
ന്യൂഡൽഹി: രാജ്യത്ത് അവസാന 24 മണിക്കൂറിൽ കൊവിഡ് സ്ഥിരീകരിച്ചത് 85,362 പേർക്കെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്നു രാവിലെ എട്ടിനു പുതുക്കിയ കണക്കനുസരിച്ച് ഇന്ത്യയിലെ മൊത്തം കൊവിഡ്ബാധിതർ 59,03,932 ആയിട്ടുണ്ട്. 1,089 പേർ കൂടി മരിച്ചു. ഇതോടെ ഇതുവരെയുള്ള മരണസംഖ്യ 93,379 ആയി. 48.49 ലക്ഷം പേർ രോഗമുക്തരായിട്ടുണ്ട്. ഇപ്പോൾ ചികിത്സയിലുള്ളത് 9,60,969 പേരാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
17,794 പുതിയ കേസുകൾ കൂടി കണ്ടെത്തിയ മഹാരാഷ്ട്രയിൽ മൊത്തം വൈറസ്ബാധിതർ 13 ലക്ഷം പിന്നിട്ടു. 416 പേരാണ് സംസ്ഥാനത്ത് ഇന്നലെ മരിച്ചത്. സംസ്ഥാനത്തെ മരണസംഖ്യ ഇതോടെ 34,761 ആയിട്ടുണ്ട്. അവസാന 24 മണിക്കൂറിൽ രാജ്യത്തു രേഖപ്പെടുത്തിയ കൊവിഡ് മരണങ്ങളിൽ 38 ശതമാനവും മഹാരാഷ്ട്രയിലാണ്. മൊത്തം മരണസംഖ്യയിൽ 37 ശതമാനവും സംസ്ഥാനത്തു തന്നെ. 9.92 ലക്ഷത്തിലേറെ പേർ രോഗമുക്തരായ മഹാരാഷ്ട്രയിൽ ഇപ്പോൾ ചികിത്സയിലുള്ളത് 2.72 ലക്ഷത്തിലേറെ പേരാണ്.
7073 പുതിയ കേസുകൾ കൂടി കണ്ടെത്തിയ ആന്ധ്രയിൽ 6.61 ലക്ഷത്തിലേറെയാണു മൊത്തം രോഗബാധിതർ. മരണസംഖ്യ 5,606. തമിഴ്നാട്ടിലെ മൊത്തം കൊവിഡ് കേസുകൾ 5.69 ലക്ഷത്തിലെത്തിയിട്ടുണ്ട്. ഇതിൽ 5.13 ലക്ഷം പേരും രോഗമുക്തി നേടി. 9,148 പേരാണു തമിഴകത്ത് ഇതുവരെ വൈറസ്ബാധിച്ചു മരിച്ചത്.
കർണാടകയിൽ 8,655 പുതിയ കേസുകൾ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഇതുവരെയുള്ള കൊവിഡ് കേസുകൾ 5.57 ലക്ഷത്തിലെത്തി. മരണസംഖ്യ 8,417. ഇരുപത്തിനാലു മണിക്കൂറിനിടെ 86 പേർ കൂടിയാണു സംസ്ഥാനത്തു മരിച്ചത്. അറുപതിനായിരത്തോളം സാംപിളുകൾ ഇന്നലെ കർണാടകയിൽ പരിശോധിച്ചു 98,474 ആക്റ്റിവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.
ഉത്തർപ്രദേശിൽ 3.84 ലക്ഷവും ഡൽഹിയിൽ 2.64 ലക്ഷവും പശ്ചിമ ബംഗാളിൽ 2.41 ലക്ഷവും രോഗബാധിതരാണ് ഇതുവരെയുള്ളത്. യുപിയിലെ മരണസംഖ്യ 5450ൽ എത്തിയിട്ടുണ്ട്. ഡൽഹിയിൽ 5147 പേരും പശ്ചിമ ബംഗാളിൽ 4,665 പേരും മരിച്ചു. ഒഡിശയിൽ മൊത്തം കേസുകൾ രണ്ടുലക്ഷം കടന്നിട്ടുണ്ട്. ഇതിൽ 1.61 ലക്ഷം പേരും രോഗമുക്തരായി.
Content Highlight : covid-19 update of India