LawOpinion

കോടതികളുടെ ഉത്തരവാദിത്വം ഓർമ്മപ്പെടുത്തി കട്ജു; ഇത് കോടതികൾ പുനരാരംഭിക്കേണ്ട സമയം

മൊഴിമാറ്റം: സലീം ചളവറ



സുപ്രീംകോടതിയിലെ മുതിർന്ന സിറ്റിംഗ് ജഡ്ജിയോട് ഞാൻ അടുത്തിടെ ടെലിഫോണിൽ സംസാരിച്ചു. ബഹുഭൂരിപക്ഷം ഇന്ത്യൻ പൗരന്മാരുടെയും പൊതു ധാരണ, ഭരണഘടനയെ ഉയർത്തിപ്പിടിക്കാനുള്ള ഉത്തരവാദിത്തം സുപ്രീംകോടതി ഏറെക്കുറെ ഉപേക്ഷിച്ചുവെന്നാണ്. യഥാർത്ഥ ചൈതന്യവും ജനങ്ങളുടെ സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിൽ നിന്ന് കോടതി പുറകോട്ടു പോയി.

ഒരു സിറ്റിംഗ് ജഡ്ജിയായിരിക്കെ ഞാൻ സംസാരിച്ച ജഡ്ജിയേക്കാൾ വളരെ സീനിയർ ആയിരുണെങ്കിലും, ഞാൻ വിരമിച്ച ശേഷം ഒരു ജഡ്ജിയല്ല, മറിച്ച് പൊതു സാദാ പൗരൻ ആണ്. അതിനാൽ ഞാൻ സംസാരിക്കുന്നത് ഒരു ന്യായാധിപൻ എന്ന നിലയിലല്ല, പൊതുജനങ്ങളുടെ പ്രതിനിധിയായാണ്. രാഷ്ട്രീയ – ഭരണ നിർവഹണ വർഗ്ഗങ്ങളുടെ സ്വജനപക്ഷപാതം, ഏകപക്ഷീയത, നിയമവിരുദ്ധത എന്നിവയിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കുകയെന്ന ഭരണഘടനാപരമായ കടമ സുപ്രീം കോടതി ഇനിയൊട്ടും കൂടുതൽ ചെയ്യുന്നില്ലെന്നാണ് പൊതു ധാരണ. പകരം, സുപ്രീംകോടതി മിക്കപ്പോഴും സർക്കാരിനു മുന്നിൽ കീഴടങ്ങുകയും അവരുടെ കൽപനകൾക്ക് അനുസരിച്ച് പ്രവർത്തിക്കുകയുമാണ് ചെയ്യുന്നതായാണ് തോന്നുന്നത്.

നിലവിലുള്ള ലോൿഡൌൺ അവസാനിച്ചുകഴിഞ്ഞാൽ, ഞാനും സുപ്രീം കോടതിയിലെ ചില സിറ്റിംഗ് ജഡ്ജിമാരുമായുള്ള ഒരു കൂടിക്കാഴ്ച (അദ്ദേഹത്തിന്റെ വസതിയിലോ മറ്റെവിടെയെങ്കിലുമോ) ഒരുക്കണമെന്ന് ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ദേഹം അതിന് സമ്മതിക്കുകയും ചെയ്തു. അതിൽ എന്റെ കാഴ്ചപ്പാടുകളും വീക്ഷണങ്ങളും അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ചുമതലയിൽ സുപ്രീംകോടതി പരാജയപ്പെട്ടുവെന്ന് തോന്നുന്ന നിരവധി സംഭവങ്ങളെക്കുറിച്ച് ഞാൻ നേരത്തെ എഴുതിയിട്ടുണ്ട്, അതിനാൽ അവ വീണ്ടും പരാമർശിക്കേണ്ടതില്ല.

1950 ജനുവരി 26 ന് പ്രഖ്യാപിച്ച ഇന്ത്യൻ ഭരണഘടനയിൽ, അമേരിക്കൻ ഭരണഘടനയിലെ അവകാശ ബില്ലിന്റെ മാതൃകയിൽ ജനങ്ങളുടെ ഒരു കൂട്ടം മൗലികാവകാശങ്ങൾ ഉണ്ട്. ആ അവകാശങ്ങളുടെ സംരക്ഷകനായിട്ടാണ് ജുഡീഷ്യറി നിർമ്മിക്കപ്പെട്ടിട്ടുള്ളത്. അതിൽ പരാജയപ്പെടുന്ന പക്ഷം മൌലികാവകാശങ്ങൾ കടലാസിൽ മാത്രമായി ഒതുങ്ങിപോകും.

ഭരണഘടന പ്രഖ്യാപിച്ച് ഏതാനും മാസങ്ങൾക്കുശേഷം, സുപ്രീംകോടതിയുടെ റോമേഷ് താപ്പറിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് സ്റ്റേറ്റ് ഓഫ് മദ്രാസുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒരു ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾക്ക് സർക്കാരിനെ വിമർശിക്കാൻ അവകാശമുണ്ടെന്ന് അഭിപ്രായപ്പെട്ടു. കോടതിയുടെ നിരീക്ഷണത്തിൽ “ഗവൺമെന്റിനെ വിമർശിക്കുകയോ ഗവണ്മെന്റിനോട് നീരസമോ മോശം വികാരങ്ങളോ ഉണർത്തുകയോ ചെയ്യുന്നത്, അഭിപ്രായ സ്വാതന്ത്ര്യത്തെ അല്ലെങ്കിൽ മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിനുള്ള ന്യായീകരണമായി കണക്കാക്കേണ്ടതില്ല.”

വ്യത്യസ്ത വാക്കുകളിൽ ഇതേ വീക്ഷണം മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് അബ്ദുൽ ഖുദ്ദോസ് നടത്തിയ ചരിത്രപരമായ വിധിന്യായത്തിൽ (Thiru N. Ram vs Union of India and anr) “ജനാധിപത്യത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു വശം പൗരന്മാർക്ക് സർക്കാരിനെ ഭയപ്പെടേണ്ടതില്ല എന്നതാണ് ജഡ്ജി നിരീക്ഷിച്ചത്. അധികാരത്തിലിരിക്കുന്നവർക്ക് ഇഷ്ടപ്പെടാത്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ പൌരന്മാർ ഭയപ്പെടരുത്. അദ്ദേഹം പറഞ്ഞു, “പൊതുജന ക്രമസമാധാന ലംഘനത്തിനോ അക്രമത്തിനോ പ്രേരിപ്പിക്കുന്നതല്ലെങ്കിൽ സർക്കാരിന്റെ നയങ്ങളെ വിമർശിക്കുന്നത് രാജ്യദ്രോഹമല്ല.”

1956 ൽ സുപ്രീം കോടതിയുടെ (Kartar Singh vs State of Punjab) വിധിന്യായത്തിനെ പിൻപറ്റി ജസ്റ്റിസ് കുദ്ദോസ് നിരീക്ഷിച്ചു, അധികാരത്തിലിരിക്കുന്ന ആളുകൾ ‘തൊലികട്ടി’ ഉണ്ടാക്കണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വിമർശനങ്ങൾ സഹിക്കാൻ അധികാരികൾ വിശാലമനസ്‌ക്കത കാണിക്കണം.

ഇന്നത്തെ സ്ഥിതിയിൽ ഈ വിധി വളരെ പ്രസക്തമാണ്. ഇപ്പോൾ അധികാരത്തിലിരിക്കുന്ന രാഷ്ട്രീയക്കാർ പലപ്പോഴും വളരെ പെട്ടെന്ന് പ്രകോപിക്കപ്പെടുന്നവരും വലിയ ഈഗോ ഉള്ളവരുമാണ്. അവർ ആരിൽ നിന്നും വിമർശനങ്ങൾ സഹിക്കാൻ തയ്യാറല്ല. പൗരത്വ (ഭേദഗതി) നിയമത്തെ വിമർശിച്ചതിന് കെട്ടിച്ചമച്ച കേസുകൾ ചാർജ് ചെയ്ത് അറസ്റ്റ് ചെയ്യപ്പെട്ട കശ്മീർ യുവതിയായ സഫൂറ സർഗാർ, ഡോ. കഫീൽ ഖാൻ, ഷാർജീൽ ഇമാം തുടങ്ങിയവരുടെ അറസ്റ്റ് എന്നിവയെല്ലാം ഇതിനുള്ള അറിയപ്പെടുന്ന ഉദാഹരണങ്ങളാണ്.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെപ്പറ്റിയുള്ള കാർട്ടൂൺ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് ജാദവ്പൂർ സർവകലാശാലയിലെ പ്രൊഫ. അംബികേഷ് മഹാപത്ര 2012 ൽ അറസ്റ്റിലായി. രാഷ്ട്രീയക്കാരെ അഴിമതിക്കാരെന്ന് ചിത്രീകരിക്കുന്ന കാർട്ടൂൺ വരച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി കാർട്ടൂണിസ്റ്റ് അസീം ത്രിവേദി അറസ്റ്റിലായി. മദ്യവ്യാപാരത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ജയലളിതയെ വിമർശിച്ചതിന് 2015 ൽ തമിഴ്‌നാട്ടിൽ അറസ്റ്റ് ചെയ്തത് കോവൻ എന്ന നാടോടി ഗായകനെ.

ഗവണ്മെന്റിനെയോ മന്ത്രിമാരെയോ വിമർശിക്കുന്ന മാധ്യമപ്രവർത്തകർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയോ അല്ലെങ്കിൽ NSA, UAPA പോലെയുള്ള കർക്കശ നിയമങ്ങൾ ചുമത്തി തടങ്കലിൽ ആക്കുകയോ ചെയ്യുന്നു, ഉദാ: മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗിനെ വിമർശിച്ചതിന് 2018 ൽ അറസ്റ്റിലായ കിഷോർചന്ദ് വാങ്ഖേം. മിർസാപൂരിലെ ഒരു പ്രൈമറി സ്കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണമായി റൊട്ടിയും ഉപ്പും മാത്രമേ നൽകുന്നുള്ളൂവെന്ന് റിപ്പോർട്ട് നൽകിയ പവൻ ജയ്‌സ്വാൾ എന്ന പത്രപ്രവർത്തകൻ 2019 ൽ ഉത്തർപ്രദേശിൽ അറസ്റ്റിലായി. ഗവേഷക-കോളമിസ്റ്റ് അഭിജിത് അയ്യർ-മിത്രയ്ക്ക് 2018 ഡിസംബറിൽ അന്നത്തെ സിജെഐ (ഇപ്പോൾ എംപിയും) രഞ്ജൻ ഗോഗോയി അദ്ധ്യക്ഷത വഹിച്ച സുപ്രീംകോടതി ബെഞ്ച്, അദ്ദേഹത്തിന്റെ മേൽ ചുമത്താവുന്ന ഏറ്റവും വലിയ ‘കുറ്റം’ – കൊണാർക്ക് ക്ഷേത്രത്തെ കുറച്ചുള്ള ആക്ഷേപഹാസ്യം ട്വീറ്റ് ചെയ്തു (അതും അദ്ദേഹം ഉടൻ ക്ഷമ ചോദിച്ചിരുന്നു) – എന്ന നിസാരകാര്യം ആയിരുന്നിട്ട് പോലും ജാമ്യം നിഷേധിച്ചു.

മെയ് 11 ന് ഗുജറാത്ത് ഓൺലൈൻ പോർട്ടലായ ‘ഫെയ്സ് ഓഫ് നേഷൻ’ എഡിറ്റർ ധവായ് പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയെ സ്ഥാനം മാറ്റാൻ സാധ്യതയുണ്ട് എന്ന വാർത്ത പ്രസിദ്ധീകരിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടു.

പ്രതികാര രാഷ്ട്രീയക്കാരുടെ പ്രേരണയാലുള്ള അനധികൃതവും അനാവശ്യവുമായ അറസ്റ്റുകളുടെയും തടങ്കലുകളുടെയും സമാനമായ നിരവധി ഉദാഹരണങ്ങൾ നൽകാൻ കഴിയും. ദ്രൗപതിയെ വസ്ത്രാക്ഷേപം ചെയ്യുമ്പോൾ ഭീഷ്മ പിതാമഹൻ കണ്ണടച്ചത് പോലെ, ഈ നഗ്നവും വ്യക്തവുമായ നിയമവിരുദ്ധതകളെ സുപ്രീം കോടതി അവഗണിക്കണമോ എന്നതാണ് ചോദ്യം. അങ്ങിനെ ആയാൽ സുപ്രീം കോടതി ജനങ്ങളുടെ അവകാശങ്ങളുടെ സംരക്ഷകനാണെന്ന് പ്രസ്താവിക്കുന്ന കോടതിയുടെ തന്നെ നിരവധി വിധിന്യായങ്ങളിൽ എന്ത് അവശേഷിക്കും?

1970 ലെ കേസിൽ (Ghani vs Jones) ഡെന്നിംഗ് പ്രഭു നിരീക്ഷിച്ചു: “ഒരു മനുഷ്യന്റെ ചലന സ്വാതന്ത്ര്യത്തെ ഇംഗ്ലണ്ടിലെ നിയമങ്ങൾ വളരെയധികം പരിഗണിക്കുന്നു, അത് ഉറച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ അല്ലാതെ തടസ്സപ്പെടുത്താനോ തടയാനോ പാടില്ല.”

ഒരു ഹേബിയസ് കോർപ്പസ് നിവേദനം (നിയമവിരുദ്ധ കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കണമെന്ന് അപേക്ഷിക്കുന്ന ഒരു നിവേദനം) ഒരു ബ്രിട്ടീഷ് ജഡ്ജിയുടെ മുമ്പാകെ വരുമ്പോൾ, അദ്ദേഹം മറ്റെല്ലാ ഫയലുകളും മാറ്റിവയ്ക്കുകയും വ്യക്തിഗത സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതിനാൽ മറ്റെല്ലാ കേസുകളേക്കാളും മുൻ‌ഗണനയുള്ളതായി ആ അപേക്ഷ സ്വീകരിക്കുകയും ചെയ്യുന്നു. 2019 ഓഗസ്റ്റ് 5 ന് റദ്ദാക്കിയ ആർട്ടിക്കിൾ 370ന് ശേഷം കസ്റ്റഡിയിലെടുത്ത കശ്മീർ നേതാക്കളുടെ ഹേബിയസ് കോർപ്പസ് കേസുകളിൽ സുപ്രീം കോടതിയുടെ പ്രകടനം എന്തായിരുന്നു? കേസുകൾ ഓരോ മാസവും മാറ്റിവച്ചു, ഇപ്പോഴും പലതും തീർപ്പുകൽപ്പിച്ചിട്ടില്ല, അതേസമയം സർക്കാരിനോടുള്ള അടുപ്പത്തിന് പേരുകേട്ട അർനബ് ഗോസ്വാമിയുടെ അപേക്ഷ മുൻ‌ഗണനാ അടിസ്ഥാനത്തിലാണ് പരിഗണിച്ചത്. ഇത് എന്ത് സന്ദേശമാണ് നൽകുന്നത്?

എന്റെ അഭിപ്രായത്തിൽ സുപ്രീംകോടതിയും (ഹൈക്കോടതികളും) ഈ നിയമവിരുദ്ധമായ അറസ്റ്റുകളെയും തടങ്കലുകളെയും സ്വമേധയാ നടപടി സ്വീകരിച്ച്, ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ സർക്കാരിന് മാത്രമല്ല ഈ നിയമ വിരുദ്ധ ഉത്തരവുകൾ നടപ്പിലാക്കിയ പോലീസ് ഉദ്യോഗസ്ഥർക്കും കനത്ത പിഴകൾ ചുമത്തി, റദ്ദ് ചെയ്യേണ്ടതായിരുന്നു.

നിയമവിരുദ്ധമായ ഉത്തരവുകൾ നടപ്പാക്കാൻ പോലീസുകാർ വിസമ്മതിക്കണമെന്ന് ഞാൻ മുമ്പത്തെ ഒരു ലേഖനത്തിൽ വാദിച്ചിരുന്നു. ന്യൂറെംബർഗ് വിചാരണയിൽ, നാസി യുദ്ധക്കുറ്റവാളികൾ തങ്ങളുടെ മേലുദ്യോഗസ്ഥനായ ഹിറ്റ്ലറുടെ ഉത്തരവുകൾ നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്നാണ് വാദിച്ചത്, എന്നാൽ ആ വാദം നിരസിക്കപ്പെട്ടു, പലരെയും തൂക്കിലേറ്റി.

ജനങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കോടതികൾ പുനരാരംഭിക്കേണ്ട സമയമാണിത്, നിയമവിരുദ്ധമായ അറസ്റ്റുകളും തടങ്കലിൽ വയ്ക്കാനുള്ള ഉത്തരവുകളും പാസാക്കുന്ന രാഷ്ട്രീയക്കാർക്കും രാഷ്ട്രീയ അധികാരികളുടെ അത്തരം നിയമവിരുദ്ധ ഉത്തരവുകൾ നടപ്പാക്കുന്ന പോലീസുകാർക്കും കനത്ത പിഴ ചുമത്താൻ ആരംഭിക്കേണ്ട സമയമാണിത്.

ദ വയർ പ്രസിദ്ധീകരിച്ച മർക്കാണ്ടെ കട്ജുവിന്റെ ലേഖനം പൂർണ്ണമായും ഇവിടെ വായിക്കാം.

മർക്കാണ്ടെ കട്‌ജു.
(പ്രസ്കൗൺസിൽ ഓഫ് ഇന്ത്യയുടെ അധ്യക്ഷനും സുപ്രിംകോടതി മുൻ ജഡ്ജിയുമാണ്)

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x