PoliticalSocial

ഇന്ത്യയെന്ന മതേതര ജനാധിപത്യ ഭരണഘടനാ റിപ്പബ്ലിക്കിന് തിരശീല വീണപ്പോൾ

പ്രതികരണം/പ്രമോദ് പുഴങ്കര

ഇന്ത്യയുടെ മതേതര ജനാധിപത്യ ഭരണഘടനാ റിപ്പബ്ലിക്ക് എന്ന ദേശ -രാഷ്ട്ര സ്വത്വത്തിനു തിരശീല വീഴുന്ന ചരിത്രഘട്ടത്തിന്റെ നാടകീയമായ ആരംഭമാണിന്ന്. ഏതാണ്ട് ഒരു നൂറ്റാണ്ടോളമായി ഹിന്ദുത്വ ഭീകരവാദികൾ ഇന്ത്യൻ സമൂഹശരീരത്തിന്റെ ആഴങ്ങളിലേക്ക് ഇറക്കിവിട്ട വെറുപ്പിന്റെയും ഹിംസയുടേയും വിത്തുകൾ പൊട്ടിമുളച്ച് ശാഖോപശാഖികളായി ശവംനാറിപ്പൂക്കളായി പൂത്തുലഞ്ഞുനിൽക്കുന്ന ഭീതിയുടെ ഗംഗാതടത്തിലാണ് ഇന്ന് ഇന്ത്യ കണ്ട ഏറ്റവും അധമനായ പ്രധാനമന്ത്രിയും കറകളഞ്ഞ ഹിന്ദുത്വ ഭീകരവാദിയുമായ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അയോധ്യയിലെ രാമക്ഷേത്രത്തിനുള്ള നിർമ്മാണത്തിനുള്ള പൂജ നടക്കുന്നത്. മതേതര ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ശവസംസ്കാരക്രിയ കൂടിയാണത്.

ബ്രിട്ടീഷ് കൊളോണിയൽ വിരുദ്ധ, ദേശീയ വിമോചന സമരത്തെ ഒറ്റിക്കൊടുത്തുകൊണ്ട് വേറിട്ടുനിന്ന ആർ എസ് എസ് തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രചാരണങ്ങളിലേർപ്പെട്ടപ്പോൾ കോൺഗ്രസിനകത്തും ഹിന്ദുമതബോധത്തിന്റെ രാഷ്ട്രീയ ഉപയോഗം ഒരു സാധ്യതയായിക്കണ്ട ധാരകൾ ഉണ്ടായിരുന്നു. ബാലഗംഗാധര തിലകൻ പ്രതിനിധീകരിച്ച ആ പ്രകടമായ ഹിന്ദു മുഖമുള്ള ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭ ധാര ഗാന്ധിയുടെ നേതൃത്വത്തം വരുന്നതോടെ ദുർബലമായി.

ഗാന്ധിയും നെഹ്രുവും

പകരം ഹിന്ദു മതത്തിന്റെ ജാതിവ്യവസ്ഥയേയും അതിന്റെ വർണാശ്രമ ധർമ്മവിചാരങ്ങളെയും തള്ളിപ്പറയാത്ത, എന്നാൽ ആന്തരികമായ നവീകരണത്തിന്റെ ഭാഷയിൽ അതിനെ സമീപിച്ച ഗാന്ധിയുടെ രാഷ്ട്രീയത്തിലും മതസ്വാധീനം ഉണ്ടായിരുന്നു. ഇതിന്റെ മറുവശത്തായിരുന്നു നെഹ്രുവിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ആഭിമുഖ്യമുള്ള കോൺഗ്രസ് വിഭാഗം. ആ കാലഘട്ടത്തിൽ മതമുക്തമായ രാഷ്ട്രീയ നിലപാടുകളെടുത്തത് കമ്മ്യൂണിസ്റ്റ് പാർട്ടിയും ഒരു പരിധിവരെ സോഷ്യലിസ്റ്റുകളുമാണ്.

Read Also: ഇന്ത്യയെന്ന ആശയം അയോധ്യയിൽ അല്ല, നമ്മുടെ വീടുകളിൽ ആണ് അത് ആദ്യം പൊളിഞ്ഞ് വീണത്.

സ്വാതന്ത്ര്യാനന്തരം നെഹ്രുവിന്റെ മതേതര നിലപാടുകൾ കോൺഗ്രസിന്റെ നയരൂപവത്കരണത്തിൽ മുൻകൈ നേടിയെങ്കിലും കോൺഗ്രസിന്റെ അടിസ്ഥാനസ്വഭാവം ഹിന്ദുമതബോധ ധാരയോട്, അല്ലെങ്കിൽ പൊതുവെ മതബദ്ധമായ ജീർണരാഷ്ട്രീയത്തോട് ചേർന്നുനിന്നു. പുരുഷോത്തംദാസ് ടണ്ഠനും, ജെ ബി പന്തും ഒക്കെയുള്ള ഒരു വിഭാഗം നെഹ്രുവിനോട് മത്സരിക്കാൻ ത്രാണിയില്ലാതെ പതുങ്ങിയെങ്കിലും ഈ സ്വഭാവവിശേഷം കോൺഗ്രസിനെ വിട്ടുപോയില്ല.

അതുകൊണ്ടാണ് തന്റെ പ്രഭാവകാലത്തു പോലും നെഹ്രുവിനു ജെ ബി പന്തിനോടും കേവലം ജില്ലാ കമ്മീഷണറായിരുന്ന ഒരു ആർ എസ് എസ് നായരോടും ബാബരി മസ്ജിദിൽ ഒളിച്ചുകടത്തിയ രാം ലല്ല വിഗ്രഹങ്ങളുടെ കാര്യത്തിൽ ജയിക്കാനാകാതെ പോയത്. നെഹ്രുവിനു ശേഷമാകട്ടെ മതേതര രാഷ്ട്രീയത്തിന്റെ നേരിയ മുണ്ടു മാറ്റി അവസരവാദ രാഷ്ട്രീയത്തിന്റെയും ഹിന്ദുമതരാഷ്ട്രീയ പ്രീണനത്തിന്റെയും പാതയിലൂടെയാണ് ഇന്ദിരാഗാന്ധി മുതൽക്കിങ്ങോട്ടുള്ള കോൺഗ്രസിന്റെ യാത്ര.

നെഹ്രുവിന് ശേഷം

ഒപ്പം ദാരിദ്ര്യത്തിലും നിരക്ഷരതയിലും കഴിയുന്ന, ഭൂവുടമാബന്ധങ്ങളുടെ ചൂഷണവ്യവസ്ഥിതിയിൽ ഞെരിയുന്ന മനുഷ്യരെ ഹിന്ദുത്വ ഭീകരവാദത്തിന്റെ മതരാഷ്ട്രീയ പ്രക്ഷാളനത്തിനു വിധേയരാക്കാൻ പാകത്തിൽ ഇട്ടുകൊടുത്ത ജനവിരുദ്ധമായ നയങ്ങളും കൂടിയായപ്പോൾ കാവിപുതപ്പിനുള്ളിൽ കോൺഗ്രസ് ചൂടുകണ്ടെത്തി. ഇന്ത്യയുടെ ജനാധിപത്യ രാഷ്ട്രീയത്തിന് തന്റെ അമ്മ ഇന്ദിരാഗാന്ധി കഴിഞ്ഞാൽ ഏറ്റവുമധികം ദ്രോഹം ചെയ്ത കോൺഗ്രസ് പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയാണ് ബാബരി മസ്ജിദിന്റെ താഴ് പൊളിക്കാൻ കൂട്ടുനിന്നതും ശിലാന്യാസത്തിന് സൗകര്യം ചെയ്തതും തിരിച്ചുവരവില്ലാത്തവിധം കോൺഗ്രസിനെ തകർത്ത് എന്ന് മാത്രമല്ല, ഹിന്ദുത്വ രാഷ്ട്രീയത്തെ ഇന്ത്യയുടെ ദേശീയതയുടെ അനുബന്ധമാക്കുന്ന അപകടകരമായ പരിണാമത്തിന് വേണ്ട കാലാവസ്ഥയൊരുക്കുകയും ചെയ്ത നേതൃത്വമായിരുന്നു രാജീവ് ഗാന്ധിയുടേത്.

ആ കാലത്തിൽ നിന്നാണ് ഇന്ത്യയുടെ തെരുവുകൾ മുഴുവൻ വർഗീയതയുടെ രഥയാത്രയുമായി, ഉരുണ്ടുപോയിടത്തെല്ലാം മനുഷ്യരുടെ നിലവിളികളും മൃതദേഹങ്ങളുടെ നിശാബ്ദതയും അവശേഷിപ്പിച്ച അദ്‌വാനിയുടെ രാമക്ഷേത്രത്തിലേക്കുള്ള രഥമുരുണ്ടത്. ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങൾ, ഇന്ത്യൻ മതേതരത്വത്തിൻെറയും നിയമവാഴ്ചയുടെയും കുംഭഗോപുരങ്ങൾ ഒന്നൊന്നായി ഹിന്ദു ഭീകരവാദികൾ തകർക്കുമ്പോൾ ധ്യാനത്തിലായിരുന്ന സർക്കാരും കോൺഗ്രസിന്റേതായിരുന്നു. ആ കോൺഗ്രസുതന്നെയാണ് ഇപ്പോൾ ശിലാന്യാസ പൂജയ്ക്ക് തങ്ങളെ മോദി വിളിച്ചില്ല എന്ന് പതം പറയുന്നത്.

തന്റെ പിതാവിന്റെ അഭിമാനപൈതൃകമാണ് ദേശീയൈക്യത്തിന്റെ പ്രതീകമാണ് രാമക്ഷേത്രമെന്ന് പ്രിയങ്ക ഗാന്ധി ആഹ്ളാദിക്കുന്നത്. ഇത്രയൊക്കെയായിട്ടും ലിബറൽ സിദ്ധാന്തങ്ങളിൽ കോൺഗ്രസാണ് മതേതരത്വത്തിന്റെ ഭാവി!! ഹിന്ദുരാഷ്ട്രത്തിന്റെ ക്ഷേത്രസ്ഥാപനത്തിനുള്ള വഴിയിലേക്കുള്ള യാത്രയിൽ ഹിന്ദുത്വ ഭീകരവാദികൾക്ക് വഴിയൊരുക്കിക്കൊടുത്തത് ഇന്ത്യൻ സുപ്രീംകോടതി കൂടിയാണ് എന്ന് മറക്കാതിരിക്കുക.

സുപ്രീംകോടതിയും ബാബരി വിധിയും

വിധി പറഞ്ഞ ദിവസത്തെ കോടതി മുറിയിൽ ഞാനുണ്ടായിരുന്നു. അന്ന് മാത്രമല്ല കേസിന്റെ വാദം മുഴുവൻ ആദ്യം മുതൽ എന്നും കേട്ടിരുന്നതാണ്. രാം ലല്ലയുടെയും മറ്റ് ഹിന്ദു കക്ഷികളുടെയും അന്തസാരശൂന്യവും ചരിത്രവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ വാദങ്ങളെല്ലാം കോടതി സാനന്ദം വിധിന്യായത്തിൽ ആവർത്തിച്ചു ശരിവെക്കുന്നത് കേട്ടിരുന്നു. മതേതര റിപ്പബ്ളിക്കിന്റെ ശവകുടീരത്തിന് അഞ്ചേക്കർ അനുവദിച്ച അശ്ലീലം വായിച്ചുതീർന്നപ്പോൾ ജയ് ശ്രീറാം വിളികളോടെ ചീഫ് ജസ്റ്റിസിന്റെ ഒന്നാം നമ്പർ കോടതി മുറിയിൽ നിന്നും ആർ എസ് എസുകാരും ആർ എസ് എസുകാരായ അഭിഭാഷകരും കള്ളസംന്യാസിമാരുമൊക്കെ ജയ് ശ്രീറാം എന്നുറക്കെവിളിച്ചുകൊണ്ട് കോടതിയുടെ കാർക്കശ്യനിശബദതയെ കൂക്കിവിളിച്ചുകൊണ്ട് പുറത്തിറങ്ങി.

Read Also: ജമ്മു കശ്മീരിന് പ്രത്യേക അധികാരങ്ങൾ നഷ്ടപ്പെട്ടെങ്കിലും ഇന്ത്യ നേട്ടമുണ്ടാക്കിയോ?

ഒരു ദേശരാഷ്ട്രം എന്ന നിലയിൽ ഇന്ത്യ എന്ന ആശയത്തിന്റെ ദേശീയ വിമോചനസമരം മുതലുള്ള കഥയുടെ ഒരു ചരിത്രഘട്ടമാണ് അവസാനിക്കുന്നത്. ഇനി പുതിയൊരിന്ത്യക്കുള്ള പോരാട്ടമാണ്. കാരണം പഴയതു കൊല്ലപ്പെട്ടു. ആ പോരാട്ടത്തിൽ മതേതരം എന്ന് നാം ധരിച്ച എല്ലാ മൂല്യങ്ങളും സ്ഥാപനങ്ങളും അപനിർമ്മിക്കപ്പെട്ടിരിക്കുന്നു. അധികാരത്തിന്റെ സൂക്ഷ്മമായ കൈകൾകൊണ്ട് സംഘപരിവാർ അതിനെ ഇല്ലാതാക്കി. മതയാഥാസ്ഥിതിക പൗരോഹിത്യത്തിന്റെ കുറുക്കൻ രാഷ്ട്രീയത്തിലേക്ക് ഫാഷിസ്റ്റ് വിരുദ്ധ സമരത്തെ കൊണ്ടുകെട്ടാനുള്ള ശ്രമങ്ങൾ ഇപ്പുറത്ത് നടക്കുന്നു.

മതേതരമായ ആധുനിക പൗരസമൂഹത്തിനായുള്ള സമരം ജീവിതത്തിന്റെ ഓരോ നിമിഷവും നടത്തേണ്ടതായി മാറുകയാണ്. ഒരു പക്ഷെ ആനന്ദത്തിനുള്ള മൗലികാവകാശം ആഘോഷിക്കാനുള്ള ആഡംബരമില്ലാത്ത ഒരു ചരിത്രകാലത്തിലാണ് നമ്മൾ.

ജീവിതം ഒരു സമരമാകേണ്ട കാലം.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x