പാലക്കാട് തിരഞ്ഞെടുപ്പും സിപിഐഎം വർഗീയ പ്രചാരണങ്ങളും
നേരം പര പരാ വെളുക്കുമ്പോൾ എന്റെ ഉള്ളിൽ പതഞ്ഞു പൊങ്ങിയ ഒരു സംശയം, കേരളത്തിലെ മുസ്‌ലിംകൾ മാത്രം വർഗീയ മുക്തമായാൽ മതിയോ എന്നാണ്.
മുസ്‌ലിം സമുദായത്തിൽ വർഗീയ ശക്തികൾ സ്വാധീനം ചെലുത്തുന്നു എന്നും മുസ്ലിം ലീഗ് അതിനു പാലമായി വർത്തിക്കുന്നു എന്നുമാണല്ലോ ചില കേന്ദ്രങ്ങൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്.
ഏത് മാപിനി വെച്ച് പരിശോധിച്ചിട്ടും മുസ്‌ലിം സമുദായത്തിൽ ഇപ്പറയുന്ന സംഘടനകൾ ഉണ്ടാക്കിയ സ്വാധീനം കണ്ടെത്താൻ എനിക്ക് സാധിച്ചിട്ടില്ല. എന്റെ പിഴ എന്ന് കരുതി സമാധാനിക്കുക.
എന്ന് മാത്രമല്ല മുസ്‌ലിം സമുദായം വർഗീയ സംഘടനകൾക്ക് ചാരി നിന്ന അനുഭവവും ഇല്ല. അങ്ങനെ ചാരി നിന്നിരുന്നുവെങ്കിൽ അവർക്ക് എത്രയോ തദ്ദേശ സ്ഥാപനങ്ങൾ ഭരിക്കാമായിരുന്നു.
മുസ്‌ലിംകൾ കൂടുതൽ ഉള്ള വാർഡുകളിൽ മത്സരിച്ചിട്ടും തോറ്റു പോയതാണ് എസ് ഡി പി ഐ, വെൽഫയർ പാർട്ടികളുടെ അനുഭവം. മുസ്ലിം സമുദായത്തിന് അകത്തുനിന്ന് തന്നെയാണ് അവർ കൂടുതൽ എതിർപ്പുകൾ നേരിട്ടത്. ഇപ്പോഴും അതേ.
സിപിഎമ്മിന് ജമാഅത്തെ ഇസ്ലാമിയുമായി സംബന്ധമുണ്ടായിരുന്ന കാലത്തും സമുദായത്തിലെ മുഖ്യധാര അവർക്ക് എതിരായിരുന്നു. എസ് ഡി പി ഐയുടെ കാര്യത്തിലും അതാണവസ്ഥ.
എന്നിട്ടും മുസ്‌ലിം സമുദായത്തെ കുറിച്ചാണ് സി പി എം നേതാക്കൾക്ക് ആധി. സമുദായം ജമാഅത്തിന്റെയും എസ് ഡി പി ഐയുടെയും കെണിയിൽ വീണുപോകുമോ എന്ന് ആലോചിച്ച് അവർക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു.
അതേസമയം മുസ്ലിമിതര സമുദായങ്ങളിലെ സ്ഥിതി എന്താണ്?
കാസ എന്ന പേരിൽ ഒരു കൊടുംവർഗീയ പ്രസ്ഥാനം ക്രൈസ്തവ സമൂഹത്തെ ആർ എസ് എസിന്റെ ആലയിൽ കെട്ടാൻ അച്ചാരം വാങ്ങി ഇറങ്ങിയിട്ട് കാലമൊത്തിരിയായി.
ചില വൈദികർ പോലും അവരുടെ കെണിയിൽ വീണിട്ടുണ്ട്. കടുത്ത മുസ്‌ലിം വിദ്വേഷം സാമൂഹിക മാധ്യമങ്ങളിലൂടെ കാസ പുറന്തള്ളുന്നുണ്ട്. ക്രൈസ്തവർ വർഗീയക്കുഴിയിൽ വീണുപോകുന്നതിൽ സിപിഎം നേതാക്കൾക്ക് പരിഭവമില്ലേ. അത് തടയണ്ടേ?
