Social

പോലീസ് പരസ്യമായി അപമാനിച്ച എട്ടുവയസുകാരിയോടും അച്ഛനോടും മാപ്പ് പറയാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്

എട്ടു വയസുകാരിയായ ഒരു പെൺകുട്ടിയേയും അവളുടെ അച്ഛനേയും പൊതുജനമദ്ധ്യത്തിൽ തന്റെ ഫോൺ മോഷ്ടിച്ചു എന്ന് യാതൊരു തെളിവോ സൂചനയോ ഇല്ലാതെ ആരോപിക്കുകയും അവഹേളിക്കുകയും ചെയ്ത അജിത എന്ന സിവിൽ പൊലീസ് ഓഫീസർക്ക് 15 ദിവസത്തെ നല്ലനടപ്പ് പരിശീലനം.

അത് കഴിഞ്ഞാൽ വീണ്ടും പിങ്ക് പൊലീസ് എന്ന കേരള സദാചാര പോലീസായി രൂപാന്തരം പ്രാപിക്കുന്ന പൊലീസ് വിഭാഗത്തിലേക്ക് മടങ്ങുകയുമാകാം.

നേരെ തിരിച്ചൊന്ന് ആലോചിച്ചു നോക്കൂ;

ഏതെങ്കിലും പൊലീസുകാരനെ നാട്ടുകാർക്കിടയിൽ വെച്ചു മൊബൈൽ മോഷ്ടിച്ച് എന്നാരോപിച്ചാൽ ഉണ്ടാകുന്നതെന്തായിരിക്കും?

പൊലീസ് പൗരനേക്കാൾ സവിശേഷമായ അവകാശങ്ങളുള്ള ഒരു വിഭാഗമാണെന്നും അവർക്ക് നാട്ടുകാരെ തെറി വിളിക്കാനും തല്ലാനുമൊക്കെയുള്ള അധികാരമുണ്ടെന്നും ഒരു സ്വാഭാവികതയായി മാറ്റിയതിന്റെ പ്രതിഫലനമാണീ സംഭവം.

എട്ടു വയസായ ഒരു കുട്ടിയെ നാട്ടുകാർക്കിടയിൽ Mental abuse നു വിധേയമാക്കിയ വിഷയത്തിൽ ആഭ്യന്തര വകുപ്പ് മാത്രമല്ല, വനിതാ/ശിശു ക്ഷേമ വകുപ്പ് എന്ത് നടപടിയെടുക്കുന്നു എന്നുകൂടി അറിയണം. അതിനൊക്കെയാണല്ലോ അത്തരം വകുപ്പുകൾ.

ആളുകളെ verbal abuse ചെയ്യുന്നത് ഇന്ത്യയിലെ ശിക്ഷാ നിയമം അനുസരിച്ച് കുറ്റകരമാണ്. പരസ്യമായി, തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുകൊണ്ട് ആ കുറ്റം ചെയ്ത ഒരു പൊലീസ് ഉദ്യോഗസ്ഥക്കെതിരെ ക്രിമിനൽ കേസ് എടുക്കാതെ സൗകര്യത്തിനു സ്ഥലം മാറ്റിക്കൊടുത്ത് പൗരസമൂഹത്തെ വെല്ലുവിളിക്കുകയാണ് പൊലീസ് ചെയ്തത്.

സാധാരണക്കാരായ മനുഷ്യരെ കണ്ടാൽ കള്ളനെന്നു തോന്നുന്ന പൊലീസുകാരെ വെച്ചുപൊറുപ്പിക്കാൻ പാടില്ലാത്തതാണ്.

നാളെ ആഭ്യന്തര മന്ത്രി പിണറായി വിജയൻ തന്റെ കൊച്ചുമകനുമൊത്ത് തെരുവിൽ നിൽക്കുമ്പോൾ അതിനടുത്തുള്ള പൊലീസ് വാഹനത്തിലെ മൊബൈൽ കാണാതായാൽ എടുക്കെടാ എന്റെ മൊബൈൽ എന്ന് ഒരു പൊലീസുകാരിയും പറയില്ല എന്നതുകൊണ്ടാണ് ഇത്രയൊക്കെ മതി എന്ന് രാഷ്ട്രീയ ഭരണ നേതൃത്വത്തിന് തോന്നുന്നത്.

ജനാധിപത്യത്തെക്കുറിച്ചുള്ള ദരിദ്രമായ ധാരണകളിൽ ജീവിക്കാനാണ് ഭരണകൂടം ജനങ്ങളെ ശീലിപ്പിക്കുന്നത്. അപമാനിക്കപ്പെട്ട ആ അച്ഛനോടും മകളോടും അവരുടെ വീട്ടിൽ ചെന്ന് മാപ്പു പറയേണ്ട കടമ ചുരുങ്ങിയത് ജില്ലാ പോലീസ് മേധാവിക്കെങ്കിലുമുണ്ട്. ഒരു ഉദ്യോഗസ്ഥ മേധാവിയെക്കാളും താഴെയല്ല ഈ നാട്ടിലെ പൗരൻ.

മനുഷ്യരോട് ജനാധിപത്യപരമായി പെരുമാറാത്ത ഭൂരിപക്ഷം വരുന്ന ഉദ്യോഗസ്ഥരുള്ള ഒരു സംവിധാനമാണ് കേരളത്തിലെ പൊലീസ് സേന. മണൽ, പാറമട, മരംവെട്ട് മാഫിയകൾ തുടങ്ങി സംസ്ഥാനത്തെ എല്ലാ വിധ ആസൂത്രിത സാമ്പത്തിക-കുറ്റകൃത്യങ്ങൾക്കും ഒത്താശ ചെയ്യുന്ന ഒരു വലിയ വിഭാഗം പോലീസ് സേനയിലുണ്ട് എന്നത് ഒട്ടും രഹസ്യവുമല്ല.

ഇത്തരത്തിലൊരു സംവിധാനത്തെ ഗുണപരമായി ജനാധിപത്യവത്കരിക്കുന്നതിനു പകരം അതിന്റെ ജനാധിപത്യവിരുദ്ധ രീതികളെ ത്യാഗത്തിന്റെ പലിശയെന്ന മട്ടിൽ മഹത്വവത്കരിക്കാനാണ് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയടക്കം ഈയടുത്തകാലത്തും ശ്രമിച്ചത് എന്നത് അപലപനീയമാണ്. അതിന്റെയൊക്കെക്കൂടി ഫലമാണ് ആറ്റിങ്ങലിലെ സംഭവം.

ജനങ്ങളെ പരസ്യമായി ഏത്തമിടുവിപ്പിച്ച ഒരു IPS-കാരനായ ഒരു അധമൻ ഒരുവിധത്തിലുള്ള ശിക്ഷാനടപടികളും നേരിട്ടില്ല. പൊലീസുകാരെ ഏത്തമിടുവിപ്പിച്ചാലും ഇതുതന്നെയാണോ സംഭവിക്കുക ? തീർച്ചയായുമല്ല. അങ്ങനെയൊന്ന് നിങ്ങൾക്ക് ചിന്തിക്കാൻ പോകുമാകില്ല. അവിടെയാണ് പ്രശ്നം.

പൊലീസുകാർ മറ്റേത് പൊതുജന സേവന സർക്കാർ സംവിധാനവും പോലെയുള്ള ഒന്നാണെന്നും പൗരന്മാരുടെ സാമാന്യജീവിതത്തിലോ അവരുടെ അവകാശങ്ങൾക്കു മുകളിലോ യാതൊരു തരത്തിലുള്ള അവകാശാധികാരങ്ങളും നിയമപരമായ നടപടിക്രമങ്ങൾ സുതാര്യമായി പാലിക്കാതെ പൊലീസുകാർക്ക് ഇല്ല എന്നും ഒരു ആധുനിക സമൂഹത്തിലെ അലംഘിതമായ സംഗതികളാണ്.

എന്നാൽ പരസ്യമായി തെറി വിളിക്കാനും ചോദ്യം ചെയ്യുന്നവരെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി എന്നുപറഞ്ഞു കേസെടുത്ത് നരകിപ്പിക്കാനുമൊക്കെ ഈ സംവിധാനത്തിന് കഴിയുന്നത് അത് മാറ്റാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്ത ഭരണനേതൃത്വം നൽകുന്ന പിന്തുണകൊണ്ടാണ്. അതിൽ ഭരണപ്രതിപക്ഷ വ്യത്യാസമൊന്നുമില്ല എന്നത് അതിലേറെ അശ്ലീലമാണ്.

അപമാനിക്കപ്പെടുന്ന പൗരന്മാരുടെ ആത്മാഭിമാനത്തിന് ആര് കണക്കു ചോദിക്കും എന്നതാണ് പ്രശ്നം. പോലീസിന്റെ ത്യാഗത്തെ വാഴ്ത്തി അവരെ ന്യായീകരിച്ച ആഭ്യന്തര മന്ത്രി, ത്യാഗികൾ പരസ്യമായി അപമാനിച്ച ആ എട്ടുവയസുകാരി പെൺകുട്ടിയോട് മാപ്പു പറയാൻ ബാധ്യസ്ഥാനാണ്.

ആ പെൺകുട്ടിക്കും അച്ഛനുമില്ലാത്ത ഒരു സവിശേഷാഭിമാനവും ആഭ്യന്തര മന്ത്രിയടക്കമുള്ള ആർക്കും ഭരണഘടനയും ആധുനിക ജനാധിപത്യ സമൂഹവും നൽകുന്നില്ല. പൗരൻ നിങ്ങളുടെ പ്രജയല്ല, തുല്യാവകാശങ്ങളുള്ള മനുഷ്യരാണ്. നിങ്ങളുടെ നിയന്ത്രണത്തിലുള്ള ഈ സേനയുടെ ജനാധിപത്യവിരുദ്ധ അതിക്രമത്തിന് നിങ്ങൾ മാപ്പു ചോദിക്കണം.

4.5 2 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x