Kerala

കേരളത്തെ കുറിച്ച് പത്തു നല്ല കാര്യങ്ങൾ

പൊതുവെ കേരള സമൂഹത്തിൽ വളരുന്ന അപചയങ്ങളെ കുറിച്ചാണ് പലപ്പോഴും ചർച്ചകൾ. മീഡിയ ചർച്ചകൾ കൂടുതൽ.

അതു കൊണ്ടു ചിലർ കരുതും കേരളം ഏറ്റവും മോശം സ്ഥലനാണന്ന്. ലോകം മുഴുവൻ സഞ്ചരിച്ച, ഇപ്പോഴും സഞ്ചരിക്കുന്ന എനിക്ക് ഏറ്റവും മനോഹരമെന്നു പണ്ടും ഇന്നും തോന്നുന്ന ഇടം കേരളമാണ്. ഇവിടുത്തെ പച്ചപ്പു എല്ലായിടത്തും കാണില്ല.

കേരളത്തിനു പുറത്തു ഇന്ത്യയിൽ എല്ലായിടത്തും ലോകത്തു മിക്കവാറും രാജ്യങ്ങളിൽ സഞ്ചരിക്കുമ്പോൾ എന്തൊക്കെയാണ് കേരളത്തിലെ നല്ല കാര്യങ്ങൾ? കഴിഞ്ഞ മാസം ഞാൻ കുഭമേളയും യൂ പി യും സന്ദർശിച്ചു.

അപ്പോഴാണ് കേരളത്തിന്റെ മഹത്വത്തെ കുറിച്ച് ചിന്തിച്ചത്.

1. കേരളത്തിലെ സോഷ്യൽ സോളിഡാരിറ്റി

കേരളത്തിൽ എന്തെങ്കിലും ഒരു വാഹന അപകടമോ അല്ലെങ്കിൽ പ്രകൃതി ദുരന്തമോ ഉണ്ടായാൽ ജാതി മത ഭേദമന്യേ ആളുകൾ സഹായിക്കാൻ സന്നദ്ധരാണ്. അപകടത്തിൽ പെട്ട മനുഷ്യരുടെ ജാതിയോ മതമോ നോക്കാതെ എല്ലാവരും സഹായിക്കും. കേരളത്തിൽ പ്രളയകാലത്തും ഉരുൾ പൊട്ടൽ ദുരന്തത്തിലും സഹായിക്കാൻ ഏറ്റവും മുന്നിട്ട് നിന്നത് യുവാക്കളാണ്.

2. കേരളത്തിൽ എന്തൊക്ക പറഞ്ഞാലും മറ്റു പല സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഫ്യൂഡൽ മനോഭാവങ്ങൾ കുറഞ്ഞു. പലർക്കും ജാതി മത വിചാരങ്ങൾ ഉണ്ടെങ്കിലും മറ്റു പലയിടത്തും പോലെ അതു വെളിയിൽ റൂഡായി കാണിക്കില്ല. വടക്കെ ഇന്ത്യയിൽ പലയിടത്തും ഒരു മടിയും ഇല്ലാതെ നിങ്ങളുടെ ജാതി ചോദിക്കും. മതം ചോദിക്കും. അതൊക്കെ അനുസരിച്ചു പെരുമാറും. പലയിടത്തും തൊട്ട് കൂട്ടായ്മകൾ ഇപ്പോഴുമുണ്ട്.

3. കേരളത്തിൽ ഗ്രാസ് റൂട്ട്സിലും അല്ലാതെയും രാഷ്ട്രീയ പ്രവർത്തകരിൽ ഭൂരിപക്ഷം സാമൂഹിക പ്രവർത്തനം നടത്തുന്നവരാണ്. പലർക്കും അസുഖം വന്നാൽ ആശുപത്രിയിൽ കൊണ്ടു പോകുന്നതും പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കുവാനും വീടില്ലാത്തവർക്ക് വീട് വെക്കാനുമൊക്കെ രാഷ്ട്രീയ പാർട്ടികളിലെ സാമൂഹിക പ്രവർത്തകരും പഞ്ചായത്ത്‌ അംഗങ്ങളൊക്കെ മുന്നിൽ കാണും.

4. എന്തൊക്കെ പറഞ്ഞാലും കേരളത്തിൽ ഏത് കുഗ്രാമങ്ങളിലും റോഡ് ഉണ്ട്, വൈദ്യുതി ഉണ്ട്, മിക്കവാറും ഇടത്തും പൊതു ഗതാഗത മാർഗ്ഗങ്ങൾ ഉണ്ട്. മിക്കവാറും ഇടത്തു കുടിവെള്ളമുണ്ട്. കേരളത്തിൽ വണ്ടി ചെല്ലാത്ത ഇടങ്ങൾ വളരെ കുറവാണ്. മറ്റു പലയിടത്തും വലിയ നല്ല ഒന്നാന്തരം ഹൈവേ കാണാം. പക്ഷെ ഹൈവെ വിട്ട് രണ്ടു കിലോ മീറ്റർ ഉള്ളിലേക്ക് പോയാൽ ഏറ്റവും മോശമായ റോഡുകൾ.

5. കേരളത്തിലെ കണക്റ്റിവിറ്റി വളരെ നല്ല ഗുണമേന്മയുള്ളത്. കേരളത്തിൽ ഞാൻ ജീവിക്കുന്നത് ഗ്രാമത്തിലാണ്. പക്ഷെ ഇന്റർനെറ്റ്‌ ബ്രോഡ് ബാൻഡ് വളരെ നല്ല ക്വാളിറ്റിയുണ്ട്. കേരളത്തിലെ ഒരു ഗ്രാമത്തിൽ ഇരുന്നു ലോകത്തു തൊണ്ണൂറ് രാജ്യങ്ങളിൽ അധികം പ്രവർത്തനം നടത്തുന്ന അന്താരാഷ്ട്ര സംഘടനക്ക് നേതൃത്വം നൽകാൻ സാധിക്കും.

ഒരു ദിവസം ഞാൻ ശരാശരി 5-6 മണിക്കൂർ ഓൺലൈൻ മീറ്റിങ്ങിൽ ആയിരിക്കും. രാവിലെ പത്തു മണിക്ക് ലോകത്തിന്റെ വിവിധ ടീമുകളുമായി കേരളത്തിലെ ഒരു ഗ്രാമത്തിൽ ഇരുന്നു മീറ്റിങ് കൂടാം. ഇന്ത്യയിൽ പലയിടത്തും ഇത് സാധ്യമല്ല. ലോകത്തു പലയിടത്തും ഗ്രാമങ്ങളിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി കുറവാണ്. പല രാജ്യങ്ങളിലും പലയിടത്തും ഇന്റർനെറ്റ്‌ കണക്റ്റവിറ്റി ഇല്ല. ഉണ്ടെങ്കിൽ പോലും വളരെ ദുർബലമാണ്.

6. കേരളത്തിലെ ആരോഗ്യ പരിപാലനം.

കേരളത്തിൽ ഇന്ന് ടെർഷറി ഹൈ സ്പെഷ്യൽ ഹെൽത് കെയർ ഏതാണ്ട് 25 കിലോ മീറ്ററിൽ അവൈലബിളാണ്. അടൂരിൽ ഇപ്പോൾ ഹൈ സ്പെഷ്യലിറ്റി ലൈഫ് ലൈൻ ഉണ്ടായത് കൊണ്ടു ഇവിടെ നിന്നും പതിനഞ്ച് ഇരുപത് മിനിറ്റിൽ എത്താം. പത്തനംതിട്ട ജില്ലയിൽ മാത്രം നാലു മെഡിക്കൽ കോളജ് ഹോസ്പിറ്റൽസ്. തിരുവല്ലയിൽ മാത്രം മൂന്നു ഹൈ സ്പെഷ്യൽ ഹോസ്പിറ്റൽ.

കേരളത്തിൽ എന്തൊക്കെ പറഞ്ഞാലും മറ്റു സംസ്ഥാങ്ങളെക്കാൾ മെച്ചപ്പെട്ട പ്രാഥമിക ആരോഗ്യം രംഗമുണ്ട്. സർക്കാർ ആശുപത്രി സംവിധാനങ്ങൾ ലോകം നിലവാരത്തിലേക്ക് വളരണം.. ഇപ്പോൾ സാമാന്യ സൗകര്യമുള്ളത് ചില മെഡിക്കൽ കോളേജുകളിൽ മാത്രം. ആ അവസ്ഥ മെച്ചപ്പെടണം. പക്ഷെ കേരളത്തിലെ പൊതു ജനാരോഗ്യം വളരെ അധികം മെച്ചപ്പെടുത്തണം.

7. കേരളത്തിലെ വിദ്യാഭ്യാസത്തെ കുറിച്ച് നമ്മൾ നിരന്തരം വിമർശിക്കും എങ്കിലും കേരളത്തിൽ സാർവത്രിക വിദ്യാഭ്യാസം ഉണ്ട്. എല്ലായിടത്തും സ്‌കൂളുകളും കോളേജുകളും യൂണിവേഴ്സിറ്റികൾ ഉണ്ടായത് കൊണ്ട് ഇന്ന് ആർക്കും കേരളത്തിൽ വലിയ ചിലവ്‌ ഇല്ലാതെ ഉന്നത വിദ്യാഭ്യാസം നടത്താം.

8. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസവും പ്രൊഫഷണൽ വിദ്യാഭ്യാസവും ഉള്ളത് കേരളത്തിലാണ്. ഇന്ന് സർക്കാരിലും പ്രൊഫഷണൽ മേഖലയിലും സ്ത്രീകൾ ഏറ്റവും തിളങ്ങുന്നത് കേരളത്തിലാണ്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ നഴ്‌സ്മാർ ഉള്ളത് കേരളത്തിൽ നിന്നും ഫിലിപ്പിൻസിൽ നിന്നുമാണ്.

കേരളത്തിലെ സാമ്പത്തിക വളർച്ചക്ക് ഒരു പ്രധാന കാരണം കേരളത്തിലെ നഴ്സുമാർ അയക്കുന്ന പൈസയാണ്. മധ്യ കേരളത്തിൽ അമേരിക്ക, ജർമ്മനി, യൂ കെ ഉൾപ്പെടെ യുള്ള മലയാളി കുടിയേറ്റത്തിന്റ പുറകിൽ ഒരു നഴ്സ് ആയിരിക്കും.

9. കേരളത്തെ മറക്കാത്ത മലയാളികൾ.

കേരളത്തിനും ഇന്ത്യക്കും പുറത്തു എല്ലാം കൂടി ഏതാണ്ട് 20% മലയാളികൾ ഉണ്ട്. അവരൊക്കെ കേരളത്തെ കുറിച്ച് കരുതൽ ഉള്ളവരാണ്. കഴിഞ്ഞ വർഷം റെമിട്ടൻസ് വന്നത് രണ്ടു ലക്ഷം കോടിയിൽ അധികം. വിദേശ റെമിട്ടൻസ് ഇല്ലായിരുന്നു എങ്കിൽ കേരളത്തിന്റെ അവസ്ഥ ഇതായിരിക്കില്ല. ഇന്ന് per capita income ത്തിൽ കേരളം ഇന്ത്യയിൽ ആറാം സ്ഥാനത്തുള്ളത് കേരളമായത് റെമിട്ടൻസ് ഇക്കൊണമി കൊണ്ടാണ്. കേരളത്തിലെ സാമ്പത്തിക വളർച്ചയുടെ എഞ്ചിൻ 1987 മുതൽ റെമിറ്റൻസാണ്. കേരളത്തിൽ വന്ന കൂടുതൽ വിദേശ ഇൻവെസ്റ്റ്‌ മെന്റ് നടത്തിയത് മലയാളികളാണ്.

കേരളത്തിൽ പ്രളയ സമയത്തും ദുരന്തസമയത്തും ഏറ്റവും കൂടുതൽ സംഭാവന നടത്തുന്നത് വിദേശ മലയാളികളാണ്.

10. കേരളത്തിലെ അർബനൈസേഷൻ എല്ലായിടത്തുമുണ്ട്.

ഇന്ന് തിരുവനന്തപുരത്തോ കൊച്ചിയിലോ കിട്ടുന്ന ഏത് സർവീസും അടൂർ കിട്ടും. മിക്കവാറും എല്ലാ സാധാരണ കാറുകളും ബൈക്കും അടൂരിൽ വാങ്ങാം. കെ എഫ് സി ഉൾപ്പെടെ ആഗോള ചെയിൻ വരെ അടൂരിൽ ഉണ്ട്. നിരവധി വിദ്യാഭ്യാ സ്ഥാപനങ്ങൾ ഇവിടെ ഉണ്ട്

ഞാൻ താമസിക്കുന്ന അടൂരിന് അടുത്ത തുവയൂർ ഗ്രാമത്തിൽ മിക്കവാറും എല്ലാം കിട്ടും. പണ്ട് അഞ്ചു ഓല മേഞ്ഞ മാടക്കടയും ഒരു കാപ്പി കടയും ഒരു പലചരക്ക് കടയും ഉണ്ടായിരുന്നിടത്തു ഇന്ന് മൂന്നും നാലും നില കെട്ടിടങ്ങൾ, നിരവധി റെസ്റ്റോറന്റ്റുകൾ, സൂപ്പർ മാർക്കറ്റ്, ജ്യുവലറി ഷോപ്പ്. നോർത്ത് ഇന്ത്യയിൽ നിന്ന് ബോധിഗ്രാമിൽ വരുന്നവർക്ക് ഇതൊരു ഗ്രാമമാണ് എന്ന് പറഞ്ഞാൽ വിശ്വസിക്കില്ല. അവരുടെ ധാരണയിൽ ഇത് ഒരു താലൂക് ആസ്ഥാന പട്ടണം പോലെയാണ്.

അത് പോലെ കേരളത്തിൽ അഴിമതിയുടെ ഡിഗ്രി കുറവാണ്. റോഡ് ഉണ്ടാക്കുമ്പോൾ കമ്മീഷൻ വാങ്ങുന്ന ഏർപ്പാട് ഇവിടെ ഉണ്ട്. പക്ഷെ റോഡും പാലവും മുഴുവൻ വിഴുങ്ങില്ല. അതു മാത്രമല്ല, മീഡിയ ജാഗ്രത കൂടുതൽ ഉള്ളത് കൊണ്ടു ഉദ്യോഗസ്ഥർക്ക് കൈകൂലി വാങ്ങാൻ ബുദ്ധിമുട്ടുണ്ട്.

കേരളത്തിൽ ഒരുപാടു നല്ല കാര്യങ്ങൾ ഉണ്ട്, അതു കാണാതെ പോകരുത്. അതു കഴിഞ്ഞ നൂറു വർഷത്തിൽ ഉണ്ടായ മാറ്റങ്ങൾ. അല്ലാതെ ഏതെങ്കിലും അധികാര പാർട്ടികളുടെ കൃപ കൊണ്ടു മാത്രമല്ല.

കേരളത്തിന്റെ ആവാസ വ്യവസ്ഥ, കേരളത്തിലെ വിവിധ മതങ്ങളുടെ ചരിത്രം, വിദ്യാഭ്യാസ അവസരങ്ങൾ, കേരളത്തിനു പുറത്തു ജോലി നേടി കാശ് അയച്ചു കൊടുക്കുന്നത്.. അങ്ങനെ ഒരുപാടു ഘടകങ്ങളാണ് കേരളത്തിൽ മാറ്റങ്ങൾ വരുത്തിയത്.

കേരള സമൂഹത്തെയും പരിസ്ഥിതിയേയും രാഷ്ട്രീയത്തെ \യും സാമ്പത്തിക അവസ്ഥയേയും സർക്കാരിനെയും ഇനിയും കൂടുതൽ മെച്ചപ്പെടുത്താനുള്ള ഉത്തരവാദിത്തം നമ്മുക്ക് എല്ലാവർക്കുമുണ്ട്.

കേരളത്തെ കുറിച്ച് പോസിറ്റീവായി കണ്ട് പോസിറ്റീവ് മാറ്റങ്ങൾ കൊണ്ടു വരാൻ നമ്മൾ എല്ലാവരും കൂടി ശ്രമിച്ചാൽ നടക്കും.

ജെ എസ് അടൂർ

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x