ഏതാനും മാസങ്ങൾക്ക് മുന്നേ നടന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ വളരെ വൈകാരികമായി സമീപിച്ച ഒരു വിഭാഗമായിരുന്നു കേരളത്തിലെ പ്രമുഖ ക്രൈസ്തവ സഭകൾ. അബോർഷനു എതിരായുള്ള ട്രമ്പിന്റെ നിലപാടുകൾ ട്രമ്പിന്റെ വിജയം പരസ്യമായി ആഗ്രഹിക്കാൻ അവർ കാരണമാക്കി. അയാളെ സംബന്ധിച്ചു അതൊരു നാടകം ആയിട്ടു കൂടി.
ഇപ്പോളിതാ ഭരണത്തിൽ മൃഗീയ ഭൂരിപക്ഷമുള്ള ക്രൈസ്തവ സംരക്ഷണ പാർട്ടിയായ ബി ജെ പി 24 ആഴ്ച്ച വരെയുള്ള ഗര്ഭഛിദ്രങ്ങളെ നിയമ വിധേയമാക്കിയിരിക്കുകയാണ്.
ക്രൈസ്തവ ധാർമ്മികതയുടെ ഒരു പ്രധാന ഇനമായ ജീവന്റെ സംരക്ഷണം ലംഘിച്ചിരിക്കുന്ന ബി ജെ പിക്ക് അക്കാരണത്താൽ തന്നെ ഈ വരുന്ന തിരഞ്ഞെടുപ്പിൽ വോട്ട് നൽകരുത് എന്നു സഭാ നേതൃത്വം ഉടനടി അഭ്യർത്ഥിക്കുമെന്നാണ് ഞാൻ കരുതുന്നത്.
സഭയുടെ രാജകുമാരന്മായ മാർ ആലഞ്ചേരി, മാർ ക്ലിമീസ് എന്നിവർ ഇതിനെ കുറിച്ചു പ്രസ്ഥാവനകൾ ഇറക്കും എന്നു ഞാൻ പ്രതീക്ഷിക്കുന്നു.
സഭയുടെ ദൈവശാസ്ത്രജ്ഞനും ദീപികയിലെ ലേഖന കർത്താവുമായ മാർ കല്ലറങ്ങാട്ട് സുദീർഘമായി ഒരു ലേഖനം ഉടൻ പ്രസിദ്ധീകരിക്കും എന്നു ഞാൻ ആശിക്കുന്നു.
ക്രിസ്തു ഏക രക്ഷകനാണ് എന്നു ‘പറഞ്ഞാൽ’ മാത്രമേ സ്വർഗ്ഗം കിട്ടൂ എന്നു അഭിപ്രായമുള്ള ചുറുചുക്കുള്ള ചെറുപ്പക്കാരൻ മാർ ടോമി തറയിൽ കേരളത്തിലെ ക്രൈസ്തവ യുവതയെ ബി ജെ പിക്ക് എതിരെ ഇളക്കും എന്നു ഞാൻ സ്വപനം കാണുന്നു. ആ പ്രസംഗം കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
വന്ദ്യനായ സമുദായ പ്രചാരകൻ റെവ. ഫാ വട്ടായി, റോയി കണ്ണഞ്ചിറ എന്നിവർ ഈ പെസഹാക്കാലത്ത് മിസ്‌പാ മൂന്നിന്റെ ഒരു സീരീസ് ‘അബോർഷനും ബി ജെ പിയും’ എന്ന വിഷയത്തെ ആസ്പദമാക്കി പുറത്തിറക്കും എന്നു ഞാൻ പ്രതീക്ഷിക്കുന്നു. അങ്ങനെ രാഷ്ട്രീയ ഗർഭപാത്രത്തിൽ നിന്ന് ബി. ജെ. പി ഒരു ചാപിള്ളയായി പുറത്തു വരട്ടെ.
ധർമ്മികതയിൽ ഗവേഷണം ചെയ്തിട്ടുള്ള ഏതാനും മെത്രാന്മാരും വൈദികരും മറ്റു പല കാര്യങ്ങളിലും തിരക്കിലായതിനാൽ അവർ ഉടനെ ഒരു പ്രസ്താവന ഇറക്കണം എന്നു ഞാൻ പ്രതീക്ഷിക്കുന്നില്ല.
പക്ഷെ, തിരഞ്ഞെടുപ്പിൽ സൂക്ഷിച്ചും കണ്ടും വോട്ടു ചെയ്യണം എന്ന് മറയോടെ പറയുന്ന, സഭാസംരക്ഷണം സ്വന്തം തോളിൽ എടുത്തു വെച്ചിട്ടുള്ള ചില പി ആർ ഒ മാരുണ്ട്. മറയില്ലാത്ത വ്യക്തമായി പറയാൻ ഇതാ അവർക്ക് അവസരം ഉണ്ട്. അവർ ഉടനെ പറയും എന്നാണ് ഞാൻ കരുതുന്നത്.
കെസിബിസി, മുതൽ എബിസിഡി വെച്ചു പുതുതായി രൂപം കൊണ്ടിട്ടുള്ള കാസ, പീലാസ, കൊട, ക്രോസ്, പീയെല്ലാറ് ഒക്കെ ഉടനെ കുന്തവും കുതിരയും വടി വാളുമൊക്കെയായി ഇറങ്ങും എന്നു ഞാൻ കൊതിക്കുന്നു.
ഹാ, വാന്നെ, അതല്ലേ ഹീറോയിസം.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS
ED is the sword of Damocles