‘മാലിക്’; ഫ്രെയിമിൽ നിന്നും ഫ്രെയിമിലേക്ക് വംശീയത നിറഞ്ഞ് നിൽക്കുന്ന സിനിമ
കുറിപ്പ്/ പ്രശാന്ത് ഗീത അപ്പുൽ
മാലികിൻ്റെ കഥ തികച്ചു സാങ്കല്പികമാണെനാണ് മഹേഷ് നാരായണൻ ഏറ്റവും അവസാനം അവകാശപ്പെടുന്നത്. എങ്കിൽ എത്രമാത്രം അപകടകരമാണ് മഹേഷിൻ്റെ ആ സങ്കല്പം.
“അപരവൽക്കരിക്കപ്പെടുന്നവർ മാത്രമെ ഗുണ്ടകളും അധോലോക നായകന്മാരുമായി മാറുന്നത്ആ, പാപത്തിനുള്ള ശമ്പളമത്രേ മരണം” എന്ന സ്ഥിര വൺലൈനിനപ്പുറം മറ്റെന്തെങ്കിലും പുതുതായി സിനിമ പറയുന്നില്ല എന്നത് പോട്ടെ, പുറം തള്ളപ്പെട്ട് ജീവിക്കുന്ന തുറക്കാരുടെ മൌലീകമായ പ്രശ്നം ഒന്നും തന്നെ മഹേഷിൻ്റെ സങ്കല്പത്തിൽ വരാത്തതിൻ്റെ പേര് കൂടിയാണ് സവർണത.
മഹേഷിൻ്റെ സങ്കല്പക ലോകത്തെ സുലൈമാന്മാരും ഡേവിഡ്മാരും കള്ളക്കടത്ത്കാരും ഗുണ്ടകളുമായി മാറുന്നതും പരസ്പരം തല്ലി തീർക്കുന്നവരാകുന്നതും മഹേഷിൻ്റെ പ്രശ്നമായി പോലും തോന്നാത്തിടത്താണ് എത്രമാത്രം പൊതുബോധ നിർമ്മിതിക്കടിമപ്പെട്ടാണ് സിനിമ നിൽക്കുന്നത് എന്ന് മനസ്സിലാകുന്നത്.
അദ്ധ്യാപികയായ ടീച്ചറുമ്മ പോലും സ്വന്തം തുറയിലെ മറ്റു കുട്ടികളുടെ കൂടെ കൂടി മകൻ ഇടപഴകുന്നതിനെ “അവനേയും മീൻ നാറി തുടങ്ങി” എന്ന് അടയാളപ്പെടുത്തുന്നിടത്താണ് ദളിതർക്കിടയിലെ ജാതി വ്യവസ്ഥ എന്ന സ്ഥിരം പഴിവാക്ക് സവർണ നരേഷൻ പൊങ്ങി തുടങ്ങുന്നത്.
കഴിയുന്നത്ര ജനാധിപത്യ പ്രക്രിയയിൽ സജീവമായ മുസ്ലിം ലീഗ് പോലെ പോപ്പുലറായ രാഷ്ട്രീയ കർത്തൃത്വങ്ങളെ സമുദായ വഞ്ചകരും സിസ്റ്റത്തിൻ്റെ ഭാഗമായ അൻവർ അലിയെ (ജോജു) വിനെ പോലുള്ളവരേ നിസ്സാഹയരും ആക്കി എന്താണ് മഹേഷ് സങ്കല്പിക്കുന്നത്.
ജനാധിപത്യപരമായി ഭരണഘടനാനുസൃതമായി ജീവിക്കാൻ ഇവിടെ സാധാരണ മൂസ്ലിമിന് സാധിക്കുകയില്ല എന്നോ?
ആനുപാതികമായി ഇപ്പോഴും കുറവുണ്ടെങ്ങിലും 2000 ത്തിന് ശേഷം വിദ്യാഭ്യാസത്തിലും സർക്കാർ ജോലികളിലെ പ്രാതിനിധ്യത്തിലും കഴിയുന്നത്ര മുന്നേറാൻ സാധിച്ച ഒരു ജന വിഭാഗമാണ് മുസ്ലിങ്ങൾ. മുസ്ലിം സംവരണം ഒരു പ്രശ്നമായി മാറുന്നതും UPSC ജീഹാദ് പോലോരു ഹിന്ദുത്വ നുണ പ്രചരിക്കുന്നതും അതിൻ്റെ കൂടെ ഫലമാണ്.
അവിടെയാണ് വേസ്റ്റ് മാനേജ്മെൻ്റ് ചെയ്തതിൻ്റെയും സ്കൂൾ പണിതതിൻ്റെയും പിന്നെ മതത്തിൻ്റെ പേരിലും മാത്രം ഒരു ആധോലോക ഉടയോൻ്റെ കീഴീൽ ആ സമൂദായത്തെ മുഴുവൻ സ്ഥാനപ്പെടുത്തുന്ന സങ്കല്പം എത്ര ഭീകരമാണത്.
ഒരേ സമയം നിസ്കരിക്കാനും പള്ളിക്ക് വേണ്ടി നിലകൊള്ളാനും മറുപുറത്ത് പുകവലിക്കാനും ഇടയ്ക്കിടെ മദ്യപിക്കാനും ഉള്ള ബാദ്ധ്യത മുസ്ലിം നായകന് നൽകുന്ന ആ സങ്കല്പത്തിലെ സവർണത മഹേഷിന് മനസ്സിലാകുന്നില്ല എന്നിടത്താണ് പ്രശ്നം.
ഒരേ സമയം ഭാര്യയെ മതം മാറ്റാതിരിക്കാനും മക്കളെ മുസ്ലീമായി വളർത്താനുമുള്ള മതേതര ബാദ്ധ്യത കൂടി മഹേഷിൻ്റെ സങ്കല്പത്തിലെ നായകനുണ്ട്. 2000 ത്തിന് ശേഷവും കേരളത്തിലെ ഏത് ഭാഗത്ത് നിന്നായാലും റമദാപള്ളിയിലേക്കുള്ള ദൂരം വളരെ കൂടുതലാണ് എന്നതാണ് മഹേഷിൻ്റെ സങ്കല്പത്തിലെ മറ്റൊരു പ്രശ്നം.
സുലൈമാൻ സാദ്ധ്യമാകുന്നത് റമദാപള്ളിയിലെ ജനങ്ങൾ വളരെ ആത്മനിർഭർ ആയി പുറം ലോകവുമായി യാതോരു ബന്ധവും ഇല്ലാതെ ജീവിക്കുമ്പോൾ മാത്രമാണ്. അത്തരമൊരു സാദ്ധ്യത 2000ൽ എത്ര മാത്രം സാദ്ധ്യമാണ് എന്ന് ചിന്തിച്ചു തുടങ്ങുമ്പോൾ അതിലെ വയലൻസ് മനസ്സിലാകും.
അങ്ങിങ്ങുയർന്ന് കാണുന്ന പച്ചക്കൊടികളിലൂടെയും തക്ബീർ യുദ്ധ വിളികളിലൂടെയും ഹിന്ദുത്വം മുസ്ലിങ്ങളിൽ ആരോപിക്കുന്ന സവിശേഷ ഗോത്രബോധം ദൃശ്യവൽക്കരിച്ച് കാണിക്കുന്നുണ്ട് മഹേഷ് നാരായണൻ.
തീരെ മനുഷ്യത്വമില്ലാത്ത ജമാഅത്തും കടുത്ത സാമുദായിക ഗോത്രബോധത്തിൻ്റെ പ്രകടനവും യഥാർത്ഥത്തിൽ പൈശാചികവൽക്കരണത്തിൻ്റെ അങ്ങേയറ്റമാണ്.
ആ കാലത്തെ ഭരണ കക്ഷികളെ കുറിച്ചുള്ള ടോക്സിക് സൈലൻസ് ആരെ രക്ഷിക്കാനാണേലും കൂടുതൽ പൈശാചിക വൽക്കരിക്കുന്നത് പോലീസിനെ തന്നെയാണ്. കേരളം ഉണ്ടായത് മുതൽ സകല പ്രശ്നങ്ങളിലും ഏതിർത്തും അനുകൂലിച്ചും മുന്നോട്ട് പോകുന്ന കേരളത്തിലെ മുസ്ലിങ്ങളുടെ സംരക്ഷകരാണെന്ന ബല്യ ബല്യ പുള്ളികൾ വിചാരിക്കുന്ന സിപിഎം ആ കാലത്ത് ഒന്നാകെ കാശിക്ക് പോയതായാണ് എനിക്ക് തോന്നുന്നത്.
സത്യത്തിൽ ഈ സിനിമ മുസ്ലിങ്ങൾക്ക് ഗുണത്തെക്കാളെറെ ദോഷമേ ചെയ്യു. ഹിന്ദുത്വം ആരോപിക്കുന്ന സവിശേഷ ഗോത്രബോധവും, കള്ളകടത്തിനും അധോലോകത്തിനും മുസ്ലിമിനെ തയ്യാറാക്കുന്ന മതസാഹിത്യ സ്വാധീനവും , അതുവഴി ഉണ്ടാകുന്ന ദേശദ്രോഹ ആരോപണവും, ഇസ്ലാം മതത്തിൻ്റെ സവിശേഷമായ മനുഷ്യത്വമില്ലായ്മയും, ഭരണകൂടത്തിന് മേൽ എപ്പോൾ വേണമെങ്കിലും ഉണ്ടാകാവുന്ന ഒരു മുസ്ലിം കൌണ്ടർ അറ്റാക്ക് ഇതെല്ലാം ഭംഗിയായി വരച്ചിടുന്നു സിനിമ.
നേരത്തെ പറഞ്ഞ പോലെ വിദ്യാഭ്യാസം കൊണ്ടോ, പീസ് മീൽ എഞ്ചിനിയറിങ്ങ് കൊണ്ടോ പരിഹരിക്കാൻ കഴിയാത്ത, സ്വസമുദായ വഞ്ചകരാൽ വീഴ്ത്തപ്പെടുന്ന ഭരണഘടനപരമായോ ജനാധിപത്യപരമായോ ഇടപെടാൻ പറ്റില്ല, നീതി ലഭിക്കില്ല, എന്നും, സ്റ്റേറ്റ് എന്നും മുസ്ലിങ്ങൾക്ക് അന്യമാണ് എന്നും സിസ്റ്റം കടുത്ത വർഗ്ഗീയതയുണ്ടാക്കി ഭിന്നിപ്പിച്ച് ഭരിക്കും, ഹിന്ദുത്വ ഫ്ലേവറുള്ള ഇന്ത്യൻ ഭരണകൂടവുമായി യാതോരു സന്ധിയും സാദ്ധ്യമല്ല എന്ന കടുത്ത ഇസ്ലാമിസ്റ്റ് വെർഷനും സിനിമയിലുണ്ട്.
ഏറ്റവും കൂടുതൽ ആരോപിക്കുന്നത് പോലെ കൊടിയേരിയോ, അച്യുതാനന്ദനെയോ മറന്നു കളയുന്ന സിപിഎം ‘വെള്ള’പൂശൽ ക്യാപ്സൂൾ വെർഷനാണ് സിനിമയുടെ ഹൈലൈറ്റ്.
നായാട്ട് മുതൽ കാണുന്ന സിപിഎം വെളുപ്പിക്കൽ സ്വത്വരാഷ്ട്രീയ വിരുദ്ധ നരേഷനെയാണ് സിനിമ കൂടുതൽ ഹൈലൈറ്റ് ചെയ്യുന്നത്. ഒരു സാധാരണ മുസ്ലിമിന് മേൽ ബ്രാഹ്മണ്യം പ്രവർത്തിക്കുന്ന എല്ലാവഴികളിലൂടെ അവനെ വീണ്ടും പൈശാചികവൽക്കരിക്കുന്നതല്ലാതെ സിനിമ മറ്റൊന്നും ചെയ്യുന്നില്ല.
സിനിമയുടെ ക്രാഫ്റ്റോ മേക്കിങ്ങോ പറയാൻ ഞാനളല്ല. പക്ഷെ ഡയറക്ടർ റൈറ്റർ ആയ മഹേഷിനോട് ആ ചോദ്യം ചോദിക്കാതെ വയ്യ,
“എന്തു മൈ*** ഈ കാണിച്ചു വെച്ചിരിക്കുന്നത്”
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS