കൊറോണ വ്യാപനം തടയുന്നതിനായി നടപ്പിലാക്കപ്പെട്ട പരിപൂർണ ലോക്ക് ഡൌൺ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളെയാണ് ഏറ്റവും രൂക്ഷമായി ബാധിച്ചത്. കഴിഞ്ഞ കുറെ ആഴ്ചകളായി, വലിയ നഗരങ്ങളിൽ നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള അവരുടെ ജന്മനാടുകളിലേക്ക് നടന്നു പോവുന്ന കുടിയേറ്റക്കാരുടെ നിരവധി ഭയാനകമായ കഥകളാണ് കേട്ടുകൊണ്ടിരിക്കുന്നത്. നിരവധി ജീവനുകളാണ് വഴിയിൽ ഇതുവരെ പൊലിഞ്ഞു വീണത്.
കേന്ദ്രസർക്കാർ ഇതുവരെ അവരുടെ വേദനയെ വിദൂരതയിൽ നിന്ന് നോക്കി നിൽക്കുക മാത്രമാണ് ചെയ്തത്. അവരുടെ പ്രയാസങ്ങൾ ലഘൂകരിക്കുന്നതിന് ചെറിയതായെങ്കിലും ചെയ്തത് സംസ്ഥാന സർക്കാരുകൾ മാത്രമാണ്.
എന്നാൽ ഈ ആഴ്ചയിൽ പ്രഖ്യാപിക്കപ്പെട്ട 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ രണ്ടാം ഭാഗത്ത് കുടിയേറ്റക്കാർക്കായി ചില കാര്യങ്ങൾ പ്രഖ്യാപിക്കാൻ കേന്ദ്രം ശ്രമിച്ചു.
ഒന്നാമതായി, ദേശീയ ഭക്ഷ്യ സുരക്ഷ പദ്ധതിക്ക് കീഴിലുള്ള ഭക്ഷ്യധാന്യത്തിന്റെ ഗുണഭോക്താക്കളല്ലാത്ത അല്ലെങ്കിൽ സംസ്ഥാന സർക്കാരുകൾ നടത്തുന്ന ഏതെങ്കിലും പദ്ധതികൾക്ക് കീഴിൽ വരാത്തവർക്ക് കൂടി അഞ്ച് കിലോഗ്രാം സൗജന്യ ഭക്ഷ്യധാന്യവും ഒരു കുടുംബത്തിന് പ്രതിമാസം ഒരു കിലോഗ്രാം ചണയും രണ്ട് മാസത്തേക്ക് കൂടി കേന്ദ്രം നൽകും. ഒരു മാസത്തേക്ക് ഈയിനത്തിൽ 3,500 കോടി രൂപ കേന്ദ്രത്തിന് ചിലവുവരും. എട്ട് കോടി കുടിയേറ്റക്കാർക്ക് ഈ പരിപാടിയിൽ നിന്ന് പ്രയോജനം ലഭിക്കുമെന്ന് സർക്കാർ അവകാശപ്പെടുന്നു. ഇന്ത്യയിലെ ഒരു ശരാശരി കുടുംബത്തിൽ അഞ്ച് അംഗങ്ങളാണുള്ളതെങ്കിൽ, ഈ നീക്കം 1.6 കോടി കുടുംബങ്ങൾക്ക് ഗുണം ചെയ്യണം.
കുടിയേറ്റ പ്രതിസന്ധി ആദ്യമായി രംഗത്തെത്താൻ തുടങ്ങിയ മാർച്ച് അവസാനത്തോടെ തന്നെ സർക്കാർ ഈ പരിപാടി കൊണ്ടുവരേണ്ടതായിരുന്നുവെന്ന് പല വിദഗ്ധരും അഭിപ്രായപ്പെട്ടു. ഈ പദ്ധതിയോടെ അവരുടെ പ്രശ്നം പരിപൂർണമായി പരിഹരിക്കപ്പെടില്ലെങ്കിലും ന്യായമായ ഒരാവശ്യമായിരുന്നു ഇത്. കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനും വിതരണം ചെയ്യുന്നതിനും വിശദമായ മാർഗ്ഗനിർദ്ദേശങ്ങളോടെ ഈ പരിപാടി നടപ്പാക്കുന്നതിന് സംസ്ഥാന സർക്കാരുകളെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. യഥാർത്ഥ ഗുണഭോക്താക്കളെ തിരിച്ചറിയുന്നതും അവരിലേക്ക് ആനുകൂല്യങ്ങൾ എത്തുന്നതും ഇന്ത്യയിലെ ഏതൊരു സർക്കാർ പരിപാടിയിലും ബുദ്ധിമുട്ടേറിയ കാര്യമാണ്, ഈ പദ്ധതിയും വ്യത്യസ്തമാകില്ല. നടപ്പാക്കലാണ് ഓരോ പദ്ധതിയിലെയും പ്രധാന ഭാഗം, അതിനാൽ വിതരണത്തിലെ ഗുണനിലവാരം സംസ്ഥാനങ്ങളിലുടനീളം വ്യത്യാസപ്പെട്ടേക്കാം. എന്നിരുന്നാലും ചില ആനുകൂല്യങ്ങൾ ഒന്നുമില്ലാത്തതിനേക്കാൾ നല്ലതാണ്.
രണ്ടാമതായി, ‘ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ്’ പദ്ധതിയുടെ ദേശീയ തലത്തിലുള്ള നടപ്പാക്കലാണ്. 2021 മാർച്ചോടെ 100 ശതമാനം ദേശീയ തലത്തിലുള്ള പോർട്ടബിലിറ്റി കൈവരിക്കുക എന്നതാണ് ലക്ഷ്യം. എന്താണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്? ഇപ്പോഴത്തെ സാഹചര്യത്തിൽ, റേഷൻ കാർഡുള്ള ഒരു കുടുംബത്തിന് പൊതുവിതരണ സമ്പ്രദായത്തിൽ പ്രവർത്തിക്കുന്ന റേഷൻ കടകളിൽ നിന്ന് സബ്‌സിഡി നിരക്കിൽ ഭക്ഷ്യധാന്യം വാങ്ങാൻ അനുവാദമുണ്ട്.
ഓരോ കുടുംബത്തിനും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട പൊതു വിതരണ കേന്ദ്രത്തിൽ നിന്നും മാത്രമേ നിലവിലെ സാഹചര്യത്തിൽ ഈ സൗകര്യം ലഭിക്കൂ. ഒരു കുടുംബത്തിലെ ആരെങ്കിലും ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊന്നിലേക്ക് മാറുകയാണെങ്കിൽ, ഈ സൗകര്യം ഇപ്പോൾ ലഭ്യമല്ല. ‘ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ്’ പദ്ധതി ഈ പ്രശ്നം പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്, അങ്ങനെ ആർക്കും രാജ്യത്തുടനീളം സബ്‌സിഡിയില്‍ ഭക്ഷ്യധാന്യം ലഭ്യമാകും. അതിനാൽ ഒരു വ്യക്തി ജോലിക്ക് ബീഹാറിൽ നിന്ന് ദില്ലിയിലേക്ക് മാറുകയാണെങ്കിൽ അദ്ദേഹത്തിന് അനുവദിക്കപ്പെട്ട ഭക്ഷ്യധാന്യത്തിന്റെ ക്വാട്ടയിൽ നിന്നും ദില്ലിയിലെ പൊതു വിതരണ കേന്ദ്രത്തിൽ നിന്നും ലഭ്യമാവും.
എന്നാൽ ഇതൊരു പുതിയ പദ്ധതിയല്ല. 2019 ജൂണിൽ ഇത് പ്രഖ്യാപിക്കുകയും ഭാഗികമായി ഈ വർഷം ജനുവരിയിൽ ആരംഭിക്കുകയും ചെയ്തതാണ്. ഏപ്രിൽ വരെ ഇത് പരിമിതമായ തോതിൽ പ്രവർത്തിച്ചിരുന്നു. ‘ബിസിനസ് സ്റ്റാന്‍റേർഡി’ലെ ഒരു വാർത്ത റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത് ഏപ്രീലിനു ശേഷം ഏഴ് സംസ്ഥാനങ്ങളിൽ ഈ പദ്ധതി പ്രാവർത്തികമായി എന്നതാണ്. രസകരമായ മറ്റൊരു കാര്യം, ഈ പദ്ധതിയുടെ സമ്പൂർണ നടപ്പാക്കലിന് മുൻ നിശ്ചയിച്ച തീയതി 2020 ജൂൺ ആയിരുന്നു. ഇപ്പോൾ അത് 2021 മാർച്ചിലേക്ക് നീട്ടി എന്നതാണ് യാഥാർത്ഥ്യം.
ഈ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ഒരു പ്രധാന വെല്ലുവിളി റേഷന്റെ വിഭജനമായിരിക്കും. റേഷൻ കാർഡ് ഒരു കുടുംബത്തിനാണ് നൽകുന്നത്, ഒരു വ്യക്തിക്ക് അല്ല. അതിനാൽ, കുടുംബത്തിലെ ഒരു അംഗം റേഷൻ കാർഡ് നൽകുന്ന സംസ്ഥാനത്തിന് പുറത്ത് തൊഴിലെടുക്കുന്നുവെങ്കിൽ, അവൻ/അവൾ അവിടെ റേഷന്റെ ഒരു ഭാഗം എങ്ങനെ ലഭ്യമാകും? ഇത് പരിഹരിക്കപ്പെടുക എന്നത് ഒരു പ്രധാന പ്രശ്നമായിരിക്കും. കൂടാതെ, രാജ്യത്ത് എവിടെയും ഭക്ഷ്യധാന്യം വാങ്ങാനുള്ള കഴിവ് കാർഡ് ഉടമകൾക്ക് ഉള്ളതിനാൽ, ഓരോ കേന്ദ്രത്തിലും വേണ്ടത്ര ഭക്ഷ്യധാന്യം ഉറപ്പാക്കുന്നത് ഒരു വെല്ലുവിളിയാകും. ആരംഭ ഘട്ടത്തിൽ, ഏതൊരു പുതിയ സംവിധാനത്തിനും അതിന്റേതായ വെല്ലുവിളികൾ നേരിടേണ്ടിവരും. അതിനാൽ ഇക്കാര്യങ്ങൾ പിന്നീട് ഫലപ്രദമാകുമെന്ന് പ്രതീക്ഷിക്കാം.
‘ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ്’ ഒരു മികച്ച നീക്കമാണെങ്കിലും, അത് ഇതിനകം തന്നെ പ്രവർത്തിച്ചുകൊണ്ടിരുന്നു എന്നതിനാൽ ലോക്ക് ഡൗണിന്റെ പ്രതികൂല സ്വാധീനം കാരണം നഗരങ്ങളിൽ നിന്ന് സ്വന്തം ഗ്രാമങ്ങളിലേക്ക് ഒഴുകുന്ന തൊഴിലാളികയുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിന് ഇത് മൂലവും സാധ്യമാകില്ല.
മൂന്നാമതായി, കുടിയേറ്റ തൊഴിലാളികൾക്കും നഗരങ്ങളിലെ ദരിദ്രർക്കും മിതമായ നിരക്കിൽ വാടകയ്ക്ക് നൽകുന്നതിന് ‘പ്രധാനമന്ത്രി ആവാസ് യോജന’ പ്രകാരം ഒരു പദ്ധതിക്ക് സർക്കാർ തുടക്കമിടുന്നു. ഈ പദ്ധതിയുടെ വിശദാംശങ്ങൾ ഉടനെ പ്രസിദ്ധപ്പെടുത്തും. സ്വസ്ഥമായൊന്നു തലചായ്ക്കാൻ ഒരിടം സ്വപ്നം കാണുന്ന ദശലക്ഷങ്ങളുള്ള രാജ്യത്ത് മിതമായ നിരക്കിൽ വീട് വാടകയ്‌ക്ക് ലഭിക്കുക എന്നത് ഒരു നല്ല വാർത്ത തന്നെയാണ്, അതിന് സർക്കാർ പ്രശസ്തി അർഹിക്കുന്നു. എന്നിരുന്നാലും ഇത് ഒരു പൊതു പരിഷ്കരണം മാത്രമാണ്. നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്ക് നൂറു കണക്കിന് കിലോമീറ്റർ നടന്നു പോയികൊണ്ടിരിക്കുന്ന കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന നിലവിലെ പ്രശ്‌നങ്ങളുമായി ഇതിന് യാതൊരു ബന്ധവുമില്ല.
