Social

തെരുവ് നായ ശല്യം; ഇനിയും എത്ര പേർ മരിക്കണം, എത്ര പേർക്ക് കടിയേൽക്കണം?

തെരുവ് നായ്ക്കള്‍ പൊതു ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു തടസ്സമാവുകയും ജീവനു തന്നെ ഭീക്ഷണി ആയി ക്കൊണ്ടിരിക്കുകയാണ്. പട്ടികള്‍ മനുഷ്യരെ ആക്രമിക്കുന്നതും കൊലപ്പെടുത്തുന്നതും ഇന്ന് വാര്‍ത്തയെ അല്ലാതായി വരുന്നു.

മുന്‍കാലങ്ങളില്‍ പഞ്ചായത്ത് മുനിസിപ്പാലിറ്റി അതികൃതര്‍ അപകടകാരികളായ നായ്ക്കളെ കൊന്നോടുക്കുകയായിരുന്നു പതിവ്. പക്ഷെ ഇത് നിയമം മൂലം നിരോധിച്ചതില്‍ പിന്നെയാണ് തെരുവ് നായ ശല്യം ഇത്രയും രൂക്ഷമായത്.

അതെ സമയം അപകടകാരിയായ തെരുവ്നായ്‌ക്കളെ കൊല്ലാനും മറ്റുള്ളവയെ വന്ധ്യം കരണത്തിന് വിധേയമാക്കാനും നേരത്തെ സുപ്രീംകോടതി, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിനെതിരെ മൃഗസ്നേഹികള്‍ ഉയര്‍ത്തിയ വാദങ്ങള്‍ തള്ളി, ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ട് എന്ന പരാമര്‍ശമാണ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ കോടതി നടത്തിയത്.

തെരുവ് നായ ശല്ല്യം എങ്ങനെ പരിഹരിക്കാം, ആക്രമണത്തിന് ഇരയായവര്‍ക്ക് വൈദ്യസഹായം, നഷ്‌ടപരിഹാരം തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച ജസ്റ്റിസ് സിരിജഗന്‍ സമിതിയുടെ ശുപാര്‍ശകള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് മറുപടി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു പിന്തുണയും ലഭിക്കുന്നില്ലെന്ന് ജസ്റ്റിസ് സിരിജന്‍ സമിതി കേസ് പരിഗണിച്ച സമയത്ത് കോടതിയെ അറിയിച്ചിരുന്നു.

തെരുവ്നായ്‌ക്കളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കണമെന്ന കോടതി നിര്‍ദ്ദേശം ഇതുവരെയും നടപ്പാക്കിയിട്ടില്ല. അതെ സമയം തെരുവ് നായ്‌ക്കളെ എങ്ങനെ നേരിടാം എന്ന കാര്യത്തില്‍ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകളുടെ തലയില്‍മാത്രം കെട്ടിവെയ്‌ക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്.

അക്രമകാരികളായ നായകളെ കൊല്ലാന്‍ നിലവിലെ നിയമം അനുവദിക്കുന്നുണ്ട്. പിന്നെ എന്താണ് തടസ്സം എന്നാണ് മനസ്സിലാവാത്തത്.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി തെരുവ് നായ്ക്കളുടെ പിടിയിലായ സംസ്ഥാനത്ത് പ്രതിവർഷം ഒന്നര ലക്ഷത്തിന് മുകളിൽ പേർക്ക് നായ്ക്കളുടെ കടിയേൽക്കുന്നുണ്ട് എന്നാണ് കണക്ക്.

അത് കഴിഞ്ഞ വർഷം രണ്ടേകാൽ ലക്ഷത്തിലെത്തി. ഈ വർഷം ജൂലൈ 31 വരെ കേരളത്തിൽ പട്ടി കടിച്ച് ആശുപത്രിയിലെത്തിയത് ഒരു ലക്ഷത്തി എൺപത്തി നാലായിരത്തോളം പേരാണ്.

അതായത് ശരാശരി തൊള്ളായിരം പേരെയാണ് ഒരു ദിവസം പട്ടി കടിക്കുന്നത്.
കഷ്ടിച്ച് രക്ഷപ്പെടുന്നവരുടെ എണ്ണം ഇതിന്റെ പത്തിരട്ടി വരും. ഈ നില തുടരുകയാണെങ്കിൽ ഈ വർഷം മൂന്ന് ലക്ഷം പേർ നായ്ക്കളുടെ ആക്രമണത്തിനിരയാകും.

ഈ വർഷം 20 പേർ വിഷബാധയേറ്റ് മരിച്ചു എന്നാണ് ആരോഗ്യ മന്ത്രി നിയമസഭയിൽ അറിയിച്ചത്. കുത്തിവെപ്പ് എടുത്ത 5 പേർ മരിച്ചു എന്ന് വരുമ്പോൾ വാക്സിന്റെ ഗുണ മേന്മ ഫലപ്രാപ്തി എന്നിവ സംശയിക്കേണ്ടിയിരിക്കുന്നു.

മൂന്ന് ലക്ഷത്തിനടുത്ത് തെരുവ് നായ്ക്കളാണ് ഇന്ന് കേരളത്തിലുള്ളത്, അതില്‍ തിരുവനന്തപുരത്ത് മാത്രം ഇരുപതിനായിരം, എന്നാണ് ഒരു ഏകദേശ കണക്ക്. ദിവസം തോറും അവ പെറ്റു പെരുകുകയാണ്.

ആക്രമണകാരികളായ നായ്‌ക്കളെപ്പോലും ഇല്ലായമ ചെയ്യാന്‍ അനുവദിക്കാത്ത നടപടികള്‍ക്ക് പിന്നില്‍ പേവിഷ പ്രതിരോധ വാക്‌സിന്‍ ലോബി ഉണ്ടെന്ന ആരോപണം ശക്തമായി നില നില്‍ക്കുന്നു. ഈ ആരോപണം ശരിവയ്‌ക്കുന്നതാണ് മരുന്ന് വിപണിയിലെ കണക്കുകള്‍.

രാജ്യത്ത് ഒരു വര്‍ഷം 2800 കോടി രൂപയുടെ പേവിഷ പ്രതിരോധ മരുന്നുകളാണ് വിറ്റഴിക്കപ്പെടുന്നത്. 11 കോടി രൂപയുടെ പേവിഷ പ്രതിരോധ മരുന്നുകളാണ് സൗജന്യമായി നല്‍കാന്‍ വേണ്ടി സംസ്ഥാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം വാങ്ങിയത്. മുന്‍ വര്‍ഷം ചെലവഴിച്ചതിനേക്കാള്‍ മുന്നിരട്ടി അധികം തുകയാണിത്. വാക്‌സിനും ഇമ്യൂണോ ഗ്ലോബുലിനും വേണ്ടി സ്വകാര്യ ആശുപത്രികൾ വൻ തുകയാണ് ഈടാക്കുന്നത്.

നായ്ക്കളെ വന്ധ്യം കരണത്തിനു വിധേയമാക്കി വംശ വര്‍ധന തടയാമെന്നത് വസ്തുതാപരമായി ശരിയാണെങ്കിലും പ്രയോഗികമായി എത്ര മാത്രം ഗുണം ചെയ്യുമെന്ന് ആലോചിക്കെണ്ടിയിരിക്കുന്നു.

എഴുപത് ശതമാനം നായിക്കളെയെങ്കിലും വന്ധ്യംകരണ ശാസ്ത്രക്രിയക്ക് വിധേയമാക്കിയാൽ തന്നെ വംശ വർദ്ധന നിയന്ത്രണ വിധേയമാക്കാൻ നാല് വർഷങ്ങളെങ്കിലും എടുക്കും.

മാലിന്യ കൂമ്പാരങ്ങളില്‍ നിന്നാണ് നായ്ക്കള്‍ സാധാരണയായി തിന്നു കൊഴുക്കുന്നത്. ശാസ്ത്രീയമായി ഖര മാലിന്യം സംസ്കരിക്കാത്തതും തെരുവ് നായ്ക്കളുടെ വര്‍ധനവിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. വൃത്തിയുള്ള തെരുവുകൾ ഉണ്ടായാൽ മാത്രയെ ഇത് സാധ്യമാവുകയുള്ളൂ.

മനുഷ്യന്‍റെ സ്വര്യ ജീവിതത്തിനു തടസ്സമാവുന്ന ജീവികളെ കൊന്നൊടുക്കുന്നത് ഇതാദ്യമായല്ല. കാട്ടു കുതിരകളുടെ ക്രമാതീതമായ വംശ വര്‍ധന ആസ്ത്രേലിയയിലെ പുല്‍ മേടുകള്‍ക്ക് ഭീക്ഷണിയാവുന്നു എന്ന കാരണത്താല്‍ അവയെ കൂട്ടത്തോടെ കൊന്നോടുക്കാനുള്ള ആ സര്‍ക്കാറിന്റെ തീരുമാനം ഈയിടെയാണ് പത്രങ്ങളില്‍ വായിച്ചത്.

ഇവിടെയാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ മുമ്പത്തെ പ്രസ്താവന പ്രസക്തമാവുന്നത്. നമ്മുടെ മന്ത്രിമാരെയോ അവരുടെ ബന്ധുക്കളെയോ പട്ടി കടിക്കാനുള്ള സാധ്യത ഒരിക്കലും ഇല്ല അത് കൊണ്ടാണ് ഈ പ്രശ്നത്തിനു ഒരു പരിഹാര മാവാത്തത് എന്നാണ് അദ്ദേഹം പറഞ്ഞത്.

എല്ലാ പട്ടികളയും കൊല്ലണം എന്ന ആവശ്യമൊന്നും ഇവിടെ ആരും ഉന്നയിക്കുന്നില്ല. വളർത്തു പിട്ടികളെ അപക്ഷിച്ചു അലഞ്ഞു തിരിഞ്ഞ് കൂട്ടം കൂടി നടക്കുന്ന പട്ടികളാണ് സാധാരണയായി അക്രമകാരികളായി കണ്ടു വരാറുള്ളൂ. അതിനിടെ വന്ധ്യംകരണത്തിനു വെധേയമായ പട്ടികള്‍ കൂടുതല്‍ അപകട കാരികള്‍ ആകുന്നു എന്ന ഒരു തിയറി കൂടി കേള്‍ക്കുന്നു.

ഇവിടെ അല്‍പ്പം നായ വിശേഷം കൂടി പങ്കുവെക്കാമെന്നു തോന്നുന്നു. ചെന്നായയുടെ ഉപജാതിയും സസ്തനികളിലെ കാനിഡെ കുടുംബത്തിലെയും കാർണിവോറ ഓർഡറിലെയും അംഗങ്ങളാണ് നായ്ക്കൾ. മനുഷ്യനുമായി നന്നായി ഇണങ്ങുന്നതും അവന്‍ ആദ്യമായി ഇണക്കി വളർത്താൻ ആരംഭിച്ച ജീവിയും നായ തന്നെ.

ശരാശരി 10 മുതൽ 12 വർഷം വരെ ആയുസ്സ് ഉള്ള നായ്ക്കളുടെ സാധാരണ ഗർഭകാലം 56 മുതൽ 72 ദിവസം വരെയാണ്. സാധാരണ ഒരു പ്രസവത്തിൽ ആറ് മുതല്‍ ചില ജനുസ്സുകൾക്ക് ഒരു പ്രസവത്തിൽ 12 കുട്ടികൾ വരെ ഉണ്ടാകുന്നു. ജനുസ്സനുസരിച്ച് നായയുടെ ജീവിതകാലവും വ്യത്യാസപ്പെട്ടിരിക്കുന്നു. 14 മുതൽ 15 വർഷം വരെ ആയുസുള്ള സങ്കരവർഗ്ഗങ്ങള്‍ വരെ ഉണ്ട്.

നായ മുസ്ലിങ്ങളുടെ ഒരു വെറുക്കപ്പെട്ട ജീവിയാണെന്ന ധാരണ തെറ്റാണ്. പ്രവാചകനായ മുഹമ്മദ് നബി സ്ര) യുടെ വചനപ്രകാരം വേട്ടയാടുന്നതിനും കാലിമേയ്ക്കുന്നതിനും കാവലിനുമല്ലാതെ നായ്ക്കളുമായുള്ള സഹവാസം ഒരു മുസ്ലീമിന്റെ നല്ല പ്രവൃത്തികൾക്ക് എതിരാണ്.

നായകളെ സ്പർശിച്ചാൽ ഏഴു തവണ ശുദ്ധജലത്തിൽ കഴുകണമെന്നും അതിൽ ഒരു തവണ (കളി) മണ്ണ്‌ കലർത്തിയ വെള്ളമായിരിക്കണമെന്നും ഇസ്ലാം നിഷ്കർഷിക്കുന്നു. എങ്കിലും ഒരു വേശ്യ ദാഹിച്ചു വലഞ്ഞ ഒരു നായക്ക് തന്റെ പാദരക്ഷ ഉപയോഗിച്ച് കിണറ്റിലിറങ്ങി വെള്ളം കോരിക്കൊടുത്ത കാരണത്താൽ സ്വർഗ്ഗത്തിൽ പ്രവേശിച്ച ചരിത്രം ഇസ്ലാം പഠിപ്പിക്കുന്നുണ്ട്. ഒരു ജീവി എന്ന നിലക്ക് നായയെ സ്നേഹിക്കാൻ തന്നെയാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

ചുരുക്കത്തില്‍ എല്ലാ പട്ടികള്‍ക്കും എതിരെ അല്ല അലഞ്ഞു തിരിഞ്ഞു നടക്കുന്ന അപകടകാരികളായ തെരുവ് നായ്ക്കള്‍ക്ക് എതിരെ ആണ് ഈ ലേഖനം.

അഷറഫ് മടിയാരി
ദോഹ ഖത്തർ

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x