ഈ മണ്ണില്‍ എല്ലാവരുടേയും ചോര കിടപ്പുണ്ട്, ഇന്ത്യ ആരുടേയും തന്തയുടെ വകയല്ല !
ഓർമ/ഷബീര്‍ രാരങ്ങോത്ത്
സഭി കാ ഖൂന്‍ ഹെ ശാമില്‍ യഹാ കി മിട്ടി മെ
കിസി കെ ബാപ് കാ ഹിന്ദുസ്ഥാന്‍ ഥോടി ഹെ
ഈ മണ്ണില്‍ എല്ലാവരുടേയും ചോര കിടപ്പുണ്ട്
ഇന്ത്യ ആരുടേയും തന്തയുടെ വകയല്ല.
അഗര്‍ ഖിലാഫ് ഹെ ഹോനെ ദൊ ജാന്‍ ഥോടി ഹെ എന്നു തുടങ്ങുന്ന ഗസല്‍ അവസാനിക്കുന്നത് മുകളില്‍ പറഞ്ഞ ശേറോടു കൂടിയാണ്. റാഹത് ഇന്ദോറിയുടേതാണ് രചന. ചില സത്യങ്ങള്‍ വെട്ടിത്തുറന്നു പറയാന്‍ ചെറിയ ചങ്കുറപ്പൊന്നും പോര. വളരെ അപൂര്‍വമായേ ഇത്ര ചങ്കുറപ്പുള്ളവരെ കാണാറുള്ളൂ. റാഹത് ഇന്ദോറി നിലപാടുകള്‍ വെട്ടിത്തുറന്നു പറഞ്ഞിരുന്ന അപൂര്‍വം എഴുത്തുകാരില്‍ ഒരാളാണ്.
ഗസലുകള്‍ക്കുള്ളില്‍ ശക്തമായ പ്രമേയങ്ങളെ അവതരിപ്പിക്കാന്‍ അദ്ദേഹം മടി കാണിച്ചിരുന്നില്ല. ‘എന്റെ വായില്‍ നിന്റെ നാവല്ല’ എന്നു പറയാന്‍ ഒട്ടും മടി കാണിച്ചിരുന്നില്ല അദ്ദേഹം. കവിതയെന്നാല്‍ നിലപാടുകളുടെ പ്രകാശനമാണെന്ന് അദ്ദേഹത്തിന്റെ കവിതകള്‍ നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാനൊക്കും.
പണ്ടൊരു മുഷായറയില്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഏറെ പ്രസിദ്ധമാണ്. അടിയന്തരാവസ്ഥാ കാലമൊരിക്കലൊരു ദിവസം ഞാന്‍ പറഞ്ഞു: ‘സര്‍ക്കാര്‍ ചോര്‍ ഹെ’. പിറ്റേന്ന് പോലീസ് വന്നു സ്‌റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്തു. ‘ സര്‍ക്കാര്‍ കള്ളനാണെന്ന് പറഞ്ഞോ താങ്കള്‍ ‘ ‘അതെ. ഞാന്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ, ഇന്ത്യ, അമേരിക്ക, ബ്രിട്ടന്‍, ചൈന, പാകിസ്താന്‍ ഏത് സര്‍ക്കാരാണെന്ന് പറഞ്ഞിട്ടില്ല’. ‘നീ ഞങ്ങളെ പൊട്ടന്മാരാക്കുകയാണോ. ഏത് രാജ്യത്തെ സര്‍ക്കാരാണ് ‘ചോര്‍’ എന്നത് ഞങ്ങള്‍ക്കറിയില്ലെന്ന് വിചാരിച്ചോ നീ?.
റാഹത് ഇന്ദോറി ആരായിരുന്നെന്നു മനസിലാക്കാന്‍ ഈ വാക്കുകള്‍ തന്നെ മതിയാവും. ആശയങ്ങളെ ഇത്രമേൽ സമര്‍ഥമായി വാക്കുകളില്‍ കുടിയിരുത്താന്‍ അദ്ദേഹത്തിനുള്ള കഴിവില്‍ ആരെങ്കിലുമൊക്കെ അസൂയ പൂണ്ടിട്ടുണ്ടാവണം. സാഹിത്യ ലോകത്തിന് തീര്‍ച്ചയായും അദ്ദേഹത്തിന്റെ വിയോഗം മൂലം വലിയ വിടവാണുണ്ടാവുക.
1950 ജനുവരി ഒന്നിന് ഇന്ദോറിലാണ് അദ്ദേഹത്തിന്റെ ജനനം. റാഹത് ഖുറൈശി എന്നാണ് യഥാര്‍ഥ പേര്. ഇന്ദോറില്‍ ജനിച്ചു എന്നതിനാലാണ് ഇന്ദോറി എന്ന പേരിലേക്ക് അദ്ദേഹം എത്തപ്പെടുന്നത്. ഉര്‍ദു ഭാഷയില്‍ വലിയ അവഗാഹം നേടി. ‘ഉര്‍ദു മെ മുഷായറ’ എന്ന വിഷയത്തില്‍ ഭോജ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് അദ്ദേഹം പി എച്ച് ഡി കരസ്ഥമാക്കി. കഴിഞ്ഞ 40 വര്‍ഷത്തിലധികമായി മുഷായറകളില്‍ നിറഞ്ഞു നില്ക്കുന്നുണ്ട് അദ്ദേഹം. കവിതകള്‍ അവതരിപ്പിക്കുന്നതിനായി രാജ്യാതിര്‍ത്തികള്‍ പിന്നിട്ട് സഞ്ചരിച്ചിട്ടുണ്ട് അദ്ദേഹം.
അര്‍ഥ ഗര്‍ഭമായ കവിതകള്‍ അദ്ദേഹത്തിന്റെ നാവില്‍ നിന്നുതിരുമ്പോള്‍ ഭാഷയറിയാത്തവനു പോലും വരികളുടെ സാരാംശം ലഭ്യമാകുമായിരുന്നു. ഒട്ടേറെ ബോളിവുഡ് ഗാനങ്ങള്‍ക്കും അദ്ദേഹം വരികള്‍ എഴുതിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ അഗര്‍ ഖിലാഫ് ഹെ ഹോനെ ദോ എന്ന കവിതയിലെ ഏതാനും വരികൾ;
Agar Khilaf Hai Hone Do Jaan Thodi Hai
Yeh Sab Dhuaan Hai Koi Aasmaan Thodi Hai
എതിര്‍പ്പുകളുണ്ടെങ്കില്‍ ഉണ്ടാവട്ടെ, ജീവനൊന്നുമല്ലല്ലോ;
ഇതെല്ലാം കേവലം പുകപടലങ്ങളാണ്, ആകാശമൊന്നുമല്ലല്ലോ
Lagegi Aag To Aayenge Ghar Kayi Zad Main
Yahan Pe Sirf Hamara Makaan Thodi Hai
തീനാളം പടര്‍ന്നെന്നാല്‍ സകല വീടുകളും കത്തിയമരും;
ഇവിടെ എന്റെ വീടു മാത്രമൊന്നുമല്ലല്ലോ
Main Jaanta Hoon Ke Dushman Bhi Kam Nahi Lekin
Hamari Tarah Hatheli Pe Jaan Thodi Hai
ശത്രുക്കളും ഒട്ടും കുറവല്ലെന്നെനിക്കറിയാം; പക്ഷെ,
എന്നെപ്പോലെ പ്രാണന്‍ ഉള്ളം കൈയിലേന്തുന്നവര്‍ വേറെയില്ലല്ലോ
Hamare Munh Se Jo Nikle Wahi Sadaqat Hai
Hamare Munh Main Tumhari Zaban Thodi Hai
എന്റെ വായില്‍ നിന്നുതിരുന്നതെന്തോ അതാണ് സത്യം;
എന്റെ വായില്‍ നിന്റെ നാവൊന്നുമല്ലല്ലോ
Jo Aaj Sahibe Masnad Hai Kal Nahi Honge
Kiraydaar Hai Zaati Makaan Thodi Hai
ഇന്നത്തെ ഇവിടുത്തെ ഭരണകർത്താക്കൾ നാളെ ഇവിടുണ്ടായേക്കണമെന്നില്ല;
വാടകക്കാരവര്‍, തറവാടുവകയൊന്നുമല്ലല്ലോ
Sab Ka Khoon Hai Shaamil Yahan Ki Mitti Main
Kisi Ke Baap Ka Hindustaan Thodi Hai
ഈ മണ്ണില്‍ എല്ലാവരുടേയും ചോര കിടപ്പുണ്ട്;
ഇന്ത്യ ആരുടേയും തന്തയുടെ വകയല്ലല്ലോ
ഇന്നലെ (11/08/2020) ന് വൈകിട്ട് അദ്ദേഹം ഈ ലോകത്തു നിന്നും വിട പറഞ്ഞു. അദ്ദേഹത്തിന് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണറിയുന്നത്. അദ്ദേഹത്തിന്റെ രചനകളിലൂടെ അദ്ദേഹം നമ്മുടെയൊക്കെ ഉള്ളകങ്ങളില്‍ ജീവിക്കട്ടെ.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS
റാഹത്ത് ഇന്ദോരിയെപ്പറ്റി വായിച്ചതിൽ ഏററവും നല്ല എഴുത്ത്, വളരെയധികം നന്ദി..!
Excellent write up about Rahat indori,
Weldon rarangoth and team open press