ക്രിസ്ത്യാനികളെ പ്രതിനിധീകരിക്കുന്ന കേരള കോൺഗ്രസുകൾ മിണ്ടിയിട്ടുണ്ടോ കാസക്കെതിരെ? ക്രൈസ്തവരിൽ ചെറു ന്യൂനപക്ഷം വർഗീയവത്കരിക്കപ്പെടുമ്പോൾ കയ്യും കെട്ടി നിൽക്കുന്ന ജോസ് കെ മാണിയും പി ജെ ജോസഫും വിമർശിക്കപ്പെടണ്ടേ?
സാദിഖലി തങ്ങൾക്കെതിരെ നടത്തിയത് പോലെ ഒരു ‘രാഷ്ട്രീയ വിമർശനം‘ കേരള കോൺഗ്രസ് നേതാക്കൾക്കെതിരെ നടത്താൻ മുഖ്യമന്ത്രി ധൈര്യം കാട്ടുമോ?
ആർ എസ് എസിന്റെ ആശയപരമായ സ്വാധീനം ഇല്ലാത്ത ഏത് പാർട്ടിയുണ്ട് ഇന്ത്യയിൽ? കേരളത്തിൽ? സിപിഎമ്മിൽ പോലുമില്ലെ ഈ സ്വാധീനം? ഹിന്ദു സമുദായത്തിലേക്ക് ആർ എസ് എസ് കടന്നു കയറുന്നതിൽ ആർക്കും വേവലാതിയില്ല.
മുമ്പ് ബിജെപിക്ക് ബാലി കേറാ മല ആയിരുന്ന ചില മണ്ഡലങ്ങളിൽ ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി ഒന്നാം സ്ഥാനത്ത് വന്നതിൽ ആരും വ്യാകുലപ്പെടുന്നില്ല. എസ് ഡി പി ഐക്കോ വെൽഫയർ പാർട്ടിക്കോ അഞ്ഞൂറ് വോട്ട് തികച്ചും നൽകാത്ത മുസ്ലിം സമുദായത്തെ വർഗീയതയിൽ നിന്ന് രക്ഷിക്കാൻ സിപിഎം നടത്തുന്ന എഫർട്ടിന്റെ പത്തിലൊന്ന് മറ്റു സമുദായങ്ങളിൽ ബിജെപി / ആർഎസ്എസ് വേരാഴ്ത്തുന്നതിനെതിരെയും ഉണ്ടായിരുന്നെങ്കിൽ എന്ന് ആത്മാർഥമായും ആഗ്രഹിച്ചു പോകുന്നു.
മുസ്ലിംകൾ മാത്രം നന്നായി കണ്ടാൽ മതിയെന്ന സ്വാർത്ഥത സിപിഎമ്മിനെ പോലെ ഒരു കറകളഞ്ഞ മതേതര പാർട്ടിക്ക് ഉണ്ടായിക്കൂടാത്തതാണ്.
അത് പോലെ ഡോ. പി സരിൻ അപ്പറഞ്ഞത് എനിക്ക് മനസിലായിട്ടില്ല. പാലക്കാട് നിയമസഭാ മണ്ഡലത്തിലെ മുസ്ലിം വോട്ടർമാരിൽ പകുതി പേരെയും എസ് ഡി പി ഐക്ക് പർച്ചേസ് ചെയ്യാൻ കഴിയുമെന്ന് പി സരിൻ പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് എനിക്ക് ശരിക്കും മനസ്സിലായിട്ടില്ല.
അദ്ദേഹം എന്താണ് മുസ്‌ലിംകളെ കുറിച്ച് മനസിലാക്കി വെച്ചത്?
എസ് ഡി പി ഐ പറഞ്ഞിടത്ത് നിൽക്കുന്നവരാണ് പാലക്കാട്ടെ മുസ്‌ലിം വോട്ടർമാർ എന്നോ? പാലക്കാട് നിയമസഭാ മണ്ഡലത്തിൽ എസ് ഡി പി ഐ തനിച്ച് മത്സരിച്ചാൽ ആയിരം വോട്ടിന്റെ മുകളിൽ പോകില്ല.
2019 ൽ ലോക്‌സഭയിലേക്ക് എസ് ഡി പി ഐ യുടെ മുതിർന്ന നേതാവ് തുളസീധരൻ പള്ളിക്കൽ മത്സരിച്ചിട്ട് ആകെ കിട്ടിയത് 5,749 വോട്ടാണ്. ആകെ പോൾ ചെയ്യപ്പെട്ട വോട്ടിന്റെ 0.56%. ഓർക്കണം, ലോകസഭ തിരഞ്ഞെടുപ്പിൽ അവർ നേടിയ വോട്ടാണിത്.
അന്ന് പാലക്കാട് നിയമസഭാ മണ്ഡലത്തിൽ എസ് ഡി പി ഐ ചിഹ്നത്തിൽ ആകെ വീണ വോട്ടിന്റെ എണ്ണം അറിയണ്ടേ; 560. സംസ്ഥാന നേതാവിനെ കൊണ്ടുവന്നു മത്സരിപ്പിക്കുകയും കാടിളക്കി പ്രചാരണം നടത്തുകയും ചെയ്തിട്ട് എസ് ഡി പി ഐക്ക് അവിടെ കിട്ടിയ വോട്ടാണ് 560.
എന്നിട്ടാണ് സരിൻ പറയുന്നത് പാലക്കാട് നിയമസഭാ മണ്ഡലത്തിൽ എസ് ഡി പി ഐക്ക് ആറായിരം കേഡർ വോട്ടുണ്ടെന്നും അവർ പറഞ്ഞിടത്ത് വോട്ട് ചെയ്യുന്ന വേറെ എട്ടായിരം വോട്ടർമാർ ഉണ്ടെന്നും.
ഒരു ഈർക്കിൽ പാർട്ടിയെ ഇങ്ങനെ വലുതാക്കണോ എന്നത് വിടുന്നു. പക്ഷേ പാലക്കാട് നിയമസഭാ മണ്ഡലത്തിലെ മുസ്ലിം വോട്ടർമാരിൽ 40 ശതമാനം പേരും അവർ പറയുന്നിടത്ത് വോട്ട് ചെയ്യുന്നവരാണ് എന്നൊക്കെ പറയുമ്പോൾ എന്താണ് മുസ്‌ലിംകളെ കുറിച്ച് സരിൻ മനസിലാക്കി വെച്ചത്?
എസ് ഡി പി ഐയുടെ ആദിമ രൂപം എൻ ഡി എഫ് ആണ്. കോഴിക്കോട് ജില്ലയിൽ അത് പിറവി കൊണ്ട കാലം മുതൽ അതിനെതിരെ സമുദായത്തെ ബോധവത്കരിച്ചവരാണ് കേരളത്തിലെ മുസ്‌ലിം സംഘടനകളും പണ്ഡിത നേതൃത്വവും. താങ്കൾ ആ ചരിത്രം പഠിക്കണം. .
ഡോ. സരിൻ, തോറ്റൊരാളുടെ ഇന്നേരത്തെ മനോനില എനിക്ക് ഉൾകൊള്ളാൻ കഴിയും. പക്ഷേ താങ്കൾ പറഞ്ഞ വിവരക്കേട് അംഗീകരിച്ചു തരാൻ മനസ്സ് വരുന്നില്ല. അതുകൊണ്ടാണ് ഈ കുറിപ്പ്. അല്ലാതെ പരാജയത്തിൽ ആകെ തകർന്നിരിക്കുന്ന താങ്കളെ കൂടുതൽ വേദനിപ്പിക്കാനല്ല. താങ്കൾ നന്നായി വിശ്രമിക്കൂ. വേഗം പൂർവസ്ഥിതി പ്രാപിക്കാൻ താങ്കൾക്ക് കഴിയട്ടേ, പൊതുജീവിതം ഉഷാറായി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കട്ടേ.
മുഹമ്മദലി കിനാലൂർ
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS