ആകാശത്ത് നിന്ന് പൂക്കളെറിയാൻ വളരെ എളുപ്പമാണ്, മനുഷ്യരുടെ കണ്ണീര് തുടക്കാനാണ് പ്രയാസം
പ്രതികരണം / വഹീദ് സമാൻ
മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ പതിനേഴ് മനുഷ്യരുടെ ദേഹത്തിലൂടെ ഗുഡ്‌സ് ട്രെയിൻ പാഞ്ഞു കയറി. അവരെല്ലാം കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവർ ഭരണാധികാരികളുടെ കണക്കിൽ മനുഷ്യരല്ല. കുടിയേറ്റ തൊഴിലാളികളാണ്. മഹാരാഷ്ട്രയിൽനിന്ന് സ്വന്തം നാടായ മധ്യപ്രദേശിലേക്ക് നടന്നുപോകുകയായിരുന്നു ഈ പാവങ്ങൾ.
കുടിയേറ്റ തൊഴിലാളികളെ കൊണ്ടുപോകാൻ പ്രത്യേക ട്രെയിൻ സർവീസ് എന്ന വാഗ്ദാനം പുലരുമെന്ന് കരുതി കാത്തിരുന്നവരാകാം. അത് നടക്കാതെ വന്നപ്പോഴായിരിക്കണം പാളത്തിലൂടെ തന്നെ നടക്കാൻ തീരുമാനിച്ചത്. ആ യാത്രക്ക് ഗൂഗിൾ മാപ്പ് ആവശ്യമില്ലല്ലോ.
നടന്നുനടന്ന് ക്ഷീണിച്ചിട്ടാകും ആ പതിനഞ്ച് പേരും പാളത്തിൽ തന്നെ കിടന്നുറങ്ങിയത്. ഒരു തീവണ്ടിയും തങ്ങളുടെ കാൽനട യാത്രയിൽ അവര് കണ്ടിട്ടുണ്ടാകില്ല. പാളം തലയിണയാക്കിയിട്ടുണ്ടാകും. ചരക്കുമായി കുതിച്ചെത്തിയ തീവണ്ടി ഈ സാധുക്കളുടെ മേൽ പാഞ്ഞുകയറി. ഒരാളും രക്ഷപ്പെട്ടില്ല.
സ്വന്തം ജനതയുടെ ക്ഷേമം തിരക്കുക എന്നത് ഒരു ഭരണാധികാരിയുടെ അടിസ്ഥാന കടമകളിൽ ഒന്നാണ്. കേന്ദ്രമായാലും സംസ്ഥാനമായാലും. ആകാശത്ത്‌നിന്ന് പൂക്കളെറിയാൻ വളരെ എളുപ്പമാണ്. താഴെ ഭൂമിയിൽ മനുഷ്യരുടെ കണ്ണീര് തുടക്കാനാണ് പ്രയാസം. ദൂരെനിന്ന് നോക്കുമ്പോൾ പൂവിനും ചുവപ്പാണ്. മനുഷ്യരുടെ ചോരയ്ക്കും ചുവപ്പാണ്. ചോരയുടെ ചുവപ്പും പൂവിന്റെ ചുവപ്പും തിരിച്ചറിയാനാകണം.
ഒറ്റ നിലവിളിയിൽ എത്ര ജീവനുകളാണ് ചിതറിത്തെറിച്ച് പോകുന്നത്. എന്തൊരു സങ്കടമാണ്….
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS
നല്ല തുടക്കം
ഭാവുകങ്ങൾ നേരുന്നു,
നീതിയും നിഷ്പക്ഷതയും മുഖമുദ്രയാകട്ടെ….
പ്രാർത്ഥനാപൂർവ്വം