Opinion

ളാഹ ​ഗോപാലൻ; വിപ്ലവ നക്ഷത്രത്തിന് ആദരാഞ്ജലികൾ

അഗസ്റ്റ് സെബാസ്റ്റ്യൻ

താനുന്നയിക്കുന്ന വാദങ്ങൾക്ക് തെളിവായി എംപിരിക്കൽ ഡാറ്റ മനസിൽ അടുക്കി സൂക്ഷിച്ചിരുന്ന ആളായിരുന്നു ളാഹ ​ഗോപാലൻ.

അനുഭവങ്ങളുടെ തീച്ചൂടായിരുന്നു അയാളുടെ സ്വത്വവാദത്തിനുണ്ടായിരുന്നത്.

അതുകൊണ്ടാണ് അവർക്ക് നൽകാൻ ഭൂമി……ഇല്ല……എന്ന വിഎസിന്റെ വാക്കുകൾക്ക്, നാരായണപ്പണിക്കരോ വെള്ളാപ്പള്ളിയോ ആണെങ്കിൽ ഇത് പറയില്ല. എന്റെ കൈയ്യിൽ കിരീടവും ചെങ്കോലുമില്ലാത്തതുകൊണ്ട് കിട്ടുന്ന നക്കാപ്പിച്ച വാങ്ങി ഈ സമരം ഞാൻ അവസാനിപ്പിക്കുകയാണെന്ന് ളാഹ​ഗോപാലൻ മറുപടി പറഞ്ഞത്.

ഇന്ത്യാവിഷനിൽ ചേർന്ന കാലത്ത് ചെങ്ങറ സമരം റിപ്പോർട്ട് ചെയ്യുമ്പോഴാണ് ളാഹ ​ഗോപാലനെ അടുത്തറിയുന്നത്. അത്രയൊന്നും ബോധമില്ലാത്ത കാലത്തും അയാളുടെ വാക്കുകളിലെ സത്യസന്ധതയും ആർജ്ജവവും ആകർഷിച്ചു.

സമരത്തോട് അനുകമ്പയുള്ള നിലപാട് വേണമെന്നായിരുന്നു സ്ഥാപനത്തിന്റെ നിലപാട് എന്നതുകൊണ്ട് നിരന്തരം വാർത്തകൾ ചെയ്തു. അതുകൊണ്ട് തന്നെ ചെങ്ങറയിലെ സമരഭൂമിയിൽ എന്തുണ്ടായാലും ളാഹ ആദ്യം വിളിക്കുന്ന ആളായി മാറി.

ദലിത് സമുദായക്കാരുടെ ഭൂരാഹിത്യത്തെക്കുറിച്ചും അവരുടെ ജീവിതസാഹചര്യത്തെക്കുറിച്ചും ഉദാഹരണ സഹിതം പറയുന്ന ളാഹയുടെ വാദങ്ങളെ ഫാക്റ്റ് find ചെയ്യാൻ ഇന്ത്യാവിഷൻ തീരുമാനിച്ചു.

പത്തനംതിട്ട ജില്ലയിലെ ദലിത് ജീവിതങ്ങളുടെ ദുരവസ്ഥ പഞ്ചായത്തും വാർഡും തിരിച്ച് കണക്ക് പറയുമായിരുന്നു ളാഹ. അയാളുടെ വിവരണങ്ങളിലെ സ്ഥലങ്ങളിൽ തന്നെ പോവാൻ തീരുമാനിച്ചു.

ജില്ലയിലെ ഏറ്റവും അവികസിതമായ ഇടങ്ങളിൽ തന്നെ അവരുണ്ടായിരുന്നു.

അടുക്കളയിലെ ശവകുടീരങ്ങൾ കണ്ടു. ആകെയുള്ള ഒരു കീറ് ഭൂമിയിൽ പ്രിയപ്പട്ടവരാരോ മരിച്ചപ്പോൾ അടക്കം ചെയ്യാനിടമില്ലാതെ ആകെയുള്ള കിണറ്റിൽ ഇട്ട് മൂടിയത് കണ്ടു. പാറക്കുമുകളിലെ കീറ്റപ്പായ മറച്ച വീടുകൽ കണ്ടു. എന്നും കിഴുക്കാംതൂക്കിൽ നിന്ന് നടന്നിറങ്ങി രണ്ടുകുടം വെള്ളവുമായി തിരിച്ചുകയരി അക്ഷരാർത്ഥത്തിൽ മുട്ട് തകർന്ന സ്ത്രീയെക്കണ്ടു.

അവരുടെ കണ്ണീരിൽ അന്നേ നെഞ്ചു കലങ്ങി. യാത്രയിലൊരിക്കൽ ളാഹ ​ഗോപാലനും കൂടെ വന്നു. ഒരു സ്ഥലത്ത് എത്തിയപ്പോൾ ഒന്നു രണ്ട് യുവാക്കൾ പ്രശ്നമുണ്ടാക്കി. ളാഹയെ തല്ലാൻ പാഞ്ഞടുത്തു. ക്യാമറ ചെയ്ത ഫൈസലും വണ്ടിയോടിച്ച സനോജും ഞാനും ചേർന്ന് ഒരുവിധം തടഞ്ഞു. ഡിവൈഎഫ്ഐക്കരായിരുന്നു അവർ.

അവരിൽ പ്രധാനിയെ ചൂണ്ടി ളാഹ പറഞ്ഞു. ഇവൻ എന്താ കല്യാണം കഴിക്കാത്തതെന്നറിയാമോ? റോഡിനുതാഴെയുള്ള അയാളുടെ വീട് ചൂണ്ടിക്കാട്ടിക്കൊണ്ട് ളാഹ പറഞ്ഞു. ആ വീട്ടിൽ ഒരു മുറിയേ ഉള്ളൂ. അതുകൊണ്ടാണ്.

ആളെണ്ണം കൂടുമ്പോൾ വീടും സ്ഥലംവും അതിനൊപ്പം വളരാത്ത നിലയിലാണ് കേരളത്തിലെ ദലിതരെന്ന വാദത്തിന് വേറേ എന്ത് തെളിവ് വേണം?

ഭൂസമര നായകൻ കൂടിയായിരുന്ന എ.കെ ​ഗോപാലനെക്കാൾ വലിയ വിപ്ലവകാരിയാണ് ളാഹ​ ​ഗോപാലൻ എന്ന് ഞാൻ പറയും.

ദലിതനായതുകൊണ്ട് മാത്രം പ്രബലമായ കാൽപ്പനിക നരേറ്റീവുകളിൽ ഇടം കിട്ടാത്ത ​ഗോപാലൻ. എന്റെ രാഷ്ട്രീയത്തെക്കൂടി പരുവപ്പെടുത്തിയ നേതാവായിരുന്നു ളാഹ ​ഗോപാലൻ.

വിപ്ലവ നക്ഷത്രത്തിന് ആദരാഞ്ജലികൾ.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x