കേരളാ പോലീസ് മുസ്ലിംകളോട് പക്ഷപാതപരമായി പെരുമാറുന്നു എന്ന് സമസ്ത ഉൾപ്പെടെയുള്ള പണ്ഡിത സംഘടനകൾ പറയുകയും പത്രങ്ങൾ എഡിറ്റോറിയലുകൾ എഴുതുകയും വരെ ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിയിട്ടും കാര്യങ്ങളിൽ ഒരു മാറ്റവും ഉണ്ടാകുന്നില്ല.
പോലീസിനോ സർക്കാരിനോ ഒരു വിധ അലോസരവുമില്ല. എന്തു കൊണ്ടാണിങ്ങനെ…?
28 ശതമാനം വരുന്ന ഒരു ജനവിഭാഗത്തിനെതിരെ പച്ചയായ നീതികേട് കാണിക്കുകയും ആരൊക്കെ ചൂണ്ടിക്കാണിച്ചിട്ടും ഒരു മാറ്റവുമില്ലാതെ തുടരുന്നത് എന്ത് കൊണ്ടാണ്..?
ഉത്തരം സംഘപരിവാർ കാലങ്ങളായി പറയുന്നുണ്ട്, കേരളത്തെ അസ്ഥിരപ്പെടുത്തുക. രാഷ്ട്രപതി ഭരണം കൊണ്ടു വരിക. മുസ്ലിം ഭൂരിപക്ഷ സംസ്ഥാനങ്ങളായ കാശ്മീരിലും അസമിലും പിടിമുറുക്കിയ ഫാസിസം കേരളത്തെ പണ്ടേ കണ്ണുവെച്ചതാണ് അവരുടെ നേതാക്കൾ അത് നിരന്തരം പറഞ്ഞിട്ടുണ്ട്.
ഒരു ജന വിഭാഗത്തിതെതിരെ പരസ്യമായ നീതി നിഷേധമുണ്ടായാൽ, അതാവർത്തിച്ചു കൊണ്ടിരുന്നാൽ അവരിൽ ആശങ്കയും പ്രതിഷേധവും അസംതൃപ്തിയും വർദ്ധിക്കും.
അവരിൽ ചിലരെങ്കിലും നിയമം കയ്യിലെടുക്കാൻ ശ്രമിക്കും, അതോടെ ഹിന്ദുത്വയുടെ പരിശീലനം ലഭിച്ച അസിമാനന്ദമാർ കളത്തിലിറങ്ങും, സ്ഫോടനങ്ങൾ നടത്തും, ഉത്തരവാദിത്തം മുസ്ലിംകളുടെ തലയിൽ കെട്ടിവെക്കും.
ജാര സന്തതികളായ കേരളാ മുജാഹിദിനും മലബാർ മുജാഹിദീനും മലപ്പുറം മുജാഹിദിനുകളും പ്രത്യക്ഷപ്പെടും. വർഗീയത തഴച്ചു വളരും. സംസ്ഥാനത്ത് ക്രമസമാധാനം തകർന്നു എന്ന് ദേശീയ മാധ്യമങ്ങളും സംസ്ഥാന മാധ്യമങ്ങളും പ്രചരിപ്പിക്കും.
രാഷ്ട്രപതി ഭരണത്തിലേക്ക് സംസ്ഥാനം പോകും.
ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുക എന്ന സംഘപരിവാർ അജണ്ടക്ക് ഭീഷണിയായി നിൽക്കുന്ന ജനവിഭാഗങ്ങളെയും പ്രദേശങ്ങളെയും അസ്ഥിരപ്പെടുത്തുക എന്ന അജണ്ട പതിറ്റാണ്ടുകളായി ഫാസിസം തുടർന്നു വരുന്നുണ്ട്, അതിനെ സൂക്ഷ്മമായി മനസ്സിലാക്കിയിട്ടില്ലെങ്കിൽ ഇതൊന്നും ഒരു കാലത്തും നടക്കാൻ പോകുന്നില്ല, ഇത് കേരളമാണ് എന്ന് നിങ്ങളുടെ മനസ്സ് പറഞ്ഞു കൊണ്ടിരിക്കും.
സർക്കാരിനെ ഇനിയും പ്രതീക്ഷിക്കേണ്ടതില്ല. ഇവിടെ ഒരു ആഭ്യന്തര മന്ത്രിയുണ്ടോ..? തില്ലങ്കേരിയാണോ ആഭ്യന്തര മന്ത്രി എന്നൊക്കെ നമ്മൾ ആവർത്തിച്ചു ചോദിക്കുമ്പോൾ മാടമ്പള്ളിയിലെ യഥാർത്ഥ രോഗി ഊറിച്ചിരിക്കുകയാണ്.
കാൽ നൂറ്റാണ്ടു കാലം CPM പോലൊരു പാർട്ടിയെ ഉള്ളം കയ്യിലിട്ട് അമ്മാനമാടിയ മനുഷ്യനെയാണ് കഴിവില്ലാത്തവൻ എന്നു വിളിക്കുന്നത്..! അയാൾ കഴിവില്ലാത്തവനല്ല, നമ്മൾ കണ്ടു കൊണ്ടിരിക്കുന്നതിന്റെയെല്ലാം പരികർമ്മിയാണ്.
പാർട്ടിയിലും മന്ത്രി സഭയിലും അവസാന വാക്കായി നില കൊള്ളുന്ന ആ മനുഷ്യന് പോലീസിൽ മാത്രം പിടിപാടില്ലെന്ന് പറയുന്നത് ശുദ്ധ ഭോഷ്കാണ്. പിണറായി വിജയൻ ഒന്നുകിൽ സംഘപരിവാർ ഭീഷണിയുടെ നിഴലിലാണ് അല്ലെങ്കിൽ പർച്ചേസ്ഡ് ആണ്. എന്തായിരുന്നു സത്യമെന്ന് കാലം നമ്മോട് പറയും.
കണ്ണടച്ച് പോലിസിനെ തെറി വിളിച്ചിട്ട് കാര്യമില്ല, ഭൂരിപക്ഷം പോലീസുകാരും നിസ്സഹായരാണ്. കേന്ദ്രത്തിൽ പിടിയുള്ള പോലീസിലെ സംഘ പരിവാർ ഫ്രാക്ഷനാണ് ഈ ഓപറേഷന് പിന്നിൽ. അതിനെ എങ്ങനെ നേരിടണമെന്ന് കേരളം ആലോചിക്കേണ്ടതുണ്ട്. പ്രതിപക്ഷ നേതാവ് V D Satheesan രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിച്ച് ചേർക്കണം. കക്ഷി രാഷ്ട്രീയത്തിനതീതമായ ആലോചന വേണം.
കേരളം എന്ന ചുമരുണ്ടെങ്കിലേ നിങ്ങൾക്കൊക്കെ ചിത്രം വരക്കാൻ കഴിയൂ.
മുസ്ലിം സമുദായ നേതാക്കൾ ദീർഘ ദൃഷ്ടിയോടെ കാര്യങ്ങൾ മനസ്സിലാക്കണം. അസംതൃപ്തരായ മുസ്ലിം യുവാക്കളെ സൃഷ്ടിക്കുക എന്ന കെണിയിൽ വീഴാതിരിക്കാൻ എന്ത് ചെയ്യണമെന്ന് കൂടിയിരുന്നാലോചിക്കണം.
പത്ര സമ്മേളനങ്ങൾ നടത്തി പിരിഞ്ഞാൽ പരിഹാരമാവില്ല. മുസ്ലിം സമുദായത്തോടും കേരളത്തോടുമുള്ള ബാധ്യത നിർവഹിക്കണം. പൊതു സമൂഹം, അതായത് നമ്മളോരോരുത്തരും നിതാന്ത ജാഗ്രത പുലർത്തേണ്ട കാലമാണിത്.
കേരളത്തെ കൊലക്ക് കൊടുക്കരുത്. അറബിക്കടലിനും സഹ്യനുമിടയിൽ നീണ്ടു കിടക്കുന്ന ഇത്തിരി മണ്ണല്ല കേരളം, കേരളമെന്നാൽ നമ്മളാണ്.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS