Social

ശ്രീമതി മേനോൻ, നിങ്ങളുടെ ‘മെറിറ്റ് ’ പശുവിനെ കെട്ടിയിരിക്കുന്നത് സവർണ്ണജാതിവെറിയുടെ നാറുന്ന തൊഴുത്തിലാണ്

പ്രതികരണം/പ്രമോദ് പുഴങ്കര

എന്തുകൊണ്ടായിരിക്കാം ഇന്ദുമേനോന്റെ പശു മെറിറ്റ് തോട്ടത്തിലെ പുല്ലു മാത്രം തിന്നുന്നത്?. പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങളുടെ സമഗ്ര വികസനത്തിനുതകുന്ന പഠന, ഗവേഷണ പ്രവർത്തനങ്ങൾക്കായി കേരള സർക്കാർ സ്ഥാപിച്ചതാണ് KIRTADS.

അവിടുത്തെ ഫാക്കൽറ്റിയായി, കേരള സ്റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വീസ് (KSSR) ചട്ടങ്ങളിലെ ചട്ടം 39 ഉപയോഗിച്ച് പ്രൊബേഷന്‍ പ്രഖ്യാപിച്ചാണ് ഇന്ദു മേനോനെ ടി ജോലിയിൽ സർക്കാർ സ്ഥിരപ്പെടുത്തുന്നത്.

അടിയന്തിര ഘട്ടങ്ങളില്‍, മാനുഷിക പരിഗണനക്ക് വിധേയമായി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കുന്നതിനുള്ള ഈ ചട്ടം ശ്രീമതി മേനോന്റെ കാര്യത്തിൽ നടപ്പാക്കിയതിന്റെ മാനുഷിക വശം എന്താണെന്ന് അത് കണ്ടവർക്കേ അറിയൂ.

അതുകൊണ്ട് നിയമനം Administrative Tribunal റദ്ദാക്കി. കേസിപ്പോൾ ഹൈക്കോടതിയിലാണ്. സോഷ്യോളജിയിലെ ഒരു ബിരുദാനന്തര ബിരുദം വെച്ചാണ് ‘സവിശേഷമായ വൈദഗ്ധ്യമുള്ള” ശ്രീമതി മേനോനെ PhD അടക്കമുള്ള ആളുകൾ പുറത്തുനിൽക്കുമ്പോൾ അകത്തുകയറ്റിയത്.

അങ്ങനെ ഉന്നതോദ്യഗസ്ഥരുടെയും ഭരണക്കാരുടെയും “മാനുഷികമായ വിവേചനാധികാരം” ഉപയോഗിച്ചു കൊണ്ട് ഉദ്യോഗം തരപ്പെടുത്തിയ ശ്രീമതി മേനോൻ ഇപ്പോൾ പ്രഘോഷിക്കുന്നത് ” മെറിറ്റ് എന്നൊന്നുണ്ട്” എന്നാണ്.

അവിടെ നിർത്തുന്നില്ല ശ്രീമതി മേനോൻ, “പോയി പണിയെടുത്ത് നയിച്ചുതിന്നാൻ” എന്നൊരു സാരോപദേശവും നൽകുന്നുണ്ട്.

ശ്രീമതി മേനോൻ പറയുന്ന ഈ മെറിറ്റാണ് എത്രയോ കാലമായി ജാതിവ്യവസ്ഥയുടെ വേദാന്തികൾ പറയുന്നതും. അതായത് മെറിറ്റ് എന്നൊന്നുണ്ട്, ജാതി സംവരണക്കാർക്കും അവർണ്ണർക്കും മെറിറ്റില്ല, ആനുകൂല്യങ്ങളുടെ പുറത്താണ് അവരൊക്കെ കയറിക്കൂടുന്നത്, അതുകൊണ്ട് പോയി പണിയെടുത്ത് നയിച്ചു തിന്നിൻ എന്നാണത്.

ശ്രീമതി മേനോനും അതു തന്നെയാണ് പറയുന്നത്. അതൊരവസാന അടിയാണ്. എസ്. കെ പൊറ്റെക്കാടിന്റെ ‘ഒരു ദേശത്തിന്റെ കഥ’ യിൽ രണ്ടു സഹോദരഭാര്യമാർ തമ്മിൽ നടക്കുന്ന പതിവ് വഴക്ക് മുറുകുകയാണ്. ഇരമ്പിക്കയറുന്ന ചീത്തവിളികൾക്കിടയിൽ ഇളയ സഹോദര ഭാര്യ ഒരൊറ്റ വീശിയടിയാണ്, “നീ പോടി, കാഞ്ഞിരപ്പുലയാടിച്ചി’ എന്ന്. അതോടെ മറുഭാഗത്തെ സ്ത്രീ നിശബ്ദയായി. അതിലവർ വീണുപോയി.

അതിൽ ന്യായമുണ്ടോ എന്നല്ല, അതിന്റെ അർത്ഥം എന്താണെന്നുമല്ല, അതൊരു വല്ലാത്ത അടിയാണ് എന്ന് വിളിക്കുന്നവൾക്കു അറിയാം, കേൾക്കുന്നവൾക്കും അറിയാം എന്നതു കൊണ്ടാണ്.

ശ്രീമതി മേനോൻ തന്റെ മെറിറ്റ് വാദം ഇതേ യുക്തിയിലാണ് ഉപയോഗിക്കുന്നത്. ഒടുവിൽ നിങ്ങളത് എന്നെക്കൊണ്ട് പറയിച്ചു എന്ന മട്ടിൽ. അതായത് നിന്റെ തനിഗുണം ഞാൻ പറഞ്ഞു എന്ന മട്ടിൽ.

ശ്രീമതി മേനോൻ ധരിക്കുന്നത്, എല്ലാ സവർണ്ണ ജാതിക്കോമരങ്ങളും ധരിക്കുന്ന അതേ കവചകുണ്ഡലങ്ങളും സാമൂഹ്യബോധവുമാണ്; ഒടുവിൽ വീശുന്ന ആ മെറിറ്റിന്റെ പാശുപതാസ്ത്രം.

സാമൂഹ്യ-രാഷ്ട്രീയാധികാരത്തിന്റെ പശ്ചാത്തലത്തിലല്ലാതെ merit എന്നതിനെ വിലയിരുത്താൻ കഴിയില്ല എന്നതൊരു സാമാന്യ പുരോഗമന രാഷ്ട്രീയബോധമാണ്.

ജാതിവ്യവസ്ഥ നിലനിൽക്കുന്നത് merit എന്ന ഈ വാദത്തെ യുക്‌തം പോലെ ഉപയോഗിച്ചാണ്.

Karnataka Extension of Consequential Seniority to Government Servants Promoted on the Basis of Reservation (to the Posts in the Civil Services of the State) Act 2018 ഭരണഘടനാപരമായി നിലനിൽക്കും എന്ന് പറയുന്ന സുപ്രീം കോടതി വിധിയിൽ Merit-ഉം സംവരണവും എന്നത് രണ്ട് വിരുദ്ധാശയങ്ങളല്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് കൃത്യമായി പറയുന്നുണ്ട്.

“For equality to be truly effective or substantive, the principle must recognize existing inequalities in society to overcome them. Reservations are thus not an exception to the rule of equality of opportunity. They are rather the true fulfillment of effective and substantive equality by accounting for the structural conditions into which people are born.”

ജാതിസംവരണം കാര്യക്ഷമതയെ ബാധിക്കുമെന്ന Meritocracy വാദക്കാരോട് അഥവാ Merit എന്നൊന്നുണ്ട് എന്ന ജാത്യാഹന്തയോട് കോടതി വിധി ഇങ്ങനെ പ്രതികരിക്കുന്നു,

“This is stereotypical because it masks deep-rooted social prejudice. Efficiency of administration in the affairs of the Union or of a State must be defined in an inclusive sense, where diverse segments of society find representation as a true aspiration of governance by and for the people. Our benchmarks will define our outcomes. If this benchmark of efficiency is grounded in exclusion, it will produce a pattern of governance which is skewed against the marginalized. If this benchmark of efficiency is grounded in equal access, our outcomes will reflect the commitment of the Constitution to produce a just social order.”

ഈ merit എത്രത്തോളം ‘ജാതിരഹിതമാണ്’ എന്നത് കൗതുകകരമാണ്. 2005-07-ൽ നടത്തിയ ഒരു പഠനത്തിൽ (Thorat and Attewell, 2007) വിവിധ ബഹുരാഷ്ട്ര കമ്പനികൾക്ക് ഒരേ യോഗ്യതയുള്ള CV-കൾ -ഹിന്ദു സവർണ്ണർ, ദളിതർ, മുസ്ലീങ്ങൾ- അയച്ചു. അതിൽ കമ്പനിയിൽ നിന്നും തിരിച്ചു വിളികിട്ടിയതിൽ ഹിന്ദു സവർണർക്കു കിട്ടിയ വിളിയുടെ 0.67% മാത്രമാണ് ദളിതരെ വിളിച്ചത്. മുസ്ലീങ്ങളെ 0.33%-വും. ഇതാണ് ജാതിരഹിതമായ മെറിറ്റ് നോട്ടം.

2018-ലെ ഒരു കണക്കു നോക്കാം. ഇന്ത്യയിലെ ഏറ്റവും Meritorious ആയ വിദ്യാഭ്യാസകേന്ദ്രം എന്നൊക്കെ കരുതുന്ന 18 IIM-കളിലെ അദ്ധ്യാപകരുടെ കണക്കാണ്. മൊത്തം അദ്ധ്യാപകർ 784, പൊതുവിഭാഗം അഥവാ സവർണ്ണവിഭാഗം 590 , OBC 27, SC 8, ST 2 . രാജ്യത്തെ ഏറ്റവും മികച്ചതെന്ന് കരുതുന്ന സർക്കാർ മേൽനോട്ടത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലെ കണക്കാണിത്. പട്ടികജാതി/വർഗത്തിൽപ്പെട്ട 10 പേരാണ് അവിടെയുള്ളത്.

അതായത് ഈ Merit കളിയുടെ നടത്തിപ്പുകാർ സവർണരും സമ്പന്നരുമാണ്. ഇനി Merit എന്ന സങ്കല്പം തന്നെ ഒരു പ്രശ്നമാണ്. മികവ് എന്നതിന് ഒരു പൊതു രൂപമുണ്ടെന്നുള്ള തികച്ചും മനുഷ്യവിരുദ്ധമായ ഒരു യാന്ത്രികതയിലേക്കാണ് അത് നമ്മെ എത്തിക്കുന്നത്.

സാമൂഹികസമത്വവുമായി ബന്ധപ്പെടുത്തിയില്ലെങ്കിൽ പോലും Merit എന്നത് ഏകമാനക പ്രയോഗമാക്കി കണക്കാക്കേണ്ട ഒന്നല്ല. പോയി നയിച്ചു ജീവിക്കാൻ ശ്രീമതി മേനോൻ പറയുന്നത് തനിക്കുള്ളത് merit കൊണ്ടാണെന്നും അതില്ലാത്ത നീയൊക്കെ പോയി അസൂയപ്പെടാതെ പണിയെടുത്ത് ജീവിക്കു എന്നുമാണ്.

കഷ്ടപ്പെട്ട് ഉറക്കമിളച്ചു പഠിച്ചു നല്ല മാർക്കൊക്കെ വാങ്ങി ജയിച്ചിട്ടും, അലസമായി കിടന്നുറങ്ങി കുറഞ്ഞ മാർക്ക് വാങ്ങിയ ദളിതൻ admission /ജോലി വാങ്ങുകയും താൻ പുറത്താവുകയും ചെയ്യുന്നത് ഈ merit അംഗീകരിക്കാത്തതുകൊണ്ടാണെന്നുള്ള കാലങ്ങളായുള്ള സവർണ ക്ഷോഭത്തിന്റെ രൂപമാണിത്.

എന്നിട്ടും ആ സവർണ വിദുഷിയുടെ പുച്ഛത്തിനു കീഴെ വന്ന സ്‌നേഹസ്‌തുതികൾ അമ്പരപ്പിക്കുന്നില്ലെങ്കിലും സങ്കടപ്പെടുത്തണം.

മറ്റൊന്ന് കൂടി പറയാതിരുന്നാൽ അത് രാഷ്ട്രീയമായി ശരിയാകില്ല. സ്ത്രീപക്ഷ രാഷ്ട്രീയമെന്നു പറയുന്നത്, കാലങ്ങളായി പുരുഷാധിപത്യ സമൂഹം സ്ത്രീ ശരീരത്തിന് കല്പിച്ചുകൊടുത്ത അലങ്കാര സ്വാതന്ത്ര്യങ്ങളെ ആഘോഷിക്കലാണെന്ന ഒരു വ്യാജ സ്ത്രീവാദത്തിന്റെ നാട്ടുനടപ്പാചാരം കൂടി കേരളത്തിലെ ഇത്തരം വിദുഷികൾ പ്രചരിപ്പിക്കുന്നുണ്ട്.

അലങ്കാരങ്ങളും ആടകളും ആഭരണങ്ങളുമൊക്കെ മനുഷ്യന്റെ സൗന്ദര്യബോധവുമായി ചേർന്നുനിൽക്കുന്ന ഒന്നാകുമ്പോഴും അതിനൊരു സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ പശ്ചാത്തലമുണ്ട്.

അതൊക്കെ എല്ലായ്പ്പോഴും ശരിയാക്കി നിർത്തി മരിച്ചു പോവുക എന്നതൊന്നും നടപ്പുള്ള കാര്യമല്ല. പക്ഷെ, അത്തരം ഭൂഷാഘോഷങ്ങൾ സ്ത്രീവിമോചനമാണെന്നൊക്കെയുള്ള, പെണ്ണുങ്ങളുടെ സ്വകാര്യ സന്തോഷങ്ങളാണെന്ന തരത്തിലുള്ള ഒരു ബോധം സൃഷ്ടിക്കലാണ് നടക്കുന്നത്.

തീർച്ചയായും നമ്മുടെ വ്യക്തിപരമായ സന്തോഷങ്ങൾക്ക് ഇടം നൽകേണ്ടപ്പോഴും, അതിനെ സ്ത്രീവാദ രാഷ്ട്രീയത്തിന്റെ വിമോചക അജണ്ടയായി അവതരിപ്പിക്കുന്നത് സ്വന്തം സുഖനിലകളെ അലോസരപ്പെടുത്താത്ത ഒന്നാക്കി രാഷ്ട്രീയ സമരങ്ങളെ മാറ്റിനിർത്താനുള്ള അടവാണ്.

5 2 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x