ഇംഗ്ലീഷിൽ dog whistle എന്നൊരു പ്രയോഗമുണ്ട്. അർത്ഥം ഇതാണ്
a subtly aimed political message which is intended for, and can only be understood by, a particular demographic group. അഥവാ രാഷ്ട്രീയക്കാർ നടത്തുന്ന സൂക്ഷ്മമായ ചില പ്രസ്താവനകൾ; പ്രത്യക്ഷത്തിൽ അത് കേൾക്കുന്നവർക്ക് വലിയ പ്രശ്നം ഒന്നും തോന്നില്ല. പക്ഷേ ഈ പ്രസ്താവന കൊണ്ട് ഉദ്ദേശിക്കപ്പെടുന്ന പ്രത്യേക വിഭാഗം ആളുകൾക്ക് അതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന കാര്യം കൃത്യമായി പിടി കിട്ടുകയും ചെയ്യും.
പട്ടിയെ പരിശീലിപ്പിക്കുന്നവർ ഉപയോഗിക്കുന്ന, ഹൈ ഫ്രീക്വൻസിയിൽ ശബ്ദമുണ്ടാക്കുന്ന പ്രത്യേകതരം വിസിൽ ആണ് ഡോഗ് വിസിൽ. മനുഷ്യന് ഇതിന്റെ ശബ്ദം കേൾക്കാൻ കഴിയില്ല എന്നാൽ പട്ടികൾക്ക് കേൾക്കാൻ കഴിയും. ഇതുപോലെ തങ്ങളുടെ ടാർഗറ്റ് ഓഡിയൻസ്ന് കാര്യം കൃത്യമായി മനസ്സിലാക്കുന്ന തരത്തിലുള്ള പ്രസ്താവന ആണ് dog whistle എന്ന് പറയുന്നത്.
സാധാരണ തീവ്രവലതുപക്ഷ ദേശീയതയും വർഗീയതയും വംശീയതയും മുഖമുദ്രയാക്കിയ പാർട്ടി നേതാക്കളാണ് ഇത്തരം പ്രസ്താവനകൾ നടത്താറുള്ളത്. ട്രംപും മോദിയും ഒക്കെ ഉദാഹരണം. ഉദാഹരണമായി ട്രംപ് നടത്തിയിരുന്ന പല പ്രസ്താവനകൾ പ്രത്യക്ഷത്തിൽ നിരുപദ്രവകരമായ തോന്നുമെങ്കിലും എല്ലാം കടുത്ത വംശീയതയും വർഗീയതയും നിറഞ്ഞതായിരുന്നു എന്ന് നമുക്ക് കാണാം. ട്രംപ് സപ്പോർട്ടർമാരായ വെളുത്ത വർഗ്ഗക്കാരെയും ക്രിസ്ത്യൻ വർഗീയ വാദികളെയും ഉന്നമിട്ട് കൊണ്ടുള്ള പ്രസ്താവനകളാണ് സാധാരണ ട്രംപ് നടത്താറുള്ളത്.
ഈ പ്രസ്താവനകൾ കൊണ്ട് ഉദ്ദേശിച്ചത് എന്താണെന്ന് അവർക്ക് കൃത്യമായി മനസ്സിലാകും. ഉദാഹരണമായി നഗര പ്രാന്തപ്രദേശങ്ങളിൽ താഴ്ന്ന നിലവാരത്തിലുള്ള വീടുകൾ ഉണ്ടാക്കുന്നത് ഞാൻ തടയുമെന്നും ട്രമ്പ് ട്വീറ്റ് ചെയ്യുമ്പോൾ അതു കൊണ്ട് ഉദ്ദേശിക്കുന്നത് കറുത്തവർഗ്ഗക്കാരെയും ലാറ്റിനമേരിക്കരെയും അവിടെ വീട് ഉണ്ടാക്കാനും താമസിക്കാനും അനുവദിക്കില്ല എന്നാണ്. ഇക്കാര്യം കൃത്യമായി ട്രംപ് സപ്പോർട്ടേഴ്സായ വെളുത്ത വർഗ്ഗക്കാരന് മനസ്സിലാക്കാൻ കഴിയും. ട്രമ്പിൻറെ ഒട്ടുമിക്ക പ്രസ്താവനകളെ ഇത്തരം ഡോഗ് വിസിൽ ആണ്.
“ഹം പാഞ്ച് ഹമാരെ പച്ചീസ് ” , “സമരം ചെയ്യുന്നവരെ അവരുടെ വസ്ത്രം കൊണ്ട് തിരിച്ചറിയാം “, ഗുജറാത്തിലെ മുസ്ലിം വംശഹത്യയെപ്പറ്റി സൂചിപ്പിച്ചപ്പോൾ “കാറിൽ പോകുമ്പോൾ വണ്ടിക്ക് മുന്നിൽ നായ്ക്കുട്ടി പെട്ടു ചത്താൽ പോലും നമുക്ക് വിഷമമാകും” എന്നിങ്ങനെയുള്ള ഉള്ള പരാമർശങ്ങളിലൂടെ ഒക്കെ മോഡി എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കാൻ എന്റയർ പൊളിറ്റിക്കൽ സയൻസ് വ്യാജ ബിരുദം ഒന്നും വേണ്ടല്ലോ. ഇത്തരത്തിൽ ഡോഗ് വിസിൽ പരാമർശങ്ങൾക്ക് മോഡിയുടെയും ബിജെപി നേതാക്കന്മാരുടെയും ആയിരക്കണക്കിന് ഉദാഹരണങ്ങൾ ഉണ്ട്.
ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തത്വത്തിന്റെ വക്താക്കളാണ് ഇത്തരം dog whistle പരാമർശങ്ങളുടെ ആശാന്മാർ . നിർഭാഗ്യവശാൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തരമൊരു നീക്കം നടത്തുന്നത് വളരെ വളരെ ഖേദകരമായിപ്പോയി എന്നേ പറയാനുള്ളൂ. താങ്കളിൽ നിന്ന് ഇത്തരമൊരു കാര്യം പ്രതീക്ഷിച്ചിരുന്നില്ല. യുഡിഎഫിനെയും എൽഡിഎഫ് നെയും മാറിമാറി തിരഞ്ഞെടുത്തിരുന്നവരാണ് കേരളജനത. മതപരമായ ഭിന്നിപ്പിക്കൽ രാഷ്ട്രീയത്തിന് കേരളത്തിൽ വില ഇല്ലായിരുന്നു. ഉത്തരേന്ത്യ മുഴുവൻ വൻ വർഗീയതയിൽ വിളയാടുമ്പോഴും കേരളം മതേതരമായി നിലകൊള്ളാൻ ശ്രദ്ധിച്ചിരുന്നു.
വളരെ എളുപ്പം ചെലവാക്കാവുന്ന സാധനമാണ് ഇസ്‌ലാമോഫോബിയ. മുസ്‌ലിംകളെ പേടിക്കണം എന്ന ഭീതി അന്യ സമുദായങ്ങളിൽ ഇട്ടു കൊടുത്താൽ കാര്യം വളരെ എളുപ്പമായി. മുസ്ലീങ്ങളെ പ്രതിരോധിക്കാൻ ഞങ്ങൾക്ക് വോട്ട് ചെയ്യണം എന്ന് ഒരു ഡോഗ് വിസിൽ വളരെ subtle ആയി അവതരിപ്പിച്ചാൽ വോട്ട് ശറ പറേന്ന് ഇങ്ങു പോരും. യുഡിഎഫിനെ നിയന്ത്രണം മുസ്ലിംലീഗിന് ആണ് എന്നുള്ള dog whistle പ്രസ്താവനയിലൂടെ പിണറായി വിജയൻ മറ്റു സമുദായങ്ങൾക്ക് കൊടുക്കുന്ന മെസ്സേജ് വളരെ ക്ലിയർ ആണ് . യുഡിഎഫ് നിയന്ത്രിക്കുന്നത് മാപ്പിളമാരാണ്. അവർ അധികാരത്തിലെത്തണമോ വേണ്ടയോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം. അത് തടയണമെങ്കിൽ ഞങ്ങൾക്ക് വോട്ട് ചെയ്യൂ.
ഇത്ര obvious ആയ ഒരു കാര്യം വേണമെങ്കിൽ മനസ്സിലാകാത്ത പോലെ നടിക്കാം. നിങ്ങളുടെ ഇഷ്ടം. പക്ഷേ മനസ്സിലാക്കേണ്ടവർക്ക് കൃത്യമായി മനസ്സിലാകുന്ന കാര്യം മാത്രം. മുസ്ലിം ലീഗ് ആണ് യുഡിഎഫിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നത് എന്ന് ഇക്കാലമത്രയും പറഞ്ഞു നടന്നിരുന്നത് ബിജെപിയാണ്. കോൺഗ്രസിന്റെ കാര്യങ്ങൾ മുസ്ലിം ലീഗാണോ തീരുമാനിക്കുന്നത് എന്ന് കഴിഞ്ഞ ലോക സഭ തിരഞ്ഞെടുപ്പിൽ യു പി യിൽ തിരഞ്ഞെടുപ്പ് റാലികളിൽ അമിത് ഷാ കളിയാക്കി. ഇപ്പോൾ പിണറായി ചോദിച്ചത് പോലെ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ വന്നപ്പോളും ഉത്തരേന്ത്യ മുഴുവനും ഓടി നടന്നു RSS ഉം ചോദിച്ചു. വൈകുന്നേരം പിണറായി വിജയൻ പത്ര സമ്മേളനം നടത്തുന്നതിനു മുമ്പ് ഉച്ചക്ക് ബിജെപി കേന്ദ്ര മന്ത്രി വി മുരളീധരനും ഇതേ കാര്യം തന്നെയാണ് പറഞ്ഞത്.
അവസാനമായി മുഖ്യമന്ത്രി പിണറായി വിജയനോട് ഒരു അപേക്ഷ : ഇത്തരം പ്രവർത്തികൾ നിങ്ങൾക്ക് താൽക്കാലിക നേട്ടം ഉണ്ടാക്കിയേക്കാം പക്ഷേ തകർക്കുന്നത് കേരളത്തിൻറെ മതനിരപേക്ഷതയാണ്. ഇന്ന് നിങ്ങൾക്ക് കിട്ടിയ വോട്ട് നാളെ ബിജെപിക്ക് നേരിട്ട് കൊടുക്കുന്നതാണ് നല്ലത് എന്ന് അത്തരം വോട്ടർമാർ ചിന്തിച്ചാലും അത്ഭുതമില്ല. ബംഗാളിലും ത്രിപുരയിലും ഒക്കെ സംഭവിച്ചതതാണ്. മുസ്ലീങ്ങളെ ഒതുക്കാൻ എൽഡിഎഫ് നേക്കാൾ നല്ലത് ബിജെപിയാണ് എന്നാവും അവർ നാളെ ചിന്തിക്കുക. അതുകൊണ്ട് ദയവായി വർഗീയവിഷം കലർത്താതെ ഇരിക്കുക. താങ്കൾ കേരളത്തിന്റെ മുഖ്യമന്ത്രി അല്ലേ.. മറക്കാതിരിക്കുക
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS
കേവല രാഷ്ട്രീയ പ്രസ്താവനയെന്നതിനപ്പുറം
നാനാർത്ഥങ്ങളെ വിലയിരുത്തേണ്ടതുണ്ട്