Environment

ചിപ്കോ സമരവും സുന്ദർലാൽ ബഹുഗുണയും

അനുസ്മരണം/സിദ്ദീഖ് പടപ്പിൽ

കോളേജിൽ പഠിക്കുന്ന കാലത്താണ് ആദ്യമായി സുന്ദർലാൽ ബഹുഗുണയെ പറ്റി വായിക്കുന്നത്. അന്ന് മലയാളത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ഇന്ത്യാ ടുഡേ മാഗസിനില് ഡൽഹിയിലെ രാജ് ഘട്ടിൽ നിരാഹര സത്യാഗ്രഹം ചെയ്യുന്ന ബഹുഗുണയെ പറ്റി ഒരു ലേഖനമുണ്ടായിരുന്നു.

93 ല് നർമ്മദ ബചാവോ ആന്ദോളൻ പ്രക്ഷോഭങ്ങൾ കൊടുമ്പിക്കൊണ്ടിരുന്നതും മേധ പാട്കറുടെ നേതൃത്വത്തിൽ സമരങ്ങളും അവസാനം ലോകബാങ്ക് പിന്മാറിയതുമായ വാർത്തകൾ നിറഞ്ഞിരുന്ന സമയത്തിന് ശേഷം ബഹുഗുണയുടെ സമരങ്ങൾ ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ടു.

ഇന്നത്തെ ഉത്തരാഖണ്ഡിലെ തെഹ്‌രിക്കടുത്തുള്ള ഒരു ഗ്രാമത്തിലാണ് 1927 ജനുവരിയിൽ ബഹുഗുണ ജനിക്കുന്നത്.

നൂറ്റാണ്ടുകൾക്ക് മുമ്പ് ബംഗാളിൽ നിന്ന് കുടിയേറിയ കുടുംബമാണ് തങ്ങളുടേതെന്ന് ബഹുഗുണ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഇന്ത്യൻ സ്വാതന്ത്ര്യ സമരങ്ങളിൽ അകൃഷ്ടനായിരുന്നു. തൊട്ടുകൂടായ്മക്കെതിരെ പോരാടിയിരുന്ന ബഹുഗുണ ഗാന്ധിയൻ ആശയങ്ങൾ ജീവിതത്തിൽ പകർത്തി.

എഴുപതുകളുടെ തുടക്കത്തിൽ വന നശീകരണത്തിനെതിരെ ചിപ്കോ മുന്നേറ്റത്തിലൂടെയാണ് ബഹുഗുണ ലോകശ്രദ്ധയാകർഷിക്കുന്നത്. ഉത്തർപ്രദേശിലെ വന വൃക്ഷങ്ങൾ കുത്തക കമ്പനികൾക്ക് മുറിക്കാൻ അനുവദിച്ചുള്ള നയത്തിനെതിരെയായിരുന്നു സമരം.

അഹിംസാ മാർഗ്ഗത്തിൽ ഗ്രാമത്തിലെ കൃഷിക്കാരെയും പ്രത്യേകിച്ച് സ്ത്രീകളെയും സംഘടിപ്പിച്ചു നടത്തിയ 1974 ല് സമരമായിരുന്നു അത്. ചിപ്കോ എന്ന ഹിന്ദി വാക്കിന് ഒട്ടിനിൽക്കൂ എന്നാണർത്ഥം. യു പി യിലെ റെനിയില് മരങ്ങളെ കെട്ടിപ്പിടിച്ചായിരുന്നു സമരം.

പരിസ്ഥിതി സംരക്ഷിക്കാൻ തന്നെ ജീവിതം മാറ്റി വെച്ച ഭൂമിയുടെ പോരാളിയായിരുന്നു സുന്ദർലാൽ ബഹുഗുണ. ‘പരിസ്ഥിതിയാണ് സ്ഥായിയായ സാമ്പത്ത്‘ എന്നതായിരുന്നു ബഹുഗുണ മുന്നോട്ട് വെച്ച മുദ്രാവാക്യം. ആവാസ വ്യവസ്ഥ നശിച്ചാൽ രാജ്യം നശിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു.

ഹിമാലയത്തിലെ കാടുകളുടെ സംരക്ഷണത്തിനായി അയ്യായിരം കിലോമീറ്ററുകളോളം കാല് നടയായി സഞ്ചരിച്ചു ജനങ്ങളെ ഉൽബോധനം നടത്തുകയും വന നശീകരണത്തിന്റെ ദൂഷ്യഫലങ്ങൾ മനസ്സിലാക്കി കൊടുത്തിട്ടുമുണ്ട്.

വികസനവും പരിസ്ഥിതിയും തമ്മിലല്ല മറിച്ച് നശീകരണവും അതിജീവനവും തമ്മിലുള്ള പോരാട്ടമാണിത് എന്നാണ് തന്റെ പോരാട്ടങ്ങളെ പറ്റി ബഹുഗുണ പലപ്പോഴും പറഞ്ഞിട്ടുള്ളത്.

1980 മുതൽ തെഹ്‌രി അണക്കെട്ടിനെതിരെയുള്ള സമരങ്ങൾക്ക് തുടക്കമിട്ടു. 1995 വരെ നിരവധി തവണ ഭഗീരഥി തീരത്ത് സത്യാഗ്രഹമിരുന്നിട്ടുണ്ട്. 95 ല് 45 ദിവസം നീണ്ടു നിന്ന ഉപവാസ സമരത്തിൽ അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹ റാവു ഇടപെടുകയും അണക്കെട്ടിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചു ഒരു കമ്മീഷനെ നിയോഗിക്കാമെന്ന ഉറപ്പിന് മേല് സമരം അവസാനിപ്പിച്ചു.

2009 ല് പത്മ വിഭൂഷണ് നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. നേരത്തെ 1981 ലും പത്മശ്രീ പുരസ്കാരം ബഹുഗുണയെ തേടിയെത്തിയിരുന്നുവെങ്കിലും അന്ന് അവാർഡ് സ്വീകരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല.

തികഞ്ഞ മിതവ്യയത്തിൽ പ്രകൃതിയെ തൊട്ടറിഞ്ഞു ജീവിച്ചിരുന്ന സുന്ദർലാൽ ബഹുഗുണയെ തേടി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും വന്നിട്ടുണ്ട്.

ഗാന്ധിയൻ ആശയങ്ങൾ ജീവിതത്തിൽ പകർത്തണമെന്നും ഗ്രാമത്തിൽ കഴിയണമെന്നും ആശ്രമം സ്ഥാപിക്കണമെന്നുമുള്ള വ്യവസ്ഥയോടാണത്രേ അദ്ദേഹം വിമലയെ സഹധർമ്മിണിയായി കൂടെ കൂട്ടിയാത്.

ഒരായുസ്സ് മുഴുവൻ പ്രകൃതി സംരക്ഷണത്തിന് വേണ്ടിയും ഉഴിഞ്ഞു വെച്ച ജീവിതം അവസാനിക്കുമ്പോൾ നഷ്ടം ഉത്തരാഖണ്ഡിന് മാത്രമല്ല നമ്മുടെ രാജ്യത്തിന് കൂടിയാണ്. പ്രകൃതിയെ സ്നേഹിക്കുന്ന ഓരോ പൗരനും കൂടിയാണ്.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x