നാലാമതായി, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കുടിയേറ്റ തൊഴിലാളികൾക്ക് കൂടി തൊഴിൽ നൽകാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിർദ്ദേശിക്കുന്നതിനെക്കുറിച്ചും മന്ത്രി സംസാരിച്ചു. കഴിഞ്ഞ വർഷം മെയ് മാസത്തെ അപേക്ഷിച്ച് 40 മുതൽ 50 ശതമാനം വരെ അധിക തൊഴിലാളികൾ MGNREGSന് കീഴിൽ ചേർന്നിട്ടുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് ഒരു തൊഴിലാളിക്ക് നൽകുന്ന ശരാശരി തൊഴിൽ ദിവസങ്ങൾ വർദ്ധിച്ചതായി ഡാറ്റ സൂചിപ്പിക്കുന്നു. ഈ സാമ്പത്തിക വർഷത്തിൽ, ഒരു കുടുംബത്തിന് ശരാശരി 12.8 ദിവസത്തെ ജോലി നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
മൊത്തത്തിൽ, കുടിയേറ്റ തൊഴിലാളികൾക്കായി സർക്കാർ ചില കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചുവെങ്കിലും അത് എങ്ങുമെത്തുന്നില്ല. മുംബൈയിൽ നിന്ന് വടക്കോട്ട് പോകാൻ ആഗ്രഹിക്കുന്ന കുടിയേറ്റക്കാരിൽ നിന്ന് ട്രക്ക് ഡ്രൈവർമാർ ഓരോ സീറ്റിനും 4,000 മുതൽ 5,000 രൂപ വരെ ഈടാക്കുന്നുണ്ടെന്ന് മുംബൈ മിററിൽ അടുത്തിടെ വന്ന ഒരു വാർത്ത ചൂണ്ടിക്കാണിക്കുന്നു. സർക്കാർ കൂടുതൽ ട്രെയിനുകൾ ഓടിക്കുകയും ആളുകളെ നീക്കാൻ അനുവദിക്കുകയും ചെയ്തിരുന്നെങ്കിൽ കൂടുതൽ അർത്ഥമുണ്ടാകുമായിരുന്നു. നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന കുടിയേറ്റക്കാർക്ക് ഇത് യഥാർത്ഥ സഹായമാകുമായിരുന്നു.
നേരത്തെ സൂചിപ്പിച്ച പോലെ പ്രഖ്യാപിക്കപ്പെട്ട സാമ്പത്തിക പാക്കേജുകൾ കുടിയേറ്റക്കാരുടെ വേദനക്ക് പെട്ടെന്നുള്ള പരിഹാരമായി ഒന്നും ചെയ്യുന്നില്ല, തൊഴിൽ ദിന നഷ്ടം വരുത്തിവെച്ച പണക്കുറവ് ആണ് അവരുടെ വലിയൊരു പ്രശ്‌നം. വാസ്തവത്തിൽ, സർക്കാരിന് എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കാര്യം, ഓരോ ജൻ ധൻ അക്കൗണ്ടിലും മൂന്നുമാസത്തേക്ക് 1,000 രൂപ വീതം നിക്ഷേപിക്കുക എന്നതായിരുന്നു, ഈ ഉദ്യമത്തിന് ഏകദേശം 1.15 ലക്ഷം കോടി രൂപയോളം സർക്കാരിന് ചെലവാകും. പ്രഖ്യാപിക്കപ്പെട്ട 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിനേക്കാൾ മികച്ചതായി കുടിയേറ്റക്കാരുടെയും ദരിദ്രരുടെയും വേദന പരിഹരിക്കാൻ ഇതിലൂടെ ഏറെക്കുറെ സാധിക്കുമായിരുന്നു.
ഈ സന്നിഗ്ധ സമയം ആവശ്യപ്പെടുന്നത് ആളുകളുടെ കയ്യിൽ കൂടുതൽ പണം നിക്ഷേപിക്കുക എന്നതാണ്, നിലവിലെ പോലെ തുടർന്നും അവർ കടം വാങ്ങുകയും കൂടുതൽ ചെലവഴിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത് ഒട്ടും ശുഭകരമാവില്ല.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS