എൻ്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.
കഴിഞ്ഞ രണ്ടു വർഷമായി നീതീകരണമില്ലാത്ത മാധ്യമവേട്ടക്ക് ഇരയാകുന്ന പൊതുപ്രവർത്തകനാണ് ഞാൻ. കട്ടതിൻ്റെ പേരിലോ അഴിമതി നടത്തിയതിൻ്റെ പേരിലോ നയാപൈസയുടെ അവിഹിത സമ്പാദ്യം ഉണ്ടാക്കിയതിൻ്റെ പേരിലോ അന്യൻ്റെ പത്തുപൈസ അന്യായമായി വയറ്റിലാക്കിയതിൻ്റെ പേരിലോ പൊതുഖജനാവിന് ഒരു രൂപ നഷ്ടം വരുത്തിയതിൻ്റെ പേരിലോ ആർഭാട ജീവിതം നയിച്ചതിൻ്റെ പേരിലോ കള്ളപ്പണം സൂക്ഷിച്ചതിൻ്റെ പേരിലോ ‘ഇഞ്ചികൃഷി’ നടത്തി ധനസമ്പാദനം നടത്തിയതിൻ്റെ പേരിലോ ആരുടെയെങ്കിലും ഓശാരം പറ്റി വീടും കാറും മറ്റു സൗകര്യങ്ങളും അനുഭവിച്ചതിൻ്റെ പേരിലോ ദേശദ്രോഹ പ്രവർത്തനം നടത്തിയതിൻ്റെ പേരിലോ തൊഴിൽ നൽകാമെന്ന് പ്രലോഭിപ്പിച്ച് ഡൽഹിയിൽ കൊണ്ടുപോയി ആരെയെങ്കിലും ചൂഷണം ചെയ്തതിൻ്റെ പേരിലോ സുനാമി- ഗുജറാത്ത്-കത്വ- പ്രളയ ഫണ്ടുകൾ പിരിച്ച് മുക്കിയതിൻ്റെ പേരിലോ പാലാരിവട്ടം പാലം പണിയാൻ നീക്കിവെച്ച കോടികൾ അണ്ണാക്ക് തൊടാതെ വിഴുങ്ങിയതിൻ്റെ പേരിലോ സ്വന്തം മകന് സിവിൽ സർവീസ് പരീക്ഷക്ക് മുഖാമുഖത്തിൽ എഴുത്തു പരീക്ഷയിലെ ഒന്നാം റാങ്കുകാരനേക്കാൾ മാർക്ക് ഒപ്പിച്ചു കൊടുത്തതിൻ്റെ പേരിലോ ആയിരുന്നില്ല നിരന്തരമായ, മാപ്പർഹിക്കാത്ത ഈ വേട്ടയാടലുകൾ.
ലവലേശം തെറ്റു ചെയ്തില്ലെന്ന ഉറച്ച ബോധ്യമാണ് വലതുപക്ഷത്തിൻ്റെയും മാധ്യമപ്പടയുടെയും ആക്രമണങ്ങളുടെ പത്മവ്യൂഹത്തിലും അണുമണിത്തൂക്കം കൂസാതെ പിടിച്ചു നിൽക്കാൻ ഈയുള്ളവന് കരുത്തായത്. മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ അരിച്ച് പെറുക്കി പരിശോധിച്ചിട്ടും തെറ്റിൻ്റെ ഒരു തുമ്പും കണ്ടെത്താനാകാതിരുന്നത് പൊതു ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായിട്ടാണ് ഞാൻ കാണുന്നത്. മാധ്യമ അന്വേഷണ സംഘങ്ങൾ ഉൾപ്പടെ ഏത് അന്വേഷണ ഏജൻസികൾക്കും ഇനിയും ആയിരം വട്ടം എൻ്റെ വീട്ടിലേക്ക് സ്വാഗതം. ഇത് വെറുംവാക്കല്ല, ഉള്ളിൽ തട്ടിയുള്ള പറച്ചിലാണ്.
ലീഗും കോൺഗ്രസ്സും മാധ്യമ സിൻഡിക്കേറ്റും തൊടുത്തുവിട്ട ശരവ്യൂഹം ഫലിക്കാതെ വന്നപ്പോൾ ഉണ്ടായ ജാള്യം മറച്ചുവെക്കാൻ കച്ചിത്തുരുമ്പ് തേടി നടന്നവർക്ക് ‘സകറാത്തിൻ്റെ ഹാലിൽ’ (മരണത്തിന് തൊട്ടുമുൻപ്) കിട്ടിയ ഒരേയൊരു പിടിവള്ളിയായിരുന്നു ഒരു വർഷത്തെ ഡെപ്യൂട്ടേഷൻ നിയമനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ സംഭവിച്ചതായി അവർ കണ്ടെത്തിയ ബഹുമാനപ്പെട്ട ലോകായുക്തയുടെ ചില പരാമർശങ്ങൾ.
യെസ്…Posted by PK Firos on Tuesday, April 13, 2021
അതുവെച്ചാണ് രണ്ടുമൂന്നു ദിവസങ്ങളായി മുസ്ലിംലീഗും കോൺഗ്രസ്സും വലതുപക്ഷ മാധ്യമ സേനയും ”കിട്ടിപ്പോയ്” എന്ന മട്ടിൽ തൃശൂർ പൂരത്തെ വെല്ലുന്ന വെടിക്കെട്ടുകൾക്ക് തിരികൊളുത്തിയിരിക്കുന്നത്. പ്രസ്തുത വിധി ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ പരിഗണനക്ക് വരുന്ന സാഹചര്യത്തിലാണ് തത്സംബന്ധമായ വിഷയത്തിലെ വിധിക്ക് കാത്ത് നിൽക്കാതെ രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിച്ച് രാജിക്കത്ത് ബഹുമാനപ്പെട്ട മുഖ്യമന്തിക്ക് ഇന്ന് ഉച്ചക്ക് 12 മണിക്ക് കൈമാറിയത്. “ജലീൽവേട്ടക്ക്” തൽക്കാലത്തേക്കെങ്കിലും ഇതോടെ ശമനമാകുമെന്ന് പ്രതീക്ഷിക്കാം.
ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്ന സമുദായ രാഷ്ട്രീയത്തിൻ്റെയും ചീഞ്ഞമുട്ട കണക്കെ കെട്ടുനാറുന്ന മത രാഷ്ട്ര വർഗീയ തത്വശാസ്ത്ര പ്രചാരകരുടെയും കുൽസിത തന്ത്രങ്ങൾക്കെതിരെയുള്ള പോരാട്ടം മേലിലും തുടർന്നുകൊണ്ടേയിരിക്കും. വലതുപക്ഷവും മാധ്യമപ്പടയുമുൾപ്പെടെ അങ്കത്തട്ടിൽ നിലയുറപ്പിച്ച ഇടതുപക്ഷ വിരുദ്ധ മഹാസഖ്യത്തിന് എന്നെ കൊല്ലാൻ കഴിഞ്ഞേക്കാം; തോൽപ്പിക്കാൻ കഴിയില്ല. ഇവിടെത്തന്നെയുണ്ടാകും. നല്ല ഉറപ്പോടെ.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS