SocialWorld

ജൂൺ 20: ലോക അഭയാർത്ഥി ദിനം

എം. ടി മനാഫ്

യുദ്ധങ്ങൾ കലാപങ്ങൾ വംശീയത വർഗ്ഗീയത പ്രകൃതിദുരന്തങ്ങൾ വികസനം… തങ്ങളുടേതല്ലാത്ത പല പല കാരണങ്ങളാൽ തെരുവിലേക്കെറിയപ്പെടുന്ന പാവം മനുഷ്യരെ ആലങ്കാരികമായി നാം വിളിക്കുന്ന പേര്, അഭയാർത്ഥികൾ!.

ലോകത്ത് ഓരോ രണ്ട് സെക്കന്റിലും ഒരാൾ ഇപ്രകാരം അപരവൽക്കരിക്കപ്പെടുന്നു എന്നാണ് കണക്ക്. നിലവിൽ ലോകത്ത് ആട്ടിപ്പുറത്താക്കപ്പെട്ട മനുഷ്യരുടെ എണ്ണം ഏതാണ്ട് 70 മില്ല്യനു മുകളിൽ വരും. ഇവരിൽ 35 ശതമാനവും അഭയാർത്ഥികളാണ്! ഇതിൽ പകുതിയും 18 വയസ്സിനു താഴെയുള്ള കുട്ടികളും നല്ലൊരു ശതമാനം സ്ത്രീകളും. നാടും വീടും കുടുംബവും വിട്ടുപോകേണ്ടിവരുന്ന മനുഷ്യര്‍ക്ക് മുന്നില്‍ ദേശങ്ങളും അതിര്‍ത്തികളും വാതിലുകള്‍ കൊട്ടിയടക്കുകയാണ്.

സാമ്രാജ്യത്വത്തിന്റെ കടന്നുകയറ്റമാണ് ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹങ്ങള്‍ക്ക് കാരണമായിട്ടുള്ളത്. വടക്കു-പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് 2001ന് ശേഷം വൻതോതിൽ അഭയാർത്ഥി പ്രവാഹമുണ്ടായിട്ടുള്ളത്. ഇറാഖ്, സിറിയ, ലബനന്‍ തുടങ്ങിയ രാജ്യങ്ങള്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ തകര്‍ന്ന് നാമാവശേഷമായിക്കഴിഞ്ഞു. ദശലക്ഷക്കണക്കിന് മനുഷ്യർക്ക് ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ അതിലേറെ പേർ ജീവന്‍ കയ്യില്‍ പിടിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

ഇസ്രയേല്‍-ഫലസ്തീന്‍ പ്രശ്നം, ആഫ്രിക്കന്‍ രാജ്യങ്ങളിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ അന്തച്ഛിദ്രവും ലഹരിമാഫിയകളുടെ അഴിഞ്ഞാട്ടവും, അഫ്ഗാനിലെ യു എസ് അധിനിവേശം, ഗള്‍ഫ് യുദ്ധങ്ങള്‍, ഐസിസ് പോലെയുള്ള ഭീകര സംഘങ്ങൾ ഉണ്ടാക്കുന്ന ആക്രമണ പ്രത്യാക്രമണങ്ങള്‍, തെക്കുകിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷങ്ങള്‍, മ്യാന്‍മറിലെ റോഹിംഗ്യകള്‍ക്ക് നേരെയുള്ള ആക്രമണവും വിവേചനവും, ശ്രീലങ്കന്‍ പ്രശ്‌നം… ഈ പട്ടിക നീണ്ടതാണ്.

2015 സെപ്ത 2 ന് തുർക്കിയിലെ ഏജിയൻ കടൽത്തീരത്ത് ശാന്തമായ ഉറക്കത്തിലെന്ന പോലെ മുഖം കുത്തിക്കിടന്ന മൂന്നു വയസ്സുകാരൻ ഐലന്‍ കുര്‍ദിയെ നാം മറക്കില്ല. സിറിയയില്‍ നിന്ന് ഏജിയന്‍ കടല്‍ വഴി തുര്‍ക്കിയിലേക്കും ഗ്രീസിലേക്കും അഭയാര്‍ത്ഥികളെ രക്ഷപെടാൻ സഹായിക്കുന്ന അനധികൃത ബോട്ടുകളുണ്ട്. ജീവൻ കയ്യിൽ പിടിച്ചുള്ള യാത്രയാണത്. അപ്രകാരം പ്രാണനും കൊണ്ട് യുറോപ്പിലേക്കെത്താൻ ശ്രമിച്ച സിറിയൻ അഭയാർത്ഥി കുടുംബമായിരുന്നു ഐലന്റേത്. പക്ഷെ ബോട്ടു മുങ്ങി. നിരവധി ജീവനുകൾ ആഴക്കടലിൽ താണു. അവരുടെ മൃത്യുവിന് ആകാശവും സാഗരവും മാത്രം സാക്ഷിയായി!.

ഇങ്ങിനെ എത്രയെത്ര മനുഷ്യർ. യുദ്ധത്തിലും ആഭ്യന്തര കലഹത്തിലും പെട്ട് രാജ്യം വിട്ടോടുന്ന മനുഷ്യരുടെ ദുരന്തചിത്രമായി ചരിത്രമുള്ളിടത്തോളം ഐലന്‍ കുര്‍ദി ലോക മനസാക്ഷിയുടെ കോണിൽ ഒരു നെരിപ്പോടായി നീറി നിൽക്കുക തന്നെ ചെയ്യും.

2016ൽ റിയോ-ഡി-ജനീറോയിലെ വിശ്വപ്രസിദ്ധമായ മാരക്കാന സ്റ്റേഡിയത്തിലെ ഒളിമ്പിക്‌സ് മത്സരത്തിൽ 206 രാജ്യങ്ങളില്‍ നിന്നുള്ള അത്‌ലറ്റുകള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റോടെ തുടങ്ങിയപ്പോള്‍ സ്‌റ്റേഡിയം ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു വരവേറ്റത് പത്തുപേരടങ്ങിയ ചെറിയൊരു ടീമിനെയായിരുന്നു. യുസ്ര മര്‍ദ്ദീനി എന്ന പതിനെട്ടുകാരിയാണ് ആ ടീമിന് വേണ്ടി പതാകയേന്തിയിരുന്നത്. മറ്റ് ടീമുകളില്‍ നിന്ന് വ്യത്യസ്തമായി അവര്‍ പിടിച്ചിരുന്നത് അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയുടെ ഔദ്യോഗിക പതാകയായിരുന്നു.

സിറിയ, കോംഗോ, എത്യോപ്യ, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ആ പത്തുപേരുടെ ടീം അറിയപ്പെട്ടത് ‘REFUGEE TEAM’ എന്നായിരുന്നു. പിറന്ന മണ്ണുപേക്ഷിക്കേണ്ടി വന്ന നാല്‍പ്പത്തിമൂന്ന് കായികതാരങ്ങളെ വിവിധ രാജ്യങ്ങളില്‍ നിന്ന് കണ്ടെത്തി അവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി യോഗ്യരായ പത്തുപേരെയാണ് മത്സരിക്കാന്‍ ഒളിമ്പിക്‌സ് കമ്മിറ്റി ബ്രസീലിലേക്കയച്ചത്. തീർത്തും ചരിത്രനിയോഗം.

സിറിയയില്‍ നിന്നും രക്ഷപ്പെട്ട് കടല്‍ കടക്കുന്നതിനിടെ കരയെത്തും മുൻപ് ബോട്ട് മുങ്ങിയപ്പോള്‍ നീന്തല്‍താരമായ യുസ്ര തന്റെ സഹോദരിയെ തോളിലേറ്റി നീന്തി കര പറ്റുകയായിരുന്നു. ഒളിമ്പിക്‌സില്‍ മത്സരിച്ച ആ പത്തുപേര്‍ക്കും പറയാന്‍ കണ്ണീര്‍ കഥകള്‍ മാത്രമാണുണ്ടായിരുന്നത്. ‘’ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്” എന്ന് ലോകം ഒന്നടങ്കം അവരോട് പറഞ്ഞു. അന്ന് ആ അഭയാര്‍ത്ഥി താരങ്ങളോട് മാരക്കാനയിലെ ലക്ഷക്കണക്കിനാളുകള്‍ വിളിച്ചുപറഞ്ഞത് ഈ അഭയാർത്ഥി ദിനത്തിൽ നാം വീണ്ടും ഉറക്കെ പറയേണ്ടതുണ്ട്.

ഭൂപടത്തിലും മനസ്സകത്തും നാം കെട്ടി ഉയർത്തിയിട്ടുള്ള മതിലുകൾ തകരണം. മരിച്ചൊടുങ്ങുന്ന അഭയാർഥികളുടെ വാർത്തകൾക്കും ചിത്രങ്ങൾക്കും ചാരെ ചന്ദനത്തിരി പുകച്ച് സഹതപിക്കുന്നതിലല്ല, ജീവിച്ചിരിക്കുന്ന മനുഷ്യരോടുള്ള നമ്മുടെ സമീപനത്തിൽ എന്തു മാറ്റം എന്നതാണ് കാതലായ ചോദ്യം.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x