Opinion

സാമൂഹികസുരക്ഷ പ്രധാനം, കൂട്ടുത്തരവാദിത്തം കാണിക്കണം

നിരീക്ഷണം /സദ്റുദ്ദീൻ വാഴക്കാട്

പെരുന്നാളിനോടനുബന്ധിച്ച് പള്ളികൾ നിയന്ത്രണങ്ങളോടെ തുറക്കുന്ന കാര്യത്തിൽ, മുസ്ലിം സംഘടനകൾ അഭിപ്രായ ഐക്യത്തിൽ എത്തുകയും നേതാക്കൾ കൂട്ടുത്തരവാദിത്വത്തോടെ നിലപാടുകൾ എടുക്കുകയും ചെയ്യണം.

പൗരത്വ പ്രക്ഷോഭകാലത്ത് കാണിച്ച ഐക്യബോധം ഈ പ്രതിസന്ധിഘട്ടത്തിലും പുലർത്താൻ നേതാക്കൾക്ക് ബാധ്യതയുണ്ട്. താൽക്കാലികമായ വൈകാരികതകളെക്കാൾ, ദീർഘകാലത്തേക്ക് ഗുണം ചെയ്യുന്ന വിവേകപൂർണ്ണമായ നിലപാടുകളാണ് സംഘടനകൾ കൈക്കൊള്ളേണ്ടത്.

സാമൂഹിക സുരക്ഷ ഇസ്ലാമിൽ മറ്റെന്തിനെക്കാളും പ്രധാനമാണ്. മനുഷ്യ ജീവൻ അപകടത്തിലാകാതെ നോക്കാൻ ഇസ്ലാം പലവിധത്തിൽ ജാഗ്രത പുലർത്തിയിട്ടുണ്ട്. കുഞ്ഞിൻ്റെ കരച്ചിൽ കാരണം മാതാവിൻ്റെ മനസ്സ് വേദനിക്കുന്നതിനാൽ നമസ്കാരത്തിൻ്റെ ദൈർഘ്യം കുറച്ച മുഹമ്മദ് നബിയുടെ നടപടി മുതൽ പലതും ഇതിൽ മാതൃകയാണ്.

മഹാമാരികൾ പടരാതിരിക്കാൻ, മനുഷ്യജീവൻ അപായപ്പെടാതെ നോക്കാൻ പള്ളികൾ അടച്ചിടുകയെന്നത് ഇസ്ലാം പഠിപ്പിച്ചതാണ്. അതൊരു ഗവൺമെൻ്റ് നിയമം എന്നതിനെക്കാൾ, ഇസ്ലാമിക നടപടിയാണ്. ഭൂമി മുഴുവൻ ആരാധനാ സ്ഥലമാണെന്ന് മുഹമ്മദ് നബി പഠിപ്പിച്ചത് ഈയവസരത്തിൽ ഏറെ ശ്രദ്ധേയമത്രെ.

പള്ളികൾ ഉണ്ടെങ്കിൽ സംഘടിത പ്രാർത്ഥനകൾ അവിടെ വെച്ചു തന്നെ നിർവഹിക്കണം. എന്നാൽ, പള്ളികൾ അടച്ചിട്ടാലും പ്രാർത്ഥനകൾ നിലയ്ക്കുന്നില്ല. പള്ളികളിൽ പ്രതിഷ്ഠകളില്ല, അതിനാൽ പ്രാർത്ഥന എവിടെവെച്ചും ആകാമെന്നത് ഇസ്ലാമിൻ്റെ സൗന്ദര്യമാണ്.

ഈ വിഷയത്തിൽ മറ്റുള്ളവരുടെ പരിമിതികളല്ല, ഇസ്ലാമിന് സാധ്യതകളും സൗകര്യങ്ങളുമാണ് ഉള്ളത്. ഇസ്ലാമിൻ്റെ ഈ മനുഷ്യപ്പറ്റും, സാമൂഹികസുരക്ഷാ ജാഗ്രതയും
എല്ലാവരും തിരിച്ചറിയുന്ന സന്ദർഭമാണിത്.

പള്ളികൾ എത്രകാലം അടച്ചിടേണ്ടി വന്നാലും, അവിടെനിന്ന് ഒരാൾക്കും രോഗം പകരാൻ ഇടവരുത്താതിരിക്കുക എന്നതിനാണ് മുസ്ലിം സംഘടനകൾ മുൻഗണന നൽകേണ്ടത്.

അത്യന്തം ഇസ്ലാമോഫോബിക് ആയ ഒരു സമൂഹത്തിൽ, ദുഷ്പ്രചാരണങ്ങൾക്കുള്ള സാധ്യതകൾ ഒഴിവാക്കുക പ്രധാനമാണ്. ചിലതിൻ്റെയൊക്കെ ‘വഴികൾ അടച്ചുകളയുക’
എന്നത് ഇസ്ലാമിക നിയമങ്ങളുടെ മാനദണ്ഡങ്ങളിൽ ഒന്നാണല്ലോ.

കോവിഡ് കാലത്തും പൗരത്വപ്രക്ഷോഭകരെ ക്രൂരമായി വേട്ടയാടുന്ന ഭരണകൂട നടപടികളുടെ സാഹചര്യം നാം മുഖവിലക്കെടുക്കണം. സ്കൂളുകളും മറ്റും തുറക്കാതെ സൂക്ഷ്മത പാലിക്കുന്നതും പരിഗണിക്കേണ്ടതാണ്. ചിലതൊക്കെ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുന്നു എന്നത്, പള്ളികൾ തുറക്കാൻ കാരണമാകേണ്ടതുണ്ടോ?

യാത്രയിൽ, നമസ്കാരം ചുരുക്കിയും ചേർത്തും നിർവഹിക്കാൻ പഠിപ്പിച്ച ഇസ്ലാം, യാത്രയിലെ ഭക്ഷണവും അങ്ങനെയാകണം എന്ന് നിർദേശിച്ചിട്ടില്ല. ആരാധനകളിൽ തന്ന ഇളവ് അങ്ങനെത്തന്നെ പ്രധാനമാണ് എന്നർത്ഥം.

വെള്ളിയാഴ്ച്ചയിലെ നിർബന്ധ ജുമുഅക്കുള്ള ഗൗരവം, ഐഛികമായ പെരുന്നാൾ നമസ്കാരത്തിന് നൽകേണ്ടതില്ലല്ലോ? പെരുന്നാൾ നമസ്കാരം വീട്ടിൽവെച്ച് തന്നെ നിർവഹിക്കാവുന്നതാണ്.

മാത്രമല്ല, വൈകാരികമായ ഈ വിഷയത്തിൽ, 400ൽ നിന്ന് 40 പേർ എന്നവിധം നിശ്ചിത ആളുകളെ എങ്ങനെ തെരഞ്ഞെടുക്കും? അതുകൊണ്ട്, പള്ളികൾ തുറക്കാൻ കുറച്ചു കൂടെ സമയം കാത്തിരിക്കുന്നതാണ് ഉചിതം എന്നാണ് വ്യക്തിപരമായ അഭിപ്രായം.

എന്തായിരുന്നാലും പള്ളികൾ നിയന്ത്രണങ്ങളോടെ തുറക്കുന്ന വിഷയത്തിൽ മുസ്ലിം സംഘടനകൾ കൂട്ടുത്തരവാദിത്തത്തോടെ നിലപാട് എടുക്കുകയാണ് വേണ്ടത്. നേതാക്കൾ യോഗം ചേർന്ന് ഒന്നിച്ച് തീരുമാനം കൈക്കൊള്ളണം. രാഷ്ട്രീയ താൽപര്യം ആരോപിക്കാൻ കാരണമായേക്കാവുന്ന സാഹചര്യം ഒഴിവാക്കുന്നതാണ് സൂക്ഷ്മത.

ഒരു വ്യക്തിയോ, ഒരു സംഘടനാ നേതാവോ മാത്രം അഭിപ്രായപ്രകടനം നടത്തുന്നതിനു പകരം, കൂടിയാലോചനകൾക്ക് ശേഷം ഒരുമിച്ച് നിലപാട് എടുക്കട്ടെ. പൗരത്വ പ്രക്ഷോഭകാലത്തെ കൂട്ടുത്തരവാദിത്തം ഈ പ്രതിസന്ധി കാലത്തും കാണിക്കണം. എങ്കിൽ, തീരുമാനത്തിൻ്റെ ഗുണം എല്ലാവർക്കും ലഭിക്കും. അതിൻ്റെ പ്രയാസങ്ങൾ എല്ലാവരു ഒരുമിച്ച് പങ്കിടുകയും ചെയ്യാം. സംഘടനാ താൽപര്യങ്ങൾക്കും കേവല വൈകാരികതക്കുമപ്പുറം വിശാലതയും വിവേകവും നേതൃത്വത്തെ നയിക്കട്ടെ.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x