പ്രത്യയശാസ്ത്ര പ്രചരണത്തിന്റെ ജനാധിപത്യ രീതിയാണ് പാർലമെന്ററി രാഷ്ട്രീയം. ഇടതുപക്ഷ സർക്കാരുകൾ അധികാര സ്ഥാനങ്ങളിൽ വരുമ്പോൾ പ്രത്യശാസ്ത്രത്തിന് അനുസൃതമായ നയപരിപാടികൾ മുന്നോട്ടു വെക്കുന്നതിനു നടത്തിയ നിയമ നിർമാണങ്ങൾ കേരള നിർമിതിയിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്.
സാമ്രാജ്യത്വ ഭരണത്തിന്റെയും ഫ്യുഡൽ വ്യവസ്ഥിതിയുടെയും ശേഷിപ്പുകൾ ഇല്ലായ്മ ചെയ്ത് ദാരിദ്ര്യ നിർമ്മാർജ്ജനവും തുല്യതയും ഉറപ്പു വരുത്താൻ പരിശ്രമിച്ച ചില നിയമങ്ങളെ ചർച്ച ചെയ്യുകയാണ്. ആദ്യ ഇ.എം.എസ്. സർക്കാർ നടപ്പിലാക്കിയ ഏറ്റവും പ്രധാനപ്പെട്ട നിയമ നിർമാണങ്ങളെ കുറിച്ചാണ് ഈ ലക്കത്തിൽ പ്രതിപാദിക്കുന്നത്.
ആദ്യ ഇ.എം.എസ്. സർക്കാർ
ഏപ്രിൽ 1957ൽ അധികാരം ഏറ്റെടുത്ത ഉടനെ തന്നെ ഇ.എം.എസ്. സർക്കാർ നടത്തിയ നയപ്രഖ്യാപനത്തിൽ ചിലതു ഉറപ്പുകൊടുത്തിരുന്നു. ഭൂപരിഷ്കരണം എന്ന ലക്ഷ്യത്തിനു മുന്നോടി ആയി പാട്ട ഭൂമിയിൽ നിന്ന് ജന്മിമാർ കുടിയൊഴിപ്പിക്കുന്ന കുടിയാന്മാരെ സംരക്ഷിക്കാൻ സർക്കാർ ഉണ്ടാവുമെന്ന ഉറപ്പ്.
ഇ.എം.എസ് മന്ത്രിസഭ അധികാരമേറ്റ് കൃത്യം ആറാം നാൾ എല്ലാ ഒഴിപ്പിക്കലും നിര്‍ത്തിവെക്കുന്നതിന് ഓര്‍ഡിനന്‍സിറക്കി (Kerala Stay of Eviction Proceedings Ordinance, 1957). ഈ ഓർഡിനൻസ് പിന്നെ നിയമം ആയി. ഈ ഓർഡിനൻസ് വലിയ കോളിളക്കം സൃഷ്ടിച്ചു. ഒഴിപ്പിക്കലുകൾ നിയമവിരുദ്ധമായപ്പോൾ ശക്തമായ ചെറുത്തുനിൽപ്പുകൾ ഉണ്ടായി. കർഷകത്തൊഴിലാളി യൂണിയൻ ശക്തമായി നിലപാടെടുത്തതോടെ ജന്മിമാർ കീഴ്പെട്ടു.
ഈ ഓർഡിനൻസ്, ഇതിനു പിന്നാലെ വന്ന കാര്‍ഷികബന്ധ നിയമത്തിനുള്ള (Kerala Agrarian Relations Act) ഒരു ആമുഖം ആയിരുന്നു. നിയമസഭയിൽ സർക്കാരിന് വേണ്ടി മന്ത്രി കെ.ആർ.ഗൗരിയമ്മ ഈ നിയമം അവതരിപ്പിച്ചു. കൃഷി ഭൂമിയില്‍ പണി ചെയ്യുന്ന കുടിയാനിൽ ചില അവകാശങ്ങൾ നിക്ഷിപ്തമാക്കുന്ന നിയമം ആയിരുന്നു അത്. മിച്ചഭൂമി കണ്ടെത്താനും വിതരണം ചെയ്യാനും നടപടി ആരംഭിച്ചു. ഒരു വ്യക്തിക്ക് കൈവശം വെക്കാവുന്ന ഭൂമിയുടെ അളവ് ഏഴര ഏക്കറായി നിശ്ചയിച്ചു, ഒരു കുടുംബത്തിന് 15 ഏക്കറും.
ടെനൻറ് എന്ന പദത്തിന് ഉദാരമായ ഡെഫിനിഷൻ ആണ് കൊടുത്ത്. ടെനൻറ്സ് എന്നുള്ളത് സബ്-ടെനൻറ്സും ഭൂമി കൈവശം വച്ചിരിക്കുന്ന എല്ലാവരെയും ഉൾപ്പെടുത്താൻ തീരുമാനിച്ചു. പണിയെടുക്കുന്ന ഭൂമി ജന്മിയുടെ കയ്യിൽ നിന്ന് നിയമത്തിൽ അനുശാസിക്കുന്ന ഒരു മിച്ച വില അനുസരിച്ചു വാങ്ങിക്കാനുള്ള വകുപ്പും ഉൾപ്പെടുത്തിയിരുന്നു.
ഭൂപരിഷ്കരണ നിയമം
പക്ഷെ ഈ നിയമത്തിനു പ്രസിഡന്റ് അനുമതി നിഷേധിച്ചു. നിയമം പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് തിരിച്ചയച്ചു. അതിനിടെ ഇ.എം.എസ് സർക്കാരിനെ പുറത്താക്കി. പക്ഷെ ഇ.എം.സ് സർക്കാർ കൊണ്ടുവന്ന കാർഷികബന്ധ നിയമം പൂർണമായി ഒഴിവാക്കാൻ പിന്നീട് വന്ന കോൺഗ്രസ് സർക്കാരിന് കഴിഞ്ഞില്ല. ഒരുപാട് വെള്ളം ചേർക്കലോടെ പിന്നീട് ഭൂപരിഷ്കരണ നിയമം 1963ൽ പാസ് ആക്കി എടുത്തു. 1967ൽ വന്ന ഇ.എം.എസ് സർക്കാർ വീണ്ടും ഭേദഗതികൾ വരുത്തുകയും 1970 ജനുവരി 1 മുതൽ നിയമം പ്രാവർത്തികമാവുകയും ചെയ്തു.
ആദ്യത്തെ ഇ.എം.സ് സർക്കാരിന്റെ കാലത്താണ് ഭൂസംരക്ഷണ നിയമം (Kerala Land Conservancy Act) പാസായത്. അത് വഴി അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തം ആയി. Kerala Money Lenders Actഉം ആ സർക്കാരിന്റെ കാലത്തു പാസ് ആയി. ഇത് പ്രകാരം ഏറ്റവും ഉയർന്ന പലിശ 9 ശതമാനമായി നിശ്ചയിച്ചു. കേരള സമൂഹത്തിൽ കാതലായ മാറ്റങ്ങൾ വരുത്തുകയും അരികുവൽക്കരിക്കപ്പെട്ടവരെ സാമൂഹികവും സാമ്പത്തികവുമായി കൈപിടിച്ചുയർത്താനും സഹായിച്ച നിയമങ്ങൾ ആണ് ആദ്യ ഇ.എം.എസ് സർക്കാരിന്റെ കാലത്തു നടപ്പാക്കിയ ഭൂപരിഷ്കരണ നിയമങ്ങൾ.
വിദ്യാഭ്യാസ ബില്ലും സുപ്രീം കോടതിയും
ഇ.എം.എസ് സർക്കാരിന്റെ വേറൊരു ചരിത്രപരമായ സംഭാവന വിദ്യാഭ്യാസ ബിൽ ആണ്. ഇത് വിശദീകരിക്കുമ്പോൾ നിയമത്തിൽ നിന്നും മാറി ചരിത്രത്തിലേക്ക് കടക്കേണ്ടി വരും. വിദ്യാഭ്യാസ ബില്ലിൽ കൊണ്ടു വന്ന പ്രധാനപ്പെട്ട മാറ്റം സ്വകാര്യ മാനേജ്മെന്റിന്റെ കീഴിലുള്ള സ്കൂളുകളിൽ അധ്യാപകർക്ക് നേരിട്ട് ശമ്പളം കൊടുക്കുന്ന വ്യവസ്ഥ ആണ്. സ്കൂളുകളിലെ മാനേജർമാരുടെ അമിതാധികാരം കുറക്കുന്ന നടപടികളും സ്വീകരിച്ചു. അടിസ്ഥാന വിദ്യാഭ്യാസം സൗജന്യമാക്കി എന്നുള്ളതാണ് വേറൊരു കാര്യം.
എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് പെൻഷനും പ്രോവിഡന്റ് ഫണ്ടും ഏർപ്പെടുത്തി. വിപ്ലവകരമായ ഈ തീരുമാനം സെപ്റ്റംബർ 2, 1957ൽ നിയമം ആയി. ഈ സമയം കൊണ്ട് കേരളത്തിൽ വ്യാപകമായ പ്രതിഷേധങ്ങളും അക്രമങ്ങളും അരങ്ങേറി. കത്തോലിക്കാസഭയും എൻ.എസ്.എസും നഖശിഖാന്തം ബില്ലിനെ എതിർത്തു.
സെപ്റ്റംബർ 19ന് ഗവർണർ രാമകൃഷ്ണ റാവു ഈ നിയമം പ്രസിഡന്റ് പരിഗണിക്കണമെന്ന് പറഞ്ഞു അദ്ദേഹത്തിന് കത്തെഴുതി. കേന്ദ്ര ക്യാബിനറ്റ് ഈ സംസ്ഥാന നിയമത്തെ വിശദമായി വിലയിരുത്തി. തുല്യതയും ന്യുനപക്ഷ അവകാശങ്ങളും തിരസ്കരിക്കുന്ന നിയമം ആണെന്ന അഭിപ്രായത്തിൽ നെഹ്രുവിന്റെ ക്യാബിനറ്റ് എത്തി.
ഡിസംബർ 26, 1957 നു പ്രസിഡന്റ് ഈ നിയമം സുപ്രീം കോടതിക്ക് 143ആം അനുച്ഛേദം പ്രകാരം റെഫർ ചെയ്തു (പ്രെസിഡെൻഷ്യൽ റഫറൻസ്). കേന്ദ്രത്തിനു വേണ്ടി അറ്റോർണി ജനറൽ എം.സി. സെതൽവാദും കേരളത്തിന് വേണ്ടി ബ്രിട്ടീഷ് ലേബർ പാർട്ടി അംഗവും ബ്രിട്ടീഷ് പാര്ലമെന്റ് അംഗവും ആയ ഡെനിസ് നോവെൽ പ്രിറ്റും ഹാജരായി. 1958 മേയ് 2 ന് വിധി വന്നു. സർക്കാരിന് ഏറക്കുറെ വിജയം ആയിരുന്നു.
പക്ഷെ 2 വകുപ്പുകൾ സുപ്രീംകോടതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചു- വകുപ്പ് 14ഉം 15ഉം. സ്കൂൾ മിസ്മാനേജ്മെന്റ് ചെയ്താൽ സർക്കാരിന് സ്കൂൾ ഏറ്റെടുക്കാം എന്നുള്ള 14 ആം വകുപ്പും, ഗുണനിലവാരം ഉറപ്പുവരുത്താൻ സർക്കാരിന് സ്കൂൾ ഏറ്റെടുക്കാം എന്ന 15 ആം വകുപ്പും.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ 1958 ഈ ബില് വീണ്ടും പുനഃപരിശോധിക്കപ്പെട്ടു. നിർദേശിച്ച ഭേദഗതികളോടെ 1958 നവംബർ 28 ന് ബില് പാസ്സായി. വിദ്യാഭ്യാസ ബില്ലിന് പിറകെ സമരം ശക്തമായി. കോൺഗ്രസിന് പിന്നാലെ ലീഗും, ആർ.എസ്.പിയും കത്തോലിക്കാ സഭയും എൻ.എസ്.എസും എല്ലാം പ്രക്ഷോഭങ്ങൾക്ക് മുന്നിൽ നിന്ന് പോരാടി.
