Health

കോവിഡ് കാലത്ത് പാലിയേറ്റീവ് കെയർ ശക്തിപ്പെടണം

മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്

കോവിഡാനന്തര ലോകം എന്നത് കോവിഡിനെ അതിജയിക്കുകയും നിർമ്മാർജ്ജനം ചെയ്യുകയും ചെയ്തതിന് ശേഷമുള്ളതല്ല, കോവിഡ് 19 കൂടിയുള്ളതായിരിക്കും. കോവിഡ് 19 നിർമ്മാർജ്ജനം വർഷങ്ങൾക്ക് ശേഷം മാത്രം സാധ്യമായേക്കാവുന്ന കാര്യമാണ്. കോവിഡിനോട് സഹജീവനം സാധ്യമാകുന്ന തരത്തിൽ ആരോഗ്യ- സാമൂഹ്യ സംവിധാനങ്ങൾ മാറ്റിയെടുത്തേ മതിയാകൂ.

ആരോഗ്യ സംവിധാനങ്ങൾ സാധാരണക്കാരായ ജനങ്ങൾക്ക് നിഷേധിക്കപ്പെട്ട സംഭവങ്ങൾ ലോക്ക് ഡൗൺ കാലത്ത് രാജ്യത്തുടനീളം ഉണ്ടായി. ഏത് ദുരന്ത ഘട്ടത്തിലായാലും ആരോഗ്യ സേവനം നിഷേധിക്കപ്പെടുന്ന അവസ്ഥ ഉണ്ടായിക്കൂടാ. ചികിത്സാ സംവിധാനങ്ങൾ ജനങ്ങൾക്കിടയിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലേണ്ട സന്ദർഭമാണിത്. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടി രോഗികൾക്ക് പരിചരണം നിഷേധിക്കപ്പെടരുത്. രോഗപ്പകർച്ചാ സാധ്യതയുള്ള ഒരു വിഭാഗമാണ് ആരോഗ്യ പ്രവർത്തകർ എന്നത് ഒരു വസ്തുതയാണ്. അതിനാവശ്യമായ മുൻകരുതൽ സ്വീകരിക്കുകയും വേണം. ആരോഗ്യ പ്രവർത്തകരുടെയും, സന്നദ്ധ പ്രവർത്തകരുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതോടൊപ്പം തന്നെ രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് പരിചരണം നിഷേധിക്കപ്പെടുകയോ, പരിചരണത്തിൻ്റെ ഗുണമേന്മ കുറയ്ക്കുകയോ ചെയ്യുന്നത് ധാർമ്മികതയ്ക്ക് നിരക്കാത്തതാണ്. ആരോഗ്യമേഖലയില്‍ നിലനില്‍ക്കുന്ന പ്രതിലോമകരമായ സമീപനങ്ങള്‍ ദരിദ്രരെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. മറ്റ് സാംക്രമിക രോഗങ്ങളെ പോലെ തന്നെ കോവിഡ് മഹാമാരി നേരിട്ടും, അല്ലാതെയും ഏറ്റവും കൂടുതല്‍ ചവിട്ടിമെതിക്കുന്നത് ദരിദ്രനെയാണ്.

വേഗത്തിൽ രോഗബാധിതരാകാൻ സാധ്യതയുള്ള നിത്യരോഗികൾ, ഗർഭിണികൾ, കുട്ടികൾ, വയോജനങ്ങൾ എന്നിവരെ ക്വാറൻ്റെൻ ചെയ്യുന്ന റിവേഴ്‌സ് ക്വാറൻ്റെൻ ആണ് സ്വീഡൻ, ഡെൻമാർക്ക്, നെതർലാൻ്റ്, ന്യൂസിലാൻ്റ് തുടങ്ങിയ രാജ്യങ്ങൾ നടപ്പിലാക്കിയത്. സാമ്പത്തികമായി തകർച്ചയില്ലാതെ മികച്ച കോവിഡ് പ്രതിരോധം ഈ രാജ്യങ്ങളിൽ സാധ്യമായി. കേരളത്തിലും ഈ രീതി പരീക്ഷിക്കുന്നതിനുള്ള സാധ്യതകൾ ആരായണം. കേരളത്തിലെ വയോജനങ്ങൾ വീട്ടിലിരിക്കേണ്ടതിൻ്റെയും, സമ്പർക്കം കുറയ്ക്കേണ്ടതിൻ്റെയും പ്രാധാന്യം മനസ്സിലാക്കിയിട്ടില്ലെന്ന് തെരുവുകൾ നിരീക്ഷിച്ചാൽ മനസ്സിലാകും. അക്കാര്യം വയോജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് സന്നദ്ധപ്രവര്‍ത്തകരും, ആരോഗ്യപ്രവര്‍ത്തകരുമാണ്.

പ്രായമായവരെയും, ദീർഘകാല രോഗികളെയും വീടുകളിൽ ക്വാറൻ്റെൻ ചെയ്യുമ്പോൾ പാലിയേറ്റീവ് കെയർ പ്രവർത്തകരുടെയും, സാമൂഹ്യ പ്രവർത്തകരുടെയും ഉത്തരവാദിത്തം വർധിക്കുകയാണ്. പ്രായമായവരെയും, ദീർഘകാല രോഗികളെയും സജീവമാക്കാനും സക്രിയമാക്കാനുമുള്ള വഴികളാണ് നമ്മൾ ഇത്രയും കാലം ആലോചിച്ചിരുന്നത്. വീടുകളിൽ കഴിയുന്നവരുടെ പോഷകാഹാരം, പരിചരണം, മാനസികാരോഗ്യം തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അവരുടെ വിനോദത്തിനും, മാനസികോല്ലാസത്തിനുമുള്ള മാർഗ്ഗങ്ങൾ ആരായണം. ഉത്തരവാദിത്തങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും, സാമൂഹ്യ കൂട്ടായ്മകളുടെയും നേതൃത്വത്തിലുള്ള പാലിയേറ്റീവ് കെയറുകൾ പ്രവർത്തനം കൂടുതല്‍ വിപുലപ്പെടുത്തുകയാണ് ചെയ്യേണ്ടത്.
എന്നാല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍
ഹോംകെയര്‍ ഉള്‍പ്പെടെയുള്ള പരിചരണ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തിയെന്നത് ആശാസ്യകരമായ പ്രവണതയല്ല. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ ജനങ്ങളിൽ നിന്ന് അകലുന്നത് ശരിയായ പ്രവണതയല്ല. ലോകാരോഗ്യ സംഘടന നിർദ്ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങൾ പരിചരണത്തിൽ നിന്ന് വിട്ടു നിൽക്കാനുള്ള കാരണമായി തെറ്റിധരിക്കരുത്.

കിടപ്പിലായവരും കിടപ്പിലല്ലാത്തവരുമായ നിത്യരോഗികൾ, പ്രായാധിക്യം കാരണം അവശത അനുഭവിക്കുന്നവർ എന്നിവരെ ആശുപത്രികളിലെ ഒ.പി യിലേക്ക് വിളിക്കേണ്ട ഘട്ടമല്ല ഇത്. മരുന്നും, പരിചരണവും വീടുകളിൽ എത്തിച്ചു നൽകേണ്ട ഘട്ടമാണിത്. സർക്കാർ/ സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിലുള്ള പാലിയേറ്റിവ് പ്രവർത്തനം കൂടുതൽ പ്രസക്തമാകുകയാണ്. പാലിയേറ്റീവ് കെയർ പ്രവർത്തനം പരിമിതപ്പെടുത്തുന്നതിനെ കുറിച്ചല്ല, വിപുലപ്പെടുത്തുന്നതിനെ കുറിച്ചാണ് ചിന്തിക്കേണ്ടത്.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x