NewsOpinion

മുല്ലപ്പള്ളിയുടെ സ്ത്രീപക്ഷ രാഷ്ട്രീയത്തോടുള്ള അങ്കലാപ്പും അമർഷവും

കാലികം/പ്രമോദ് പുഴങ്കര

സ്ത്രീ വിരുദ്ധതയുടെയും ജനാധിപത്യ വിരുദ്ധതയുടെയും അഴുകിയ വ്രണങ്ങളാണ് കോൺഗ്രസ് കേരളം പ്രദേശ് സമിതി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് ആരോഗ്യ മന്ത്രി ശൈലജ ടീച്ചർക്കെതിരെ നടത്തിയ പ്രസ്താവനയിൽ പൊട്ടിയൊഴുകുന്നത്. നിപ രാജകുമാരി, കോവിഡ് റാണി എന്നൊക്കെയാണ് മുല്ലപ്പള്ളി ടീച്ചറെ ആക്ഷേപിച്ചത്.

പുരുഷന്മാർക്കാണെങ്കിൽ സ്വാഭാവികവും സ്ത്രീകൾക്കാണെങ്കിൽ മീഡിയ മാനിയയുമാകുന്ന മാധ്യമ ശ്രദ്ധയെക്കുറിച്ചുള്ള അസ്വസ്ഥത നേരത്തെ പ്രതിപക്ഷ നേതാവിനുമുണ്ടായി. അധികാരരാഹിത്യത്തിന്റെ കൊടും നൈരാശ്യം മാത്രമല്ല രാഷ്ട്രീയ നിലപാടുകളിലെ വിഷമിശ്രണം കൂടിയാണിത്.

ഒരു സ്ത്രീ പ്രത്യേകമായി പുരുഷ രക്ഷാകർത്താക്കളും ആഢ്യ കുടുംബ മഹിമയും അച്ഛനപ്പൂപ്പന്മാരുടെയും ഭർത്താവിന്റെയുമൊന്നും രാഷ്ട്രീയ, സാമൂഹ്യ മേൽവിലാസമഹിമയുമില്ലാതെ താൻ പങ്കെടുക്കുന്ന രാഷ്ട്രീയ സമരങ്ങളുടെയും ജനാധിപത്യ രാഷ്ട്രീയത്തിലെ ജനാധിപത്യപരമായ ഇടപെടലുകൾക്കൊണ്ടും കൃത്യമായി തന്നെ സമൂഹത്തിലും ഒരു പക്ഷെ കേരളത്തിന്റെ തന്നെ ചരിത്രത്തിലേക്കും അടയാളപ്പെടുത്തുമ്പോൾ കോൺഗ്രസിനെപ്പോലൊരു അളിഞ്ഞു ചീഞ്ഞ രാഷ്ട്രീയഘടനയ്ക്ക് അങ്കലാപ്പും അമർഷവുമുണ്ടാകും.

അടിമുടി സ്ത്രീവിരുദ്ധവും ആധുനിക സമൂഹത്തിനും ജനാധിപത്യ സംവിധാനത്തിനും നാഗരികതയുടെ വ്യവഹാരഭാഷയ്ക്കും പ്രതിരൂപവും പ്രതിഭാഷയുമുണ്ടാക്കിയ ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ ലഹള പോലൊന്നിൽ ആർപ്പുവിളിച്ച കോൺഗ്രസുകാരിൽ നിന്നും ഇതിലപ്പുറമൊന്നും പ്രതീക്ഷിക്കാൻ വയ്യ.

പക്ഷെ കേരളത്തിന്റെ മുഖ്യധാരാ രാഷ്ട്രീയ വ്യവഹാരങ്ങളിൽ ഗതികേടാണെങ്കിലും നിറഞ്ഞുനിൽക്കുന്ന മുല്ലപ്പള്ളിയെപ്പോലുള്ള അല്പന്മാർ ഉണ്ടാക്കുന്ന പൊതുസാമൂഹ്യാന്തരീക്ഷത്തോട് കർക്കശമായി രാഷ്ട്രീയപ്രതികരണത്തിനു ഒരു സമൂഹം എന്ന നിലയിൽ നാം ഉത്തരവാദപ്പെട്ടിരിക്കുന്നു.

പൊതുസമൂഹത്തോട് അല്ലെങ്കിൽ രാഷ്ട്രീയാധികാരത്തിന്റെ പ്രത്യക്ഷ രൂപങ്ങളായവരിൽ നിന്നും വ്യത്യസ്തമായി, വോട്ടുചെയ്യുക എന്നതിൽക്കവിഞ്ഞൊരു രാഷ്ട്രീയപങ്കാളിത്തവും സാധാരണയായി ലഭിക്കാത്ത ജനങ്ങളോട് പരസ്പര ബഹുമാനത്തോടും ജനാധിപത്യ മര്യാദയോടും കൂടി ആശയവിനിമയം നടത്തി എന്നതാണ് ശൈലജ ടീച്ചർ നടത്തിയ ഒട്ടും നിസ്സാരമല്ലാത്ത ജനാധിപത്യ രാഷ്ട്രീയ സംഭാവന എന്ന് ഞാൻ കരുതുന്നു. അതുകൊണ്ടാണ് കേരള സമൂഹത്തിൽ അവർക്ക് ഇത്രയേറെ സ്വീകാര്യത നേടാനായതും.

ആദർശമെന്നാൽ എണ്ണം പറഞ്ഞ ചുളിവുകളിട്ട ശ്രദ്ധാപൂർവമുള്ള വിലകൂടിയ ലാളിത്യ പ്രകടനമായിക്കൊണ്ട് നടക്കുന്നവർക്ക് അതത്ര ദഹിക്കണമെന്നില്ല. ഒന്നുകിൽ ഔദ്ധത്യം അല്ലെങ്കിൽ ജന്മിയുടെ ദയ എന്ന ദ്വന്ദങ്ങളിൽ മാത്രം പെരുമാറുന്നവർക്കും. തുന്നൽ ടീച്ചറെന്നു ഗോപാലകൃഷ്ണൻ പോലൊരു സംഘപരിവാർ ദുർഗന്ധദ്വാരം ആക്ഷേപമെന്നവണ്ണം വിളിച്ചതും ചെന്നിത്തലയും മുല്ലപ്പള്ളിയും ആക്ഷേപിക്കുന്നതുമെല്ലാം കടുത്ത സ്ത്രീവിരുദ്ധത കൊണ്ട് മാത്രമല്ല, ഒപ്പം പുരുഷ രാഷ്ട്രീയാധികാരത്തിന്റെ സങ്കൽപ്പവടിവുകളിലേക്ക് പാകമല്ലാത്ത ഒരു രാഷ്ട്രീയ പ്രഖ്യാപനം കൂടിയുണ്ട് ശൈലജ ടീച്ചറിൽ എന്നതുകൊണ്ടാണ്.

ഇതുകൊണ്ടുതന്നെയാണ് സഖാവ് മേഴ്സിക്കുട്ടിയമ്മയെ അശ്ലീലാക്ഷേപം നടത്തുന്ന ഒരു രാഷ്ട്രീയം സംഘികൾക്കും അവർക്കു മുമ്പേ രാജ്‌മോഹൻ ഉണ്ണിത്താനെന്ന കോൺഗ്രസ് വിട്ടക്കുഴി നിലയവിദ്വാനും ഒരുപോലെ പാകമായത്. ഇതേ രാഷ്ട്രീയമാണ് സഖാവ് അജിതയെ മേശയ്ക്ക് മുകളിൽ കയറ്റി നിർത്തി കാഴ്ചവസ്തുവാക്കിയത്.

കരിവളയിട്ട കൈകളിൽ കൊടി, മന്ത്രിത്തിരക്കിലും അമ്മയും അമ്മൂമ്മയും, സാന്ത്വനമായി ടീച്ചറമ്മ എന്നൊക്കെയുള്ള ആരെയും വേദനിപ്പിക്കാത്ത വിശേഷങ്ങൾക്കായി ശൈലജ ടീച്ചറുടെ വീട്ടിലെത്തുന്ന മാധ്യമങ്ങൾക്കും പോരാടുന്ന, സ്ത്രീപക്ഷത്തിന്റെ വർഗ്ഗരാഷ്ട്രീയം പറയുന്ന ഒരു സ്ത്രീയിൽ നിന്നും അവരെ മോചിപ്പിച്ചെടുക്കാനുള്ള തിരക്കാണ്.

ഇടതുപക്ഷ രാഷ്ട്രീയം പറയുന്ന സ്ത്രീകൾക്കെതിരെ നടക്കുന്ന ദ്വയാർത്ഥ പ്രയോഗങ്ങളിലും, sexist abuse കളിലും മുഖ്യധാര മാധ്യമങ്ങൾ കൃത്യമായ മൗനം പാലിക്കും. സ്ത്രീകൾക്ക് വേണ്ടി എന്ന് പറഞ്ഞാൽ ഉടനെ വീടെങ്ങനെ അലങ്കരിക്കാം, കടലാസുപൂവ് നിർമ്മാണം തുടങ്ങിയവയിലെ വിദഗ്ധരെ അന്വേഷിക്കുന്ന മാധ്യമബോധം മാത്രമല്ല അതിനു കാരണം, കറകളഞ്ഞ ഇടതുരാഷ്ട്രീയ വിരുദ്ധതയുമാണ്.

