്കുറിച്ച് സംസാരിക്കുവാൻ അവന്റെ കാലുകളോളം ഉചിതമായ മറ്റൊരു അവയവമുണ്ടോ?
കാലുകൾക്ക് മാത്രമായി ഓർമ്മകളുടെ സൂക്ഷിപ്പുമുറികളുണ്ടായിരുന്നെങ്കിൽ ബി നിലവറകളേക്കാൾ എത്രയോ സമ്പന്നമാവുമായിരുന്നു അവിടം! സുരക്ഷിതമായ പാദരക്ഷകളിൽ പൊതിഞ്ഞ് അവയെ ബന്ദവസാക്കുന്നതിനും മുൻപത്തെ ഒരു കാലത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. പാദരക്ഷകൾ ആഢംബരമായിരുന്ന ഒരു കാലത്ത് ജനിച്ച് ജീവിച്ച് തുടങ്ങിയ മനുഷ്യരുടെ ഓർമ്മകളെക്കുറിച്ച്.
മണ്ണിൽ കാലുകൾ ചവിട്ടി നിവർന്നു നിൽക്കാൻ തുടങ്ങുന്നതിനും മുൻപേയുള്ള ആ ഇത്തിരിക്കാലത്തേക്ക് മാത്രമാണ് അന്ന് ഉണ്ണിക്കാലുകൾക്കുള്ള സുന്ദരവിശ്രമകാലം. പിന്നെ എല്ലാ പീഡനങ്ങളും അവയ്ക്കാണ്..
അമ്മമാരുടെ എല്ലാ ശ്രദ്ധകളേയും കബളിപ്പിച്ചുലൊണ്ട് കരപ്പൻ എന്ന വൃത്തികെട്ട രോഗം ആദ്യം പിടികൂടുന്നത് കാലുകളേയാണ്. എത്ര വേദന തിന്നിട്ടുണ്ടാവണം കുട്ടിക്കാലുകൾ?
ഇഞ്ചയോ, ചകിരിയോ, പാറോം ചെടിയുടെ സാന്റ് പേപ്പർ പോലത്തെ ഇലകളോ കൊണ്ട് ചൂടുവെള്ളത്തിൽ ഉരച്ചു കഴുകുമ്പോൾ ഉച്ചത്തിൽ പൊന്തിയിരുന്ന ഉണ്ണിനിലവിളികൾ…
കോഴിപ്പപ്പിന്റെ തൂവൽ ബ്രഷുകൊണ്ട് അതിൽ പുരട്ടിയ പലതരം എണ്ണകൾബെൻസയിൽ ബെൻസോവേറ്റ് എന്ന പാൽനിറമുള്ള മരുന്നിന്റെ സമാനതകളില്ലാത്ത ആ വാട..
കരപ്പൻ കാലുകൾക്കുള്ളതാണെങ്കിൽ പാദങ്ങൾ വഴിയിലെ കല്ലുകൾക്കും വളം കടിക്കുമുള്ളതാണ്.കരപ്പനിൽ നിന്ന് രക്ഷപ്പെട്ടവയുണ്ടാവാം എങ്കിലും വഴിയിലെ കല്ലുകളിൽ നിന്ന് രക്ഷനേടിയ ഒരു കാലുമുണ്ടാവില്ല എഴുപതുകളിൽ പിറന്നവയിൽ.
എത്ര വിദഗ്ദമായാണ് കാലുകളെ ലക്ഷ്യം വെച്ചുകൊണ്ട് ആ കല്ലുകൾ നടവഴികളിൽ മറഞ്ഞിരിക്കുക..തല്ലിപ്പൊട്ടാൻ വേണ്ടി മാത്രമാണ് മനുഷ്യന് ദൈവം തള്ളവിരലുകൾ നൽകിയിട്ടുള്ളത് എന്ന് തോന്നും വിധമാണ് കല്ലുകൾ അവയെ ലക്ഷ്യം വെക്കുക.
ഒരിക്കൽ പൊട്ടിക്കിട്ടിയാൽ അത് പിന്നെ സ്ഥിരം ടാർജ്ജറ്റായി വഴിയിൽ കണ്ടേക്കാവുന്ന (കാണാത്ത) സകലതും ആ ദുർബലനെ ആക്രമിച്ചു കൊണ്ടേയിരിക്കും.
നടക്കുവാൻ എന്നതിനേക്കാൾ ഓടുവാൻ എന്നാണ് അന്നത്തെ കുട്ടികളുടെ കാലുകൾ ഉപയോഗിക്കപ്പെട്ടിരുന്നത് ‘ഒറ്റ ഓട്ടത്തിന് പോയി വരാം ..’എന്ന വിധത്തിലാണ് ദൂരത്തെ പോലും അടയാളപ്പെടുത്തിയിരുന്നത് അന്ന്.
ഓട്ടത്തിന്റെ കൂടപ്പിറപ്പായിരുന്നു വീഴ്ചകൾ.കല്ലുകളുടേത് കാൽ വിരലുകളാണെങ്കിൽ വീഴ്ചകളുടെ കാൻവാസ് കാൽമുട്ടുകളാണ്, കാൽമുട്ടുകളിൽ ഉണങ്ങാത്ത ഒരു മുറിവെങ്കിലുമില്ലാത്ത കുട്ടിക്കാലം എന്നാൽ അത് പാഴായിപ്പോയ ഒരു ബാല്യം എന്നാണ് തർജ്ജമ ചെയ്യേണ്ടിയിരുന്നത് അന്ന്.
മുറിവുകൾക്കെല്ലാം ചികിത്സ പ്രകൃതീയിൽ നിന്നാണ്‌അവനവന്റെ ഉമിനീരിൽ തുടങ്ങി, കമ്മ്യൂണിസ്റ്റ് പച്ചയുടെ ചാറ്, ഇളം തെങ്ങോലകളുടെ വശങ്ങളിൽ നിന്ന് ചുരണ്ടിയെടുക്കുന്ന തെങ്ങിന്റെ മൊരി തുടങ്ങി പലവിധം ഗ്രേഡുകളുണ്ട് അതിന്.
വളംകടി എന്ന് കേട്ടിട്ടുണ്ടാവുമോ ഇന്നത്തെ കുട്ടികൾ? നമ്മുടെ കുട്ടിക്കാലത്തെ അസ്വസ്ഥമാക്കിയ രോഗങ്ങളിൽ എത്ര പ്രധാനിയായിരുന്നു അവൻ? ജെൻഷൻ വയലറ്റ് എന്ന ആ മരുന്ന് ഓർമ്മയില്ലേ? കഴുകിയാലും പോകാതെ കാലുകളിൽ നിൽക്കുന്ന മഷിവർണ്ണമുള്ള ആ മരുന്നിനെ..?
മുള്ളുകൾ കല്ലുകാച്ചൽ, കുഴിനഖം എന്നിങ്ങനെ എന്തൊക്കെയായിരുന്നു കാലുകളെ മാത്രം ലക്ഷ്യം വെച്ചിരുന്ന അന്നത്തെ ശത്രുക്കൾ. പെഡിക്യൂർ , മാനിക്യൂർ എന്നൊന്നും കേട്ടുകേൾവിയില്ലെങ്കിലും ഞങ്ങൾ അത് നിത്യവും നടപ്പാക്കി കുളക്കടവിലെ അലക്കുകല്ലുകളിൽ ഉപ്പൂറ്റിയുരച്ചും, കടവിലെ തുപ്പലാം കൊത്തികൾക്ക് കൊത്താൻ വിട്ടുകൊടുത്തും ഞങ്ങളതിനെ സദാ വൃത്തിയാക്കി വെച്ചു.
വെള്ളയിൽ നീല വാറുള്ള ഹവായ് ചെരുപ്പുകളെ ചകിരിയും സോപ്പുമിട്ട് കഴുകി തിളക്കം വരുത്തി മാറ്റിവെച്ചുകൊണ്ട് മാത്രം ഒരോരുത്തരും അവനവന്റെ കുളി ആരംഭിച്ചു. വീട്ടിലേക്ക് കയറുന്നതിന് മുൻപ് കൈയ്യും കാലും കഴുകിക്കൊണ്ട് ബാഹ്യലോകത്തിന്റെ അഴുക്കുകളെ എപ്പോഴും പുറത്ത് നിറുത്തി.
ഇനി ഭാഷയിലേക്ക് നോക്കൂ..സ്വന്തം കാലിൽ നിൽക്കുക എന്നാൽ സ്വാതന്ത്ര്യവും സ്വയം പര്യാപ്തതയുമായി കാലുമാറുന്നവൻ അവസരവാദിയും, കുതി കാൽ വെട്ടുന്നവൻ ചതിയനുമായി, മുട്ടുമടക്കാതിരിക്കുക എന്നാൽ കീഴടങ്ങാതിരിക്കുക എന്നായി, ചവിട്ടിത്തേക്കുക എന്നാൽ അധികാരപ്രയോഗവും ചവിട്ടിത്താഴ്ത്തൽ അപമാനിക്കലുമായി.
കാലുവാരൽ, കാലുപിടിക്കൽ, കാൽപ്പാടുകൾ, കാലടികളെ പിന്തുടരൽ തുടങ്ങി എണ്ണിയാൽ തീരാത്ത അത്രയുമുണ്ട് ഭാഷയിലെ കാൽപ്രയോഗങ്ങൾ.
മനുഷ്യൻ എന്ന ജീവിയുടെ പരിണാമഘട്ടത്തിലെ ഏറ്റവും പ്രധാനമായ ഒന്നാകുന്നു കാലുകൾ. രണ്ടുകാലുകളിൽ നിവർന്ന് നിൽക്കാൻ അവൻ പ്രാപ്തനായ അവിടം മുതലാണ് അന്യഥാ ദുർബലനായ ഒരു ജീവിവർഗ്ഗത്തിന്റെ വളർച്ച തുടങ്ങുന്നത്. കാലുകളിൽ ഉയർന്ന് നിൽക്കാൻ തുടങ്ങിയതോടെ പുൽമേടുകളിൽ അവൻ ഏറ്റവും ദൂരേക്ക് കാണാനാവുന്ന ജീവിയായി.
അവനുള്ള ഇരകളേയും, അവനെ തേടുന്ന ഇരപിടിയന്മാരേയും അവന് അകലേ നിന്നേ കാണാമെന്നായി. നടക്കാൻ കാലുകൾ മതി എന്നതിനാൽ സ്വാതന്ത്രമായ കൈകൾകൊണ്ട് അവന് മറ്റ് പ്രവർത്തികൾ ചെയ്യാമെന്നായി..നീണ്ട കാലുകൾ നീട്ടി വെച്ച് അവന് ദൂരേക്ക് ദൂരേക്ക് നടക്കാമെന്നായി..മറ്റ് വിരലുകലോടൊപ്പം ഒരേനിരയിൽ വന്ന തള്ള വിരലുകൾ അവന് ഭൂമിയിൽ കൂടുതൽ ഊന്നൽ നൽകി.
വളഞ്ഞ നട്ടെല്ലുകളും കാലുകളിലെ സന്ധികളും അവന്റെ തലക്ക് ഷോക്ക് അബ്സോർബറായി (കണ്ടോ സാധാരണ മനുഷ്യരുടെ നട്ടെല്ല് എന്നത് വളഞ്ഞിട്ടാണ്, നാം പറയുന്ന ആ ‘നട്ടെല്ല് വളയാത്തവൻ’ അബ്നോർമലാണ് ) അത്ഭുതകരമായ ഒരു പടപ്പാണ് മനുഷ്യന്റെ കാലുകൾ.
ഉദാഹരാണത്തിന് നമ്മുടെ പാദങ്ങളെ എടുക്കൂ, മിനുക്കിയും തിളക്കിയും നമ്മൾ സൂക്ഷിച്ച് കൊണ്ട് നടക്കുന്ന നമ്മുടെ പാദങ്ങൾ. താമരപ്പൂമൊട്ട് പോലെ എന്നൊക്കെ കവികൾ വാഴ്ത്തുന്ന ആ കാൽപാദങ്ങൾ..
ഇരുപത്തിയാറ് എല്ലുകളും മുപ്പതിൽ ചില്വാനം ജോയിന്റുകളുമുണ്ട് മനുഷ്യന്റെ കാൽപാദത്തിൽ. അതിനെ പൊതിഞ്ഞ് നൂറുകണക്കിനാണ് പേശികളും ലിഗമെന്റുകളും..നടക്കാനും ഓടാനും മരം കയറാനും, വിരലുകളിൽ കുത്തി ഉയർന്നു നിൽക്കാനും ഒക്കെ മനുഷ്യനെ പ്രാപ്തനാക്കുന്നത് അത്ഭുതകരമാം നിർവ്വഹിക്കപ്പെട്ടിട്ടുള്ള അവയുടെ നിർമ്മിതിയാണ്.
മെഹന്തികൊണ്ട് വർണം ചാർത്തുകയോ മിഞ്ചികൾ കൊണ്ട് അലങ്കരിക്കുകയോ വിരലുകളിൽ ഉമ്മ വെച്ചുകൊണ്ട് നിങ്ങളുടെ പ്രണയം പ്രകടിപ്പിക്കുകയോ ചെയ്യാമെന്നേ ഉള്ളൂ, അവ പ്രധാനമായും നിശ്ചയിക്കപ്പെട്ടിട്ടുള്ളത് പക്ഷേ ആ തരം സംഗതികൾക്കല്ല.

അതേ,
കാലുകൾ എന്നാൽ മനുഷ്യന്റെ ജീവൻ എന്നു തന്നെയാണ് അർത്ഥം. ലൈംഗികം എന്നത് അതിൽ ആരോപിതമായ ഒരു ധർമ്മം മാത്രമാണ്. അതിജീവനം എന്നാണ് യഥാർത്ഥത്തിൽ കാലുകളെ നാം അടയാളപ്പെടുത്തേണ്ടത്. അവ മൂടിവെക്കുകയോ , അലങ്കരിക്കുകയോ പ്രദർശ്ശിപ്പിക്കുകയോ ചെയ്യുക എന്നത് പിന്നീട് വരുന്ന കാര്യമാണ്. അങ്ങനെ ചെയ്യുവാനുള്ള തന്നിഷ്ടമെന്നത് ഒരോരുത്തരുടേയും അവകാശവുമാണ്.
കാലുകൾകൊണ്ട് എന്തൊക്കെ ചെയ്യാം എന്ന് യഥാർത്ഥത്തിൽ അറിയുക.
കാലുകളില്ലാത്ത ഒരു മനുഷ്യനാണ്. അല്ലെങ്കിൽ ചുരുങ്ങിയ പക്ഷം കാലുകൾക്ക് ക്ഷതം പറ്റുകയെങ്കിലും ചെയ്ത ഒരുവന്.