Women

മരണത്തിൻ്റെ ഇടവഴികളിലൂടെ സഞ്ചരിച്ച് ജീവിതത്തിലേക്ക്

ഫൈറൂസ മുഹമ്മദ്

നിങ്ങൾ ആരെങ്കിലും മരണ വേദന അനുഭവിച്ചിട്ടുണ്ടോ?? ഞാൻ അതിന്റെ ഇട വഴികളിലൂടെ സഞ്ചരിച്ചു ജീവിതത്തിലേക്ക് തിരിച്ചെത്തിയ വ്യക്തിയാണ്. മരണ വേദനയുടെ ആഴം എനിക്കറിയില്ല. പക്ഷെ അനുഭവിച്ചതത്രയും വേദനകൾ മാത്രമായിരുന്നു

നവംബർ 28 നാണ് ആസ്റ്റർ മിംസ് കണ്ണൂരിൽ അഡ്മിറ്റായത് . പിറ്റേന്ന് രാവിലെയാണ് പ്രിയതമൻ എത്തുന്നത് എന്നത് കൊണ്ട് സിസേറിയൻ പിറ്റേന്ന് രാവിലത്തേക്ക് മാറ്റി.ആദ്യത്തേത് സിസേറിയൻ ആയത് കൊണ്ട് ഇത് നോർമൽ ആക്കാൻ പറ്റുമോ എന്ന് ഡോക്ടറോട് റിക്വസ്റ്റ് ചെയ്തപ്പോൾ കുട്ടിക്ക് weight കൂടുതൽ ആണെന്നും നോർമലിന് ഒരു സാധ്യതയും ഇല്ലെന്ന് പറഞ്ഞു.

ഞാൻ എഴുന്നേൽക്കുന്നതിനു മുൻപ് തന്നെ husband എത്തി.ഫലഖിന്റെ കാര്യത്തിൽ ഇനി ടെൻഷൻ വേണ്ട.

എട്ട് മണിക്കേ കുളിച്ചു ഒരുങ്ങി മൊഞ്ചത്തിയായിട്ട് അവർ തന്ന വസ്ത്രവും ധരിച്ചു ഞാൻ റെഡി ആയി നിന്നു. തലേന്ന് രാത്രി എട്ട് മണിക്ക് കഴിച്ചതാണ് ഭക്ഷണം, അതിനു ശേഷം വെള്ളം പോലും കുടിക്കാൻ പാടില്ല എന്ന നിർദേശം ഉണ്ടായിരുന്നു.

സിസ്റ്റർ വന്നു കാണൂല ആദ്യം ഇടത്തെ കയ്യിൽ കുത്തിയപ്പഴേ സിസ്റ്ററിന്റെ എക്സ്പീരിയൻസ് എനിക്ക് മനസ്സിലായി. വേദന കൊണ്ട് പുളഞ്ഞ ഞാൻ ബ്ലോക്കാവുന്നുണ്ട് എന്ന് ആവർത്തിച്ചു പറഞ്ഞിട്ടും സിസ്റ്റർ നിർത്തിയില്ല,അവസാനം നീല കളറിലേക്ക് മാറിയപ്പഴാണ് സിസ്റ്റർ സൂചി തിരിച്ചെടുത്തത്..ആ വേദനയും കളറും മാറാൻ പിന്നീട് ഒരാഴ്ച കഴിഞ്ഞു. അവിടെ തുടങ്ങിയതാണ് എന്റെ വേദന.

റൂമിൽ കിടത്തിയ കട്ടിലോട് കൂടെ ഒൻപതിന് അടുപ്പിച്ചു എന്നെ തിയേറ്ററിലേക്ക് കൊണ്ട് പോയി.ഫലഖ് എന്നെ നോക്കി കരയുന്നുണ്ടായിരുന്നു. ഉമ്മാന്റെ കണ്ണും നിറഞ്ഞിരുന്നത് കണ്ടു ഞാനും കരഞ്ഞു. തിയേറ്ററിനുള്ളിൽ കേറുന്നതിനു മുൻപ് ബാത്‌റൂമിൽ പോയി ബ്ളാഡർ ക്ലിയർ ചെയ്തു.

തിയേറ്ററിനുള്ളിൽ നല്ല തണുപ്പായിരുന്നു. പേടി കൊണ്ടും ടെൻഷൻ കൊണ്ടും ശരീരവും മനസ്സും വിറക്കുന്നുണ്ടായിരുന്നു. എന്നെ ചുരുട്ടിപിടിച്ചു നട്ടെല്ലിലാണ് അനസ്‌തേഷ്യ തന്നത്, ആ ഇൻജെക്ഷനും പറയാൻ കഴിയാത്തൊരു വേദനയാണ്.അതോടു കൂടി ശരീരം ചൂട് കേറിയ പോലെ തോന്നി, ഊരയ്ക്ക് താഴെ എന്റെ ശരീരത്തിന്റെ ഭാഗം അല്ലാതായത് പോലെ തോന്നി.കണ്ണിനു മുൻപിലായിട്ട് കർട്ടൻ പോലെ ഇട്ടിട്ട് ഡോക്ടർ എന്റെ വയർ കീറി തുടങ്ങി. കാണാൻ കഴിയില്ലെങ്കിലും എനിക്ക് എല്ലാം ഫീൽ ചെയ്യുന്നുണ്ടായിരുന്നു.രണ്ട് കൈകൾ കൊണ്ട് കീറിയ ഭാഗത്തെ വലിച്ചു വിടർത്തിയാണ് കുട്ടിയെ പുറത്തെടുക്കുക. അൽഹംദുലില്ലാഹ് ആൺകുട്ടി.. 3.150 തൂക്കം..ഇതാണോ തൂക്ക കൂടുതൽ ഉണ്ടെന്ന് ഡോക്ടർ അവകാശപ്പെട്ടത്.4 കിലോ വരെ പ്രസവിക്കുന്നവർ ഇല്ലേ !!? ഒരുനോക്ക് മാത്രം എന്നെ കാണിച്ചു.എല്ലാം ഒരു പത്തു മിനുട്ട് കൊണ്ട് കഴിഞ്ഞു.

ICU വിലേക്ക് മാറ്റി കുറച്ചു കഴിഞ്ഞപ്പം തൊട്ടു എനിക്ക് shivering തുടങ്ങി.തെർമൽസും പുതപ്പും മേലെ മേലെ ഇട്ടിട്ടും എന്റെ താടി എല്ലുകൾ കൂട്ടി മുട്ടി വേദനിച്ചു തുടങ്ങി.കട്ടിലിൽ നിന്ന് മുകളിലേക്കു പൊങ്ങി പോവുന്ന shivering.ഞാൻ ഐസ് പോലെ ആവുന്നുണ്ടായിരുന്നു.

ഒരു മണിക്കൂർ കഴിയാറായപ്പം വേദന വന്നു തുടങ്ങിയിരുന്നു. സിസ്റ്റർ വന്നു നോക്കി, ബ്ലീഡിംഗ് ആണെന്ന് അപ്പുറത്തുള്ള സിസ്റ്ററിനോട് പറയുകയും ഡോക്ടർമാർ ഓടി കൂടി. അപ്പോഴേക്കും ഞാൻ ഇട്ട വസ്ത്രവും കിടന്ന ബെഡും രക്തത്തിൽ പൊതിർന്നു നിന്നിരുന്നു. ഡോക്ടറും സിസ്റ്റർമാരും എന്റെ വയറിൽ പിടിച്ചു ശക്തമായി അമർത്തി പിടിച്ചു ബ്ലഡ്‌ പുറത്ത് കളയുകയാണ്.ഞാൻ വേദന കൊണ്ട് അലറി കരഞ്ഞു.കൈ കൊണ്ട് തട്ടി മാറ്റി ഞാൻ പറഞ്ഞു എനിക്ക് സഹിക്കാൻ പറ്റുന്നില്ലാ..സിസേറിയൻ കഴിഞ്ഞു ഒരു മണിക്കൂറായ, അനസ്തേഷ്യ പോയി തുടങ്ങിയ എന്റെ വയറിലാണ് അവർ പിടിച്ചു അമർത്തുന്നത്.കൂടാതെ pv ചെയ്തു utrusil കൈ ഇട്ട് clot ആയ ബ്ലഡ് അവർ വാരി പുറത്തെടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു.പേടിക്കണ്ട മോളെ എന്ന് ആരോ പറയുമ്പോൾ ഞാൻ പറയുന്നുണ്ടായിരുന്നു പേടിയൊന്നും ഇല്ല എന്റെ വേദനിപ്പിക്കാതിരുന്നാൽ മതിയെന്ന്.എന്റെ അലറൽ കൊണ്ടാണെന്നു തോന്നുന്നു ഏതോ സ്റ്റാഫ്‌ പറയുന്നുണ്ടായിരുന്നു സെഡേഷൻ കൊടുക്കാം എന്ന്.ഡോക്ടറുടെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു സെഡേഷൻ തരൂ… പ്ലീസ്

ഒരു ഇടുങ്ങിയ വഴിയിൽ കൂടെ ആരുടെയോ കയ്യും പിടിച്ചു ഞാൻ ഓടുകയാണ്.ചുറ്റും പല നിറങ്ങൾ പല ആൾക്കാർ..ഓട്ടത്തിനിടയിലും ഞാൻ വേദനിക്കുന്നു എന്ന് പറഞ്ഞോണ്ടിരിക്കുന്നു.ഓക്കാനിക്കുന്നുണ്ടായിരുന്നു,വെള്ളം വെള്ളം എന്ന് കരയുന്നുണ്ടായിരുന്നു.ഞാൻ ഇപ്പം മരിക്കുവോ സിസ്റ്ററ്ററെ എന്റെ മോനെ ശെരിക്കും കണ്ടില്ല എന്നും പറയുന്നുണ്ടായിരുന്നു.എന്റെ ഓർമകളും വേദനകളും തമ്മിൽ കലഹിക്കുകയായിരുന്നു.എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ.സെഡേഷൻ തന്നപ്പോഴുള്ള എന്റെ തോന്നലുകൾ ആയിരുന്നു ഇവയൊക്കെ.

കണ്ണ് തുറന്നപ്പോഴാണ് മുഖത്തു ഓക്സിജൻ മാസ്ക് ഉണ്ടെന്ന് മനസ്സിലായത്.അപ്പോഴും വേദനയ്ക്ക് മാത്രം ഒരു കുറവും ഇല്ല.സിസ്റ്റർമാർ പരസ്പരം ഡോക്ടർക്ക് പറ്റിയ അബദ്ധത്തെ പറ്റി പറയുന്നത് പാതി മയക്കത്തിൽ ഞാൻ കേൾക്കുന്നുണ്ടായിരുന്നു. സമയം 12 കഴിഞ്ഞിരിക്കുന്നു.എന്റെ കരച്ചിൽ ആ നാല് ചുവരുകൾക്കുള്ളിൽ തട്ടി തിരിച്ചു എന്നിലേക്കു തന്നെ പ്രതി ധ്വനിക്കുന്നു.എന്തൊരു വേദനയാണ്…വേദനയ്ക്കുള്ള ഇൻജെക്ഷൻ അടിച്ചു അവരും അത് ഏറ്റു വാങ്ങി ഞാനും മടുത്തിരിക്കുന്നു. വേദനയ്ക്ക് മാത്രം മാറ്റമില്ല.


ഇടയ്ക്കിടക്ക് ഡോക്ടർ വന്നു നോക്കുന്നുണ്ടായിരുന്നു.op യിൽ നിന്നിട്ട് സമാധാനം കിട്ടുന്നില്ല അത്രേം ബ്ലീഡിംഗ് ആയതല്ലേ എന്ന് സിസ്റ്ററിനോട് പറയുന്നത് കേട്ടപ്പഴാണ് എനിക്കും അതിന്റെ സീരിയസ്നെസ്സ് മനസ്സിലായത്.

ഡോക്ടർസ് മാറി മാറി വന്നു നോക്കി. എല്ലാരോടും കരഞ്ഞു പറഞ്ഞു വേദന മാറ്റി തരൂ..ഉറക്കെ സൂറത്തുകളും പ്രാർത്ഥനകളും കൊണ്ട് ഞാൻ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു..വെള്ളത്തിനു വേണ്ടി ഞാനൊരു കുഞ്ഞിനെ പോലെ കരയുകയായിരുന്നു.കരഞ്ഞു കരഞ്ഞു ഉമിനീർ വരെ വറ്റി വരണ്ടു.

3 മണി കഴിഞ്ഞപ്പോൾ എന്നെ നോക്കുന്ന ഡോക്ടറുടെ മകൾ വന്നു..ഡോക്ടർ പ്ലീസ്.. സഹിക്കാൻ വയ്യ!ഞാൻ അവരുടെ കൈകളിൽ മുറുകെ പിടിച്ചു അപേക്ഷിച്ചു, എന്റെ വയസ്സോ അതിൽ ഒന്നോ രണ്ടോ മാത്രം കൂടുതൽ ഉള്ള അവർ ഇപ്പം മാറ്റി തരാം മോളെ എന്ന് ആശ്വസിപ്പിച്ചു..അവർ ചെക്ക് ചെയ്തിട്ടു ബ്ളാഡര് ഫുൾ ആണെന്നും യൂറിൻ എടുക്കാനും പറഞ്ഞു.അത് വരെ വന്നു നോക്കിയ മറ്റു ഡോക്ടർസിനു ഒന്നും മനസ്സിലാവാത്തതു ഇവർ കണ്ടു പിടിച്ചിരിക്കുന്നു.അപ്പഴാണ് സത്യത്തിൽ എനിക്ക് കത്തീറ്റർ ഇട്ടിട്ടില്ല എന്ന് എനിക്ക് മനസ്സിലായത്.9 മണി തൊട്ടു 3 മണി വരെയുള്ള യൂറിൻ അവർ എടുത്തു മാറ്റിയപ്പോൾ എനിക്ക് നല്ലൊരു ആശ്വാസം കിട്ടി..കണ്ണ് മെല്ലെ ഒന്ന് അടഞ്ഞു പോയി..

അര മണിക്കൂർ കഴിഞ്ഞപ്പോൾ കരച്ചിലോട് കൂടി വീണ്ടും കണ്ണ് തുറന്നു.. വെള്ളത്തിനായി ഞാൻ കെഞ്ചി പറഞ്ഞു.4 നു അടുപ്പിച്ചു അവർ എനിക്ക് സ്പൂണിൽ ഒരിറ്റു പച്ച വെള്ളം തന്നു..മണിക്കൂറുകളോളം ഭക്ഷണവും വെള്ളവും ഇല്ലാത്ത എന്റെ വയറ്റിലേക്ക് പച്ച വെള്ളം എത്തിയപ്പോൾ പൊതുവെ ഗ്യാസ്ട്രബിൾ ഉള്ള എനിക്ക് വയറ്റിൽ തീ പിടിച്ച പോലെ തോന്നി..വേദനയും ഗ്യാസും കൊണ്ട് ഞാൻ പിടഞ്ഞു..ടോയിലെറ്റിൽ പോവാൻ തോന്നുന്നു..മൂത്രമൊഴിക്കാൻ തോന്നുന്നു..എന്റെ തോന്നലുകൾക്ക് വേദനയുടെ അസഹനീയം ഉണ്ടായിരുന്നു.pantop ഇഞ്ചക്ഷനും വീണ്ടും painkiller ഉം തന്നു.

4 വർഷങ്ങൾക്ക് മുൻപ് ഫലഖിനെ സാധാരണ ഹോസ്പിറ്റൽ ac പോലും ഇല്ലാത്ത 3 ഫാനിൽ രണ്ട് മാത്രം കറങ്ങുന്ന icu വിൽ ഞാൻ തൃപ്തയായിരുന്നു.എല്ലാർക്കും ഇങ്ങനെയാണെന്ന് വാദിക്കാൻ വന്ന നേഴ്സിനോട് കഴിഞ്ഞ തവണ ഇങ്ങനെ വേദനയില്ലന്ന് പറഞ്ഞപ്പോൾ അത്രയും രക്തം പോയി മോളെ എന്നവർ നെടുവീർപ്പെട്ടു.

വേറെ രോഗികൾ വെയ്റ്റിംഗ് ഉള്ളത് കൊണ്ട് മാത്രം പിടച്ചു കൊണ്ടിരിക്കുന്ന എന്നെ റൂമിലേക്കു ഷിഫ്റ്റ്‌ ചെയ്തു.തല അങ്ങോട്ടും ഇങ്ങോട്ടും അടിച്ചും കൈ ഷീറ്റിനെ വലിച്ചും മരണ വേദനയിലാണ് എന്നെ റൂമിലേക്കു മാറ്റിയത്.റൂമിൽ ഉള്ളവർ എല്ലാം എന്റെ അലർച്ച കേട്ടു വിളറി വെളുത്തു.എന്റെ കൈ മുറുകെ പിടിച്ചും പ്രാർത്ഥിചൂതിയും നഴ്സിംഗ് സ്റ്റേഷനിലേക്കും റൂമിലേക്കും അവർ പരക്കം പാഞ്ഞു..റൂമിലെ ac തണുക്കുന്നില്ലായിരുന്നു.വേദന സഹിച്ചു ഞാൻ വിയർത്തു മുങ്ങി.

സിസ്റ്റർ വന്നു വീണ്ടും വേദനയ്ക്കുള്ള ഇൻജെക്ഷൻ വെക്കുമ്പോൾ അട്ടഹസിച്ചു കൊണ്ട് ഞാൻ പറഞ്ഞു യൂറിൻ എടുക്കൂ.. പെട്ടന്ന് എടുക്കൂ എന്ന്..ഇതാവും എന്റെ വേദനയുടെ കാരണം എന്ന് അല്ലാഹ് എന്നിൽ തോന്നിപ്പിച്ചു.രണ്ട് ട്രേയിൽ നിറയെ കൊണ്ട് മറിച്ചിട്ടും യൂറിൻ തീരുന്നില്ലായിരുന്നു.നിരന്തരം കേറ്റി കൊണ്ടിരുന്ന ഡ്രിപ്ന്റെ യൂറിൻ നിറഞ്ഞു വയർ സ്തംഭിച്ചതായിരുന്നു. ആശ്വാസം വന്നു തുടങ്ങി.കത്തീറ്റർ ഇടണം എന്ന് സിസ്റ്ററിനോട് അല്പം ദേഷ്യത്തോടെ തന്നെ ഞാൻ പറഞ്ഞു.സിസേറിയൻ കഴിഞ്ഞ രോഗികൾക്ക് ഡോക്ടർ കത്തീറ്റർ ഇടാറില്ലെന്ന് പറഞ്ഞു.കത്തീറ്റർ ഇടുന്നില്ല എങ്കിൽ ഇടയ്‌ക്കിടക്കുള്ള യൂറിൻ നിങ്ങൾ വന്നു എടുക്കേണ്ടതായിരുന്നില്ലേ എന്നും തിരിഞ്ഞു പോലും കിടക്കാൻ പറ്റാത്ത ഞാൻ നടന്നു പോയിട്ടാണോ യൂറിൻ കളയണ്ടത് എന്നും ഞാൻ ചോദിച്ചു. ബ്ളാഡർ ഫുള്ളായി എന്നെ കൊല്ലാനാണോ നിങ്ങൾ ഉദ്ദേശിക്കുന്നത് എന്ന് നീരസത്തോടെ ചോദിച്ചപ്പോൾ ഡോക്ടറെ വിളിച്ചു ചോദിച്ചു സമ്മതമെടുത്തു അവർ കത്തീറ്റർ ഇട്ടു തന്നു.ഫിസിയോതെറാപ്പിസ്റ്റ് ആയ മെഡിക്കൽ ഫീൽഡിനെ പറ്റി കുറച്ചെങ്കിലും അറിയാവുന്ന ഞാൻ ആയത് കൊണ്ട് എനിക്ക് ഇപ്പഴെങ്കിലും മനസ്സിലാക്കാൻ പറ്റി.ഇതൊന്നും അറിയാത്ത ഒരാൾ ആയിരുന്നെങ്കിൽ അവിടെ കിടന്നു മരിച്ചേനെ..അവർ അപ്പഴും painkillers കുത്തി നിറക്കുവേ ചെയ്യുള്ളു.

ഗ്യാസിന്റെ ബുദ്ധിമുട്ട് വിട്ടു മാറിയില്ലെങ്കിലും വേദന കുറഞ്ഞു വന്നു.7 മണി ആയപ്പോൾ അസ്വസ്ഥതയും shiveringum തുടങ്ങി.മണിക്കൂറുകളോളം എനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ വിളറിഭയന്നു നിക്കുന്ന വീട്ടുകാരുടെ മുഖം ഇന്നും മനസ്സിലുണ്ട്.ഡോക്ടർമാർ മാറി മാറി വന്നു ഇൻജെക്ഷനും ഡ്രിപ്പും ഇട്ടു.എമർജൻസിയായ് HB check ചെയ്തു.ബ്ലഡ്‌ അത്രയും പോയത് കൊണ്ട് hb നന്നായി കുറഞ്ഞിരുന്നു.

രാത്രി മുഴുവൻ ഉറങ്ങാതെ ഗ്യാസും വേദനയും കൊണ്ട് ഞാൻ പുളഞ്ഞു..5 മണി ആയപ്പോൾ ക്യാന്റീനിൽ നിന്ന് കഞ്ഞി വാങ്ങിച്ചു കുടിച്ചു നോക്കി.പിന്നെ ശർദ്ധി തുടങ്ങി.ഓരോ ഓക്കാനവും മരണ വേദനയായിരുന്നു.

എണീറ്റു നടന്നാൽ മാത്രെ സാധാരണ എന്റെ ഗ്യാസ് കുറയാർ.ഒറ്റയ്ക്കു എഴുന്നേൽക്കാൻ പോയിട്ട് ശ്വാസം കഴിക്കാൻ വരെ എനിക്ക് പറ്റുന്നില്ല.എഴുന്നേൽപ്പിക്കാൻ സിസ്റ്റർമാർ വരും എന്ന് പറഞ്ഞത് കൊണ്ട് രാവിലെ 6 മണി തൊട്ടു നഴ്സിനെ വിളിച്ചു മടുത്തു.അവർ വരുമ്പോൾ 11 മണി കഴിഞ്ഞു.ഗ്യാസിന്റെ വേദന സഹിക്കാൻ കഴിയാതെ ആയിരിക്കുന്നു.രണ്ട് നഴ്സ്മാരാണ് വന്നത്.അവർക്ക് എന്നെ എങ്ങനെ എഴുന്നേല്പിക്കണം നടത്തിക്കണം എന്നൊന്നും അറിയില്ല.പൊസിഷനിംഗ് ഒക്കെ ഞാൻ അങ്ങോട്ട് പറഞ്ഞു കൊടുത്തിട്ടാണ് സിറ്റിങ്ങിൽ നിന്നു സ്റ്റാൻഡിങ്ങിലും പിന്നെ വോക്കിങ്ങും ചെയ്തത്.ബാക്കി രോഗികളെ ഇവർ എങ്ങനെയാണാവോ എഴുന്നേൽപ്പിക്കൽ എന്ന് ഞാൻ അത്ഭുദപ്പെട്ടു. അപ്പോഴും എന്റെ വേദനകൾ വേറെ വേറെ ലെവലിലേക്ക് മാറുകയല്ലാതെ കുറവ് ഇല്ലായിരുന്നു.

നോർമൽ ഡെലിവറിക്ക് ഒരു ദിവസവും സിസേറിയൻ 3 ദിവസവുമാണ് ഹോസ്പിറ്റലിന്റെ പാക്കേജ്.സിസേറിയൻ കഴിഞ്ഞവരെ 3 ദിവസം ആവുമ്പോഴേക്കും അവർ എങ്ങനെ എങ്കിലും പറഞ്ഞു വിടും..ആളുകളെ കബളിപ്പിച്ചു നല്ല പൈസയും മേടിച്ചു എക്സ്പീരിയൻസ് അല്ലാത്ത സിസ്റ്റർമാരെ വെച്ച് നടത്തുന്ന നരകമായിട്ടാണ് എനിക്കവിടെ തോന്നിയത്.പൈസ മേടിക്കുന്നതിന്റെ ഒരു ശതമാനം പോലും ആത്മാർത്ഥത ഇല്ലാത്തവർ.

ഡിസ്ചാർജ് ചെയ്തു വീട്ടിൽ എത്തി ഒരാഴ്ച കഴിഞ്ഞിട്ടും എന്റെ ക്ഷീണം മാറുന്നില്ല.എഴുന്നേറ്റു നടക്കാൻ വരെ പറ്റാത്ത ക്ഷീണം.അപ്പോഴാണ് ഹോസ്പിറ്റലിൽ നിന്ന് inquiry call വരുന്നത്.അവർ മരുന്നിന്റെ ലിസ്റ്റ് ചോദിച്ചു പറഞ്ഞു വന്നപ്പഴാണ് എനിക്ക് അവിടുന്ന് 2 തരം ഗുളിക 2 നേരം വെച്ച് കുടിക്കുന്ന ഒരു മാസത്തേക്കുള്ള ഗുളിക കിട്ടിയില്ല എന്ന വിവരം ഞങ്ങൾ അറിഞ്ഞത്. മെഡിക്കൽ ഫീൽഡീൽ ഉള്ള ഞങ്ങൾ പോലും ഡിസ്ചാർജ് സമ്മറി നോക്കിയില്ല എന്നത് ഞങ്ങളുടെ മാത്രം തെറ്റാണ് എന്ന് ഉമ്മ പറഞ്ഞത് എത്ര ശെരിയാണ്. ഇത്രയും ദ്രോഹം ചെയ്തവരെ വീണ്ടും വിശ്വസിച്ചതും അവർ തന്ന ഗുളികകൾ വായിച്ചും കൂടെ നോക്കാതെ കഴിച്ചത് ഞങ്ങളെ മാത്രം തെറ്റാണ്. പൈസ തന്നാൽ ഞങ്ങൾ വീട്ടിൽ എത്തിച്ചു തരാം എന്ന അവരുടെ വാക്കുകൾ എന്നെ ഭ്രാന്ത് പിടിപ്പിച്ചു.ഡിസ്ചാർജ് ചെയ്യുന്ന സമയം പൈസ എണ്ണി വാങ്ങുമ്പോഴെങ്കിലും നിങ്ങൾക്ക് ഞങ്ങളോട് പറയാമായിരുന്നില്ലേ ഗുളിക തന്നില്ല എന്ന കാര്യം എന്നവരോട് വേദനയോടെ ചോദിച്ചു.അപ്പോഴും എന്റെ കണ്ണ് നിറയുകയായിരുന്നു.. അവർ എന്നോട് ചെയ്ത പീഡനങ്ങൾ ഓർത്ത്.

നന്ദിയുണ്ട്….

ഹോസ്പിറ്റലിനും,
ഡോക്ടർസിനും..
നേഴ്സ്മാർക്കും…

എന്നെ ജീവനോടെ തിരിച്ചു തന്നതിന്..

എന്റെ മക്കളെ അനാഥരാക്കാത്തതിന്..

Tags
Show More

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Back to top button
Close