പാലായിലെ സെന്റ് തോമസ് കോളേജിൽ ചെറുപ്പക്കാരൻ സഹപാഠിയായ പെൺകുട്ടിയെ കഴുത്തറുത്ത് കൊന്ന സംഭവം കേരളീയരുടെ മനസ്സാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
കുറെ നാളായി ആവർത്തിച്ച് സമാന സ്വഭാവത്തിലുള്ള കൊലപാതകങ്ങൾ നടന്നുവരുന്നു.
2017 മുതൽ 2021 വരെ പ്രണയവുമായി ബന്ധപ്പെട്ട് മുന്നൂറ്റമ്പതോളം ആത്മഹത്യയും കൊലപാതകങ്ങളും കേരളത്തിൽ നടന്നിട്ടുണ്ടെന്ന് സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു.
2019ൽ സമാനസ്വഭാവമുള്ള അഞ്ച് കൊലപാതകം നടന്നപ്പോൾ 2020ൽ കോവിഡ് വന്ന വർഷമായിട്ടുപോലും രണ്ട് സംഭവം നടന്നു.
പ്രണയം നിരസിച്ചതിനെത്തുടർന്ന് പെൺകുട്ടിയെ കാമുകൻ വെടിവച്ച് കൊന്ന വാർത്ത കേട്ടിട്ട് അധികനാളായിട്ടില്ല.
എന്തുകൊണ്ട് ഇത്തരത്തിലുള്ള കൊലപാതകങ്ങൾ നടക്കുന്നു?
എന്താണ് പ്രണയം?
യഥാർഥത്തിലുള്ള പ്രണയത്തെക്കുറിച്ചുള്ള ധാരണയില്ലായ്‌മയാണ് ഇതിന്റെ പുറകിലുള്ള ഒന്നാമത്തെ വിഷയമായി മനസ്സിലാക്കാൻ കഴിയുന്നത്.
പ്രണയത്തിന്റെ മനഃശാസ്‌ത്ര നിർവചനം നാല് ഘടകം ചേർന്ന മനോഹരമായ ഒരു അവസ്ഥയാണ്.
ആദ്യ ഘടകമാണ് ആത്മബന്ധം അഥവ intimacy. തനിക്കുവേണ്ടി മാത്രം ജീവിക്കുന്ന ഒരു വ്യക്തി പ്രണയിച്ചു തുടങ്ങുമ്പോൾ മറ്റൊരാൾക്കുവേണ്ടി കൂടെ ജീവിക്കുന്നു. പ്രണയിക്കുന്നയാളുടെ താൽപ്പര്യം കൂടി പരിഗണിച്ച് തീരുമാനങ്ങളെടുക്കുന്നു എന്നതാണ് ആത്മബന്ധം.
രണ്ടാമത്തെ ഘടകമാണ് ശാരീരിക ആകർഷണം അഥവാ പാഷൻ. സൗന്ദര്യത്തോടുള്ള ആരാധന മുതൽ ലൈംഗികാസക്‌തി വരെ ഇതിൽപ്പെടുന്നുണ്ട്.
പ്രണയത്തിന്റെ ആദ്യഘട്ടത്തിൽ ഇത് തീവ്രമായിരിക്കുമെങ്കിലും കാലാന്തരത്തിൽ ശക്‌തി കുറഞ്ഞുവരുന്നു.
മൂന്നാമത്തെ ഘടകമാണ് പ്രതിബദ്ധത അഥവാ commitment.
പ്രണയത്തിലായിരിക്കുമ്പോൾ തന്നെ പുതിയ പലരുമായും നാം പരിചയപ്പെടാൻ സാധ്യതയുണ്ട്. അവരിൽ പലരുടെയും സൗന്ദര്യത്തോടും ബുദ്ധിപരമായ കഴിവുകളോടും ആരാധനയും തോന്നിയേക്കാം.
പക്ഷേ, അത്തരം ബന്ധങ്ങളൊന്നും നമ്മുടെ പ്രണയത്തെ തകർക്കാത്ത രീതിയിൽ അതിർവരമ്പുകൾ വയ്‌ക്കാനുള്ള കഴിവാണ് പ്രതിബദ്ധത.
പ്രണയത്തിന്റെ നാലാമത്തെ ഘടകമാണ് ജനാധിപത്യം.
പ്രണയിക്കുന്ന വ്യക്‌തിയോട് അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ അത് പ്രകടിപ്പിക്കാനും അതു കേൾക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താനുമുള്ള അവകാശമാണ് പ്രണയത്തിലെ ജനാധിപത്യം.
ഈ നാല് ഘടകവും ചേരുമ്പോഴാണ് പ്രണയം എന്ന മനോഹരമായ അവസ്ഥ സംജാതമാകുന്നത്.
പ്രണയത്തിന്റെ പേരിൽ നടക്കുന്ന പല സംഭവത്തിലും യഥാർഥത്തിലുള്ള പ്രണയമല്ല നടക്കുന്നത് മറിച്ച്, വൈകാരിക അടിമത്തം എന്ന ഒരു അവസ്ഥയാണ്. വൈകാരിക അടിമത്ത സാഹചര്യത്തിൽ നമ്മുടെ ലോകം ഒരു വ്യക്തിയിലേക്ക് ചുരുങ്ങുന്നു. ആ വ്യക്‌തിയില്ലാതെ ജീവിക്കാൻ കഴിയില്ല എന്നൊരു ചിന്താഗതി ശക്തമാകുന്നതോടെ ആ വ്യക്തിയുടെ വൈകാരിക അവസ്ഥകളോ അവകാശങ്ങളോ മാനിക്കാത്ത മാനസികനിലയിലേക്ക് നാം എത്തിച്ചേരുന്നു.
നമ്മുടെ അഭീഷ്‌ടം അനുസരിച്ച് ആ വ്യക്‌തി വിധേയപ്പെടണം എന്ന ശാഠ്യം വരുന്നതോടെ ആ ബന്ധത്തിൽ ജനാധിപത്യസ്വഭാവം ഇല്ലാതാകുകയാണ്. അഭിപ്രായഭിന്നത വരുമ്പോൾ അതുൾക്കൊള്ളാൻ കഴിയാത്ത മാനസികനിലയിലേക്ക് വൈകാരിക അടിമ എത്തിച്ചേരുന്നു.
അതിന്റെ ഫലമായി കൊലപാതകമോ ആത്മഹത്യയോ അല്ലെങ്കിൽ രണ്ടും ചേർന്ന സങ്കീർണമായ അവസ്ഥയോ സംഭവിക്കുന്നു എന്നതാണ് യാഥാർഥ്യം. യഥാർഥ പ്രണയത്തിൽ ഏർപ്പെടുന്ന വ്യക്തിക്ക് സ്‌നേഹിച്ച ആളെ വേദനിപ്പിക്കാൻ കഴിയില്ല. പിരിഞ്ഞു കഴിഞ്ഞാലും മറ്റേയാൾ സന്തോഷത്തോടെയിരിക്കണം എന്നാഗ്രഹിക്കാനേ യഥാർഥ പ്രണയം നയിച്ച വ്യക്തിക്ക് കഴിയുകയുള്ളൂ.
പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ കുട്ടികളെ വളർത്തുന്ന രീതിയിലെ പാകപ്പിഴകളും ഇത്തരം പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. ആൺകുട്ടികൾക്ക് കൂടുതൽ സ്വാതന്ത്ര്യവും അവകാശവും കൊടുക്കുകയും പെൺകുട്ടികൾ സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന വ്യാജേന അവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്ന പുരുഷമേധാവിത്വ സ്വാധീനം കലർന്ന രക്ഷാകർതൃ മാതൃകകളാണ് നാട്ടിൽ നിലനിൽക്കുന്നത്.
പെൺകുട്ടികൾ കൂടുതൽ ചൂഷണം ചെയ്യപ്പെടാൻ സാധ്യതയുണ്ട് എന്നതാണ് ഇതിന് കാരണമായി പറയുന്നത്. എന്നാൽ, സമീപകാലത്ത് കുട്ടികൾക്കു നേരെയുണ്ടാകുന്ന ചൂഷണങ്ങളെക്കുറിച്ചുള്ള പഠനങ്ങളും സൂചിപ്പിക്കുന്നത് ആൺകുട്ടികളിലും പെൺകുട്ടികളിലും ഒരു പോലെ ചൂഷണങ്ങൾ സംഭവിക്കുന്നു എന്നതാണ്. ലിംഗനീതി, ലിംഗസമത്വം, തുല്യമായ ഉത്തരവാദിത്വവും അവകാശങ്ങളും കുട്ടികളെ ബോധ്യപ്പെടുത്തി വളർത്തണം.
സാങ്കേതികവിദ്യയുടെ സ്വാധീനം; വിവര സാങ്കേതികവിദ്യ സാർവത്രികമായതോടെ മനുഷ്യസ്വഭാവത്തിൽ ഒരു അക്ഷമ കടന്നുവന്നിട്ടുണ്ട്. 30 വർഷം മുമ്പ് ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കണമെങ്കിൽ അവിടെ പോയി വാങ്ങേണ്ട സാഹചര്യമുണ്ടായിരുന്നു. സിനിമ ടിക്കറ്റ് എടുക്കണമെങ്കിലും നേരിട്ട് പോയി എടുക്കണം. ഒരു പ്രണയലേഖനം കൊടുത്തു കഴിഞ്ഞാൽ മറുപടി കിട്ടാൻ പലപ്പോഴും ദിവസങ്ങൾ കാത്തിരിക്കണം. ഈ കാത്തിരിപ്പു സമയത്ത് രണ്ടു സാധ്യത മനസ്സിൽ തെളിയുകയും അതിന്റെ ഫലവുമായി പൊരുത്തപ്പെടാൻ മനസ്സ് പാകപ്പെടുകയും ചെയ്യും. ഇന്നിപ്പോൾ മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം ഏതാനും സെക്കൻഡുകൾകൊണ്ട് നടത്താൻ കഴിയുന്ന സാഹചര്യമുണ്ട്.
പലപ്പോഴും പ്രണയിക്കുന്നവർ താൻ അകപ്പെട്ടിരിക്കുന്നത് ഒരു വിഷലിപ്ത ബന്ധത്തിലാണെന്ന് തിരിച്ചറിയാറുണ്ട്. എന്താണ് വിഷലിപ്‌തമായ അഥവാ ടോക്‌സിക് ബന്ധം. അതിൽ ജനാധിപത്യസ്വഭാവം ഉണ്ടാകില്ല. ഒരു വ്യക്‌തിയുടെ താൽപ്പര്യം അനുസരിച്ചു മാത്രം ആയിരിക്കുമത് മുന്നോട്ട് പോകുന്നത്.
എതിരഭിപ്രായം മറുവശത്തുനിന്ന് ഉണ്ടായാൽത്തന്നെ അടിച്ചമർത്തപ്പെടുന്നു. സംശയസ്വഭാവം കൂടുതലായി പ്രകടമാകുന്ന പാരനോയ്‌ഡ് പേഴ്‌സണാലിറ്റി, വൈകാരിക അസ്ഥിരത സ്ഥായീഭാവമായ ബോർഡർ ലൈൻ പേഴ്‌സണാലിറ്റി, കുറ്റകൃത്യവാസനയും കുറ്റബോധമില്ലായ്‌മയും സ്വാഭാവികമായ സാമൂഹ്യവിരുദ്ധ വ്യക്‌തിത്വം, അവനവനെ അല്ലാതെ മറ്റാരെയും സ്നേഹിക്കാൻ കഴിയാത്ത ആത്മാനുരാഗവ്യക്‌തിത്വവൈകല്യം എന്നീ വ്യക്തിത്വ വൈകല്യങ്ങളുള്ള ആളുകൾ പ്രണയിക്കുന്ന പക്ഷം ആ ബന്ധം വിഷലിപ്‌തമായി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്.
വ്യക്തിത്വ വൈകല്യങ്ങൾ ബന്ധത്തെ ദോഷകരമായി ബാധിക്കുന്നെങ്കിൽ ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സഹായത്തോടെ വൈകല്യങ്ങൾ ചികിത്സിക്കാനുള്ള പരിശ്രമം ആവശ്യമാണ്.
സ്വന്തം ബന്ധുക്കളോടോ പങ്കാളിയുടെ ബന്ധുക്കളോടോ ഈ കാര്യങ്ങൾ പറഞ്ഞിട്ട് അവരുടെ സഹായത്തോടെ ചികിത്സയും കൗൺസലിങ്ങും നടത്തണം. അത് നടക്കാത്ത പക്ഷം ആ ബന്ധത്തിൽ നിന്ന് രക്ഷപ്പെടുക എന്നതു തന്നെയാണ് അഭിലഷണീയമാർഗം.
മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ പലപ്പോഴും ഇത്തരക്കാർ ചികിത്സ എടുക്കുന്നതിന് വിഘാതമാകുന്നുണ്ട്. ചികിത്സയില്ലാതെ പോകുന്ന വ്യക്തിത്വ വൈകല്യങ്ങൾ പലപ്പോഴും ഇത്തരം ദുരന്തങ്ങൾക്ക് കാരണമാകുന്നു.
ദാമ്പത്യ–-പ്രണയ അനുബദ്ധ പ്രശ്നങ്ങളിലും അകപ്പെട്ട് ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകൾക്കും കൗൺസലിങ്ങിനുള്ള സംവിധാനങ്ങൾ ഒരുക്കേണ്ടതും ഈ പ്രശ്‌നം മറികടക്കാൻ വളരെ സഹായകമാണ്.
ഡോ : അരുൺ ബി നായർ. (തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റാണ് ലേഖകൻ).
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS