Entertainment

എന്തുകൊണ്ട് കപ്പേള?

ജിഹാദ് പി.പി,

ജാമിഅ മില്ലിയ ഇസ്ലാമിയ, ഡൽഹി

കടലും കടൽ തീരവും, മഴയെ പോലെ കാല്പനികവത്കരിക്കപ്പെട്ട പ്രകൃതിയിലെ മറ്റൊരു സൗന്ദര്യ പ്രതിഭാസം. അതിനെ ആഖ്യാനവ്യാഖ്യാനങ്ങളിലൂടെ മലമുകളിലും പ്രതിഷ്ഠിച്ച, പ്രതീക്ഷയുടെ തുറന്നിട്ട ജാലകമായി ലളിതമായി വിഷ്വലൈസ് ചെയ്യുന്നിടത്താണ് കപ്പേളയിലെ ഫിലോസഫി വിജയിക്കുന്നത്.

സസൂഷ്മമായ ആഖ്യാനത്തിലൂടെയും പ്രതീകാത്മമായ സൂചനകളിലൂടെയും തന്റെ കഥയെ ന്യായീകരിക്കുന്ന സംവിധാന മികവാണ് ‘കപ്പേള’. ഓരോ കഥാപാത്രത്തെയും വിമർശന സാധ്യത നേരത്തെ കണ്ട് പക്വമായി രൂപപ്പെടുത്തിയെടുക്കുന്നതിൽ സംവിധായകൻ മുസ്തഫ വിജയിക്കുന്നുണ്ട്.

കഥയും കഥാപാത്രങ്ങളും

പ്രധാന കഥാപത്രങ്ങളായി വരുന്ന ജെസ്സിയും വിഷ്ണുവും റോയും കൃത്യമായ സൂചനകളിലൂടെ അവരുടെ കഥാപാത്ര സ്വഭാവങ്ങൾ അടയാളപ്പെടുത്തുന്നുണ്ട്. ജെസിയുടെയും റോയിന്റെയും വിഷ്ണുവിന്റെയും സൗഹൃദങ്ങൾ പോലും എത്ര മനോഹരമായാണ് സിനിമയുടെ അഭിവാജ്യ ഘടകങ്ങളാക്കിയത്.
അതിൽ എടുത്തുപറയേണ്ടത് തന്നെയാണ് ജെസിയുടെ കൂട്ടുകാരിയുടെ കഥാപാത്ര സ്വഭാവവും അവിടെ അഭിനയിച്ച പുതുമുഖ നടിയുടെ അഭിനയമികവും.

ഒട്ടും ഏറ്റക്കുറച്ചിലില്ലാതെ തന്റെ കഥാപാത്രത്തെ കൃത്യമായി അടയാളപ്പെടുത്തി അവർ. ജെസിയുടെ കടലനുഭവങ്ങൾക്ക് പിന്നിലെ നട്ടെല്ല് തീർച്ചയായും ആ കൂട്ടുകാരി കഥാപാത്രം തന്നെയാണ്. സിനിമിയയിലെ പ്രാധാന്യമർഹിക്കുന്നവരോ അല്ലാത്തവരോ ആയ ഓരോ കഥാപാത്രത്തെയും സസൂഷ്മം വ്യക്തമാക്കുകയും തുടർസീനുകളിൽ അവതരിപ്പിക്കുകയും ചെയ്തതുവഴി മുസ്തഫ തന്റെ ആദ്യ സംവിധാന സിനിമ അനുഭവപൂർണമാക്കി.

ഓരോ സിനിമയും സാമൂഹിക സന്ദേശമാണ് എന്നത് പോലെത്തന്നെ ശക്തവും വ്യക്തവുമായ കല കൂടിയാണ്. കല എന്ന നിലക്ക് കപ്പേളയുടെ ചുറ്റുപാടുകളെ പോരായ്മകൾ പരിഹരിച്ച് നീതീകരിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. എന്നാൽ സാമൂഹിക സന്ദേശം നൽകുന്ന ഒരു മാധ്യമം എന്ന നിലക്ക് ചില ആശയക്കുഴപ്പങ്ങൾ പങ്കുവക്കാതെ വയ്യ. മോബ് ലിൻജിങ് ഫാസിസ്റ്റ് അജണ്ടയായ കാലത്ത് നീതിയും നിയമവും കയ്യിലെടുക്കുന്ന യുവാവ് ആഘോഷിക്കപ്പെടുന്നു എന്നത് ആശയക്കുഴപ്പങ്ങൾക്ക് വഴിവെക്കുന്ന സാമൂഹിക സന്ദേശം തന്നെ.

ഒരു ഭാഗത്ത് വലിയ കയ്യടിയും നല്ല പ്രേക്ഷക പ്രശംസയുമായി പോകുമ്പോൾ തന്നെ മറുഭാഗത്ത് കൂട്ടമായ വിമർശനവും സിനിമക്ക് നേരെ ഉയരുന്നു. സിനിമയുടെ ചില നിശബ്ദ മേഖലകളെ കൃത്യമായി വിലയിരുത്താതെ രാഷ്ട്രീയം ചികഞ്ഞവർക്ക് കപ്പേള ഒരു പോരായ്മയായി തോന്നാം. എന്നാൽ സൂക്ഷ്മ പരിശോധനയിൽ അവയ്ക്കൊന്നും അടിസ്ഥാനമില്ലെന്ന് നമുക്ക് മനസ്സിലാവും.

സിനിമ കണ്ടിട്ടില്ലാത്തവർ കണ്ട ശേഷം മാത്രം ഈ കുറിപ്പ് വായ്ക്കുന്നത് നന്നായിരിക്കും. കണ്ടവർക്ക് സംവദിക്കാനുള്ളതാണ് ഇനിയുള്ള എഴുത്ത്.

ഇതൊരു സദാചാര സിനിമയാണോ?

അല്ല എന്നുപറയാൻ സിനിമ ഒരു പക്ഷെ രണ്ടു തവണ കാണേണ്ടി വരും. ചതിയിലകപ്പെട്ട പെൺകുട്ടിയുടെ രക്ഷകനായി അവതരിക്കുന്ന ‘റോയ്’ എന്ന കഥാപാത്രം ആ രക്ഷക റോൾ ചമയുന്നതിനു മുമ്പ് റോയ്‌ന്റെ കയ്യിൽ കിട്ടുന്ന വിഷ്ണുവിന്റെ ഫോണും തുടർന്ന് വരുന്ന രണ്ടു ഫോൺ കോളുകളും (ജെസ്സി & സലീന ചേച്ചി) ശ്രദ്ധിച്ചാൽ മാത്രം മതി.

റഫറൻസ് ആവശ്യമായ ആ ഒരു സീനിലൂടെ റോയിക്ക് അവരെ പിന്തുടരുന്നതിന് കൃത്യമായ കരണങ്ങളുണ്ടാക്കി കൊടുക്കുകയാണ് സംവിധായകൻ ചെയ്യുന്നത്. പിന്നെ, അത്തരത്തിൽ വല്ല അസ്വാഭാവികതയും കണ്ടാൽ വിവരം പോലീസിൽ അറിയിക്കുക എന്ന സാമൂഹിക മര്യാദ ഇവിടെ പാലിക്കുന്നില്ല. എന്നാൽ റോയ് എന്ന കഥാപാത്രത്തെ സംവിധായകൻ പോർട്രെയിറ്റ് ചെയ്ത് വച്ചത് അത്തരത്തിൽ കാര്യങ്ങളെ സമീപിക്കുന്ന ഒരു വ്യക്തിയായിട്ടാണ്. അദ്ദേഹത്തിന്റെ നാട്ടിലെ ഒരനീതിക്കെതിരെ റോയ് പ്രതികരിക്കുന്നതും ഇതുപോലുള്ള കയ്യൂക്ക് കൊണ്ടാണ്. അതിനെല്ലാം പുറമെ ഇത്തരം റോയിക്ക് മാത്രമായി മനസ്സിലായ വിഷ്ണുവിന്റെ കപട മുഖം ഒരു കാമുകിയെ അംഗീകരിപ്പിക്കാൻ ഒരപരിചിതന് എത്രകണ്ട് കഴിയും എന്ന ചോദ്യവും ബാക്കി നിൽക്കുന്നു. (റോയ് എന്ന കഥാപാത്രത്തിന്റെ ഇടപെടൽ നൽകുന്ന സാമൂഹിക സന്ദേശത്തെ ഞാൻ നേരത്തെ തന്നെ വിയോജിച്ചിട്ടുണ്ട്)

ഇന്നിങ്ങനെ ഒരു കഥ നടക്കുമോ എന്നാണ് ?? ഈ സിനിമയിലെ കഥയും കഥാ സന്ദർഭവും മലയാളി പൊതുബോധത്തിന് ദഹിക്കാത്തതിന് കാരണം, ഭൂരിപക്ഷം മലയാളികളും അവരുടെ ചുറ്റുപാടുകൾക്ക് പുറത്തെ ദാരിദ്ര്യത്തെക്കുറിച്ച് അജ്ഞരായത്കൊണ്ടാണ്. ഓൺലൈൻ ക്‌ളാസിൽ പങ്കെടുക്കാൻ സൗകര്യമില്ലാതെ ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ അതേ കാലത്ത് വയനാട്ടിലെ സാധാരണ കർഷക കുടുംബത്തിലെ പെൺകുട്ടിയുടെ കയ്യിൽ സ്മാർട്ട് ഫോണില്ലാതിരിക്കുക സ്വാഭാവികം മാത്രം.

ജെസ്സിയുടെ കഥാപാത്രത്തിലെ നിഷ്കളങ്കതയും കൗതുകവും ഫോൺട്രാപ്പിൽ പെടുന്നതിന്റെ മുമ്പിലെ സീനുകളിലൂടെ സംവിധായകൻ ന്യായീകരിക്കുന്നുണ്ട്. കടൽതീരമില്ലാത്ത, ഒറ്റപ്പെട്ട കർഷകഗ്രാമങ്ങൾ ഇപ്പോഴും യദേഷ്ടമുള്ള വയനാടിനെതന്നെ കഥാപശ്ചാത്തലമായി തിരഞ്ഞെടുത്തതും അതുകൊണ്ടാവാം.

നാല് ജില്ലകളും സാംസ്കാരിക തലവും

നാലു ജില്ലകളെയും അതിന്റെ സാംസ്‌കാരിക വൈവിധ്യങ്ങളെയും അവിടങ്ങളിലെത്തെ ഭാഷ, രാഷ്ട്രീയം, സൗഹൃദം എന്നിവയിലൂടെ സിനിമ പങ്കുവെക്കുന്നുണ്ട്. മനോഹരമായ ഛായാഗ്രഹണവും ഒട്ടും അനാവശ്യമാവാത്ത ബാക്ഗ്രൗണ്ട് സ്കോറിങ്ങും, ക്ലബ്ബിലെ കൊട്ടിപ്പാട്ടും, സുന്ദരമായ ചലച്ചിത്ര അനുഭവമാണ്.

മത്സരിച്ചഭിനയിച്ച അഭിനേതാക്കളെ അഭിനന്ദിക്കാതെ വയ്യ. സിനിമ തീർച്ചയായും ജെസിയുടെ കഥയാണ് പറയുന്നത്. അന്ന ബെന്നിന്റെ അഭിനയ മികവ് എടുത്ത് പറയേണ്ടത് തന്നെ. പ്രേത്യേകിച്ചും കഥാപാത്രങ്ങൾ കോഴിക്കോട് വന്നിറങ്ങിയ ശേഷമുള്ള സിനിമയുടെ മാറിയ മുഖത്തെ പ്രേക്ഷക മനസ്സിലേക്ക് ആവാഹിക്കുന്നതിൽ അന്ന ബെന്നിന്റെ കഴിവ് അപാരം തന്നെ. അതോടൊപ്പം പ്രേക്ഷകന്റെ സങ്കല്പങ്ങളെയും കഥയുടെ വേരിയേഷനുകളെയും കൃത്യതയോടെ നിയന്ത്രിക്കാൻ ശ്രീനാഥ്‌ ഭാസിക്കും റോഷൻ മാത്യുവിനും തങ്ങളുടെ വശം തകർത്തഭിനയിച്ചതിലൂടെ സാധ്യമായിട്ടുണ്ട്.

അബു ശരിയോ തെറ്റോ എന്നതല്ല ചർച്ച,
കോഴിക്കോട്ടെ പ്രതിസന്ധികളിലേക്ക് ഒരൊറ്റ വിളിയിൽ ഓടിയെത്തുന്ന അനേകം സകലകലാ വല്ലഭന്മാരായ പോർട്ടർമാരുടെ ഒരു പ്രതിനിധി മാത്രമാണ് അബു.

ജെസി കണ്ട കടലും ജെസിയുടെ കപ്പേളയും എത്ര മനോഹരമായാണ് സന്ധിക്കുന്നത്. തീരദേശക്കാർക്ക് കടൽ പോലെയാണ് ഹൈറേഞ്ചുകാരുടെ വ്യൂ പോയന്റും. മതിലിന്റെ ശ്വാസം മുട്ടില്ലാത്ത കുഞ്ഞ് കപ്പേളയും അനന്തമായ വിദൂരതയിലേക്ക് നമുക്കായി തുറന്നിട്ട കടലും സാധൂകരിക്കുന്നത് ഒരേ മാനസിക ആവശ്യങ്ങൾ തന്നെയാണ്. കടലിൽ തിരമാലയും കാറ്റുമാണെങ്കിൽ ഇവിടെയത് പ്രതിധ്വനിയും കാറ്റുമാണെന്ന് മാത്രം.

സിനിമയുടെ അവസാനമാണ് ഏറെ പറയേണ്ടത്. അച്ഛനായും കാമുകനായും അവതരിച്ച പൗരുഷത്തിന്റെ ഒരടിമയായി നിർവചിക്കപ്പെടുമായിരുന്ന ജെസിയെന്ന പെൺകുട്ടിയെ താൻ നേരിട്ട കടലനുഭവം എത്രമേൽ സ്വാധീനിച്ചു എന്നറിയാൻ ബെന്നിയുടെ അനിശ്ചിതത്വത്തിലൂന്നിയ ചോദ്യത്തിന്റെയും തുടരുന്ന കാത്തിരിപ്പിന്റെയും ഒരൊറ്റ ഷോട്ട് മതി.

കപ്പേള ഒരു സാധാരണ സിനിമയാണ്

പലപ്പോഴും കേട്ടുപരിചരിച്ച പ്ലോട്ടിനെ ലളിത സുന്ദരമായി കെട്ടുറപ്പുള്ള ചലച്ചിത്ര ആവിഷ്കാരമായി അവതരിപ്പിച്ചു എന്നതിനാലാണ് സിനിമ ചർച്ചയായതും.

കപ്പേളക്ക് ഹൈപ്പ് കൊടുത്തത് പ്രേക്ഷകരാണ് ആ ഹൈപ്പിന്റെ അതിപ്രസരത്തിൽ സിനിമയെ സമീപിച്ചതും പ്രേക്ഷകനാണ്. അവർക്കാണ് അപൂര്ണമായി അനുഭവപ്പെടുന്നത്.
അതിനാലാണ് സിനിമ ശബ്ദിച്ചതും മൗനമവലഭിച്ചതുമായ വിഷയങ്ങളെ അതിന്റെ കഥാ സന്ദർഭങ്ങളിൽ നിന്നടർത്തിയെടുത്ത് ഇത്ര സങ്കീർണമായി ചർച്ച ചെയ്യുന്നത്.

സിനിമയിൽ ഗോഡ് ഫാദറില്ലാത്ത, കോക്കസുകളുടെ ഭാഗമാവാത്ത, മലപ്പുറത്ത് നിന്നുള്ള ഒരു സാധാരണക്കാരനായ ചലച്ചിത്ര സംവിധായകന്റെ ധാർമിക ബോധവും ധിഷണാ വിലാസവും രാഷ്ട്രീയ നിലപാടുകളും ചിലർക്കെങ്കിലും അമിതമായി ചിക്കി ചികയേണ്ടി വരുന്നു എന്നത് ദുഃഖകരമെന്ന് പറയാതെ വയ്യ.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x