ആദ്യ ഇ.എം.എസ് മന്ത്രിസഭയുടെ പടിയിറക്കം
ഇതിനിടയിൽ കോൺഗ്രസ് പ്രസിഡന്റ് ആയ ഇന്ദിര ഗാന്ധി സംസ്ഥാനത്തെ സ്ഥിതിവിശേഷം ഗുരുതരമാണെന്ന് അഭിപ്രായപ്പെട്ടു. നിയമ മന്ത്രി വി.ആർ.കൃഷ്ണയ്യർ ഡൽഹിയിൽ പോയി നെഹ്‌റുവിനെ കണ്ടു കാര്യങ്ങൾ ബോധിപ്പിച്ചു. കേരളത്തിലേക്ക് വന്നു സ്ഥിതി വിശേഷങ്ങൾ വിലയിരുത്താൻ ആവശ്യപ്പെട്ടു.
ജൂൺ 22, 1959നു നെഹ്‌റു തിരുവനന്തപുരത്തു വന്നു. ജൂൺ 24ന് മനോരമ ഇംഗ്ലീഷിൽ മുഖപ്രസംഗം പാസ്സാക്കി. അതിനിടയിൽ വേറെയും ദേശീയ നേതാക്കൾ കേരളം സന്ദർശിച്ചു. കെ.എം മുൻഷി, ജയപ്രകാശ് നാരായൺ, വാജ്പേയി എന്നിവർ കേരളത്തിലെത്തി. സർക്കാറിനെ പിരിച്ചു വിടണമെന്ന് കെ.എം.മുൻഷി ആവശ്യപ്പെട്ടു. ബഹുമുഖ സമരങ്ങളും കെ.പി.സി.സി.യിൽ നിന്നുള്ള സമ്മർദ്ദവും എല്ലാം നെഹ്‌റുവിനെയും പിരിച്ചു വിടാനുള്ള തീരുമാനത്തിലെത്തിച്ചു. ജൂലൈ 31 ന് ഭരണഘടനയുടെ 356 ആം അനുച്ഛേദം പ്രകാരം കേരളം സർക്കാരിനെ പ്രസിഡന്റ് പിരിച്ചു വിട്ടു.
ഒരു സർക്കാരിനെ പുറത്താക്കാൻ എല്ലാ വിധേനയും പ്രയത്നിച്ചു അവസാനം വിജയം കൈവരിച്ചപ്പോളും വിദ്യാഭ്യാസ നിയമം കാലങ്ങൾക്കിപ്പുറവും നിലനിന്നു. വിദ്യാഭ്യാസ മേഖലയെ ജനകീയവൽക്കരിച്ചു അടിസ്ഥാന വിദ്യഭ്യാസം എല്ലാ കുട്ടികൾക്കും ഉറപ്പാക്കിയപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും നല്ല ടാലെന്റ് പൂൾ ആയി കേരളം മാറി.
അന്നത്തെ സർക്കാരിനെ താഴെയിറക്കാൻ പരിശ്രമിച്ച ആളുകളാണ് അന്നുണ്ടാക്കിയ നേട്ടങ്ങൾ കാണാതെ നടിക്കുന്നതും ആ നേട്ടങ്ങളെ രാജഭരണകാലത്തിന്റെ സംഭാവനകൾ ആണെന്ന് പറയുന്നതും. അവർ ചെയ്യുന്നത് കണ്ണടച്ച് ഇരുട്ടാക്കൽ ആണ്. കാലഘട്ടങ്ങൾക്കിപ്പുറം നമുക്ക് ഉറപ്പായും പറയാം കേരളം കൈവരിച്ചിട്ടുള്ള മാനവവിഭവശേഷി വികസനത്തിലും സാക്ഷരതാ നേട്ടങ്ങളിലും ആദ്യ സർക്കാരിന്റെ കയ്യൊപ്പുണ്ടായിരുന്നു എന്ന്.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS