Art & LiteratureFeature

മഖ്ദൂം മുഹ്‌യുദ്ദീൻ: അടിമത്തത്തിന്റെ ഇരുളുകളെ കവിത കൊണ്ട് വെട്ടിമാറ്റിയ പുതുയുഗ ഖനകൻ

ഓർമ/ഷബീർ രാരങ്ങോത്ത്

‘ഡെക്കനിന്റെ ശ്രേഷ്ഠ പുത്രൻ. പ്രണയത്തിന്റെയും പ്രയത്നത്തിൻ്റെയും കവി. പുതു യുഗത്തിന്റെ ഖനകൻ. ഷീറീനോടുള്ള പ്രണയത്താൽ മൺവെട്ടി കൊണ്ട് ഫർഹത് പർവതം മുറിച്ച പോലെ അദ്ദേഹം അടിമത്തത്തിന്റെ ഇരുണ്ട രാത്രികളുടെ പർവങ്ങളെ മുറിച്ചു മാറ്റി, കവിതയായിരുന്നു അദ്ദേഹത്തിന്റെ മൺവെട്ടി ’1991 ൽ ഉർദുവിലെ അതികായൻ അലി സർദാർ ജാഫ്രി ഉർദുവിലെ മഹാനായ കവി മഖ്ദൂം മുഹ്‌യുദ്ദീനെ പരിചയപ്പെടുത്തുന്നതിങ്ങനെയാണ്‌.

ഉള്ളിലും പുറത്തും തീ കൊണ്ടു നടന്ന കവി. കവിതകളിൽ മാത്രമൊതുങ്ങുന്ന തീയായിരുന്നില്ല അദ്ദേഹത്തിന്റേത്. അധസ്ഥിതന്റെ വേദന അദ്ദേഹത്തിന്റേതു കൂടിയായിരുന്നു. അനീതിക്കെതിരെ സായുധ പോരാട്ടങ്ങൾക്കു പോലും അദ്ദേഹം മുതിർന്നിട്ടുണ്ട്. രാഷ്ട്രീയ രംഗത്ത് തീപ്പൊരിയായിരിക്കെ, അതിന്‌ ബലം നല്കുന്ന കവിതകൾ അദ്ദേഹത്തിൽ നിന്ന് ജനിച്ചു കൊണ്ടേയിരുന്നു. കവിതകളിൽ ഒരേ സമയം അഗ്നിയും മഞ്ഞു മുണ്ടായിരുന്നു.

‘മഖ്ദൂം ആളിക്കത്തുന്ന നാളമാണ്‌, ഒപ്പം തണുത്ത മഞ്ഞു തുള്ളിയും അദ്ദേഹം വിപ്ലവത്തിന്റെ കാഹളമായിരുന്നു, ഒപ്പം കാല്ച്ചിലമ്പിന്റെ നാദവും അറിവും പ്രവൃത്തിയും വിവേകവുമായിരുന്നു അദ്ദേഹം വിപ്ലവപ്പോരിന്റെ തോക്കായിരുന്നു, സംഗീതജ്ഞന്റെ സിതാറും വെടി മരുന്നിന്റെ മണവും മുല്ലപ്പൂവിന്റെ സൗരഭ്യവുമായിരുന്നു’ മഖ്ദൂം മൊഹ്യുദ്ദീനെ ഖാജ അഹമ്മദ് നവാസ് അടയാളപ്പെടുത്തുന്നതിങ്ങനെയാണ്‌.

അദ്ദേഹത്തിന്റെ കവിതകളും ജീവിതവും നിരീക്ഷിക്കുന്നവർക്ക് ഇത് സത്യമാണെന്ന് ബോധ്യമാവുകയും ചെയ്യും. 1908 ഫെബ്രുവരി 4 ന്‌ തെലങ്കാന പ്രവിശ്യയിലെ മെഡാക് ജില്ലയിൽ ഒരു ദരിദ്ര കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. അബു സയ്യിദ് മുഹമ്മദ് മഖ്ദൂം മുഹ്‌യുദ്ദീൻ ഖാദ്‌രി എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർഥ പേര്‌. ദാരിദ്ര്യത്തിന്റെ അവസ്ഥാന്തരങ്ങൾ അദ്ദേഹത്തിന്‌ മറ്റൊരാളുടെ വിവരണങ്ങളിൽ നിന്ന് മനസിലാക്കേണ്ടതുണ്ടായിരുന്നില്ല. സ്വയം അദ്ദേഹം അത് മനസിലാക്കിയതാണ്‌. തന്റെ അഞ്ചാം വയസിൽ തന്നെ അദ്ദേഹത്തിന്‌ അനാഥത്വത്തിന്റെ നോവ് പേറേണ്ടി വന്നിരുന്നു.

പിന്നീടുള്ള ജീവിതം നാട്ടുമ്പുറത്തെ പള്ളി കഴുകിയും അഗതികളെ സല്ക്കരിച്ചുമൊക്കെയായിരുന്നു. അതിനിടയിലും അദ്ദേഹം വിദ്യാഭ്യാസത്തിനുള്ള വഴികൾ തേടിയിരുന്നു. അമ്മാവനോടൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അമ്മാവനാകട്ടെ ജോലി ആവശ്യാർഥം ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് ചേക്കേറുകയും ചെയ്തു.

ഓരോ മാറ്റവും മഖ്ദൂമിന്‌ പുതിയ വിദ്യാലയ പ്രവേശം കൂടിയായിരുന്നു. ഈ യാത്രകൾ ഗ്രാമീണരുടെ കഷ്ടതകളെ അടുത്തറിയാൻ അദ്ദേഹത്തിന്‌ വക നല്കി. കർഷകർ ജന്മിമാർക്കും നൈസാമിന്റെ സ്വന്തക്കാർക്കും അന്ന് സൗജന്യ സേവനം നല്കേണ്ടിയിരുന്നു. കടം വാങ്ങുന്ന സംഖ്യയാവട്ടെ തിരിച്ചു കൊടുക്കാൻ കഴിയുകയുമില്ല. അല്പമെങ്കിലും ഭൂമിയുള്ളവർക്ക് ആ ഭൂമി അങ്ങനെയും പോയിക്കിട്ടും. പിന്നീട് ഈ കുടുംബം വെറും കൂലിപ്പണിക്കാർ എന്ന നിലയിലേക്ക് മാറും.

ഗ്രാമീണരോടൊത്തുള്ള ജീവിതവും അമ്മാവൻ നല്കിയ രാഷ്ട്രീയ പാഠങ്ങളുമാണ്‌ അദ്ദേഹത്തെ രാഷ്ട്രീയ ബോധത്തിലേക്ക് വഴി കാണിക്കുന്നത്. തന്റെ ഇരുപതാം വയസിലാണ്‌ അദ്ദേഹം ഹൈദരാബാദിലേക്ക് ചേക്കേറുന്നത്. ലോകത്ത് ഫാസിസം പിടിമുറുക്കിയ കാലമായിരുന്നു അത്. അബ്സീനിയയിലേക്കുള്ള ഇറ്റാലിയൻ ഫാസിസ്റ്റ് അധിനിവേശം അദ്ദേഹത്തെ വല്ലാതെ അസ്വസ്ഥപ്പെടുത്തി. ആ സാഹചര്യത്തിലാണ്‌ അദ്ദേഹത്തിന്റെ ആദ്യ ആന്റി ഫാസിസ്റ്റ് കവിത ജനിക്കുന്നത്.

1930 കളിൽ അദ്ദേഹം ‘ദി കൊമ്രേഡ്സ്’ എന്ന സംഘടനയിൽ അംഗമായി. അത് അദ്ദേഹത്തിനുള്ളിലെ വിപ്ലവ ബോധത്തെ ഉയർത്തി വിടാൻ കാരണമായി. കമ്യൂണിസ്റ്റ് ആശയങ്ങളോടായിരുന്നു അദ്ദേഹത്തിന്‌ കൂടുതൽ താല്പര്യം. ലോകത്ത് നടക്കുന്ന അനീതികളെ നന്നായി വീക്ഷിക്കുകയും പ്രതികരണമായി കവിതകൾ കുറിക്കുകയും അദ്ദേഹത്തിന്റെ പതിവായിരുന്നു.

ഇതിനിടെ 1934 ൽ സിറ്റി കോളേജിൽ അദ്ദേഹം അധ്യാപകനായി ചേർന്നു. 1941 ജൂൺ 22 ന്‌ ഹിറ്റ്ലർ സോഫിയറ്റ് യൂണിയനിലേക്ക് അധിനിവേശം നടത്തിയതിനെത്തുടർന്ന് അദ്ദേഹം ആ ജോലി രാജിവെക്കുകയും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ( സി പി ഐ) മുഴുസമയ പ്രവർത്തനങ്ങൾക്കായി ഒരുങ്ങുകയും ചെയ്തു. അദ്ദേഹവും രവി നാരായൺ റെഡ്ഡിയും ചേർന്നാണ്‌ ഹൈദരാബാദിൽ സി പി ഐ യൂണിറ്റ് സ്ഥാപിക്കുന്നത്.

പിന്നീട് വിപ്ലവ ചിന്തകളുടെ നാളുകളായിരുന്നു അദ്ദേഹത്തിന്‌. 1941 ലും 1944 ലും വിമത പ്രവർത്തനങ്ങല്ക്ക് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും മൂന്ന് മാസക്കാലയളവ് തടവു ശിക്ഷയനുഭവിക്കുകയും ചെയ്തു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയെങ്കിലും തൊഴിലാളി പ്രശ്നങ്ങളിലും കർഷക സമരങ്ങളിലുമായി അദ്ദേഹം നിറഞ്ഞു നിന്നു.

സായുധ കർഷക സമരത്തെതുടർന്ന് നൈസാം ഒസ്മാൻ അലി ഖാൻ, മഖ്ദൂം മുഹ്‌യുദ്ദീന്റെ തലക്ക് ഇനാം പ്രഖ്യാപിച്ചു. ഇതോടെ അദ്ദേഹം ഒളിവിൽ പോവുകയായിരുന്നു. ഇക്കാലയളവിലാണ്‌ അദ്ദേഹത്തിന്റെ ഏറെ പ്രസിദ്ധമായ ‘തെലങ്കാന’ എന്ന കവിത രൂപപ്പെടുന്നത്. ഒളിവു ജീവിതത്തിനിടയിലും തന്റെ കവിതകളിലൂടെ അദ്ദേഹം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയും പിന്നീട് ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ചേർക്കുന്നതിനായി ശബ്ദമുയർത്താനും യുവാക്കളോടുദ്ഘോഷിച്ചു.

1951 ൽ അദ്ദേഹം വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. ഇക്കാലയളവിലാണ്‌ കെയ്ദ് (തടവറ) എന്ന കവിത അദ്ദേഹം രചിക്കുന്നത്. പിന്നീട് ഒരു വർഷത്തിനിപ്പുറം സി പി ഐ സായുധ കലാപം ഉപേക്ഷിച്ച ശേഷമാണ്‌ അദ്ദേഹം മോചിതനാക്കപ്പെടുന്നത്.

സംഭവ ബഹുലമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ആ ജീവിതാനുഭവങ്ങൾ അദ്ദേഹത്തിലെ കവിയെ ഉണർത്തുകയും വളർത്തുകയും ചെയ്തിട്ടുണ്ട്.

റാദ് ഹു ബർക് ഹു ബെചെയ്ൻ ഹു പാരാ ഹു മെ
ഖുദ് പരസ്താർ ഖുദ് ആഗാഹ് ഖുദ് ആരാ ഹൂ മെ
ഖിർമാൻ എ ജൗർ ജലാ ദെ വൊ ശരാരാ ഹൂ മെ
മെരി ഫരിയാദ് പെ അഹ്‌ൽ എ ദുവൽ അങ്കുശ്ത് ബ ഗോശ്
ലാ തബർ ഖൂൻ കെ ദരിയ മെ നഹാനെ ദെ മുജെ

(ഞാൻ ഇടിമുഴക്കവും മിന്നലും അശാന്തതയും കണികയുമാണ് സ്വാർഥതയും ആത്മാവബോധവും ആത്മാരാധകനുമാണ്‌ ഞാൻ ദുർഭരണത്തിന്റെ ഉല്പന്നങ്ങളെ കരിച്ചു കളഞ്ഞ തീനാളമാകുന്നു ഞാൻ
എന്റെ യാചനകൾക്കു മേൽ ധനാഡ്യർ ചെവി പൊത്തി
എന്റെയാ കോടാലി കൊണ്ടുവരൂ, എന്നെ രക്തക്കടലിൽ കുളിപ്പിക്കൂ)

മഖ്ദൂം മുഹ്‌യുദ്ദീന്റെ ബാഗി(റിബൽ) എന്ന കവിതയുടെ തുടക്കമാണിത്. നോക്കൂ, അദ്ദേഹത്തിനുള്ളിലെ തീ എങ്ങനെ സ്ഫുരിക്കുന്നെന്ന്. ദരിദ്രന്റെയും ഗ്രാമീണന്റെയും തൊഴിലാളി വർഗത്തിന്റെയും പ്രശ്നങ്ങൾ അദ്ദേഹത്തിന്റേതു തന്നെയായിരുന്നു. കവിത കൊണ്ട് ഇങ്ങനെ വാൾ ചുഴറ്റുമ്പോഴും പ്രണയത്തിലെ നിർമല സൗന്ദര്യവും അദ്ദേഹം പകർത്താൻ ശ്രമിച്ചിരുന്നു.

ഖുദാ ഭി മുസ്കുരാ ഥാ
ജബ് ഹം പ്യാർ കർതെ ഥെ
(നമ്മൾ പ്രണയത്തിലായിരിക്കെ ദൈവം പോലും പുഞ്ചിരിക്കുന്നുണ്ടായിരിക്കണം)

എന്നാണ്‌ പ്രണയത്തെ അദ്ദേഹം കുറിച്ചു വെച്ചിരിക്കുന്നത്. തീപ്പൊരി കവിതകൾക്കിടയിലും ഇത്തരം വരികൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്നുതിർന്നത് അദ്ദേഹത്തിന്റെ കാല്പനിക മനസിനുദാഹരണമാണ്‌. പ്രണയ, തീപ്പൊരി കവിതകൾക്കു പുറമെ ഗസലുകളും അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറവി കൊണ്ടിരുന്നു.

ആപ്കി യാദ് ആതി രഹി രാത്ഭർ
ചഷ്‌നെ നം മുസ്കുരാതി രഹി രാത് ഭർ
(നിന്റെ ഓർമകളായിരുന്നു രാവു മുഴുക്കെ
നനവുള്ള കണ്ണുകൾ രാവു മുഴുക്കെ
പുഞ്ചിരിയിലായിരുന്നു)

എന്നത് അദ്ദേഹത്തിൽ നിന്ന് വിരിഞ്ഞ ഗസലുകൾക്കൊരുദാഹരണം മാത്രമാണ്‌. അദ്ദേഹത്തോടുള്ള പ്രിയത്താൽ ഇതേ ഫോർമാറ്റിൽ മഖ്ദൂമിന്റെ മരണ ശേഷം ഫെയ്സ് അഹ്മദ് ഫെയ്സ് ഒരു ഗസൽ രചിച്ചിരുന്നു.

ആപ്കി യാദ് ആതി രഹി രാത്ഭർ
ചാന്ദ്നി ദിൽ ദുഖാതി രഹി രാത്ഭർ
(താങ്കളുടെ ഓർമകൾ ഈ
രാവിലുമെന്നിലേക്കെത്തുന്നുണ്ട്
നിലാവു പോലും ഹൃദയ വേദന അധികരിപ്പിക്കുന്നല്ലോ
ഈ രാത്രിയിൽ)
എന്ന് ഫെയ്സ് മഖ്ദൂം മുഹ്‌യുദ്ദീനെക്കുറിച്ചുള്ള ഓർമയിലാണ്‌ കുറിച്ചത്. തന്റെ എഴുത്തുകളിൽ സാമൂഹ്യ പ്രതിബദ്ധത കാണിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു.

ഹയാത് ലേ കെ ചലോ കായിനാത് ലേകെ ചലോ
ചലോ തൊ സാരെ സമാനെ കൊ സാഥ് ലേകെ ചലോ (ജീവിതമെടുത്ത് നടക്കൂ, പ്രപഞ്ചത്തെയും കൊണ്ടു പോകൂ അങ്ങനെ പോവുകയെങ്കിൽ ലോകം മുഴുക്കെ കൂടെ കൊണ്ടു പോവണം)

ഒരു സാമൂഹ്യ പരിസരത്തെ ഒരു വ്യക്തിക്ക് എങ്ങനെ പരിവർത്തിപ്പിക്കാമെന്ന് എഴുതുകയും പ്രവർത്തിച്ചു കാണിച്ചു തരികയും ചെയ്തിട്ടുണ്ട് അദ്ദേഹം. കവിതകളുടെ ലോകത്ത് അദ്ദേഹം വിപ്ലവങ്ങൾ തീർത്തിട്ടുണ്ട്. പലരും അദ്ദേഹത്തെ സിനിമാ ഗാന രചയിതാവ് എന്ന പേരിലും കേട്ടിട്ടുണ്ടാവും. എന്നാൽ സിനിമക്കായി അദ്ദേഹം കവിതകൾ എഴുതിയിരുന്നില്ല എന്നതാണ്‌ സത്യം. എന്നാൽ അദ്ദേഹത്തിന്റെ കവിതകളുടെ മനോഹാരിത അവയെ പില്ക്കാലത്ത് സിനിമകളിൽ എത്തിക്കുകയായിരുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് യുദ്ധതല്പരതയേയും യുദ്ധത്തെയും വിമർശിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ഉള്ളിൽ നിന്നുതിർന്ന ‘സിപാഹി’ എന്ന കവിതയുണ്ട്.

ജാനെവാലെ സിപാഹിയോ സെ പൂച്ഛോ
വൊ കഹാൻ ജാ രഹേ ഹെ
കോൻ ദുഖീയാ ഹെ ജൊ ഗാ രഹീ ഹെ
ഭൂകെ ബച്ചോ കൊ ബെഹ്‌ലാ രഹി ഹെ
ലാഷ് ജൽനെ കി ബൂ ആ രഹീ ഹെ
സിന്ദഗി ഹെ കെ ചില്ലാ രഹീ ഹെ

(ആ മടങ്ങിപ്പോകുന്ന പട്ടാളക്കാരനോട് ചോദിക്കൂ
എങ്ങോട്ടാണ്‌ അദ്ദേഹം യാത്രയാകുന്നതെന്ന്
ദുഖിതനായിരിക്കെ ഒരുവന്‌ പാടാൻ സാധിക്കുകയെങ്ങനെയാണ്‌?വിശന്നു വലഞ്ഞ കുഞ്ഞുങ്ങളെ സമാശ്വസിപ്പിക്കെ
ശവങ്ങൾ കത്തിയെരിയുന്ന ഗന്ധം അടുത്തു വരുന്നു
ജീവിതമാണ്‌ ആ അലമുറയിടുന്നത്)

ഈ കവിതയുടെ തീക്ഷ്ണത മൂലം 1960 ൽ പുറത്തിറങ്ങിയ ഒന്നാം ലോക മഹായുദ്ധത്തിന്റെ കെടുതി പറഞ്ഞ ‘ഉസ്നെ കഹാ ഥാ’ എന്ന സിനിമയിൽ ഉപയോഗിക്കുകയായിരുന്നു. മഖ്ദൂമിന്റേതായി സിനിമയിൽ വന്ന മിക്ക ഗാനങ്ങളും അദ്ദേഹം കവിതയായി എഴുതുകയും പിന്നീട് അതിലെ കവിതയുടെ മാധുര്യത്താലും തീക്ഷ്ണതയാലും സിനിമയിൽ എത്തുകയും ചെയ്യുകയായിരുന്നു. 1969 ആഗസ്ത് 25 നായിരുന്നു അദ്ദേഹത്തിന്റെ മരണം. മരണ ശേഷം അദ്ദേഹം ആളുകളിലേക്ക് ഊളിയിട്ടു. ഫറാസിനെ ഓർക്കുമ്പോൾ തന്നെ മഖ്ദൂം മുഹ്‌യുദ്ദീനെ മറന്നു പോയിക്കൂടാ

.**one of his poem

raat bhar dida-e-namnak meñ lahrate rahe
saañs ki tarah se aap aate rahe jaate rahe
Khush the ham apni tamannaoñ ka khvab aa.ega
apna arman bar-afganda-naqab aa.ega
nazreñ nichi kiye sharma.e hue aa.ega
kakuleñ chehre pe bikhra.e hue aa.ega
aa ga.i thi dil-e-muztar meñ shakeba.i si
baj rahi thi mire gham- khane meñ shahna.i si
patiyañ khaDkiñ to samjha ki lo aap aa hi ga.e
sajde masrur ki ma.abud ko ham pa hi ga.e
shab ke jaage hue taroñ ko bhi niiñd aane lagi
aap ke aane ki ik aas thi ab jaane lagi
sub.h ne sej se uThte hue li añgDa.i
o saba! tu bhi jo aa.i to akeli aa.i
mere mahbub miri niiñd uDane vaale
mere masjud miri ruuh pe chhane vaale
aa bhi jaa, taaki mire sajdoñ ka armañ nikle
aa bhi jaa, taaki tire qadmoñ pe miri jaañ nikle

രാവ് മുഴുക്കെ കണ്ണിര്‍ മിഴികളുമായി ഒഴുകി നടക്കുകയായിരുന്നു
നിശ്വാസം പോലെ നീ വന്നും പോയുമിരുന്നു (ഓര്‍മകളില്‍)
എന്റെ പ്രതീക്ഷകളില്‍ ഞാന്‍ സന്തുഷ്ടനായിരുന്നു,
സ്വപ്‌നം പുലരും

സ്വന്തം ആഗ്രഹങ്ങള്‍ മറനീക്കി പുറത്തു വരും
മിഴി കുനിച്ച് നാണത്തോടെ കാര്‍ക്കൂന്തല്‍ മുഖത്ത് ചിതറി അത് വരും

ഉത്കണ്ഠാകുലമായ ഹൃദയത്തില്‍ ക്ഷമ പോലെയൊന്ന് വന്നിരുന്നു
എന്റെ ദുഖഭരിതമായ ഇടങ്ങളില്‍ ഷെഹ്നായ് നാദം കിലുങ്ങുന്നുണ്ടായിരുന്നു

കത്തുകളിളകിയപ്പോള്‍ ഞാന്‍ നീ വരുകയാണെന്നു കരുതി
എൻ്റെ സുജൂദുകളൊക്കെയും സന്തുഷ്ടമാണ്, എന്തെന്നാൽ, ദൈവം എൻ്റെയടുത്ത് വന്നിരിക്കുന്നല്ലോ

രാത്രിയില്‍ ഉണര്‍ന്നിരുന്ന് നക്ഷത്രങ്ങള്‍ക്കും ഉറക്കം വരാറായിരിക്കുന്നു
നീ വരുമെന്നൊരു പ്രതീക്ഷയുണ്ടായിരുന്നു, അതും ഇപ്പോള്‍ അസ്തമിക്കാറായിരിക്കുന്നു

പ്രഭാതം വിരിപ്പിലുണര്‍ന്ന് മൂരിനിവര്‍ന്നു കഴിഞ്ഞു
ഓ ഇളം കാറ്റേ, നീയും ഒറ്റക്കാണല്ലോ വന്നിരിക്കുന്നത്
പ്രിയേ, എന്റെ ഉറക്കത്തെ കൊണ്ടു പോകുന്നവളേ
എന്റെ ദൈവമേ, എന്റെ ആത്മാവിനെ അധീനപ്പെടുത്തിയവനേ
ഒന്നു വരൂ, എന്റെ സാഷ്ടാംഗത്തിന്റെ ആഗ്രഹങ്ങൾ പൂവണിയട്ടെവരൂ നിന്റെ കാല്ക്കീഴിൽ ഞാൻ മരിച്ചു കൊള്ളട്ടെ

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x