മഹാത്മഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെയെല്ലാം നാമധേയത്തില്‍ നിരവധി സ്‌റ്റേഡിയങ്ങളും സ്ഥാപനങ്ങളും കേന്ദ്ര-സംസ്ഥാന പദ്ധതികളും നിരവധി ചാമ്പ്യന്‍ഷിപ്പുകളും വിമാനത്താവളങ്ങളും തുറമുഖങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫെലോഷിപ്പുകളും ദേശീയ മ്യൂസിയങ്ങളും റോഡുകളും കെട്ടിടങ്ങളുമെല്ലാമുണ്ട്.
അവയൊന്നും ഗാന്ധിയോ, നെഹ്‌റുവോ, ഇന്ദിരാഗാന്ധിയോ, രാജീവ് ഗാന്ധിയോ സ്ഥാപിച്ചതോ, നാമകരണം ചെയ്തവയോ ആയിരുന്നില്ല. അവരുടെ കാലശേഷം ആ കാലങ്ങളിലെ ഭരണകൂടങ്ങള്‍ നല്‍കിയ നാമങ്ങളാണ്.
ഇതാ ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാമധേയം ഒരു വലിയ സ്‌റ്റേഡിയത്തിന് നല്‍കിയിരിക്കുന്നു. അതും അതിവിഖ്യാതനായ ഒരാളുടെ നാമധേയത്തിലുള്ളത്. മൊട്ടേരയിലെ പട്ടേല്‍ സ്‌റ്റേഡിയം നരേന്ദ്ര മോദി സ്‌റ്റേഡിയമായി മാറുമ്പോള്‍ അത് നല്‍കുന്ന സന്ദേശമെന്താണ്…?
ഒരു പക്ഷേ ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലര്‍ക്ക് ശേഷം ആദ്യമായിട്ടായിരിക്കാം ഒരു ഭരണാധികാരി സ്വന്തം താല്‍പ്പര്യത്തില്‍ രാജ്യത്തെ വലിയ കളിമുറ്റത്തിന് സ്വന്തം നാമം നല്‍കുന്നത്.
1983 എന്ന വര്‍ഷത്തിന് ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ സ്ഥാനമാണുള്ളത്. കപില്‍ദേവിന്റെ ഇന്ത്യ ലോര്‍ഡ്‌സിലെ വേദിയില്‍ ക്ലൈവ് ലോയിഡ് നയിച്ച വിന്‍ഡീസിനെ തകര്‍ത്ത് ലോകകപ്പ് സ്വന്തമാക്കിയ വര്‍ഷം. ആ വര്‍ഷത്തില്‍ തന്നെയായിരുന്നു അഹമ്മദാബാദിലെ മൊട്ടേരയില്‍ ഉരുക്ക് മനുഷ്യന്‍ സര്‍ദാര്‍ പട്ടേലിന്റെ നാമധേയത്തില്‍ ക്രിക്കറ്റ് സ്‌റ്റേഡിയം നിര്‍മിക്കാന്‍ തുടങ്ങിയത്.
മൂന്ന് വര്‍ഷമായിരുന്നു നിര്‍മാണ കാലയളവ്. അതിന് ശേഷം സര്‍ദാര്‍ പട്ടേല്‍ സ്‌റ്റേഡിയം രാജ്യത്തെ പ്രധാന ക്രിക്കറ്റ് കളിമുറ്റങ്ങളിലൊന്നായി. 2020 ലാണ് സ്‌റ്റേഡിയം ഗുജറാത്് ക്രിക്കറ്റ് അസോസിയേഷന്‍ നവീകരിച്ചത്. അപ്പോഴും നാമം മാറ്റിയില്ല. ചെറിയ വിത്യാസം മാത്രം-സര്‍ദാര്‍ പട്ടേല്‍ ഗുജറാത്ത്് സ്‌റ്റേഡിയം.
ഇന്ത്യന്‍ സന്ദര്‍ശനം നടത്തിയ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപായിരുന്നു പുതിയ വേദിയിലെത്തിയ ആദ്യ അതിഥി.
കോര്‍പ്പറേറ്റുകളുടെ വക്താവായാണ് നരേന്ദ്ര മോദി അറിയപ്പെടുന്നത്. അതിന് തെളിവെന്ന പോലെയായിരുന്നു പുതിയ സ്‌റ്റേഡിയത്തിലെ രണ്ട് ഭാഗങ്ങളുടെ പേര്. രാജ്യത്തെ തന്നെ വന്‍കിടക്കാരയ അദാനിയുടെ നാമധേയത്തിലാണ് ഒരു ഭാഗം. മറ്റൊന്ന് റിലയന്‍സിന്റെ നാമധേയത്തിലും.
ഇന്നലെ കമന്ററി തുടക്കത്തില്‍ ഇങ്ങനെയായിരുന്നു. നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ റിലയന്‍സ് എന്‍ഡില്‍ നിന്ന് ഇഷാന്ത് ശര്‍മയും അദാനി എന്‍ഡില്‍ നിന്ന് ജസ്പ്രീത് ബുംറയും പന്തെറിയുന്നു.
63 ഏക്കര്‍ വിസ്തൃതിയിലാണ് സ്‌റ്റേഡിയം. 800 കോടിയാണ് നിര്‍മാണ ചെലവ്. മോദി ഗുജറാത്ത്് മുഖ്യമന്ത്രിയായിരുന്ന കാലത്തും പിന്നിട് ഗുജറാത്ത്് ക്രിക്കറ്റ് അസോസിയേഷന്‍ തലവനായ കാലത്തും സ്‌റ്റേഡിയം നവീകരണത്തില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്് എന്നത് യാഥാര്‍ത്ഥ്യം.
പക്ഷേ അതേ സ്‌റ്റേഡിയം സ്വന്തം പേരില്‍ തന്നെ വിളിക്കപ്പെടുമ്പോള്‍ അതുണ്ടാക്കുന്ന അലയൊലി ചെറുതല്ല. എല്ലാ ഭരണാധികാരികള്‍ക്കും പൊതു ഖജനാവ് ഉപയോഗപ്പെടുത്തി സ്‌റ്റേഡിയങ്ങളോ വലിയ സ്ഥാപനങ്ങളോ റോഡുകളും പാലങ്ങളും നിര്‍മിക്കാം. എന്നിട്ട് സ്വന്തം പേര് നല്‍കിയാല്‍ മതിയല്ലോ…
മൊട്ടേരയിലെ സ്്‌റ്റേഡിയത്തെ പട്ടേലിന്റെ നാമധേയത്തില്‍ അറിയപ്പെടാനാണ് ക്രിക്കറ്റ് ലോകവും കായിക ലോകവും ആഗ്രഹിക്കുന്നത്. അതിന് കാരണം മറ്റൊന്നുമല്ല- രാജ്യ നിര്‍മിതിയില്‍ വലിയ പങ്ക് വഹിച്ച ഭരണാധികാരിയായിരുന്നു പട്ടേല്‍. അദ്ദേഹത്തിന് സ്വന്തം നാട്ടിലെ ആദരമാണത്.
ഈ കളിമുറ്റത്തിലാണ് പല റെക്കോര്‍ഡുകളും പിറന്നതും. സുനില്‍ ഗവാസ്‌ക്കര്‍ തന്റെ ടെസ്റ്റ് റണ്‍സ് വേട്ടയില്‍ 10,000 പൂര്‍ത്തിയാക്കിയതും 1994 ല്‍ കപില്‍ദേവ് റിച്ചാര്‍ഡ് ഹാഡ്‌ലിയുടെ റെക്കോര്‍ഡ് മറികടന്ന് 432-ാമത് ടെസ്റ്റ് വിക്കറ്റ് നേടിയതുമെല്ലാം ഇവിടെയാണ്.
ആധികാരികമായി കളിമുറ്റങ്ങള്‍ക്ക് ഭരണാധികാരികളുടെ പേര് നല്‍കേണ്ടതുണ്ടോ എന്ന് ഗൗരവമായി ചിന്തിക്കണം. കളിക്കാരുടെ പേരുകളാണ് കളിമുറ്റങ്ങള്‍ക്ക് ഉചിതം.
അല്ലെങ്കില്‍ നാടിന്റെ പേര് നല്‍കാം. വിദേശങ്ങളില്‍ നോക്കു- സ്‌റ്റേഡിയങ്ങളെല്ലാം അവ സ്ഥിതി ചെയ്യുന്ന നാടിന്റെ നാമധേയത്തിലാണ്.
മെല്‍ബണിലെ വിശാലമായ സ്‌റ്റേഡിയത്തിന്റെ നാമം മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് എന്നാണ്. സിഡ്‌നിയിലെ വേദിയും ആ സ്ഥലത്തിന്റെ നാമധേയത്തിലാണ് അറിയപ്പെടുന്നത്. ഇംഗ്ലണ്ടിലെ വിഖ്യാതമായ വെംബ്ലി, ബ്രസീലിലെ മരക്കാന തുടങ്ങിയവയെല്ലാം ഉദാഹരണങ്ങള്‍. കളിമുറ്റങ്ങളില്‍ രാഷ്ട്രിയം കലര്‍ത്തുമ്പോഴാണ് പേരുകള്‍ പോലും ചര്‍ച്ചയാവുന്നത്.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS