Opinion

ഷാജൻ സകറിയയിൽ പൊള്ളി രമ്യ ഹരിദാസ്; കോൺഗ്രസ്സുകാർക്കുള്ള മുന്നറിയിപ്പാണ് ഇത്!

രമ്യ ഹരിദാസിനെ പെങ്ങളൂട്ടി എന്ന് നമ്മളൊക്കെ വിളിച്ചത് ആത്മാർഥമായി തന്നെയായിരുന്നു.

ഗാന്ധി യുവ മണ്ഡലത്തിലൂടെയും ഏകതാ പരിഷത്തിലൂടെയും യൂത്ത് കോൺഗ്രസ്സിലൂടെയും വളർന്നു വന്ന ഒരു ദളിത് പെൺകുട്ടി എംപിയായി വളർന്നതിൽ, വ്യക്തിപരമായി തീക്ഷണമായ അനുഭവത്തിലൂടെ കടന്ന് വന്ന ഒരു പെൺകുട്ടി കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ വളർന്നു വരുന്നതിൽ സന്തോഷം തോന്നിയത് കൊണ്ട് തന്നെയാണ് പലരും അവരെ പിന്തുണച്ചത്.

ഈ വാളിൽ അവർക്ക് വേണ്ടി പല തവണ എഴുതിയിട്ടുമുണ്ട്.

പല കോൺഗ്രസ്സ് നേതാക്കളെയും പോലെ ഫാസിസ്റ്റ് കാലത്ത് ഒരു രാഷ്ട്രീയ പ്രവർത്തകക്ക് ഉണ്ടാകേണ്ട മിനിമം രാഷ്ട്രീയ ബോധം ഇല്ലാത്തത് തന്നെയായിരുന്നു രമ്യയുടേയും ന്യൂനത.

കേരളത്തിൽ സംഘപരിവാറിന്റെ ഇഷ്ടതോഴനാണ് ഷാജൻ സ്കറിയ. വർഗീയതയുടെയും മുസ്ലിം വെറുപ്പിന്റെയും ഫാക്ടറി നടത്തുന്ന അയാളെ സമൂഹം എങ്ങനെയാണ് കാണുന്നത് എന്ന് തിരിച്ചറിയാൻ രമ്യക്ക് കഴിഞ്ഞതേയില്ല.

ഷാജനെ സപ്പോർട്ട് ചെയ്യാൻ വേണ്ടി അയാളോടൊപ്പം നിൽക്കുന്ന ഫോട്ടോ രമ്യ സ്വന്തം വാളിൽ ഇട്ടപ്പോൾ ഞാൻ ആദ്യം വിളിച്ചത് രമ്യയുടെ ഉറ്റ സുഹൃത്തായിരുന്ന ശ്രീജ നെയ്യാറ്റിങ്കരയെയാണ്, അവരുടെ രാഷ്ട്രീയ ഭാവി തകരാൻ ഈ ഓരോ ഫോട്ടോ മതി അവരോട് സംസാരിക്കണം എന്ന് ശ്രീജയോട് പറഞ്ഞു.

ഞാൻ പറയുന്നതിന് മുമ്പേ ശ്രീജ ഒരു തവണ രമ്യയെ ഇക്കാര്യം പറഞ്ഞു വിളിച്ചിട്ടുണ്ടായിരുന്നു. ദീർഘകാലത്തെ ബന്ധമുള്ള സഹപ്രവർത്തകരും അടുത്ത സുഹൃത്തുക്കളുമായിരുന്നു ഇരുവരും. ശ്രീജ ഒരിക്കൽ കൂടി രമ്യയെ വിളിച്ചു, ഈ തെറ്റിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഓർമ്മിപ്പിച്ചു.

രമ്യ ചെവിക്കൊണ്ടില്ല എന്ന് മാത്രമല്ല. രമ്യയുടെ പോസ്റ്റിന് താഴെ ഇതേ ആവശ്യം ഉന്നയിച്ചവരെ വെല്ലുവിളിച്ചുകൊണ്ട് വീണ്ടും സകറിയയോടൊപ്പമുള്ള ഫോട്ടോയിട്ടു. രാഷ്ട്രീയ നിലപാടിനേക്കാൾ സൗഹൃദങ്ങൾക്ക് വിലകല്പിക്കാത്ത ആളായത് കൊണ്ട് ശ്രീജ രമ്യക്കെതിരെ പോസ്റ്റിട്ടു കൊണ്ട് ആ സൗഹൃദം അവസാനിപ്പിച്ചു.

ദലിത്, മുസ്ലിം, സ്ത്രീ സ്വത്വമുള്ള രാഷ്ട്രീയക്കാർക്ക് മറ്റു രാഷ്ട്രീയക്കാരേക്കാൾ ഉത്തരവാദിത്തമുണ്ട്. അവരുൾക്കൊള്ളുന്ന സമൂഹം നേരിടുന്ന പ്രശ്നങ്ങളെക്കൂടി അഡ്രെസ്സ് ചെയ്തുകൊണ്ട് വേണം അവർ രാഷ്ട്രീയ പ്രവർത്തനം നടത്തേണ്ടത്.

അവരിൽ പ്രതീക്ഷയർപ്പിക്കുന്ന സ്വന്തം മനുഷ്യരെക്കൂടി പരിഗണിച്ചു കൊണ്ട് വേണം അവർ മുന്നോട്ട് പോകേണ്ടത്.

അപൂർവ്വമായേ ഈ രാഷ്ട്രീയ ബോധ്യം നേതാക്കളിൽ കാണാറുള്ളൂ. പാർട്ടി നിരന്തരം അവസരങ്ങൾ നൽകിയ, അടിത്തട്ടിൽ നിന്ന് വളർന്നു വന്ന രമ്യക്ക് അങ്ങനെയൊരു ബോധം ഉണ്ടായിരുന്നെങ്കിൽ കോൺഗ്രസ്സിലെ അനിഷേധ്യ സാനിധ്യമായി വളർന്നു വരേണ്ട സ്ത്രീയായിരുന്നു അവർ, പക്ഷെ അവരുടെ രാഷ്ട്രീയ ബോധം വട്ടപ്പൂജ്യമായിപ്പോയി, പാർലമെന്റിലും നിയമസഭയിലും തോൽക്കേണ്ടി വന്നു കണ്ണ് തുറക്കാൻ.

വൈകിയെങ്കിലും രമ്യക്ക് തിരിച്ചറിവുണ്ടായതിൽ സന്തോഷമുണ്ട്. രമ്യ മറ്റു കോൺഗ്രസ്സ് നേതാക്കൾക്ക് ഒരു നല്ല പാഠപുസ്തകമാണ്. മിണ്ടാൻ അറിയില്ലെങ്കിൽ മിണ്ടാതിരിക്കാനുള്ള വക തിരിവെങ്കിലും കാണിക്കാൻ നേതാക്കൾ പഠിക്കേണ്ടതുണ്ട്.

എറണാകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസിനെ ഈയവസരത്തിൽ പരാമർശിക്കേണ്ടതുണ്ട്. കോൺഗ്രസ്സിൽ കഴിവുള്ള മുസ്ലിം നേതാക്കൾ വളർന്നു വരേണ്ടതുണ്ട് എന്ന് കരുതുന്നവർക്ക് നിരാശയുണ്ടാക്കുന്ന പ്രകടനമാണ് ശങ്കരൻ വക്കീൽ X പിവി അൻവർ വിഷയത്തിൽ ഷിയാസിൽ നിന്നുണ്ടായത്.

ശങ്കരൻ വക്കീൽ മുസ്ലിംകളെ വായിൽ തോന്നിയതെന്തും വിളിച്ചു പറയുന്ന വർഗീയ വിഷമാണ്, ഷാജന്റെ അതേ നിലവാരത്തിലുള്ള ഒരുത്തൻ. അയാളെ പിന്തുണച്ച് ഷോ കാണിക്കാൻ പോയാൽ പണി കിട്ടുമെന്ന് ഷിയാസിന് മനസ്സിലാകേണ്ടതായിരുന്നു, പറ്റിയത് പറ്റി. ഇനി തിരുത്താൻ രമ്യയെപ്പോലെ ഒരു തോൽവി വരെ കാത്തിരിക്കാതിരിക്കുന്നതാണ് നല്ലത്.

കോൺഗ്രസ്സ് നേതാക്കൾ ഒരു കാര്യം മനസ്സിലാക്കണം.

മനുഷ്യൻ ഒരു പ്രതിസന്ധിയിൽ നിൽക്കുമ്പോൾ കൂടുതൽ ജാഗ്രത പ്രകടിപ്പിക്കും, ചുറ്റുപാടിനെ നന്നായി വീക്ഷിക്കും, പ്രതികരിക്കും. ഇന്ത്യയിൽ ഫാസിസത്തിന്റെ പ്രഥമ ഇരകളാണ് മുസ്ലിംകൾ, അവർക്ക് മുമ്പിൽ പ്രതിസന്ധിയുണ്ട് അവർ ജാഗരൂകരാണ്.

ദലിതുകളെയോ ഈഴവരടക്കമുള്ള പിന്നോക്കക്കാരെയോ പറ്റിക്കുന്ന പോലെ മുസ്ലിംകളെ പറ്റിക്കാൻ ഇനി ബുദ്ധിമുട്ടായിരിക്കും. നിങ്ങൾ സിപിഎമ്മിന്റെ അനുഭവം നോക്കൂ, ഒരു കാലത്ത് ലീഗുകാരും കോൺഗ്രസ്സുകാരുമല്ലാത്ത എല്ലാ മുസ്ലിംകളും ഇടത് വോട്ടർമാരായിരുന്നു.

എപി സുന്നികളുടെ പേര് അരിവാൾ സുന്നികൾ എന്നായിരുന്നു, ജമാഅത്തെ ഇസ്ലാമി അടക്കമുള്ള കക്ഷികൾ പരസ്യമായി അവർക്ക് പിന്തുണ നൽകിയിരുന്നു. ഇന്നോ? വക്കു പൊട്ടിയ നാല് ഐഎൻഎല്ലുകാരും പിഡിപിക്കാരുമല്ലാതെ ആരും ഇടത് പക്ഷത്തെ പിന്തുണക്കുന്നില്ല.

കോൺഗ്രസ്സ് രാഷ്ട്രീയക്കാർ കോൺഗ്രസ്സിന്റെ ആശയത്തോടും മതേതര ജനാധിപത്യ വ്യവസ്ഥിതിയോടും മിനിമം സത്യസന്ധത പുലർത്താൻ പഠിച്ചിട്ടില്ലെങ്കിൽ രമ്യയുടെ അനുഭവം ആവർത്തിക്കും എന്ന് ഓർത്തുവെക്കുക.

ഏതെങ്കിലും ഒരു പാർട്ടിക്കോ മുന്നണിക്കോ പിന്തുണ കൊടുക്കുമ്പോഴും സംഘപരിവാറിനോട് ചാരി നിൽക്കുന്നവരെയും അവരെ സുഖിപ്പിക്കുന്നവരെയും തെരഞ്ഞു പിടിച്ച് തോൽപിക്കാൻ സംഘപരിവാർ വിരുദ്ധ പക്ഷത്ത് നിൽക്കുന്നവർ തയ്യാറാകും എന്ന കാര്യം മറക്കാതിരിക്കുക.

രമ്യ ഹരിദാസിന് നല്ലത് വരട്ടെ.

ആബിദ് അടിവാരം

1.5 2 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x