News

മാമുക്കോയ; ‘തഗ്ഗിൻ്റെ’ രാജകുമാരന് വിട !

ഖൽബിൽ ഇടം പിടിച്ച കലാകാരൻ

‘ഞമ്മള് അയിന് അഹിന്ദുവല്ലല്ലോ മുസ്ലിം അല്ലേ..’ ക്ഷേത്ര കലകളിൽ പഠനം നടത്തുന്ന ഒരു സുഹൃത്ത് എപ്പോഴും പറഞ്ഞു ചിരിക്കാറുള്ള മാമുക്കോയയുടെ ഒരു തഗ്ഗ് ഡയലോഗ് ആണിത്.

എവിടെയെങ്കിലും അത് പ്രയോഗിക്കാൻ അവന് ആഗ്രഹം ഉണ്ടായിരുന്നു എങ്കിൽ പോലും ഇത് വരെ അതിന് കഴിഞ്ഞിട്ടില്ല.

സിനിമയിലും ജീവിതത്തിലും ആരെയും കൂസാതെ ഇങ്ങനെ തഗ്ഗ് ഡയലോഗ് അടിക്കാൻ മാമുക്കോയക്ക് മലയാളി വിശാലമായ അവകാശം തന്നെ നൽകിയിട്ടുണ്ട്. പലപ്പോഴും സന്ദർഭത്തിനൊത്ത് മാമുക്കോയ പറയുന്ന സിനിമാ ഡയലോഗുകൾ പലതും മാമുക്കോയയുടെ സൃഷ്ടിയോ അദ്ദേഹത്തിന്റെ ഇടപെടലോ ഉള്ളതാണ്.

‘ഞാനീ പോളിടെക്‌നിക്ക് ഒന്നും പഠിക്കാത്തതുകൊണ്ട് യന്ത്രങ്ങളുടെ പ്രവർത്തനം ഒന്നും അറീല്ലല്ലോ..’ എന്ന മാമുക്കോയയുടെ ഒരൊറ്റ ഡയലോഗ് മലയാളിക്ക് ഏതു കാലത്തും ഏതു വലിയ പണ്ഡിത ഷോ ഓഫിന് മുൻപിലും ഇറക്കാവുന്ന ഒന്നാണ്.

ഒച്ച ഫോട്ടോയിൽ കിട്ടൂല മിസ്റ്റർ, മാണ്ട, ഇങ്ങളല്ല വേറൊരു തൊരപ്പൻ ഉണ്ട്, വിദ്യാഭ്യാസം ഉള്ള ഒരുത്തനും ഇല്ലേ നമ്മുടെ പാർട്ടിയിൽ തുടങ്ങി മാമുക്കോയ കാലതീതമാക്കി അവശേഷിപ്പിച്ചു പോയ സിനിമാ ഡയലോഗുകൾക്ക് പഞ്ഞമില്ല.

ബാലസ്ണാ നായിന്റെ മോനേ, എട കള്ള ബലാലേ എന്നൊക്കെ മാമുക്കോയ പറയുമ്പോൾ തെറി പറഞ്ഞു എന്ന് നമ്മൾ ഒഫൻസീവ് ആകാതിരിക്കുന്നത് ആ ശൈലിയും ശരീര ഭാഷയും ഉള്ളത് കൊണ്ടാണ്. അത് കൊണ്ട് മാത്രമാണ്.

അസ്സലാമു അലൈകും വ അലൈകും ഉസ്സലാം എന്ന രണ്ടു വാചകങ്ങൾ കൊണ്ട് രണ്ട് പേരെ കാലിഫോർണിയ വഴി ദുബായിലേക്ക് കയറ്റി വിടാൻ മാമുക്കോയ എന്ന കഥാപാത്രത്തിന് മാത്രമേ സാധിക്കുകയുള്ളൂ.

സത്യൻ അന്തിക്കാട് ഒരിക്കൽ പറഞ്ഞത് പോലെ ചില അഭിനേതാക്കൾ നമ്മുടെ പേനയിലൂടെ അവരായി പിറന്നു വീഴും എന്നത് മാമുക്കോയയുടെ പ്രത്യേകതയായിരുന്നു.

കോഴിക്കോടൻ ശൈലി എന്നതിന് അപ്പുറം സൂഷ്മമായി നോക്കിയാൽ മാമുക്കോയയുടേത് കല്ലായിയിലും പരിസര പ്രദേശങ്ങളിലും ഉള്ള വളരെ സാധാരണയായ ഒരു നാട്ടു ഭാഷ ആയിരുന്നു.

സിബി മലയിലിന്റെ “ദൂരെദൂരെ ഒരു കൂടുകൂട്ടാം” എന്ന സിനിമയിലെ അറബി മുൻഷിയുടെ വേഷം ആരും മറക്കാൻ ഇടയില്ല. തിരക്കഥയിൽ മൂന്നു സീൻ മാത്രം ഉണ്ടായിരുന്ന കഥാപാത്രത്തിന്റെ പെർഫോമൻസ് കണ്ട് സിബി മലയിൽ തന്നെ ഷൂട്ടിന്റെ ഇടയ്ക്ക് മാമുക്കോയയുടെ സീനുകളുടെ എണ്ണം കൂട്ടുകയായിരുന്നു.

മതം, രാഷ്ട്രീയം, സാഹിത്യം, സമകാലിക സംഭവങ്ങൾ എന്നിവയിലൊക്കെ നമ്മുടെ സൂപ്പർ മെഗാ സ്റ്റാറുകളെക്കാൾ ധാരണയും അറിവും അതിലുപരി അത് മനോഹരമായി തുറന്ന് പറയാൻ ഉള്ള ഭാഷയും മാമുക്കോയക്ക് ഉണ്ടായിരുന്നു. അഭിപ്രായ ഭിന്നതകളെ മനോഹരമായി അവതരിപ്പിക്കുന്ന വൈക്കം മുഹമ്മദ്‌ ബഷീറിന്റെ അതേ കഴിവ് ബഷീറിന്റെ അടുത്ത സുഹൃത്ത് മാമുക്കോയക്കും ഉണ്ടായിരുന്നു.

മലയാളിയെ രസച്ചരടിൽ കോർത്തു കെട്ടിയ കോമ്പോ ആയിരുന്നു മാമുക്കോയയും ഇന്നസെന്റും. ഈ കൂട്ട്കെട്ട് നമ്മളെ ചിരിപ്പിച്ചതിന് കണക്കില്ല. ഇന്നസെന്റ് ഇരിഞ്ഞാലക്കുടയിൽ നിന്നും മാമുക്കോയ കല്ലായിയിൽ നിന്നും നമ്മളെ രസിപ്പിച്ചു കൊണ്ടേ ഇരുന്നു.

രണ്ട് പേർക്കും ഒരുപാട് സമാനതകൾ ഉണ്ട്. രണ്ട് പേരും സാധാരണക്കാർ ആയ വ്യക്തികളായിരുന്നു, രണ്ട് പേരും അഭിനയം നൈസർഗികമായി അഭ്യസിച്ചവർ, രണ്ടു പേരും ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടി മുട്ടിക്കാൻ ഒട്ടേറെ ജോലികൾ ചെയ്തവർ, രണ്ടു പേരും തങ്ങളുടെ നാട്ടു ഭാഷയെ നൈസർഗികമായി ഉപയോഗിച്ചവർ, വിശ്വാസികൾ ആയി തുടരുമ്പോഴും മത സാമ്പ്രദായികതകൾക്ക് എതിരെ റിബലുകൾ ആയവർ, രണ്ട് പേരും ഗ്രാമങ്ങളിലെ തങ്ങളുടെ വേരുകൾ ഉപേക്ഷിക്കാത്തവർ…

മലയാളിയെ ആർത്തു ചിരിപ്പിച്ചവരും ചിന്തിപ്പിച്ചവരും ആയ രണ്ട് പേർ അടുത്തടുത്ത സമയങ്ങളിൽ കാല യവനികയിൽ മറഞ്ഞു പോയി. മലയാള സിനിമയെ രസിപ്പിച്ച പലരും അടുത്ത കാലങ്ങളിൽ ആയി നമ്മളെ വിട്ടു പിരിഞ്ഞു.

വെറും 7 മിനുട്ട് , എത്ര കൃത്യമായാണ് മാമുക്കോയ തന്റെ രാഷ്ട്രീയം പറഞ്ഞത് !

വെറും 7 മിനുട്ട് , എത്ര കൃത്യമായാണ് മാമുക്കോയ തന്റെ രാഷ്ട്രീയം പറഞ്ഞത് ! ഒന്ന് കേട്ട് നോക്കൂ ! 2020 ൽ യൂത്ത് ലീഗ് കോഴിക്കോട് നടത്തിയ ഷാഹീൻ ബാഗ് സ്‌ക്വയറിൽ മാമുക്കോയ നടത്തിയ പ്രസംഗം . #mamukkoya #mylkeralastate #archivesPosted by Muslim Youth League – Kerala State on Wednesday, 26 April 2023

കുട്ടിക്കുപ്പായം മുതലുള്ള വളിച്ച കൃത്രിമ മാപ്പിള സ്ലാംഗിനു ഒരറുതി വന്നത് മാമുക്കോയ സിനിമയിൽ വന്നതിനു ശേഷം തന്നെയാണു… മാമുക്കോയയുടെ അത്ഭുതകരമായ സ്വാഭാവിക അഭിനയത്തെക്കുറിച്ചു സുഹാസിനിയടക്കമുള്ളവർ അതിശയപ്പെട്ടു നോക്കിനിന്നതായി പറഞ്ഞിരുന്നു.

ഒരു കാര്യം ഉറപ്പാണ്, അദ്ദേഹത്തിന്റെ പല സംഭാഷണ ശകലങ്ങളും അദ്ദേഹത്തിന്റെ സ്വന്തം സൃഷ്ടികൾ തന്നെയാവും… “അയിനു ഞമ്മൾ അഹിന്ദു അല്ലല്ലൊ മുസ്ലിമല്ലേ?” തുടങ്ങി ഒരു നാടക സീൻ അഭിനയിക്കുന്നതായുള്ള സീനിൽ മാമുക്കോയയുടെ റോൾ ഒരു സന്യാസിയുടേതാണ്. അദ്ദേഹം “ആരു നി ഭദ്രെ താപസ കന്യകേ..” എന്നുള്ള ശ്ലോകം ‘കാഫ് മല കണ്ട പൂങ്കാറ്റേ’ ടോണിൽ പാടുന്നതും ജോഷിയുടെ ഒരു പട്ടാള സിനിമയിൽ മാമുക്കോയ ഒരാളുടെ പേരു ചോദിക്കുമ്പോൾ മുസ്ലിം പേരാണെന്ന് അറിഞ്ഞപ്പോൾ “അള്ളാ ഞമ്മളെ ഖൗമ്..” എന്ന് പറയുന്നതൊക്കെ തനി മാപ്പിള രീതികൾ തന്നെയാണു അതൊക്കെ അദ്ദേഹത്തിന്റെ സ്വന്തം സംഭാവനകൾ തന്നെയായിരിക്കും..

അങ്ങനെ ഒരു പാട് മാപ്പിള ഫലിതങ്ങൾ അദ്ദേഹം സിനിമയിൽ കൊണ്ടുവന്നിട്ടുണ്ട്..

ഒരു നാടൻ മാപ്പിളക്കാക്ക ലോട്ടറി അടിച്ചപോലെ സിനിമയിൽ എത്തിപ്പെട്ടു എന്നാണു തുടക്കത്തിലൊക്കെ കരുതിയിരുന്നത്… എന്നാൽ നാടക രംഗത്തും കോഴിക്കോടൻ സംഗീത സദസ്സുകളിലും തുടങ്ങി കല്ലായിയിലെ തടിപ്പണിക്കാരനും സുന്നി ടൈംസ് പത്രത്തിലെ ജീവനക്കാരനും ഒക്കെയായ സംഭവ ബഹുലമായ ജീവിതത്തിനുടമ കൂടിയായിരുന്നു അദ്ദേഹം എന്ന് മനസ്സിലാക്കിയത് ദീർഘമേറിയ കുറേ ഇന്റർവ്യൂകളിലൂടെയായിരുന്നു..

കാലവും വിഷുവും ഇനിയും വന്നാൽ പോലും ചില കഥാപാത്രങ്ങൾ ഇനിയും വരില്ല എന്ന ദുഃഖ സത്യം അവശേഷിക്കുന്നു.

ഖൽബിൽ ആണ് മാമുക്കോയ

ആദരാഞ്ജലികൾ.

Inputs from Haris Arabi  & Kunhutty Thennala

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x