ന്യൂഡൽഹി : ഇന്ത്യയിൽ ലോക് ഡൗണും ലോക്ക് അഴിക്കലും കൃത്യസമയത്തായില്ലെന്ന് ഗ്രാഫിക്സ് സഹിതം വിവരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. കൊവിഡ് മാനെജ്മെന്റിൽ കേന്ദ്ര സർക്കാരിനെതിരായ രാഹുലിന്റെ വിമർശനങ്ങളുടെ തുടർച്ചയാണിത്. രോഗം ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങളുമായി താരതമ്യം ചെയ്താണ് രാഹുലിന്റെ വിമർശനം. ഗ്രാഫുകൾക്കൊപ്പം രാഹുലിന്റേതായി ഒറ്റ വാചകമേയുള്ളൂ: “”പരാജയപ്പെട്ട ഒരു ലോക് ഡൗൺ ഇതുപോലെയിരിക്കും”.
സ്പെയിൻ, ജർമനി, ഇറ്റലി, യുകെ എന്നീ രാജ്യങ്ങളിൽ നിന്ന് ഉദാഹരണങ്ങളെടുത്താണ് ഗ്രാഫുകൾ തയാറാക്കിയിരിക്കുന്നത്. ഈ രാജ്യങ്ങൾ ലോക് ഡൗണും നിയന്ത്രണങ്ങളും അവസാനിപ്പിച്ചത് കൊവിഡ് ഗ്രാഫ് താഴാൻ തുടങ്ങിയ ശേഷമാണ്. ഗ്രാഫ് ഉയരുമ്പോൾ ലോക് ഡൗൺ അവസാനിപ്പിക്കേണ്ട അവസ്ഥയിലാണ് ഇന്ത്യ. ഓരോ ഘട്ടം ലോക് ഡൗൺ തീരുമ്പോഴും രോഗികളുടെ എണ്ണം കുത്തനെ ഉയരുകയായിരുന്നു ഇന്ത്യയിൽ- രാഹുൽ ഗ്രാഫുകളിലൂടെ ചൂണ്ടിക്കാട്ടുന്നു.
വെള്ളിയാഴ്ചത്തെ കണക്കനുസരിച്ച് സ്പെയിനിലും ഇറ്റലിയിലും ജർമനിയിലും ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആയിരത്തിൽ താഴെയായി. യുകെയിൽ 1600 കേസുകളാണ് അന്നുണ്ടായത്. പക്ഷേ, ഇന്ത്യയിൽ പുതിയ രോഗികൾ ഒമ്പതിനായിരത്തിലേറെയായിരിക്കുന്നു- ഗ്രാഫുകൾ വ്യക്തമാക്കുന്നു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS