യുദ്ധം തീർത്ത ചോരയിൽ നനഞ്ഞ മധ്യപൗരസ്ത്യ ദേശത്തെ മണ്ണിലൂടെ കിലോമീറ്ററുകൾ താണ്ടി മറ്റൊരു ലോകം ലക്ഷ്യമിട്ട് നീങ്ങുന്ന ആയിരങ്ങൾ ഏതാനും മാസം മുമ്പ് വരെ പതിവുകാഴ്ചകളായിരുന്നു. ആ യാത്ര ഇപ്പോഴും അത്ര സജീവമല്ലെങ്കിലും ഇപ്പോഴും നടക്കുന്നുണ്ടാകണം. യാത്രക്കിടെ കടലിൽ മുങ്ങി മരിക്കുന്നവർ, മുന്നറിയിപ്പേതുമില്ലാതെ വന്നുവീഴുന്ന മിസൈലുകളിൽപ്പെട്ട് ചിന്നിച്ചിതറുന്നവർ, അവരുടെ കഥകളൊന്നും ഇപ്പോള് അധികമില്ല, ചിലപ്പോള് നടക്കാനുള്ള ഊക്ക് നഷ്ടപ്പെട്ട് വീണുപോയിട്ടുണ്ടാകും…
അഭയാർഥികളായാണ് ഓരോ മനുഷ്യരും സ്വന്തം ദേശത്തുനിന്ന് ഒളിച്ചോടിയിരുന്നത്. കാലം വല്ലാതെ മാറിയിരിക്കുന്നു, മനുഷ്യൻ അഭയം തേടി സ്വന്തം നാട്ടിലേക്ക് തന്നെ വന്നുകൊണ്ടേയിരിക്കുന്നു.
ആ യാത്രയിലെ ചില കാഴ്ച്ചകളുണ്ട്, മധ്യപ്രദേശിൽനിന്നാണ് രണ്ടും…
ഹൈദരാബാദിൽനിന്ന് തന്റെ ഗ്രാമമായ മധ്യപ്രദേശിലെ സ്വന്തം ഗ്രാമത്തിലെത്താൻ രാമുവിന് 700 കിലോമീറ്റർ താണ്ടണം. കൂടെയുള്ളത് ഭാര്യ ധൻവന്തയും, ചെറിയ മകൾ അനുരാഗിണിയും. ധൻവന്ത പൂർണ ഗർഭിണിയാണ്. അനുരാഗിണിയെയും തോളിലേറ്റി കുറച്ചുദൂരം നടന്നപ്പോൾ തന്നെ രാമുവിന് മനസിലായി, ഇത് അധികദൂരം പോകാനാകില്ലെന്ന്. എവിടെ നിന്നൊക്കെയോ ലഭിച്ച പലക കഷ്ണങ്ങളും വടിയും ഉപയോഗിച്ച് ഉന്തുവണ്ടിയുണ്ടാക്കി ചക്രവും ഘടിപ്പിച്ച് അതിൽ ഭാര്യയെയും മകളെയും ഇരുത്തി രാമു യാത്ര തുടർന്നു. ആ ഉന്തുവണ്ടിയുടെ മുകളിലിരുന്ന് ധൻവന്തയും അനുരാഗിണിയും രാമുവിന്റെ സ്‌നേഹക്കരുത്തിൽ 700 കിലോമീറ്റർ താണ്ടി. വെയിലും തണുപ്പും അയാളെ തളർത്തിയില്ല. മഹാരാഷ്ട്ര വഴി എഴുന്നൂറ് കിലോമീറ്റർ താണ്ടി ഒടുവിൽ അയാൾ സ്വന്തം ഗ്രാമത്തിലെത്തി.
മധ്യപ്രദേശിലെ ഇൻഡോറിൽനിന്ന് തന്നെയാണ് മറ്റൊരു കാഴ്ചയും..
കാളവണ്ടിയിൽ ഒരു ഭാഗത്ത് കാളയും മറുഭാഗത്ത് നുകം വെച്ച് ഒരു മനുഷ്യനും. കാളവണ്ടിയിൽ ഒരു സ്ത്രീയും പുരുഷനും. ഇരുപത്തിയഞ്ച് കിലോമീറ്ററാണ് തോളിൽ നുകം വെച്ച് ഈ യുവാവ് തന്റെ ഉറ്റവരെയുമായി യാത്ര ചെയ്തത്.
ഈ ഉന്തുവണ്ടിയും കാളവണ്ടിയും ലക്ഷ്യത്തിൽ എത്തിയവരാണ്…
റോഡിൽ മരിച്ചുവീഴുന്ന കുടിയേറ്റ തൊഴിലാളികളുടെ എണ്ണം ദിവസവും കൂടി വരുന്നു. മധ്യപ്രദേശിലും യു.പിയിലുമായി ഇന്ന് 14 കുടിയേറ്റ തൊഴിലാളികളാണ് റോഡിൽ മരിച്ചുവീണത്. നടന്നുപോയവർക്ക് മേൽ ബസ് പാഞ്ഞുകയറിയും ട്രക്കിൽ ബസിടിച്ചുമായിരുന്നു ഈ മരണങ്ങൾ..
യുദ്ധം മാത്രമല്ല അഭയാർത്ഥികളെ സൃഷ്ടിക്കുന്നത്..
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS