Political

Litmus’23; ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ സ്വീകാര്യമാക്കാനുള്ള സാംസ്കാരിക ഓപ്പറേഷനുമായി നാസ്തിക മേള

ആദ്യമേ പറയട്ടെ, ഇത് ഞാൻ എഴുതണമെന്നു വിചാരിച്ച പോസ്റ്റല്ല.

“ഹിന്ദുത്വം അപകടകരമോ എന്ന് ചർച്ച നടക്കുമ്പോൾ അതൊന്നും കണ്ട ഭാവം നടിക്കാതെ ഡോക്ടർ ചക്കയുടേയും മാങ്ങയുടേയും പുറകേ പോകുന്നു ” എന്ന വിമർശനം ചില സുഹൃത്തുക്കൾ നടത്തിക്കണ്ടതുകൊണ്ട് മാത്രം എഴുതുന്നതാണ്.

ആരാണ് ചങ്ങാതിമാരേ ഇപ്പറഞ്ഞ “ഹിന്ദുത്വം അപകടകരമോ?” എന്ന ചർച്ച നടത്തുന്നത് ?

രണ്ടു പേർ ഈ വിഷയത്തെക്കുറിച്ച് ചർച്ച നടത്തുന്നു എന്നാണ് ഞാൻ അറിഞ്ഞത് .

ആദ്യത്തെ ആൾ സി. രവിചന്ദ്രൻ.

ആരാണ് സി.രവിചന്ദ്രൻ ?

കേരളത്തിൽ ഇന്ന് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും വാചാലനായ പ്രചാരകനാണ് അദ്ദേഹം. ശ്രീ രവിചന്ദ്രന്റെ പല പ്രസംഗങ്ങളും ശ്രദ്ധിച്ചു കേട്ടിട്ടുള്ള ഒരാളാണ് ഞാൻ.

ഏതാനും മാസങ്ങൾക്ക് മുമ്പ് കേട്ട ഒരു പ്രസംഗത്തിലെ ഒരൊറ്റക്കാര്യം മാത്രം ഒരു ഉദാഹരണമായി പറയാം. 2022 മേയ് മാസത്തിൽ “ഹിന്ദുത്വ” എന്ന പേരിൽ ‍ സി. രവിചന്ദ്രൻ നടത്തിയ പ്രഭാഷണം. 16 മിനിറ്റ് 2 സെക്കൻ്റ് മുതലുള്ള നാല് മിനിറ്റ് നേരം കേട്ടുനോക്കുക.

പ്രസ്തുത പ്രസംഗ ഭാഗത്ത് അദ്ദേഹം ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ആചാര്യന്മാരിൽ ഒരാളായ ശ്രീ ഗോൾവാൽക്കറിന്റെ ഗ്രന്ഥത്തിൽ നിന്ന് ഒരു ഭാഗം ഉദ്ധരിക്കുകയുണ്ടായി. ഇതാണ് ആ ഭാഗം:

“The foreign races in Hindusthan must either adopt the Hindu culture and language, must learn to respect and hold in reverence Hindu religion, must entertain no idea but those of the glorification of the Hindu race and culture…and must lose their separate existence to merge in the Hindu race, or may stay in the country, wholly subordinated to the Hindu Nation, claiming nothing, deserving no privileges, far less any preferential treatment – NOT EVEN CITIZEN’S RIGHTS “.

ഈ ഖണ്ഡികയെക്കുറിച്ച് ശ്രീ രവിചന്ദ്രൻ പ്രസ്തുത പ്രസംഗത്തിൽ പറഞ്ഞത് ഞാൻ പദാനുപദം ഉദ്ധരിക്കാം:

അതായത് പുറത്തു നിന്നുള്ള മതങ്ങളും ജാതികളും സംസ്കാരങ്ങളും ഹിന്ദു മതത്തെയും ഹിന്ദു സംസ്കാരത്തെയും ഇന്ത്യന്‍ സംസ്കാരത്തെയും അംഗീകരിക്കണം, ബഹുമാനിക്കണം, ഉള്‍ച്ചേര്‍ത്ത് മുന്നോട്ടു പോകണം A Hindu nation must be (sic) must lose their separate existence to merge in the Hindu race, or may stay in the country, wholly subordinated to the Hindu Nation, claiming nothing.

അതാണ്‌.

നിങ്ങളെല്ലാം ഹിന്ദു രാജ്യത്തോട് കൂടിച്ചേര്‍ന്ന് വരണം, condition is, claiming nothing, – ഒരവകാശവാദവും പാടില്ല. Deserving no privilege , ഒരു പ്രത്യേക പദവികള്‍ – privilege ന് അങ്ങിനെയാണ് അര്‍ത്ഥം- Privilege എന്നുള്ള വാക്ക് പലരും തെറ്റിദ്ധരിക്കുന്നു.

Privilege എന്ന് പറഞ്ഞാല്‍ നോര്‍മല്‍ അല്ലാത്ത ഒരു അല്‍പ്പം കൂടുതല്‍ എന്നുള്ളതാണ് privilege – ഇവിടെ ഒരു പത്ത് പേര് വന്നിരിക്കുമ്പോൾ, എല്ലാവര്‍ക്കും ചെയര്‍ ഇട്ടുകൊടുത്തിട്ട് വേറൊരാള്‍ക്ക് ഒരു സ്പെഷ്യല്‍ ചെയര്‍ ഇട്ടുകൊടുത്ത് കഴിഞ്ഞാല്‍ അതിനെ നമ്മള്‍ ഒരു privilege എന്നു പറയും.

മറ്റേത് Right ആണ്. എല്ലാര്‍ക്കും ചെയര്‍ കിട്ടുക എന്നുള്ളത് right ആണ്. ഒരല്‍പ്പം extra കിട്ടുന്ന സാധനത്തിനാണു നമ്മള്‍ privilege എന്നു പറയുന്നത്.

അപ്പോ, പുള്ളി പറഞ്ഞത് എന്താണ്?

നിങ്ങള് ഈ രാജ്യവുമായിട്ട് ഉള്‍ച്ചേരുമ്പോള്‍, without any claims, ഒരു അവകാശവാദങ്ങളും ആവശ്യങ്ങളും ഒന്നും ഉന്നയിക്കാന്‍ പാടില്ല, deserving no privilege. പ്രത്യേകിച്ച് ഒരു പ്രിവിലേജിൻ്റെ- അപ്പോ ആളുകള് ഇത് വായിച്ചിട്ട് പറയും- പ്രിവിലേജേ പാടില്ല! –

പ്രിവിലേജേ പാടില്ല എന്നല്ല, പ്രിവിലേജ് എന്ന് പറഞ്ഞു കഴിഞ്ഞാല്‍, rights ന്, abnormal rights നെ ആണ് നമ്മള്‍ പ്രിവിലേജ് എന്ന് പറയുന്നത്.

ആര്‍ക്കെങ്കിലും സംശയമുണ്ടോ ഇതിനകത്ത് ?

ഈ പദം പലരും ഉന്നയിക്കുന്നത്, ഈ പ്രിവിലേജ് ഇല്ല ,പ്രിവിലേജ് ഇല്ല എന്ന് പറയുമ്പോൾ rights ഇല്ല എന്നുള്ള അര്‍ത്ഥമല്ല. എല്ലാവര്‍ക്കും rights ഉണ്ട്. അതാണ്‌ ആ പദത്തിന്റെ ഒരു വ്യത്യാസം ഞാന്‍ – I would like to note there . “nothing, deserving no privileges, far less any preferential treatment”.

Preferential treatment എന്ന് പറഞ്ഞാല്‍ അറിയാമല്ലോ- അതായത്, ഒരു കുട്ടിക്ക് കൂടുതല്‍ പാല് കൊടുക്കുകയാണെങ്കില്‍ അത് പ്രിഫറന്‍ഷ്യല്‍ ട്രീറ്റ്മെന്റ് ആണ്. അങ്ങിനെയും നിങ്ങള്‍ക്ക് ഉണ്ടാവാന്‍ പാടില്ല. നിങ്ങള്‍ക്ക് പ്രത്യേകിച്ച് അവകാശ വാദങ്ങള്‍ പാടില്ല, പ്രത്യേകിച്ച് പ്രിവിലെജ് പാടില്ല, പ്രത്യേകിച്ച് പ്രിഫറന്‍ഷ്യല്‍ ട്രീറ്റ്മെന്റ് പാടില്ല- നിങ്ങള് കൂടുക – ഇതായിരുന്നു പുള്ളി പറഞ്ഞത്. “

ഇത്രയുമാണ് ശ്രീ. രവിചന്ദ്രൻ ആ ഖണ്ഡികയെക്കുറിച്ച് പറഞ്ഞത്.

കേരളത്തിൽ ഹിന്ദുത്വ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്ന പലരുടെയും പ്രസംഗങ്ങളും എഴുത്തുകളും സന്ദർഭവശാൽ നിങ്ങളും ഞാനും ഒക്കെ പലപ്പോഴും കേൾക്കാറുണ്ട് . എന്നാൽ വിവാദവിഷയമായിട്ടുള്ള ഈ ഖണ്ഡികയെക്കുറിച്ച് ഇത്രത്തോളം നിരങ്കുശവും നിസ്സങ്കോചവുമായ ഒരു മണ്ഡനവാക്യധോരണി കേരളം ഇന്നേ വരെ കേട്ടിട്ടില്ല!

അപ്പോൾ അതാണ് ആദ്യ സംവാദകൻ്റെ നില.

രണ്ടാമത്തെയാൾ സന്ദീപ് വാചസ്പതി.

ആരാണ് സന്ദീപ് വാചസ്പതി ?

2021 ൽ ബി. ജെ. പി സ്ഥാനാർഥി ആയി ആലപ്പുഴയിൽ മൽസരിച്ച വ്യക്തിയാണ് അദ്ദേഹം. ഹിന്ദുത്വ പ്രത്യയശാസ്ത്രം വിശ്വാസ പ്രമാണമാക്കിയ ആൾ.

ഇവർ രണ്ടു പേരും ‘ചർച്ച’ നടത്തുന്നു എന്നതിൽ എനിക്ക് എന്ത് താല്പര്യം? ഒന്നുമില്ല.

എന്നാൽ ഞാനും, എന്നെ വിമർശിച്ച സുഹൃത്തുക്കളും ഈ കുറിപ്പ് വായിക്കുന്ന നിങ്ങളും ഒക്കെ ഈ ‘സംവാദ’ ത്തിൽ വലിയ താല്പര്യം കാണിക്കണം, അനുകൂലിച്ചോ എതിർത്തോ ( എതിർത്താൽ കൂടുതൽ നന്നായി!) ഇനിയുള്ള പത്ത് നാൽപ്പത് ദിവസം തൊള്ളയിട്ടുകൊണ്ടിരിക്കണം എന്നതാണ് ഹിന്ദുത്വ പ്രസ്ഥാനത്തിന്റെ താല്പര്യം.

അതിനാണ് പണത്തിന്റെ അണക്കെട്ട് പൊട്ടിയതുപോലെ ഒഴുകുന്ന പ്രചണ്ഡ പ്രചാരണ കോലാഹലം തുടങ്ങിയിരിക്കുന്നത്.

“Good Cop, Bad Cop”; രവിചന്ദ്രനും വാചസ്പതിയും നടത്തുന്ന ‘ചർച്ച’ ഒരു “Good cop – Bad cop negotiation strategy” ആണ്.

ബിസിനസ് ക്രയവിക്രയ ചർച്ചകളിൽ ഉപയോഗിക്കുന്ന ഒരു കുതന്ത്രം ആണിത്.

പാട്ടിൽ പിടിക്കേണ്ട കക്ഷിയെ രണ്ട് മാനേജർമാർ ചെന്ന് കാണുന്നു.

ഒരു മാനേജർ (Bad cop) കക്ഷിക്ക് മഹാനഷ്ടമായ, മോശവും അപമാനകരമായ ഒരു ഓഫർ വെക്കുന്നു.

അപ്പോൾ Good cop ന്റെ റോൾ എടുത്ത ആൾ Bad cop നെ ശാസിക്കുകയും, സ്വയം വളരെ സൗമ്യനും മൃദുഭാഷിയും ആയി നടിച്ച്, കുറച്ചു കൂടി മെച്ചമായ (യഥാർഥത്തിൽ മോശമായ, നഷ്ടം വരുത്തുന്ന ) വേറെ ഒരു ഓഫർ വെക്കുകയും ചെയ്യുന്നു.

Good cop ൽ പ്രീതിയും വിശ്വാസവും തോന്നുന്ന മറുകക്ഷി ആ ഓഫർ സ്വീകരിക്കുന്നു.

ഹിന്ദുത്വ പ്രത്യയശാസ്ത്രം എന്നത് ചരിത്രപരമായ കാരണങ്ങളാൽ കേരളീയ പൊതുസമൂഹത്തിൽ ഇതുവരെയും വ്യാപകമായ സ്വീകാര്യത കിട്ടിയിട്ടില്ലാത്ത ഒന്നാണ്.

അതിനെ കൂടുതൽ സ്വീകാര്യമാക്കുക എന്ന ജോലി ആത്മാർഥമായി ചെയ്യുന്ന രണ്ടു മാനേജർമാർ ആണ് സി. രവിചന്ദ്രനും സന്ദീപ് വാചസ്പതിയും.

അവർ രണ്ടുപേരും ചേർന്ന് നടത്തുന്ന ഈ Good cop-Bad cop കളിയുടെ ഉദ്ദേശം ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ കേരളീയ പൊതുസമൂഹത്തിൽ കൂടുതൽ സ്വീകാര്യമാക്കുക എന്നത് മാത്രമാണ്.

വമ്പിച്ച സാമ്പത്തിക പിന്തുണയോടെ കേരള പൊതുമണ്ഡലത്തിൽ നടക്കുന്ന ഒരു സാംസ്കാരിക ഓപ്പറേഷൻ ആണ് മേൽപ്പറഞ്ഞ ചർച്ച അടക്കം ഉള്ള വാർഷിക നാസ്തിക മേള.

സി. രവിചന്ദ്രൻ ഒരു ഹിന്ദുത്വ പ്രത്യയശാസ്ത്ര പ്രചാരകൻ ആണ് എന്ന് അറിയാതെ അല്ല അദ്ദേഹത്തോടൊപ്പം ഇതിൽ സഹകരിക്കുന്ന മറ്റു പ്രമുഖ വ്യക്തികൾ അങ്ങിനെ സഹകരിക്കുന്നത്.

അതിൽ കുറേപ്പേർ അദ്ദേഹത്തെപ്പോലെ തന്നെയോ, അതിലും കവിഞ്ഞോ അതേ പ്രത്യയശാസ്ത്രത്തെ പിന്തുണക്കുന്നവർ ആവാം. വേറെ കുറേപ്പേർ അതിനെക്കുറിച്ച് ഉദാസീനർ ആവാം. വേറെ ചിലർക്ക് അതിനോടു യോജിപ്പില്ലെങ്കിലും മറ്റു കാരണങ്ങൾ കൊണ്ട് സഹകരിച്ച് നില്ക്കുന്നതാവാം.

അതൊക്കെ ഓരോരുത്തരുടെ സ്വാതന്ത്ര്യം എന്നേ പറയാനുള്ളൂ. അവരോടൊന്നും പ്രത്യേകിച്ച് ഒന്നും പറയാനില്ല. അവർക്ക് അവരുടെ വഴി.

എന്നാൽ എന്നെ വിമർശിക്കുന്ന സുഹൃത്തുക്കളോട് വിനയപൂർവം ഒരു ചോദ്യം ചോദിക്കാനുണ്ട് . ഞാൻ എന്ത് ചെയ്യണം എന്നാണ് നിങ്ങൾ പറഞ്ഞുവരുന്നത്?

No Publicity is bad publicity!

അടുത്ത അഞ്ച് ആഴ്ചകളിൽ , ‘ലോകത്തെ ഏറ്റവും വലിയ നാസ്തിക മേള’ ക്ക് പരമാവധി പബ്ലിസിറ്റി കൊടുക്കുക എന്ന ഒരൊറ്റ കാര്യമാണ് ഈ Good cop-Bad cop കളിക്കാരുടെ ഉന്നം.

ഈ കാലയളവിൽ ആരെങ്കിലും ഒക്കെ അതിനെ വിമർശിക്കുക, കളിയാക്കുക, പുച്ഛിക്കുക ഇതൊക്കെയാണ് അവർക്ക് ഏറ്റവും ആവശ്യം.

ആ അജണ്ടക്ക് ഞാനും നിന്നു കൊടുക്കണം എന്നാണോ നിങ്ങൾ പറയുന്നത് ?

സംഘപരിവാർ സഹായികളുടെ ഉൽസവത്തിന് ഫ്രീ പബ്ലിസിറ്റി കൊടുക്കാൻ സംഘപരിവാർ രാഷ്ട്രീയത്തിൽ താല്പര്യമില്ലാത്ത ഞാൻ എന്തിന് മിനക്കെടണം ?

അയ്യോ ഇവർ ഒക്കെ സംഘികളാണേ എന്ന് ഞാൻ ഇനിയും വിളിച്ച് പറയണോ?

എന്ത് കാര്യത്തിന്?

‘അവർ സംഘി ആവട്ടെ, അതിന് എനിക്കെന്താ? അവർ പറയുന്ന കാര്യങ്ങൾ ശരിയാണല്ലോ?’/ ‘സംഘി ആവുന്നതിൽ എന്താ തെറ്റ്?’/ ‘അതേടാ ഞാൻ സംഘിയാടാ, നിനക്കെന്താ കുഴപ്പം?’ തുടങ്ങി വിവിധ സ്പെക്ട്രത്തിലുള്ള സംഘപരിവാർ സഹകാരികൾ ദശലക്ഷക്കണക്കിന് ഇന്ന് കേരളത്തിൽ ഉണ്ട്. അവർ തന്നെയാണ് ഈ മേളയുടെയും സഹകാരികൾ.

ഞാൻ നേരത്തെ പറഞ്ഞത് പോലെ, അതുമായി സഹകരിക്കുന്നവർ ഈ രാഷ്ട്രീയ / പ്രത്യയശാസ്ത്ര നിലപാട് അറിഞ്ഞും അംഗീകരിച്ചും തന്നെയാണ് സഹകരിക്കുന്നത്.

അതുകൊണ്ട് അവരെയൊക്കെ ‘ഉദ്ബുദ്ധ’ രാക്കാൻ ശ്രമിക്കുന്നതിലും ഭേദം, തൊലി കളഞ്ഞ ജീരകം ഉല്പ്പാദിപ്പിച്ച് ആമസോണിൽ വിൽക്കാൻ പറ്റുമോ എന്ന് നോക്കുകയാണ്.

സോ, എന്റെ വിമർശക ചങ്ങാതിമാരേ, രവിചന്ദ്രനും വാചസ്പതിയും കൂടി നടത്തുന്ന ഹിന്ദുത്വ മാർക്കറ്റിങ് മേളയെക്കുറിച്ച് നല്ലതോ ചീത്തയോ ആയ യാതൊരു അഭിപ്രായവും പറയാൻ എനിക്ക് താല്പര്യമില്ല. അവരായി, അവരുടെ പാടായി.

ഒന്നു കൂടി പറഞ്ഞു നിർത്താം,

കേരളത്തിലെ സ്വതന്ത്രചിന്താമണ്ഡലം ഹിന്ദുത്വരാഷ്ട്രീയത്തിന് കീഴടങ്ങിയിട്ടില്ല എന്ന് നിവർന്നു നിന്നു പ്രഖ്യാപിക്കുന്ന സമ്മേളനങ്ങളും സംഭാഷണങ്ങളും കേരളത്തിൽ അങ്ങോളമിങ്ങോളം ഉയർന്നുവരേണ്ടതുണ്ട്. അതിനുള്ള ഏതൊരു ശ്രമത്തിനും എന്നാൽ സാധ്യമായ എല്ലാ പിന്തുണയും ഉണ്ടാവുകയും ചെയ്യും.

Viswanathan Cvn

3.5 2 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x