OpinionPravasi

പ്രവാസികൾ തിരിച്ചെത്തുമ്പോൾ; പുനരധിവാസവും സാധ്യതകളും

പ്രതികരണം/ജൗഹർ കെ അരൂർ

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് തീർത്തും വെത്യസ്തമായ ഒരു സാമൂഹിക ചുറ്റുപാടാണ് നമ്മുടെയീ കൊച്ചു കേരളത്തിന്‌. അതിന്റെ പ്രധാന കാരണം തൊഴിൽ തേടിയുള്ള മലയാളികളുടെ കുടിയേറ്റങ്ങളാണ്. ലോകത്തിന്റെ നാനാ കോണിലും മലയാളികൾ ജോലി തേടിയെത്തിയിട്ടുണ്ട് എന്നത് കൊണ്ട് തന്നെ അവിടുത്തെയൊക്കെ നല്ല സംസ്കാരങ്ങളെ മലയാളി കേരളത്തിലെത്തിച്ചിട്ടുമുണ്ട്. കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ അവസ്ഥയും മറിച്ചല്ല, മറ്റു സംസ്ഥാനങ്ങളിൽ നിന്നുമത് തീർത്തും വിഭിന്നം തന്നെ.

പ്രവാസി മലയാളികളുടെ വരുമാനം തന്നെയാണ് കേരളത്തിന്റെ പ്രധാനപ്പെട്ട ഒരു സാമ്പത്തിക സ്രോതസ്. ഓരോ വർഷവും കോടിക്കണക്കിനു രൂപയാണ് സർക്കാരിന് പ്രവാസികളിലൂടെ ലഭിക്കുന്നത് എന്നതിലുപരി നാട്ടിലുള്ളവരുടെ തൊഴിലിലും കച്ചവടങ്ങളിലുമെല്ലാം പ്രവാസിക്ക് ഒരു റോളുണ്ട്.

പല പ്രതിസന്ധികളും പ്രവാസ ലോകത്തെ ബാധിച്ചിട്ടുണ്ടെങ്കിലും അതിനെയെല്ലാം നിഷ്പ്രയാസം അതിജീവിക്കാനും സാധിച്ചിട്ടുണ്ടായിരുന്നു. പക്ഷെ ലോകം മുഴുവൻ ഒരു പോലെ ബാധിച്ച കോവിഡ് പ്രതിസന്ധി വലിയ ഒരു ശതമാനം പ്രവാസികളെയും സാരമായിത്തന്നെ ബാധിച്ചിട്ടുണ്ട്. പ്രത്യേകിച്ചും മലയാളികൾ കൂടുതലായി കുടിയേറുന്ന ജിസിസി രാജ്യങ്ങളിൽ.

വന്ദേ ഭാരത് മിഷൻ വഴിയും സന്നദ്ധ സംഘടനകൾ ചാർട്ട് ചെയ്യുന്ന വിമാനം വഴിയും ഓരോ ദിവസവും നാട്ടിലെത്തുന്നത് നൂറ് കണക്കിന് പ്രവാസികളാണ് അവരിൽ നല്ലൊരു ശതമാനവും തൊഴിൽ നഷ്ടപ്പെട്ടവരാണ്.

തൊഴിൽ സാധ്യതകൾ

ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് മുൻപിൽ ഇനിയെന്ത് എന്ന വലിയ ഒരു ചോദ്യമാണുള്ളത്. പ്രവാസികൾക്ക് മുന്നിൽ മാത്രമല്ല സാധാരണക്കാരനായ ഓരോ മലയാളിക്ക് മുന്നിലും വൈകാതെ ഈ ചോദ്യം എഴുന്നേറ്റ് നിൽക്കും. കാരണം ഗൾഫ് പണത്തിന്റെ ഒഴുക്ക് നിന്നാൽ നാട്ടിലെ സകല തൊഴിൽ മേഖലകളെയും അത് സാരമായിത്തന്നെ ബാധിക്കും

നൂറ് കണക്കിന് തൊഴിൽ രഹിതരായ, വിദ്യാസമ്പന്നരായതും അല്ലാത്തതുമായ ചെറുപ്പക്കാർക്കിടയിലേക്കാണ് ജോലി നഷ്ടപ്പെട്ട് പ്രവാസികൾ കൂടി തിരിച്ചു വരുന്നത്. അവരിൽ വിദ്യാഭ്യാസമുള്ളവരും ഇല്ലാത്തവരും, തൊഴിൽ നൈപുണ്യമുള്ളവരും ഇല്ലാത്തവരുമെല്ലാമുണ്ട് അത്കൊണ്ട് തന്നെ തൊഴിലില്ലായ്മയെന്ന വലിയ ഒരു പ്രതിസന്ധി മഹാമാരിക്ക് പിന്നിൽ നമ്മെ കാത്തിരിക്കുന്നുണ്ട് എന്ന ബോധ്യം ഇപ്പോഴെ നമ്മളോരോരുത്തർക്കും അതിലുപരി സർക്കാരിനും വേണം.

മടങ്ങിയെത്തുന്ന പ്രവാസികളുടെ പേരിലുള്ള രാഷ്ട്രീയ പോരുകളോ, വരുന്ന ഇലക്ഷൻ മുൻ നിർത്തിയുള്ള വിടുവായിത്ത പ്രഖ്യാപനങ്ങളോ അല്ല ഇപ്പോൾ വേണ്ടത്. ഈ നാടിനെ തങ്ങളുടെ വിയർപ്പിനാൽ നട്ടു നനച്ചു വളർത്തിയ പ്രവാസികൾ തിരിച്ചു വരുമ്പോൾ അവരെ കാത്തിരിക്കുന്നത് ദുരിതക്കടലാകാതിരിക്കാനുള്ള നടപടികളെക്കുറിച്ചുള്ള ചർച്ചകളാണ്.

നിശ്ചലമാവുന്ന മേഖലകൾ

ഗൾഫ് പണത്തിന്റെ ഒഴുക്ക് നിന്നാൽ ഏതെല്ലാം മേഖലകളെ അത് നിശ്ചലമാകും…? ആ മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരെ എങ്ങനെ പുനരധിവസിപ്പിക്കും..? പ്രവാസികളെ പുനരധിവസിപ്പിക്കാൻ ഏതെല്ലാം സാധ്യതകൾ നിലനിൽക്കുന്നുണ്ട്…? ഏതെല്ലാം മേഖലയിൽ ഇവരുടെ കഴിവുകളെ ഉപയോഗപ്പെടുത്താം…? തുടങ്ങിയ ചർച്ചകൾക്കും നടപടികൾക്കും ഇപ്പോഴെ തുടക്കമിട്ടിട്ടില്ലയെങ്കിൽ കേരളം ഒന്നോ രണ്ടോ പതിറ്റാണ്ട് പിന്നിലോട്ട് പോയെന്ന് വരാം.

തിരിച്ചെത്തുന്ന പ്രവാസികൾ ശ്രദ്ദിക്കേണ്ടുന്ന ചില കാര്യങ്ങൾ കൂടി സൂചിപ്പിക്കാം. (നിങ്ങൾക്ക് മുന്നേ പ്രവാസം നിർത്തി വന്നവരുടെ അനുഭവങ്ങളിൽ നിന്ന് കടമെടുത്തത്.)

Read Also: ഞങ്ങളെ മലയാളികളെന്ന് വിളിച്ച് മലയാളത്തിന്റെ മഹിമ കുറക്കരുതേ

നിങ്ങൾക്ക് മുന്നിൽ ഇനിയുള്ളത് അതിജീവനത്തിന്റെ കനൽ പാതയാണ് എന്ന ബോധ്യം മനസ്സിലുറപ്പിച്ചു കൊണ്ട് അതിന് വേണ്ടി മനസിനെയും കുടുംബത്തെയും തയ്യാറാക്കുക. ദുരഭിമാനം, ധൂർത്ത് എന്നിവ പൂർണമായും വെടിഞ്ഞ്, തന്നാൽ കഴിയുന്ന മാന്യമായ ഏത് ജോലിയും ചെയ്യാൻ തയ്യാറാവുക. ഗൾഫിൽ നിന്നും കൊണ്ട് വന്ന സമ്പാദ്യം വല്ലതുമുണ്ടെങ്കിൽ അത് വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. ആരെങ്കിലുമൊക്കെ പറയുന്ന ബിസിനസുകളിലേക്ക് ധൃതി പിടിച്ചു എടുത്ത് ചാടാതിരിക്കുക. പെട്ടെന്ന് പണമുണ്ടാക്കാം എന്ന പേരിൽ മണി ചെയിൻ പല പേരുകളിലുമിവിടെ വിലസുന്നുണ്ട് അവയിൽ വീഴാതെ സൂക്ഷിക്കുക.

എന്തെങ്കിലും സംരഭം തുടങ്ങുവാൻ ആഗ്രഹുക്കുന്നുവെങ്കിൽ അതിന്റെ എല്ലാ സാധ്യതകളും പഠിച്ച ശേഷം മാത്രമാവുക, കടം വാങ്ങി വലിയ തുക ഇൻവെസ്റ്റ്‌ ചെയ്തുള്ള സംരംഭങ്ങളെക്കാൾ നല്ലത് കയ്യിലുള്ളത് കൊണ്ട് നടക്കുന്ന ചെറിയ സംരംഭങ്ങൾ തന്നെയാകും. നാടിന്റെയും നാട്ടുകാരുടെയും പൾസ് അറിഞ്ഞ ശേഷം പാർട്ടിനേഴ്സിനെ സ്വീകരിക്കുക.

ഇങ്ങനെ സർക്കാരും സമൂഹവും പ്രവാസികളുമൊക്കെ ഒറ്റക്കെട്ടായി പോരാടിയാൽ മാത്രമേ മഹാമാരിക്ക് പിന്നിൽ നമ്മെ കാത്തിരിക്കുന്ന തൊഴിലില്ലായ്മയുടെ ദിനങ്ങളെക്കൂടി നമുക്ക് അതിജീവിക്കുവാൻ സാധിക്കുകയുള്ളൂ.

Show More
0 0 vote
Article Rating
Subscribe
Notify of
0 Comments
Inline Feedbacks
View all comments

Related Articles

Back to top button
0
Would love your thoughts, please comment.x
()
x