Health

വീട്ടിലെ പ്രസവം; പ്രസവിക്കുന്നത് സ്ത്രീകളാണ്, മരണപ്പെടുന്നതും

ഡോ. നെൽസൺ ജോസഫ്

വീട്ടിലെ പ്രസവത്തെ അനുകൂലിച്ച് കമൻ്റുകളുടെ ഘോഷയാത്ര ഒരിടത്ത് കണ്ടു. മറുപടിയായി ചില കാര്യങ്ങൾ കുറിക്കുന്നു.

1. ” വീട്ടിൽ പ്രസവിക്കരുതെന്ന് നിയമം വല്ലതും ഉണ്ടോ? “

ഒവ്വ്. നിയമം ഉണ്ടെങ്കിൽ മാത്രേ എല്ലാ കാര്യവും ചെയ്യൂ. ഉള്ള നിയമങ്ങളൊക്കെ വള്ളി പുള്ളി വിടാതെ അനുസരിക്കുന്നുമുണ്ടല്ലോ.

ഈ ഗർഭകാലവും പ്രസവവുമൊക്കെ വളരെ സിമ്പിളായി അങ്ങ് നടന്നുപോവുന്ന ഒന്നാണെന്ന് ഒരു തെറ്റിദ്ധാരണ പലർക്കുമുണ്ടെന്ന് തോന്നുന്നു. സ്ത്രീ ആ കാലയളവിൽ കടന്നുപോവുന്ന മാനസികവും ശാരീരികവുമായ മാറ്റങ്ങളെക്കുറിച്ച് ചെറിയൊരു ഊഹമെങ്കിലുമുണ്ടെങ്കിൽ ആ തോന്നലുണ്ടാവില്ല.

2. ” അല്ല, ഈ ആശുപത്രിയൊക്കെ എന്നാ ഉണ്ടായത്? “

അല്ല, ഈ ഫോണും കമ്പ്യൂട്ടറും ഇൻ്റർനെറ്റും സോഷ്യൽ മീഡിയയുമൊക്കെ എന്നാ ഉണ്ടായത്? എന്നിട്ടും ഇതൊക്കെ ഉപയോഗിക്കുന്നുണ്ടല്ലോ?

ഈ കാറും ബസ്സുമൊക്കെ എന്നാ ഉണ്ടായത്? എന്നിട്ടും ഇപ്പൊ പത്തുമുപ്പത് കിലോമീറ്റർ യാത്ര ചെയ്യുന്നത് കാളവണ്ടിയിലല്ലല്ലോ അല്ലേ?

അപ്പൊ അലർജി ആധുനിക വൈദ്യശാസ്ത്രത്തോടേയുള്ളോ?

3. ” ഹോസ്പിറ്റലിന് കാശ് കിട്ടാനല്ലേ? കിടപ്പാടം വിൽക്കേണ്ടിവരും “

സർക്കാരാശുപത്രിയുണ്ട് ഹേ..അവിടാരും കിടപ്പാടം വിൽക്കാൻ നിർബന്ധിക്കില്ല. അപ്പൊ അതുമല്ല കാര്യം.

4. ” പണ്ടൊക്കെ പ്രസവിച്ചിരുന്നത് ആശുപത്രിയിലാണോ ഒന്ന് അന്വേഷിച്ചു നോക്ക്.. എൻ്റെ അമ്മ അഞ്ച് പ്രസവിച്ചു, എല്ലാം വീട്ടിലായിരുന്നു “

ങാ, അങ്ങോട്ട് തന്നാ വരുന്നത്.

ഇപ്പൊ കേരളത്തിൻ്റെ ശിശുമരണ നിരക്ക് ഒറ്റയക്കത്തിലാണെന്നാണ് എൻ്റെ ഓർമ. മാതൃ മരണ നിരക്കിൻ്റെ കാര്യവും വ്യത്യസ്തമൊന്നുമല്ല. വീട്ടിൽ പ്രസവം നടക്കുന്ന കാലത്ത് ഇതൊക്കെ എത്രയാന്ന് ഒന്ന് നോക്കിയേരെ.

ചുമ്മാ ബുദ്ധിമുട്ടണ്ട, പറഞ്ഞുതരാം. 1891ലെ മദ്രാസ് സെൻസസ് പ്രകാരം ഒരു വയസിൽ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണനിരക്ക് 1000ന് 280 ആണ്. നാലിലൊരു കുഞ്ഞ് 1 വയസ് തികയ്ക്കില്ല. ഇന്ത്യയിൽ 1990 കളിൽ മാതൃമരണ നിരക്ക് 500 ന് മുകളിലായിരുന്നു. അവിടെ നിന്ന് പിന്നീടത് 170 ലേക്ക് എത്തി.

എൻ്റെ കുട്ടി ഉണ്ടാവാറായപ്പൊ ഞങ്ങൾ അവന് ഇടാനുള്ള ഉടുപ്പുകളൊക്കെ വാങ്ങി കഴുകി ഉണക്കി വൃത്തിയാക്കി വച്ചിരുന്നു. അങ്ങനെ വാങ്ങാൻ പോയപ്പൊ കുറച്ച് പേര് പറഞ്ഞു, അങ്ങനെ വാങ്ങുന്നത് കുഞ്ഞിന് ദോഷമാണ് എന്ന്.

വാങ്ങുന്നത് ദോഷമായതല്ല. പണ്ടുകാലത്ത് അന്നത്തെ ദാരിദ്ര്യത്തിനു ജീവിക്കുമെന്ന് ഉറപ്പില്ലാത്ത കുഞ്ഞിന് ഉടുപ്പ് വാങ്ങിക്കുന്നത് നഷ്ടമാണെന്ന് മാത്രമല്ല അതൊരു തീരാദുഖവുമാകും. അതങ്ങനെ പിന്നൊരു അന്ധവിശ്വാസമായി.

5. ” ഇപ്പൊഴാണല്ലോ ഗർഭം ഒരു രോഗമായത്. ഡോക്ടറെ കാണലും സ്കാനിങ്ങും ബ്ലഡ് ടെസ്റ്റും ഫോളിക് ആസിഡും അയണും ഗുളികയും…പണ്ട് ഇതൊന്നുമില്ലാതിരുന്നപ്പൊ ഒരു കുഴപ്പവുമില്ലായിരുന്നല്ലോ? “

കുഴപ്പം ഉണ്ടോ ഇല്ലയോ എന്ന് പണ്ടത്തെ മാതൃ മരണ നിരക്കും ശിശുമരണനിരക്കും ഉത്തരം പറയും. ങാ, പിന്നെ ഇതൊക്കെ ചെയ്യുന്നതെന്തിനാന്ന്..

ഭാര്യയ്ക്ക് കല്യാണം കഴിഞ്ഞ് ആദ്യം വാങ്ങിക്കൊടുത്തത് ഫോളിക് ആസിഡാണ്. ന്യൂറൽ ട്യൂബ് ഡിഫക്റ്റ് പോലെയുള്ള ഗുരുതരമായ പ്രശ്നങ്ങൾ കുഞ്ഞിനുണ്ടാകാതെ തടയാൻ ഫോളിക് ആസിഡിനു കഴിയും.

പ്രത്യക്ഷത്തിൽ ഒരു കുഴപ്പവും തോന്നിക്കാത്ത സ്ത്രീകൾക്കും ചിലപ്പൊ വിളർച്ചയുണ്ടാവാം. ഗർഭകാലത്ത് ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ അത് സങ്കീർണമാക്കുകയും ചെയ്യാം. അയൺ ഗുളിക അത് തടഞ്ഞോളും.

പിന്നെ ഡോക്ടറെ കാണുന്നത്. ഗർഭാവസ്ഥയെ സങ്കീർണമാക്കാൻ പോന്ന കുറെയധികം പ്രശ്നങ്ങളുണ്ട്. അതൊക്കെ നേരത്തെ കണ്ടെത്തി വേണ്ടത് ചെയ്യാൻ ഡോക്ടർക്ക് പറ്റും.

അൾട്രാസൗണ്ട് സ്കാനിങ്ങിലൂടെ കുഞ്ഞിനുണ്ടാവാനിടയുള്ള പ്രശ്നങ്ങളെ നേരത്തെ കണ്ടെത്താൻ കഴിയും. പരിഹാരം ചെയ്യാവുന്നതാണെങ്കിൽ അത് ചെയ്യാനും ശ്രമിക്കാം.

പ്രസവത്തിൻ്റെ സമയത്ത് ഉണ്ടാവാനിടയുള്ള പ്രശ്നങ്ങൾ മുൻ കൂട്ടി കാണാനും അതനുസരിച്ച് പ്ലാൻ ചെയ്യാനുമൊക്കെ ഈ സന്ദർശനങ്ങളും പരിശോധനകളും കൂടിയേ തീരൂ.

ചുരുക്കിപ്പറഞ്ഞാൽ ശിശുമരണനിരക്ക് ഒരു സുപ്രഭാതത്തിൽ വെറുതെയങ്ങ് ഒറ്റയക്കത്തിലെത്തിയതല്ല. കുറെയധികം ആരോഗ്യപ്രവർത്തകരും അവർക്ക് പിന്തുണയായി നിന്ന സംവിധാനങ്ങളും ചേർന്ന് പരിശ്രമിച്ചതിൻ്റെ ഫലമാണ്.

6. ” വീട്ടിൽ പ്രസവിച്ചാൽ എന്താ കുഴപ്പം? “

സങ്കീർണതയുണ്ടായാൽ അമ്മയുടെയും കുഞ്ഞിൻ്റെയും ജീവൻ അടക്കം അപകടത്തിലാവുമെന്ന് ഉദാഹരണം തപ്പി വേറെയെങ്ങും പോവണ്ടല്ലോ.

അത് മാത്രമല്ല, നിയോനേറ്റൽ ടെറ്റനസ് എന്ന് കേട്ടിട്ടുണ്ടോ? ഉണ്ടാകാൻ വഴിയില്ല.

പ്രസവശേഷം ദിവസങ്ങൾക്കുള്ളിൽ വില്ലുപോലെ വളഞ്ഞുനിൽക്കുന്ന കുഞ്ഞിനെ കണ്ടിട്ടുണ്ടോ? മരിച്ച് പോകുന്നതിനു മുൻപ്? കണ്ടിട്ടുണ്ടാകില്ല. ഞാനും കണ്ടിട്ടില്ല, കേട്ടും വായിച്ചുമുള്ള അറിവ് മാത്രം.

ടെറ്റനസിനെതിരായ കുത്തിവയ്പ് രണ്ട് ബൂസ്റ്റർ ഡോസ് അമ്മമാർക്ക് ലഭിക്കുന്നതിലൂടെയും യൂണിവേഴ്സൽ ഇമ്യൂണൈസേഷനിലൂടെയും പ്രസവസമയത്തെ വൃത്തി – അത് താഴെപ്പറയുന്നാ ഘടകങ്ങൾ ചേർന്നാണ്…

1. Clean hands – അണുവിമുക്തമായ കൈകൾ,

2. Clean delivery surface – വൃത്തിയുള്ള പ്രസവസ്ഥലം,

3. Clean cord care – പൊക്കിൾക്കൊടിയുടെ പരിചരണം

4. Clean blade for cutting cord – അണുവിമുക്തമായ പൊക്കിൾക്കൊടി മുറിക്കാനുള്ള ഉപകരണം,

5. Clean cord tie and no application on cord stump – പൊക്കിൾക്കൊടിയുടെ പുറത്ത് മറ്റൊന്നും ഇടാൻ പാടില്ല

ഇതെല്ലാത്തിലൂടെയും ഇല്ലായ്മ ചെയ്ത അസുഖമാണ്…വീട്ടിലെ മുറിയിലാണോ ലേബർ റൂമിലാണോ അണുവിമുക്തമായിരിക്കുകയെന്ന് ചുമ്മാ കോമൺ സെൻസ് ഉപയോഗിച്ച് ചിന്തിച്ചാ മതി.

5) “ആശുപത്രിയിലും മരണം സംഭവിക്കുന്നുണ്ടല്ലോ “

വെള്ളമടിച്ച് വണ്ടിയോടിക്കുമ്പൊഴും അപകടമുണ്ടാവുന്നുണ്ട്. നിയമം പാലിച്ച് വാഹനമോടിക്കുന്നവരും അപകടത്തിൽ പെടുന്നുണ്ട്.. എന്ന് വച്ച് ഇനി എല്ലാരും വെള്ളമടിച്ച് വണ്ടിയോടിക്കണമെന്ന് വാദിക്കുമോ?

പ്രസവിക്കുന്നത് സ്ത്രീകളാണ്, മരണപ്പെടുന്നത് സ്ത്രീകളാണ്.

അനുകൂലിക്കുന്നത് മൊത്തം പുരുഷന്മാരും…

എന്തൊരു ലോകമിത്…

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x