ഇന്ത്യക്കാരുടെ ജാതി വിവേചനം; ജോലിക്കാർക്ക് പ്രത്യേക പരിശീലനം നൽകി ആഗോള കമ്പനികൾ
അംബേദ്കർ പ്രവചിച്ച പോലെ ജാതി ആഗോള പ്രശ്നമായി മാറുകയാണ്.
ആപ്പിളിന് ശേഷം സിസ്കോയിലെ ഇന്ത്യൻ ജോലിക്കാരുടെ ജാതി വിവേചനം കോടതിയിലാണ്. IT കമ്പനികൾ ജാതി വിവേചനം ഇല്ലാതാക്കാൻ ഇന്ത്യക്കാർക്ക് പ്രത്യേക പരിശീലനം കൊടുത്തു തുടങ്ങിയിരിക്കുന്നു.
ഹിന്ദുക്കൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കുടിയേറ്റം തുടങ്ങിയാൽ ജാതിയെ കൂടെ കൊണ്ടു പോകുമെന്നും ജാതി ആഗോള പ്രശ്നമായി മാറുമെന്നും ഡോ. അംബേദ്കർ പറഞ്ഞത് സത്യമായി പുലർന്നിരിക്കുന്നു.
അധ്യാപകന്റെ പാത്രത്തിലെ വെള്ളം കുടിച്ച കുട്ടിയുടെ ജാതി ‘മോശമായത്’ കൊണ്ട് തല്ലിക്കൊന്ന വാർത്ത വന്നത് രണ്ട് ദിവസങ്ങൾക്ക് മുമ്പാണ്. ഓരോ ദിവസവും നിരവധി ജാതി പീഢന വാർത്തകൾ നമ്മൾ വായിക്കാറുണ്ട്.
പക്ഷെ ജാതിബോധം മനുഷ്യത്വ വിരുദ്ധമായ ഒരു ബോധമാണെന്ന് പോലും ആരും പറയാറില്ല. കൂട്ട ബലാൽസംഗക്കേസിലെ പ്രതികൾക്ക് സ്വീകരണം കൊടുക്കാൻ ആഗ്രഹിക്കുന്ന 25 ലക്ഷം പേർ നമുക്കിടയിൽ ഉള്ളത് പോലെ അധ്യാപകന്റെ പാത്രത്തിൽ നിന്ന് വെള്ളമെടുത്ത താഴ്ന്ന ജാതിക്കാരി കൊല്ലപ്പെടേണ്ടതായിരുന്നു എന്ന് വിശ്വസിക്കുന്ന ലക്ഷങ്ങളും നമുക്കിടയിലുണ്ട്.
ജാതിയിൽ കുറഞ്ഞ ഹിന്ദുവിന്റെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാത്ത, അവരുമായി സാമൂഹ്യ ജീവിതത്തിൽ പരമാവധി അകലം പാലിക്കുന്ന മനുഷ്യർ നമുക്ക് ചുറ്റും ധാരാളമുണ്ട്.
നവോത്ഥാന കാലത്ത് ജാതിക്കെതിരെ എഴുതുകയും പറയുകയും ചെയ്ത പോലെ ഇന്നാരെങ്കിലും ജാതി ഒരു മോശം കാര്യമാണെന്ന് പറയുന്നുണ്ടോ…? ജാതിബോധവും മനുഷ്യത്വ ബോധവും ഒന്നിച്ചു പോകില്ല എന്നാരെങ്കിലും സ്വകാര്യമായെങ്കിലും പറയുന്നുണ്ടോ..?
ഗ്രാമങ്ങൾ മുതൽ യൂണിവേഴ്സിറ്റികൾ വരെ രാജ്യത്തെ ബഹുഭൂരിപക്ഷം ജനത നേരിടുന്ന ജാതി വിവേചനം തുടച്ചു നീക്കേണ്ടതുണ്ട് എന്നൊരു ചിന്ത പോലുമില്ലാതെ ജാതി നോർമലൈസ് ചെയ്യപ്പെട്ടിരിക്കുന്നു.
എല്ലാ പൗരൻമാർക്കും വോട്ടവകാശമുള്ള ജനാധിപത്യ തെരെഞ്ഞെടുപ്പ് രീതി വന്നു തുടങ്ങിയത് മുതൽ, കഴിഞ്ഞ നൂറു വർഷത്തിനിപ്പുറം, ഹിന്ദു മതത്തിൽ ചേർക്കപ്പെട്ടവരാണ് ഈഴവരും ദലിതരുമുൾപ്പടെ മഹാ ഭൂരിപക്ഷം അവർണ/അടിസ്ഥാന ജനവിഭാഗങ്ങൾ.
സവർണ ഹിന്ദുവിനെ വോട്ട് ചെയ്ത് അധികാരത്തിലെത്തിക്കാനായി മാത്രം ഹിന്ദു മതത്തിൽ ചേർക്കപ്പെട്ട മനുഷ്യർ പക്ഷേ തിരിച്ചറിവിന്റെ ഒരു ലക്ഷണവും കാണിക്കുന്നില്ല.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS