KeralaPolitical

കേരളത്തിൻ്റെ കാലഹരണപ്പെട്ട രാഷ്ട്രീയ നേതാക്കളും ശുഷ്കിച്ച ബൗദ്ധിക മണ്ഡലവും

പ്രതികരണം/ പി. ജെ ബേബി പുത്തൻപുരക്കൽ

ഇന്ത്യയിൽ വൈരുധ്യാത്മക ഭൗതികവാദം പ്രായോഗികമല്ലെന്ന സി പി ഐ എം സൈദ്ധാന്തികൻ എം വി ഗോവിന്ദൻ മാഷിന്റെ പ്രസ്താവനയും അതിനോടുള്ള മുല്ലപ്പള്ളി, കെ.സുധാകരൻ തുടങ്ങിയവരുടെ പ്രതികരണങ്ങളും കേരളീയ സമൂഹത്തെ ഇന്നു നയിക്കുന്ന ഉന്നത നേതാക്കൾ എത്ര മാത്രം കാലഹരണപ്പെട്ടവരും, കേരളത്തിന്റെ ബൗദ്ധിക മണ്ഡലം എത്രമാത്രം ശുഷ്കവുമാണ്, എന്നതിന്റെ തെളിവാണ്.

“കേരളം നവോത്ഥാനത്തിന്റെ കാര്യത്തിൽ നമ്പർ വണ്ണാണ്, അവിടെ ഇടതുപക്ഷ മേൽക്കോയ്മ ആ നവോത്ഥാനത്തെ മുന്നോട്ടു കൊണ്ടു പോകുന്നു, ഫാസിസത്തിനെതിരെ നിതാന്ത ജാഗ്രത പുലർത്തുന്നു ” എന്നൊരാഖ്യാനം കുറെ നാളായി നില നില്ക്കുന്നുണ്ട്.

മുതലാളിത്ത രാജ്യങ്ങളിൽ നിന്ന് ഭിന്നമായി കേരളത്തിൽ സ്ഥാപിച്ചെടുക്കപ്പെട്ടിരിക്കുന്ന ആ പൊതുബോധമാണ് കോവിഡ് പ്രതിരോധത്തിലും ഒന്നാം പ്രളയ പ്രതിരോധത്തിലും പ്രകടമായതെന്നു മാത്രമല്ല, ലോക സോഷ്യലിസ്റ്റ് ക്യാമ്പിന്റെ തലപ്പത്തു തന്നെ കേരളമാണെന്നു വരെ അഭിപ്രായമുയർന്നു.

അത്തരം സമീപനങ്ങളെ ഏതു പക്ഷത്തുനിന്നു വിമർശിച്ചവരെയും കമ്യണിസ്റ്റു വിരുദ്ധർ, ഇടതുപക്ഷ വിരുദ്ധർ, പുരാഗമന വിരുദ്ധർ, ഫാസിസ്റ്റ് ഏജൻറുകൾ എന്ന മട്ടിൽ FB യിൽ ചാപ്പ കുത്തി.

ഈ കാറ്റുനിറച്ച “നവോത്ഥാന നേതൃത്വ” ബലൂണിനെ അറിഞ്ഞോ അറിയാതെയോ കാറ്റു കുത്തിവിടുകയാണ് ഗോവിന്ദൻ മാഷ് ചെയ്തത്.

അദ്ദേഹം പറഞ്ഞ വാക്കുകൾ ഏതെങ്കിലും സ്വതന്ത്ര ബുദ്ധിജീവികളോ എതിർപക്ഷക്കാരോ ആണ് പറഞ്ഞിരുന്നതെങ്കിൽ അതിനെ നവോത്ഥാന പക്ഷം കൂട്ടമായി ആക്രമിച്ച് നാടുകടത്തിയേനെ.

‘ജനാധിപത്യ വിപ്ളവം നടക്കാത്ത രാജ്യമാണിന്ത്യ. ഇവിടെ ഭൂപ്രഭുത്വം അവസാനിച്ചിട്ടില്ല. ജീർണിച്ച സമൂഹത്തിനു മേലെ കെട്ടിവെച്ചു വിജയിച്ച ഒന്നാണ് മുതലാളിത്ത വികസനം. ബൂർഷ്വാ വിജയങ്ങൾ ജനാധിപത്യ വിജയങ്ങളായി വ്യാഖ്യാനിക്കപ്പെട്ടു ’ എന്നൊക്കെ പറയുന്ന അദ്ദേഹം ഇന്നലെ നടത്തിയ വിശദീകരണത്തിൽ അവിശ്വാസിയും വിശ്വാസിയും തമ്മിലുള്ള വൈരുധ്യം പ്രശ്നമല്ല എന്നാണ് പറഞ്ഞത്.

മാർക്സിസത്തിന്റെ യാന്ത്രിക വാദപരമായ സ്റ്റാലിനിസ്റ്റ് പഞ്ചഘട്ട സാമൂഹ്യ സിദ്ധാന്തമാണ് ഇന്ത്യയിൽ വന്നത്. അതിന്റെ നിലപാടുകൾ പോലും കാര്യമായി അറിയാത്ത ഗോവിന്ദൻ മാഷിന് ‘ വിശ്വാസികളുടെ നിലപാടുകൾക്കൊപ്പമേ ഞങ്ങൾ നിൽക്കൂ, വൈരുധ്യാത്മക ഭൗതികവാദമെന്ന അവിശ്വാസം നടപ്പാക്കില്ല ’ എന്ന് ശബരിമലയെ മുൻ നിർത്തി കേരളത്തോട് പറയൽ എന്ന ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അല്ലാതെ, അദ്ദേഹം പൊടുന്നനെ ‘ഫ്യൂഡൽ മാടമ്പിത്തത്തെ അവസാനിപ്പിച്ച് കേരളത്തിൽ ഫ്രഞ്ചു വിപ്ളവ ജനാധിപത്യമെങ്കിലും കൊണ്ടുവരണം, എന്നാലെ രക്ഷയുള്ളു’ എന്നു പറയുകയായിരുന്നില്ല.

കേരളത്തിന്റെ സാമൂഹ്യ സ്ഥിതിയെ പരമാവധി മോശമാക്കി ചിത്രീകരിച്ച് കൂടുതൽ വികൃതവും പഴഞ്ചനുമായ നിലപാടുകൾ അവതരിപ്പിക്കാൻ ന്യായീകരണം ചമക്കുമ്പോൾ ആശയ വ്യക്തതയില്ലാതെ അദ്ദേഹം പലതും വിളിച്ചു കൂവി.

കണ്ണൂരിൽ 2018 മെയിൽ കണ്ണിപ്പൊയിൽ ബാബു – ഷമേജ് എന്നീ ഇരട്ട രാഷ്ട്രീയക്കൊലപാതകങ്ങൾ നടന്നപ്പോൾ ഷമേജ് വധത്തിന് ന്യായീകരണമായി പ്രതികരണക്കൊല സിദ്ധാന്തം ചമച്ചയാളാണദ്ദേഹം.

കണ്ണൂരിൽ നടക്കുന്ന കള്ളവോട്ട് പരിപാടിക്ക് വരെ ന്യായം കണ്ടെത്തുന്ന ഒരു ഫ്യൂഡൽ സ്വഭാവമുള്ള രാഷ്ട്രീയ സംഘത്തിലെ സൈദ്ധാന്തികനാണദ്ദേഹം. അദ്ദേഹത്തിന് എന്തു ആധുനിക ജനാധിപത്യം?

ജനാധിപത്യ വിപ്ളവം നടക്കാത്ത രാജ്യം എന്നിന്ത്യയെ ഇന്നും അവതരിപ്പിക്കുമ്പോൾ ഗ്രാംഷിയുടെ സൈദ്ധാന്തിക പരികൽപനകൾ കേട്ടിട്ടേയില്ലാത്തയാൾ എന്നദ്ദേഹത്തെ വിമർശിക്കുന്നതിലർത്ഥമില്ല.

ലോകത്താകെ ജനാധിപത്യം ‘ ജനാധിപത്യവിപ്ളവ’ ങ്ങളില്ലാതെയാണ് മുഖ്യമായും വന്നത് എന്ന ചരിത്രബോധം, യാന്ത്രിക സ്റ്റാലിനിസത്തിനപ്പുറം കടന്ന്, അദ്ദേഹം സ്വായത്തമാക്കമാക്കാതിരിക്കുമ്പോൾ അത്തരം വിമർശനം അസ്ഥാനത്താണ്…

പ്രശ്നം സ്വതന്ത്രമായ രാഷ്ട്രീയ പ്രവർത്തനവും നിർഭയമായ ബുദ്ധിജീവിതവും ആശയ സംവാദങ്ങളും സാധ്യമാക്കാൻ അദ്ദേഹവും അദ്ദേഹം ഉൾപ്പെടുന്ന സംഘവും എന്തു ചെയ്തു, ചെയ്യുന്നു എന്നതാണ്.

അക്കാര്യത്തിൽ എതിർപക്ഷത്തു നിന്ന അദ്ദേഹം ഇപ്പോൾ സ്വന്തം അവസരവാദ ഒളിച്ചോട്ടത്തെ ന്യായീരിക്കാൻ മാത്രമായാണ് ഇല്ലാത്ത അവിശ്വാസി – വിശ്വാസി വൈരുധ്യമുണ്ടാക്കിയ ശേഷം ഞങ്ങൾ വൈരുധ്യാത്മക ഭൗതികവാദം പ്രയോഗിക്കില്ല എന്ന വാഗ്ദാനം വച്ചുനീട്ടുന്നത്.

ഞങ്ങൾ അവിശ്വാസികൾക്കൊപ്പം നില്ക്കില്ല എന്ന കാര്യം വളച്ചു കെട്ടിപ്പറയാൻ മാത്രമായി അർത്ഥമറിയാതെ വൈരുധ്യാത്മക ഭൗതികവാദത്തെ ചെണ്ടയായി അദ്ദേഹം വഴിയിൽ കെട്ടിത്തൂക്കുന്നു.

ഈ തരം താണ – വിവരക്കേട് മാത്രമായ – അഭ്യാസത്തിനെതിരെ വരുന്നത് മുല്ലപ്പള്ളിയും കെ.സുധാകരനും !! സുധാകരന് വേറെ വലിയ ആവശ്യങ്ങളൊന്നുമില്ല.

ഇതേ വരെ വൈരുധ്യാത്മക ഭൗതികവാദത്തിന്റെ പേരിൽ ജനങ്ങളെ തെറ്റിധരിപ്പിച്ച ഗോവിന്ദൻ മാഷ് മാപ്പ് പറയണം. സുധാകരൻ അതുവഴി കാര്യങ്ങൾ ശരിയായി നടപ്പാക്കിയ വീരനായകനാകുന്നു !! സുധാകരൻ കണ്ണൂരിൽ നടപ്പാക്കിയ ജനാധിപത്യവും കേരളത്തിനറിയാം..

മുല്ലപ്പള്ളി പറയുന്നത്, ‘ ഗോവിന്ദൻ മാഷിന് സംഘപരിവാർ മനസ്സാണ്, ഇന്ത്യയിൽ ജനിക്കുന്നവരെല്ലാം ഹിന്ദുക്കൾ എന്നു പറയുന്ന മോഹൻ ഭഗവതിന്റെ ഭാഷയാണ് ’ എന്നാണ്.

ഭീകരമായ ഒരു കേൾവിയാണത് !! എന്തു വിവരക്കേടും വിഡ്ഡിത്തവും എന്നതല്ലാതെ മറ്റൊന്നും പറയാനറിയാത്ത വൃദ്ധമനസ്സുകൾ എന്നതാണ് പുറത്തു വരുന്നത്.

ജനാധിപത്യപരമായ സമൂഹ വളർച്ചയുടെ കേരളത്തിലെ തലമെന്താണ്‌, അത് നേരിടുന്ന അപകടമെന്താണ് എന്നൊരു ചർച്ച പോയിട്ട് പ്രശ്നമുന്നയിക്കാൻ പോലും പറ്റാത്ത തരത്തിൽ കേരളത്തിൽ ചെളി കുത്തിയിളക്കൽ മാത്രം നടക്കുന്നു.

കഴിഞ്ഞ അഞ്ചു വർഷത്തെ കേരളത്തിലെ പോലീസിന്റെ ജനാധിപത്യ വിരുദ്ധ വൈകൃതങ്ങളും യൂണിവേഴ്സിറ്റി കോളജ് സംഭവം മുതൽ കാലടി സർവകലാശാല സംഭവം വരെ പുറത്തു കൊണ്ടുവന്ന ഉന്നത വിദ്യാഭ്യാസ രംഗത്തെ കടുത്ത ജീർണതയും ദുർഗന്ധവും ഒന്നും ചർച്ചയാകുന്നതേയില്ല.

കേരളീയ ബുദ്ധിജീവിതത്തിൽ ഹെജിമണി സ്ഥാപിച്ചിരിക്കുന്ന ഡോ: കളും പ്രൊകളുമായ “ജൈവ ” ബുദ്ധിജീവികളിൽ 98 ശതമാനവും അടുത്തിടെ നടപ്പാക്കിയ സാമ്പത്തിക സംവരണമെന്ന അറു പിന്തിരിപ്പൻ നടപടിയെ ജാതി മേൽക്കോയ്മ തിരിച്ചു കൊണ്ടുവരാനും ജനാധിപത്യവൽക്കരണത്തെ കുഴിച്ചു മൂടാനുമുള്ള ഒന്നായി കാണുന്നില്ല.

അവരിൽ 80 ശതമാനമെങ്കിലും അതിനെ കൊട്ടിപ്പാടി പുരോഗമനമാക്കുകയും ചെയ്തു… ഇപ്പോൾ വിഷയമായിരിക്കുന്ന ഉന്നത വിദ്യാഭ്യാസ രംഗത്തെ പിൻവാതിൽ നിയമനങ്ങളും മഫിയാ മേധാവിത്വവും അതുണ്ടാക്കുന്ന ഭീകരമായ നിലവാരത്തകർച്ചയും ഇപ്പറഞ്ഞവരിൽ 99 ശതമാനവും കാണുന്നില്ല എന്നു മാത്രമല്ല, അവരിൽ പലരും അതിന്റെ ഗുണഭോക്താക്കളുമാണ് …

ഒരർത്ഥത്തിൽ ഇതെല്ലാം ഇങ്ങനെ പുറത്തു വരുന്നത് നല്ലതാണ്.
AMMA യുടെ സിനിമാ കുടുംബ ഭരണത്തിലെ ഫ്യൂഡൽ മാടമ്പിസ്വഭാവം പുറത്തു വന്ന പോലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ മാടമ്പികളുടെ വീതം വപ്പും രാഷ്ട്രീയത്തിലെ
“അടവു “കളും അറുപഴഞ്ചൻ ധാരണകളും പത്തു കാശിന്റെ വിവരമില്ലാത്ത ജല്പനങ്ങളും എല്ലാം തുറന്നു പുറത്തു വരട്ടെ…

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x