നിലവിലെ വ്യവസ്ഥിതിയെ, അധികാരത്തിന്റെ പ്രതിനിധാനങ്ങളെ ഏറ്റവും ലളിതമായി വെല്ലുവിളിക്കുമ്പോഴാണ് നിങ്ങൾ ഏറ്റവും തീക്ഷ്ണമായി അവഹേളിക്കപ്പെടുക. നിങ്ങളുടെ രാഷ്ട്രീയത്തിന്റെ ശരി നിങ്ങൾ തിരിച്ചറിയാൻ തുടങ്ങുന്നതും അവിടെയാണ്. അതുകൊണ്ടാണ് ഒറ്റമുണ്ടും ഒരു ചെറിയ മേല്മുണ്ടും കയ്യിലൊരു മുളവടിയുമായി നിങ്ങളുടെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെയുള്ള എൻ്റെ ആയുധമിതാണ് എന്ന് പറഞ്ഞ ഗാന്ധിയെ വിൻസ്റ്റൺ ചർച്ചിൽ അർദ്ധനഗ്നനായ ഫക്കീർ എന്ന് വിളിച്ചത്. അത് പരിഹാസമല്ല, മറിച്ച് ആ രാഷ്ട്രീയ വെല്ലുവിളിയുടെ സമരതീക്ഷ്ണതയോടുള്ള പകയാണെന്ന് ചരിത്രം നമ്മുക്ക് മനസ്സിലാക്കിത്തരുന്നുണ്ട്.

ഇതേ പകർപ്പാണ് ആർജവമുള്ള, ചേട്ടന്റെ നിഴലുകളിലല്ലാത്ത, പുരുഷ രക്ഷധികാരത്തിനപ്പുറമുള്ള രാഷ്ട്രീയസ്ഥലികളിൽ കാലുറപ്പിക്കുന്ന തലയുയർത്തുന്ന സ്ത്രീകളോട് മുല്ലപ്പള്ളിയും ചെന്നിത്തലയും പോലുള്ളവർ നടത്തുന്ന ആക്ഷേപങ്ങളിലുള്ളത്. സംസാരിക്കുമ്പോൾ വായ മാത്രമല്ല പ്രവർത്തിക്കുന്നത്, നിങ്ങളുടെ ബോധാബോധ മണ്ഡലങ്ങൾ കൂടിയാണ്. അത് നിരന്തരമായി പുതുക്കുകയും സംസ്കരിക്കുകയും ചെയ്യുക എന്നതാണ് മനുഷ്യന്റെ രാഷ്ട്രീയ, സാമൂഹ്യ വ്യവഹാരങ്ങളെ കൂടുതൽ ജനാധിപത്യപരമാക്കുന്നത്. അത്തരമൊരു പ്രക്രിയ നടന്നില്ലെങ്കിൽ ഏതോ ജീർണകാലത്തിൽ കുടുങ്ങി നിൽക്കുന്ന വൈകൃതഭാവനകൾക്ക് അധോദ്വാരം വഴി പോകേണ്ട ദുർഗന്ധം നിറഞ്ഞ വായുവാണ് ശബ്ദരൂപത്തിൽ വായുവിലൂടെ പോവുക. മുല്ലപ്പളിയുടെ ആക്ഷേപങ്ങൾ അത്തരത്തിലുള്ളതാണ്.

വാസ്തവത്തിൽ ഇത്തരത്തിലുള്ള ആക്ഷേപങ്ങൾ കേരളത്തിലെ സ്ത്രീപക്ഷ രാഷ്ട്രീയത്തെ കൂടുതൽ സമരോത്സുകമാക്കാൻ സഹായിക്കുമെന്നാണ് ഞാൻ കരുതുന്നത്. പുരുഷാധിപത്യ രാഷ്ട്രീയത്തിന്റെ മഴനിഴൽ പ്രദേശങ്ങളിലേക്ക് തള്ളിമാറ്റിയിരിക്കുന്ന സ്ത്രീകളുടെ രാഷ്ട്രീയ ഇടപെടലുകൾക്ക് പുതിയ ഭൂമിയും പുതിയ ആകാശവും മാത്രമല്ല, പുതിയ കാറ്റും മഴയും ഇടിയും മിന്നലുമാണ് വേണ്ടതെന്ന് ഒന്നുകൂടി ഉറപ്പാക്കും ഇത്തരം വെല്ലുവിളികൾ.

“നിഴലിൻവഴി പൈതൽ പോലെ, പോയുഴലാ ഭോഗമിരന്നു ഞാനിനി” എന്ന് സീത (കുമാരനാശാൻ) പറയുന്നത് പുരുഷനിർമ്മിതമായ സകലഭോഗങ്ങളുടെയും വഴിയിലെ നിഴലുകളായി മാറിയ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചാണ്.

മുല്ലപ്പള്ളിയുടെ രാജകുമാരി, റാണി ആക്ഷേപം സ്വാതന്ത്ര്യത്തിലേക്കുള്ള സമരം ദുർബലമെങ്കിലും എത്ര ശക്തമാണെന്നുകൂടി സൂചിപ്പിക്കുന്നു. രക്ഷകനായ രാജകുമാരനെ കാത്തിരിക്കുന്ന രാജകുമാരിയുടെ കഥ മാത്രം പഠിച്ച ആണുങ്ങൾക്കെല്ലാം പെണ്ണുങ്ങളെ പേടിയാണ്.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x