തിമിംഗലങ്ങളിൽ നിന്നു ലഭിച്ച മുപ്പത് കോടി വിലമതിക്കുന്ന ആംബർഗ്രിസ് എന്ന വസ്തു വിൽക്കാൻ ശ്രമിച്ച മൂന്നുപേരെ തൃശൂരിലെ ചേറ്റുവയിൽ നിന്ന് വനം വകുപ്പ് വിജിലൻസ് അറസ്റ്റ് ചെയ്തത് കേരളത്തിൽ ഇത്തരത്തിൽ നടക്കുന്ന ആദ്യത്തെ സംഭവം എന്ന രീതിയിൽ വലിയ വാർത്താ പ്രാധാന്യം നേടി.
എന്നാൽ ഇതുമായി ബന്ധപ്പെട്ട് നിരവധി അശാസ്ത്രീയ നിഗമനങ്ങളും വാർത്തകളിൽ വന്നിട്ടുണ്ട്. വാർത്തകളിൽ തിമിംഗല ശർദ്ദി എന്ന രീതിയിലാണ് ആംബർഗ്രിസിനെ പ്രതിപാദിച്ചുകാണുന്നത്.
എന്നാൽ തിമിംഗലങ്ങളുടെ കുടലിൽ ദഹന പ്രക്രിയയുമായി നടക്കുന്ന ചില പ്രവർത്തനങ്ങളുടെ ഫലമായി രൂപം കൊള്ളുന്ന ഒരു പ്രകൃതിദത്ത ഉല്പന്നമാണിത്! ഒരു വിസർജ്യ വസ്തുവായും ഇതിനെ കണക്കാക്കാം.
വംശനാശത്തിന്റെ നിഴലിൽ നിൽക്കുന്ന എണ്ണത്തിമിംഗലത്തിൽ (sperm whale, ശാസ്ത്ര നാമം: ഫിസെറ്റർ മാക്രോസെഫാലസ്, Physeter macrocephalus) നിന്നു ലഭിക്കുന്ന ഒരു പ്രകൃതിദത്ത ഉല്പന്നമാണ് ആംബർഗ്രിസ്.
കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ എണ്ണത്തിമിംഗലത്തിന്റെ കുടലിൽ രോഗനിദാനവസ്തുവായി (കോപ്രോലിത്ത്) രൂപം കൊള്ളുന്ന ഒരു വസ്തു.
സ്ത്രീ-പുരുഷ എണ്ണത്തിമിംഗലങ്ങളിലും, അപൂർവമായി കുള്ളൻ (പിഗ്മി) എണ്ണത്തിമിംഗലത്തിലും (കോഗിയ ബ്രെവിസെപ്സ്) ആംബർഗ്രിസ് ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്.
ഔഷധ നിർമാണത്തിനായും സുഗന്ധദ്രവ്യങ്ങൾ നിർമിക്കാനും ആയിരം വർഷത്തിലേറെയായി ആംബർഗ്രിസ് ഉപയോഗിക്കപ്പെടുന്നുവെങ്കിലും സുഗന്ധം കൂടുതൽ നേരം നിലനിൽക്കാൻ സഹായിക്കുന്ന ഒരു പ്രകൃതിദത്ത പശ (ഫിക്സേറ്റീവ്) എന്ന നിലയിൽ സുഗന്ധദ്രവ്യവിപണിയിൽ ഇവയ്ക്ക് സ്വർണത്തേക്കാൾ വിലയുണ്ട്.
ഒൻപതാം നൂറ്റാണ്ടിൽ ഒരു അറബ് സഞ്ചാരിയാണ് ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുകൾക്കിടയിൽ ആംബർഗ്രിസ് വ്യാപാരം ആദ്യമായി രേഖപ്പെടുത്തിയത്.
ഇന്ത്യയിൽ, സുഗന്ധദ്രവ്യങ്ങളോ സുഗന്ധദ്രവ്യങ്ങളോ ആയി ‘അംബാര’, ‘ആമ്പർ’ എന്നീ പേരുകളിൽ സംസ്കൃത പുസ്തകങ്ങളിൽ ഇവയെ പരാമർശിച്ചു കാണാം.
ട്രാവൽസ് ഓഫ് മാർക്കോ പോളോ (എ.ഡി. 1300) ആംബർഗ്രിസിനും എണ്ണയ്ക്കും തിമിംഗലങ്ങളെ വേട്ടയാടുന്നതിനെക്കുറിച്ചും തിമിംഗലവേട്ടക്കാർ സ്വീകരിച്ച രീതികളെക്കുറിച്ചും രസകരമായ വിവരണം നൽകുന്നുണ്ട്.
ഇന്ത്യയിൽ, ആയുർവേദത്തിലും യുനാനി വൈദ്യശാസ്ത്രത്തിലും സുഗന്ധദ്രവ്യങ്ങളിലും മരുന്നുകളിലും ആംബർഗിസ് ഉപയോഗിച്ചിരുന്നു. ആംബർഗ്രിസ് എങ്ങനെ രൂപപ്പെടുന്നുവെന്ന് മനസിലാക്കുന്നത് ഇവയെപ്പറ്റിയുള്ള തെറ്റിധാരണ മാറ്റാൻ സഹായകമാകും.
എണ്ണത്തിമിംഗലങ്ങളുടെ പ്രധാന ആഹാരം കണവയും കൂന്തലും ആണ്. പ്രായപൂർത്തിയായ ഒരു തിമിംഗലത്തിന് ഒരു ദിവസം ഒരു ടൺ വരെ കണവ അകത്താക്കാൻ കഴിയും. പശുക്കളെപോലെ എണ്ണത്തിമിംഗലങ്ങൾക്കും ആമാശയത്തിൽ നാല് അറകളുണ്ട്. ഒരു അറയിൽ നിന്ന് മറ്റൊന്നിലേക്ക് കടന്നുപോകുന്ന കണവ വഴിയിലുടനീളം ദഹനപ്രക്രിയക്ക് വിധേയമാകുന്നു.
എന്നാൽ കണവയുടെ ശരീരത്തിലെ ദഹിക്കാത്ത ഭാഗങ്ങളായ ചുണ്ട്/കൊക്ക്, നാക്ക്/പേന (internal shell) എന്നിവ ആമാശയത്തിൽ അടിഞ്ഞുകൂടുന്നു. സാധാരണ അവസ്ഥയിൽ തിമിംഗലങ്ങൾ ഇങ്ങനെ ദഹിക്കാതെ ആമാശയത്തിൽ അടിഞ്ഞുകൂടുന്ന വസ്തുക്കളെ ശർദ്ദിച്ചു പുറത്തുകളയുകയാണ് പതിവ്.
ദഹിക്കാത്ത വസ്തുക്കളുടെ ഒരു മിശ്രിതമായ ഇവയാണ് തിമിംഗല ഛർദ്ദി, ഇത് ആംബർഗ്രിസ് അല്ല.
എന്നാൽ ഏതാണ്ട് ഒരുശതമാനം എണ്ണത്തിമിംഗലങ്ങളിൽ ദഹിക്കാത്ത കണവചുണ്ടുകളും മറ്റും ചെറുകുടലിൽ എത്തിപ്പെടും. അവിടെ എത്തിക്കഴിഞ്ഞാൽ, കൂർത്തമുനകളുള്ള ഇവ അതിലോലമായ കുടലിന്റെ ഉള്ളിൽ ഉരഞ്ഞ് അതിന്റെ അന്തസ്ഥരത്തെ പ്രകോപിപ്പിക്കാൻ തുടങ്ങും.
പ്രതികരണമായി കുടൽ ഒരു കൊഴുപ്പ്/ കൊളസ്ട്രോൾ അടങ്ങിയ ഒരു വസ്തുവിനെ സ്രവിപ്പിക്കുന്നു. ഇത് കണവകളെ ദഹിക്കാതെ കിടക്കുന്ന ഭാഗങ്ങളെ കൂട്ടിയോജിപ്പിച്ച് പുറമെ മൃദുവാക്കി കൂടുതൽ പ്രകോപനം തടയുന്നു.
ചെറുകുടൽ വെള്ളം വലിച്ചെടുക്കുന്നതിലൂടെ ക്രമേണ ഇവ പാറ പോലുള്ള ഒരു വസ്തുവായി മാറുന്നു. ഇത്തരം പ്രക്രിയകൾ ആവർത്തിക്കപ്പെടുകയും മലാശയത്തിൽ വച്ച് നിരവധി പാളികൾ കൂട്ടിച്ചേർക്കപ്പെടുകയും ഇവ ക്രമേണ വലുതാവുകയും പിന്നീട് ആംബർഗ്രിസ് ആയി മാറുകയും ചെയ്യും.
വെറും ഒരു ശതമാനം എണ്ണത്തിമിംഗലങ്ങളിലാണ് ഈ പ്രക്രിയ നടക്കുന്നത്. അതുകൊണ്ടുതന്നെ ആംബർഗ്രിസ് അപൂർവവസ്തുവുമാണ്.
ചുരുക്കത്തിൽ, എണ്ണത്തിമിംഗലങ്ങളിൽ ചെറുകുടലിൽ ദഹിക്കപ്പെടാതെ അടിഞ്ഞുകൂടുന്ന കണവയുടെ ശരീരഭാഗങ്ങൾ, കുടലിലെ സ്രവങ്ങൾ, വിസർജ്യ വസ്തുക്കൾ എന്നിവ കൂടിച്ചേർന്ന് പാറപോലുള്ള വസ്തുവായി മാറുന്നതാണ് ആംബർഗ്രിസിന്റെ ആദിരൂപം.
ഇവ ചിലപ്പോൾ എണ്ണത്തിമിംഗലങ്ങളുടെ കുടലിനെ പൂർണമായും അടച്ചുകളഞ്ഞേക്കാം. ഇത്തരം സന്ദർഭങ്ങളിൽ ആംബർഗ്രിസ് കുടൽ പൊട്ടി പുറത്തുവരാനും അപൂർവമായി വിസർജ്യവസ്തുവായി പുറത്തുവരാനും സാധ്യതയുണ്ട്.
അതുകൊണ്ടുതന്നെ ആംബർഗ്രിസ് തിമിംഗല ശർദ്ദി അല്ല, മറിച്ച് വിസർജ്യവസ്തുവാണ്. സ്വാഭാവികമായി മരണപ്പെടുന്ന തിമിംഗലങ്ങളിൽ ശവം ചീഞ്ഞുകഴിഞ്ഞാൽ കുടലിൽ നിന്ന് ഇവ കടലിൽ എത്തുന്നു.
കടൽ വെള്ളത്തേക്കാൾ അല്പം കുറവുള്ള സാന്ദ്രതയുള്ള ആംബർഗ്രിസ് വെള്ളത്തിൽ മുങ്ങി ഒഴുകുന്നു. സമയം കടന്നുപോകുമ്പോൾ, ആംബർഗ്രിസ് മാറ്റങ്ങൾക്ക് വിധേയമാകുന്നു. ഇത് ഉപ്പുവെള്ളത്താൽ ഓക്സീകരിക്കപ്പെടുന്നു, സൂര്യപ്രകാശത്താൽ നിർവധി ഭ്രംശങ്ങൾക്ക് വിധേയമാകുന്നു, തിരമാലയുടെ പ്രവർത്തനത്താൽ കൂടുതൽ മാറ്റങ്ങൾക്ക് വിധേയമമാവുകയും ചെയ്യും.
സമുദ്രപ്രവാഹങ്ങൾ ഇവയെ എവിടെ എത്തിക്കും എന്ന് പ്രവചിക്കാൻ കഴിയില്ല. എണ്ണത്തിമിംഗലങ്ങളുടെ സാന്നിധ്യം കൂടുതലുള്ള സ്ഥലങ്ങളിൽ ആംബർഗ്രിസിന്റെ സാന്നിധ്യം അധികമാവും. ഇന്ത്യൻ തീരങ്ങളിലും കേരള തീരത്തും ഇവയുടെ സാന്നിധ്യം അപൂർവമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്, അതിനാൽ ആംബർഗ്രിസ് നമ്മുടെ തീരങ്ങളിലും വിരളമായി കണ്ടെത്തിയിട്ടുണ്ട്.
ആദ്യമായി കടലിൽ എത്തുന്ന ആംബർഗ്രിസ് കൂടുതൽ ദൃഢവും മലത്തിന്റെ ഗന്ധമുള്ളതും ആയിരിക്കും. എന്നാൽ വർഷങ്ങളായി, ഒരുപക്ഷേ പതിറ്റാണ്ടുകളായി, കടലിൽ കിടക്കുമ്പോൾ ഇവ കൂടുതൽ മൃദുവാവുകയും സങ്കീർണ്ണമായ വാസനകൾ (നല്ല പുകയില, പഴകിയ തടി, കടൽ പായൽ, ചന്ദനം, തുടങ്ങിയവയുടെ) ആവാഹിക്കുകയും ചെയ്യും.
തിമിംഗലങ്ങളുടെ ശരീരത്തിൽ നിന്ന് സീകരിക്കുന്നവയെ ‘ബോഡി ആംബർഗ്രിസ്’ എന്നും, കടലിൽ പൊങ്ങിക്കിടക്കുന്നവയെ ‘ഫ്ലോട്ട്സം’ എന്നും, പ്രവാഹങ്ങളിലൂടെ തീരത്ത് എത്തുന്നവയെ ‘ജെറ്റ്സം’ എന്നും പറയും.
ആംബ്രിൻ എന്നറിയപ്പെടുന്ന ഒരു ടെർപീൻ വിഭാഗത്തിലെ രാസവസ്തു, അവയിൽ നിന്നുണ്ടാകുന്ന അംബ്രോക്സാനും ആംബ്രിനോലും, ആംബർഗ്രിസിന് പ്രത്യേക ഗന്ധം നൽകുന്നു.
ജൈവസംയുക്തമായ സ്റ്റിറോളുകളിൽ നിന്ന് വ്യത്യസ്തമായ ബയോസിന്തറ്റിക് സംവിധാനം വഴിയാണ് ആംബ്രിൻ ഉത്ഭവിക്കുന്നത്.
വിരോധാഭാസമെന്നു പറയട്ടെ, ആംബ്രിൻ മണമില്ലാത്ത ഒരു വസ്തുവാണ്. ആംബർഗ്രിസ് പതുക്കെ പക്വത പ്രാപിക്കുമ്പോൾ, അംബ്രിൻ സുഗന്ധമുള്ള സംയുക്തങ്ങളുടെ സമൃദ്ധമായ മിശ്രിതമായി രൂപാന്തരപ്പെടുന്നു. അതിലൊന്ന് പുകയിലയുടെ ഗന്ധമുള്ള ഡൈഹൈഡ്രോ-ഗാമ-അയണോൺ ആണ്. മറ്റൊന്ന് സമുദ്രജലം പോലെ മണക്കുന്ന ബ്യൂട്ടനാലിന്റെ ഡെറിവേറ്റീവ് ആണ്. മൂന്നാമത്തേത് ആൽഫ-ആംബ്രിനോൾ ആണ്. ആംബർഗ്രിസ് ഓക്സൈഡ് എന്നും അറിയപ്പെടുന്ന നാഫ്തോഫുറാനും ഇതിൽ അടങ്ങിയിട്ടുണ്ട്.
സുഗന്ധദ്രവ്യവിപണിയിൽ ആംബർഗ്രിസിന് ആവശ്യകത ഏറിയതിനാൽ ഗുണനിലവാരമനുസരിച്ച് ഒരു കിലോക്ക് ഒരു കോടി രൂപ വരെ ലഭിക്കും. അതുകൊണ്ടുതന്നെ കള്ളക്കടത്തും ഊഹക്കച്ചവടങ്ങളും സാധാരണമാണ്.
വിപണിയിലെ നിയന്ത്രണങ്ങൾ ആംബർഗ്രിസ് പോലെ മണക്കുന്ന കൃത്രിമ സംയുക്തങ്ങൾ നിർമ്മിക്കാൻ രസതന്ത്രജ്ഞർ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട് . ആംബ്രോക്സ്, സിനാംബ്രെയ്ൻ തുടങ്ങിയ വ്യാപാരനാമങ്ങളുള്ള തന്മാത്രകൾ ആംബർഗ്രിസിന് പകരമായി ഉപയോഗിക്കുന്നുവെങ്കിലും ഒരു രാസവസ്തുവിനും യഥാർത്ഥ ആംബർഗ്രിസുമായി പൊരുത്തപ്പെടാൻ കഴിയില്ലെന്ന പെർഫ്യൂം വ്യവസായത്തിലെ ധാരണ കൊണ്ടു തന്നെ വിപണിയിൽ ഇപ്പോഴും തിമിംഗലങ്ങളിൽ നിന്നുള്ളവ ഉയർന്ന മൂല്യം നേടുന്നു.
ആംബർഗ്രിസ് ഇപ്പോഴും വ്യാപാരം ചെയ്യപ്പെടുന്നുവെങ്കിലും ഇതിന്റെ ശേഖരണവും വിൽപ്പനയും നിയന്ത്രിക്കുന്ന നിയമങ്ങൾ ലോകമെമ്പാടും വ്യത്യാസപ്പെട്ടിരിക്കുന്നു. ചില രാജ്യങ്ങളിൽ ആംബർഗ്രിസും മറ്റ് തിമിംഗലങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളും നിരോധിച്ചിരിക്കുന്നുവെങ്കിലും ചിലയിടങ്ങളിൽ ഇത് അനുവദനീയമാണ്.
ഓസ്ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ അന്താരാഷ്ട്ര വ്യാപാരകരാർ (CITES) അനുസരിച്ച് ആംബർഗ്രിസ് വ്യാപാരം വിലക്കിയിട്ടുണ്ട്. എന്നാൽ മാലിദ്വീപ്, ന്യൂസിലാന്റ്, ഗൾഫ് രാജ്യങ്ങൾ, ഫ്രാൻസ് എന്നിവിടങ്ങളിൽ വ്യാപാരം തുടരുന്നുണ്ട്.
ഇന്ത്യയിൽ വന്യജീവി സംരക്ഷണ നിയമത്തിലെ സംരക്ഷണ പട്ടിക (ഷെഡ്യൂൾ) 2 -ൽ ആണ് എണ്ണത്തിമിംഗലങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ആംബർഗ്രിസ് ഇവയുടെ ഒരു വിസർജ്യവസ്തുവെന്ന നിലയിൽ കണക്കിലെടുത്താലും നിയമത്തിൽ ‘സംസ്കരിക്കാത്ത ട്രോഫി’ (uncured trophy) എന്ന നിലയിൽ ആംബർഗ്രിസ് പ്രത്യേകം ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ അതോ അതിന്റെ ഏതെങ്കിലും ഉപോൽപ്പന്നങ്ങളോ കൈവശം വയ്ക്കുകയോ വ്യാപാരം നടത്തുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്.
ആംബർഗ്രിസ് സമുദ്രങ്ങളിൽ നിന്ന് സ്വാഭാവികമായി ലഭിക്കുന്ന വസ്തുവാണെന്നും, അത് ശേഖരിക്കുന്നതിന് തിമിംഗലങ്ങളെ കൊല്ലേണ്ട ആവശ്യം ഇല്ലെന്നും, അവ ശേഖരിക്കാനും വിൽക്കാനും മറ്റു ചില രാജ്യങ്ങളിലെ പോലെ അനുവാദം വേണമെന്നും അത് മത്സ്യത്തൊഴിലാളികൾക്ക് ചില അസുലഭ ഭാഗ്യങ്ങൾ കൊണ്ടുവരുമെന്നും വാദിക്കുന്നവർ ഉണ്ട്.
എന്നാൽ വന്യജീവി സംരക്ഷണ നിയമത്തിൽ ഉൾപ്പെട്ട ഒരു വസ്തുവെന്ന നിലയിൽ ഇവയുടെ വ്യാപാരം കുറ്റകരമാണെന്ന സത്യം തിരിച്ചറിയേണ്ടതുണ്ട്. അടുത്ത കാലത്ത് ആംബർഗ്രിസിനു വേണ്ടി എണ്ണത്തിമിംഗലങ്ങളെ വേട്ടയാടുന്നതായി രേഖപ്പെടുത്തലുകൾ ലഭ്യമല്ലെങ്കിലും ഒരു മുൻകരുതൽ എന്ന രീതിയിൽ നിയന്ത്രണം തുടരേണ്ടതുണ്ട്.
#ambergris, #spermwhale, #wildlifeprotection
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS