കുപ്രചരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണം: യൂത്ത് ഫോറം
ദോഹ: ഇന്ത്യൻ പ്രവാസി സമൂഹത്തിനിടയിൽ വംശീയ കുപ്രചരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്ന് യൂത്ത് ഫോറം ഖത്തർ സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു. മലയാളം മിഷൻ ഖത്തർ കോർഡിനേറ്റർ ദുർഗ്ഗദാസ് തന്റെ വംശീയ പ്രസ്താവാനയിലൂടെ പ്രവാസ ലോകത്ത് കേരളത്തിന്റെ അഭിമാനമായ നഴ്‌സുമാരെ കൂടിയാണ് അപമാനിച്ചിരിക്കുന്നത്. പരസ്പര വിശ്വാസവും സഹവർത്തിത്വവുമാണ് ഗൾഫിലെ ഇന്ത്യൻ സമൂഹത്തിൻ്റെ കരുത്ത്. ഖത്തറിലെ ഇന്ത്യൻ സമൂഹം വിശിഷ്യ മലയാളികൾ കാത്ത് സൂക്ഷിച്ചു വരുന്ന സൗഹൃദവും സഹവർത്തിത്വവും മാതൃകാപരമാണ്. നമ്മുടെ നാടിൻ്റെ സാമൂഹികമായ പുരോഗതിയുടെ അടിത്തറ തന്നെ ഇത്തരം സഹകരണങ്ങളാണ്. ഈ ഒരുമയെ ഒറ്റുകൊടുക്കുന്ന വംശീയവാദികളുടെ നിശബ്ദ സാന്നിധ്യങ്ങൾ നമുക്കിടയിലുണ്ടെന്നത് ഞെട്ടലുളവാക്കുന്നതാണ്. അത്തരക്കാർക്ക് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പ്രവാസി വേദികളിൽ ഔദ്യോഗിക പദവികൾ ലഭിച്ചിരുന്നു എന്നത് ഗൗരവത്തോടെ തന്നെ കാണണം.
അടുത്തിടെ കേരളത്തിൽ വ്യാപകമാകുന്ന മുസ്ലിം വിരുദ്ധ വംശവെറി പ്രവാസലോകത്തേക്കും പടർന്നു പിടിക്കുന്നതിന്റെ ലക്ഷണമാണിത്. പ്രവാസി സമൂഹത്തിനിടയിൽ ഇത്തരം വംശീയ അജണ്ടകൾ ഒളിച്ചു കടത്തുന്ന സമീപനം മൊത്തം ഇന്ത്യൻ സമൂഹത്തിനാണ് നഷ്ടം വരുത്തി വെക്കുക. പരസ്പര വിശ്വാസം വീണ്ടെടക്കാനും വിദ്വേഷ പ്രചാരകരെ ഒറ്റപ്പെടുത്താനും ഖത്തർ മലയാളി സമൂഹം മുന്നോട്ട് വരണമെന്നും യൂത്ത് ഫോറം സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. പ്രസിഡന്റ് എസ്. എസ്. മുസ്‌തഫ അധ്യക്ഷത വഹിച്ചു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS