ബിജെപി സഖ്യം വീണ്ടും ഉപേക്ഷിച്ച് നിതീഷ് കുമാര്‍; ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു
ബി.ജെ.പിയുമായുള്ള ബന്ധം ഒരിക്കൽ കൂടി നിതീഷ് കുമാർ വിച്ഛേദിച്ചിരിക്കുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷ് ആർ.ജെ.ഡി-കോൺഗ്രസ്-ഇടതുപാർട്ടികളുടെ സഹായത്തോടെ വീണ്ടും മുഖ്യമന്ത്രിയാകും.
ഇന്ന് രാവിലെ അദ്ദേഹം ജെ.ഡി.യു എം.എല്‍.എമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജിക്കത്ത് കൈമാറിയത്. ആര്‍.ജെ.ഡിയും കോണ്‍ഗ്രസും നിതീഷ് കുമാറിനെ പിന്തുണച്ചാല്‍ നിഷ്പ്രയാസം നിതീഷിന് ബീഹാറില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാം.
പാര്‍ട്ടിയിലെ എല്ലാ എം.എല്‍.എമാരും എം.പിമാരും നിതീഷ് കുമാറിന്റെ തീരുമാനത്തെ പിന്തുണച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നിൽ ബി.ജെ.പിക്ക് ഭരണം നഷ്ടപ്പെടുന്നു എന്നതാണ് ഈ രാജിവെക്കലിൻ്റെ പ്രത്യേകത.
ജനതാദള്‍ എം.എല്‍.എമാര്‍ക്കിടയില്‍ വിഭാഗീയതയുണ്ടാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിരന്തരം ശ്രമിക്കുന്നുവെന്ന് കാട്ടിയാണ് നിതീഷ് കുമാറും ബി.ജെ.പിയും തമ്മില്‍ ഇടയുന്നത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള നീതി ആയോഗ് ഗവേണിങ്ങ് കൗണ്‍സില്‍ യോഗവും നിതീഷ് കുമാര്‍ ബഹിഷ്‌കരിച്ചിരുന്നു. ബീഹാറിന് സ്‌പെഷ്യല്‍ കാറ്റഗറി സ്റ്റേറ്റ് സ്റ്റാറ്റസ് നല്‍കാത്തതിലും ഇവര്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായിരുന്നു.
ഇതില്‍ പാര്‍ട്ടിയിലെ തന്നെ മുതിര്‍ന്ന നേതാവായി ആര്‍.സി.പി സിംഗിനെ നിതീഷ് കുമാര്‍ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച ആര്‍.സി.പി സിംഗ് ജെ.ഡി.യുവില്‍ നിന്ന് പുറത്ത് പോയിരുന്നു.
എട്ട് വര്‍ഷത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് ജെ.ഡി.യു ബി.ജെ.പി സഖ്യത്തില്‍ നിന്ന് പുറത്ത് വരുന്നത്. ഇന്ന് രാവിലെ ജെ.ഡി.യുവും ആര്‍.ജെ.ഡിയും എം.എല്‍.എമാരുടെ പ്രത്യേക യോഗം വിളിച്ചിരുന്നു. അതേസയമം ബീഹാര്‍ ഉപമുഖ്യമന്ത്രി തര്‍കിഷോര്‍ പ്രസാദിന്റെ നേതൃത്വത്തില്‍ ബി.ജെ.പിയും യോഗം നടത്തുന്നുണ്ട്.
ശനിയാഴ്ച സോണിയ ഗാന്ധിയുമായി നിതീഷ് കുമാര്‍ ഫോണില്‍ സംസാരിച്ചിരുന്നു. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയോടൊപ്പം മത്സരിച്ച ജെ.ഡി.യുവിന് 45 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. ബി.ജെ.പി 77 സീറ്റുകള്‍ നേടിയെങ്കിലും നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
ആര്‍.ജെ.ഡിയാണ് ബീഹാറില്‍ ഏറ്റവും വലിയ ഒറ്റകക്ഷി. 80 സീറ്റുകളിലാണ് ആര്‍.ജെ.ഡി വിജയിച്ചത്. കോണ്‍ഗ്രസിന് 19 എം.എല്‍.എമാരാണ് ഉള്ളത്. സി.പി.ഐ.എം.എല്‍ 12 ഉം, സി.പി.ഐക്ക് രണ്ടും സി.പി.എമ്മിന് രണ്ടും സീറ്റുകളാണ് ഉള്ളത്.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS